ബ്ലോക്ക് ട്രേഡ് (Block Trade)
വലിയൊരു എണ്ണം ഓഹരികള്‍, അല്ലെങ്കില്‍ കടപ്പത്രങ്ങള്‍, പൊതുവിപണിയ്ക്കു പുറത്ത് ഒരു നിശ്ചിത തുകയ്ക്ക് കൈമാറ്റം ചെയ്യുന്ന രീതിയാണ് ബ്ലോക്ക് ട്രേഡ് (Block Trade) എന്നറിയപ്പെടുന്നത്.
ചില്ലറ വ്യാപാരികള്‍ ഇത്തരം ഇടപാടുകള്‍ നടത്താറില്ല, കാരണം കൈമാറ്റം ചെയ്യപ്പെടുന്ന ഓഹരികളുടെ എണ്ണം വളരെ വലുതാണ്. ഓഹരി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇത്തരം ഇടപാടുകള്‍ വിപണിയ്ക്കു പുറത്താണ് നടത്തുന്നത്. അവയുടെ വിലയും സാവകാശമേ പുറത്തു വിടാറുള്ളൂ. പൊതുവിപണിയില്‍ ബ്ലോക്ക് ട്രേഡ് നടത്തിയാല്‍ അത് ഓഹരികളുടെ വ്യാപ്തിയെയും (volume) അതിലൂടെ വിലയെയും (price) ബാധിക്കും.
അതിനാല്‍ ഹെഡ്ജ് ഫണ്ടുകളും, ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളും ഇത്തരം വ്യാപാരങ്ങളില്‍ നേരിട്ട് ഇടപെടാറില്ല. അവര്‍ ഇടനിലക്കാരെ ഉപയോഗിക്കുകയാണ് പതിവ്. ഇത്തരം ഇടനിലക്കാര്‍ ബ്ലോക്ക് ഹൗസുകള്‍ (block house) എന്നറിയപ്പെടുന്നു.
ബ്ലോക്ക് ഹൗസിലെ വ്യാപാരികള്‍ വലിയ എണ്ണത്തിലുള്ള ക്രയവിക്രയങ്ങളെ ചെറിയ യൂണിറ്റുകളