സഭയുടെ ബിഷപ്പും സംഘപരിവാറിന്റെ വിശപ്പും!!

pala bishopp ലവ് ജിഹാദ്സ ഭയുടെ ബിഷപ്പും സംഘപരിവാറിന്റെ വിശപ്പും നർകോട്ടിക്സ് സംഘപരിവാർ

 സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ സാമൂഹിക പരിസ്ഥിതിയിൽ കാര്യമായ സ്വാധീനം ചെലുത്താനാകാതെ പോയതിന്റെ ചെറുതായ കാരണം, മതങ്ങൾക്കിടയിൽ നിലനിന്നിരുന്ന മാനവികതയും സഹോദര്യവും സഹിഷ്ണുതയുമാണ്.

കേരളത്തിലെ മതങ്ങളുടെ പരസ്പരമുള്ള ഇടപെടലുകളിൽ അവസാന വർഷങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ പരിശോധിക്കപ്പെടുന്നത് ഇനിയെങ്കിലും നല്ലതായിരിക്കും.

കത്തിപിടിപ്പിച്ച ശബരിമല സ്ത്രീ പ്രവേശന വിഷയം സംഘപരിവാറിന് കേരളത്തിൽ ധാരാളം പരീക്ഷണങ്ങൾക്കുള്ള അവസരം കൂടെ ആയിരുന്നു. എന്നാൽ പിന്നീട്  അത്തരം 'സുവർണവസരങ്ങൾ' ഉണ്ടാകാതെ തന്നെ ഫലം കിട്ടുന്നുണ്ട് എന്ന തിരിച്ചറിവിൽ മറ്റ് കളങ്ങളിലേക്ക് ധൈര്യപൂർവം സംഘപരിവാർ കാല് വെക്കുകയായിരുന്നു.

സംഘപരിവാർ രാഷ്ട്രീയത്തിന് മുസ്ലിം സമുദായവുമായി കൂടിച്ചേർന്നുള്ള പിന്തിരിപ്പുകൾ ഉണ്ടാക്കുക പ്രയാസമാണ്. കാരണം പ്രഖ്യാപിത ശത്രുക്കളുടെ ലിസ്റ്റിൽ ഒന്നാമത് അവരാണല്ലോ..
മാത്രവുമല്ല മുസ്ലിം എന്ന സ്വത്വ ബോധത്തിലേക്ക് അവർ എപ്പോൾ വേണമെങ്കിലും ഒരുമിച്ച് ചേരുകയും ചെയ്യും.

pala bishop

എത്ര ഒക്കെ വല വിരിച്ചാലും ചൂണ്ട ഇട്ടാലും അബ്ദുള്ളകുട്ടിയെപ്പോലെ പല വലയിൽ ചാടി നടക്കുന്നവരെ കിട്ടുവാനെ വഴിയുമുള്ളൂ...

ക്രൈസ്തവ സഭയ്ക്ക് ഉള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും, ആർച്ച് ബിഷപ്പ് നും പുരോഹിതർക്കും എതിരെയുള്ള നിയമനടപടികളും, വിവാദ സാമ്പത്തിക - ഭൂമി ഇടപാടുകളും ഒരുക്കിയ അനുകൂല സാഹചര്യത്തെ സംഘപരിവാർ തിരിച്ചറിഞ്ഞു.. വല പോലും ഇട്ടില്ല.. ചൂണ്ടയേ ഇട്ടുള്ളൂ...

എന്നാൽ ചൂണ്ടയിൽ കൊത്തിയ, ലവ് ജിഹാദ് വിഷയത്തിലും നർകോട്ടിക്സ് വിഷയത്തിലും ആവേശപൂർവം പ്രതികരിച്ചവരിൽ ഏറെയും ഉയർന്ന സഭാ മേലധികാരികൾ ആയിരുന്നു എന്നതിൽ, അധികം കൗതുകം തോന്നാതെ പോകുന്നതിനു കാരണവും മുകളിൽ സൂചിപ്പിച്ച 'അനുകൂല സാഹചര്യം' തന്നെ.

സംഘപരിവാർ മെനഞ്ഞെടുത്തതും, മാധ്യമങ്ങൾ ആഘോഷിക്കുകയും ക്രൈസ്തവ സഭ ഏറ്റെടുക്കുകയും ചെയ്ത 'ലവ് ജിഹാദ്' വേണ്ടത്ര നേട്ടം കൊയ്യാതെ പോയതിന്റെ ദുഃഖം പലർക്കുമുണ്ടാകാം.

ഒരുപക്ഷേ ലവ് ജിഹാദ് നടന്നിരിക്കാം, എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുക... ഒളിച്ചിരിക്കുക... പിന്നെയും വന്നു ആരോപണം ഉന്നയിക്കുക... ഒളിച്ചിരിക്കുക എന്നതല്ലാതെ സ്വന്തം മതത്തിൽ നിന്നും പ്രണയിക്കപ്പെട്ട് മതം മാറ്റപ്പെട്ടവരുടെ കണക്കുകൾ ശേഖരിച്ചു പുറത്തുവിടാൻ സംഘപരിവാറോ, 'ആരോപണം ഉന്നയിച്ച' ക്രിസ്ത്യൻ മേലധികാരികളോ തയ്യാറാകാതെ പോയതിന്റെ കാരണം ആരോപണങ്ങളിലെ രാഷ്ട്രീയത്തിനപ്പുറം മറ്റൊന്നും ഇപ്പോഴും ലക്ഷ്യം വെക്കാനില്ലാത്തതുകൊണ്ടാണ്.

'വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയ ആശ്രിതത്വം' എന്നത് പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണ്. കാരണം ക്രൈസ്തവ സഭാ മേലാധ്യക്ഷന്മാരുടെ രാഷ്ട്രീയമല്ല, അതിലെ വിശ്വാസികളുടേത്. സഭാ മേലാധ്യക്ഷരുടെ വാക്ക് വോട്ടായി മാറുന്നതിന്റെ തോത് ഒക്കെ വളരെ കുറഞ്ഞിരിക്കുന്നു. പക്ഷേ ഇനിയങ്ങോട്ട് വോട്ട് ആർക്ക് വേണം ..??

ക്രൈസ്തവ സഭയുടെ രാഷ്ട്രീയ നിലപാടുകളിൽ വന്നിട്ടുള്ള മാറ്റവും പ്രസക്തമാണ്.
പല മുഖ്യധാരാ രാഷ്ട്രീയങ്ങളിലായി ചിതറി കിടക്കുകയാണെങ്കിലും, മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങൾ പോലും 'വിലപേശൽ പവർ' ഉള്ളതായി കേരള രാഷ്ട്രീയത്തിൽ മാറുന്നത് സഭയുടെ മുന്നിൽ ഉയർത്തിയ ചോദ്യങ്ങൾ അനവധിയാണ്.

ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ പതനം, സഭയ്ക്ക് വേണ്ടി വിലപേശൽ ഏജന്റ് എന്നപോലെ പ്രവർത്തിച്ച കേരള കോൺഗ്രസ്സ് എം ന്റെ പിളർപ്പുകൾ, വിശ്വസ്ഥനായ ഉമ്മൻ‌ചാണ്ടി കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്നത്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടർഭരണം തുടങ്ങി സഭ ഇന്ന് പ്രയോഗിക രാഷ്ട്രീയത്തിലും പുതിയ ആശ്രയത്വം തേടുന്നുണ്ട്.

കമ്യൂണിസ്റ്റ് കേരള സർക്കാർ, ക്രൈസ്തവ സഭയെ പിണക്കാതിരിക്കാൻ പിന്തുണകളും സഹായവും നൽകുന്നുണ്ടെങ്കിലും കോൺഗ്രസ്സിലോ, കേരള കോൺഗ്രസ്സിലോ സഭക്ക് ഉള്ളതുപോലുള്ള വിശ്വാസം ഇടത് പാർട്ടികളിൽ സഭക്ക് ഇല്ല. ഭൂമിയിടപാട് വിഷയത്തിൽ തന്ത്രകരമായ മൗനം സ്വീകരിച്ച ഇടത് സർക്കാർ എന്നാൽ ലവ് ജിഹാദ്, ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സഭാ താല്പര്യങ്ങളോട് ചേരാത്ത നിലപാടുകളാണ് സ്വീകരിച്ചത്.വീണ ജോർജിന്റെ മന്ത്രി സ്ഥാനം, വലിയ മെത്രാപോലീത്തയുടെ സ്മാരകം ഒന്നും വേണ്ടത്ര ജിമിക്കുകൾ സൃഷ്ടിച്ചിട്ടില്ല എന്ന് വേണം കരുതാൻ.


പിജെ ജോസഫ്, മാണി സി കാപ്പൻ മുതലായ UDF ഘടകകക്ഷികളിൽ വിശ്വാസം ഉണ്ടെങ്കിലും വിഡി സതീശന്റെ കോൺഗ്രസ്സ്, സഭാ താല്പര്യങ്ങൾക്ക് അനുസരിച്ച് നിലകൊള്ളുക, വരും കാലങ്ങളിൽ പ്രയാസമാണ്.സ്വഭാവികമായും അടുത്ത ശക്തികേന്ദ്രത്തിലേക്ക് രാഷ്ട്രീയ ആശ്രിയതത്വം മാറ്റാതെ 'നേതൃത്വത്തിന് ' വേറെ വഴി ഇല്ല.

പള്ളി തർക്കങ്ങളിൽ ഇടപെട്ടുകൊണ്ടു ബിജെപി സഭയുടെ വിശ്വാസം നേടിയെടുക്കാൻ അതിനകം തന്നെ ശ്രമം തുടങ്ങിയിരുന്നു.
അൽഫോൺസ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം, മൈനോറിറ്റി കമ്മീഷൻ സ്ഥാനത്തിലേക്കുള്ള ജോർജ് കുര്യന്റെ നിയമനം, സഭാ അധ്യക്ഷർക്ക് പലപ്പോഴായി ലഭിക്കുന്ന നിയമ പരിരക്ഷ, കേന്ദ്ര സർക്കാർ അവാർഡുകൾ ഒക്കെ ഓരോ പൊടികൈകൾ ആയിരുന്നു..

പൗരോഹിത്യ സമൂഹത്തിന്, അധികാരത്തിന്റെ പിൻബലമില്ലാതെ നിൽക്കുവാനാകില്ല എന്ന് ഹിന്ദു പൗരോഹിത്യത്താൽ നയിക്കപ്പെടുന്ന കേന്ദ്രസർക്കാരിന് നന്നായി അറിയാം.

കേരളത്തിലെ സഭ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നു പള്ളികളിൽ കുറഞ്ഞുവരുന്ന യുവത്വത്തിന്റെ എണ്ണമാണ്.
വിദ്യാഭാസമുള്ള പുതിയ തലമുറയോട് മതം പറഞ്ഞുകൊണ്ട് ചെന്നാൽ യൂറോപ്പിൽ സഭയ്ക്ക് ഉണ്ടായ അതേ തകർച്ച നേരിടും എന്ന് നേതൃത്വത്തിന് അറിയാം.

കേരളത്തിന്‌ പുറത്തുള്ള വിദ്യാഭാസ സ്ഥാപനങ്ങൾ ലഹരിയുടെ കേന്ദ്രങ്ങളാണ്, നിങ്ങൾ നിങ്ങളുടെ മക്കളെ ശ്രദ്ധിക്കണം, നാട്ടിൽ പഠിപ്പിക്കണം എന്ന് പറഞ്ഞ് സഭ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിന്നിൽ സാമ്പത്തിക ലക്ഷ്യം മാത്രമല്ല ഉണ്ടായിരുന്നത് എന്ന് സാരം.

ശേഷം ലവ് ജിഹാദായി....ലവ് ജിഹാദിനെ ജീവന്മരണ പ്രശ്‌നമായി സഭ ഉയർത്തികാണിക്കുമ്പോഴും ഒന്നോ രണ്ടോ കേസുകൾ മാത്രമാണ് സഭയുടെ കയ്യിൽ പോലുമുള്ള കണക്ക്.
അങ്ങനെയെങ്കിൽ ഇതേ കണക്ക്, ഒരുപക്ഷേ ഇതിനേക്കാൾ വലിയ കണക്ക് സ്വന്തം ''സമുദായത്തിലെ ജിഹാദികളുടെ' എണ്ണത്തിലും ഉണ്ടാകും. മതം മാറുന്നവരും, കല്യാണം കഴിക്കുന്നവരും മുസ്ലിം സമുദായത്തിലേക്ക് മാത്രമല്ലലോ...

സഭയുടെ മുൻ ആരോപണങ്ങളിൽ നിന്നും വ്യത്യസ്തമായി നർകോട്ടിക്സ് ആരോപണം മാറുന്നതിൽ, മുഖ്യമന്ത്രി പറഞ്ഞതുപോലെ ലഹരിക്ക് മതമില്ല. സർവവിധ ജാതികളും മതങ്ങളും അതിലുണ്ട് എന്നത് തന്നെയാണ് ഉത്തരം.

ബിഷപ്പ് തന്റെ ആരോപണങ്ങൾക്ക് തെളിവ് നൽകുകയാണെങ്കിൽ അത് ക്രിസ്ത്യാനികൾക്ക് മാത്രമല്ല, മുസ്ലിം സമുദായത്തിനും കേരളത്തിനും ഇന്ത്യയ്ക്ക് തന്നെയും ഗുണകരമാണ്.

അല്ല, മറിച്ച് തെളിവുകൾ ഒന്നുമില്ലാതെയുള്ള പ്രസ്താവന ആണെങ്കിൽ മതങ്ങളെ തമ്മിൽ 'അടിപ്പിക്കുക' എന്നത് മാത്രമായിരുന്നു ഉദ്ദേശം. 'സ്ഥാനത്തിന്റെ മഹത്വം' മനസ്സിലാക്കിക്കാൻ വേണ്ടി എങ്കിലും ഒരു കേസെടുക്കണം.

ബിഷപ്പിന്റെ അഭിപ്രായത്തോട് കൂടെ സഭയുടെ നേതൃത്വം നേടുന്നത് പല കാര്യങ്ങളാണ്.
  • 1.സംഘപരിവാറിനോടുള്ള അടുപ്പം വർധിപ്പിക്കുക.
  • 2.സഭാ നേതൃത്വം ഉൾപ്പെട്ടിട്ടുള്ള കേസുകൾ അപ്രസക്തമാക്കുക.
  • 3. അഡ്മിഷൻ സമയമാണ്. സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പിക്കാൻ ലവ് ജിഹാദിനെക്കാൾ, നർകോട്ടിക് ജിഹാദിനേക്കാൾ മികച്ച ടാഗ് ലൈൻ വേറെയുണ്ടോ..?

ലവ് ജിഹാദും, നർകോട്ടിക് ജിഹാദും, കോവിഡ് സമയത്തെ വാർത്തകളും അടക്കം കേരളത്തിൽ അടുത്തകാലത്തായി സൃഷ്ടിക്കപ്പെടുന്ന ഇസ്ലാമോഫോബിയ, ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾക്ക് കൂടെയാണ് കളമൊരുക്കുന്നത്. ഇവിടെയുള്ള പൗരണികമല്ലാത്ത ഓരോ പള്ളിയുടെയും ക്ഷേത്രത്തിന്റെയും പിന്നിൽ ഗൾഫ് പണം ഉണ്ടെന്നുള്ളത് യഥാർഥ്യമാണ്.

ഗൾഫ് പണത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്തതാണ് ഇപ്പോഴും നമ്മുടെ സാമ്പത്തിക ഭദ്രത.അതിൽ ഹിന്ദു ഉണ്ട്... മുസ്ലിമും ഉണ്ട്.. ക്രിസ്തിയാനിയും ഉണ്ട്.
ഹിന്ദുത്വ നിലപാടുകളുള്ള കേന്ദസർക്കാരും, ഇസ്ലാമോഫോബിക് ആയിട്ടുള്ള പൊതു സമൂഹവും ഗൾഫിൽ നിന്നുമുള്ള തിരിച്ചടികളെ കൂടെ ഇനി കരുതി ഇരിക്കണം.. പുതിയ സാമ്പത്തിക മാർഗങ്ങളെ കൂടെ പരിശോധിച്ചുകൊണ്ടല്ലാതെ ഇസ്ലാമോഫോബിക് ആകുവാൻ ശ്രമിക്കുന്ന കേരളത്തിന്‌ മുന്നോട്ട് പോകുവാനാകില്ല....


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.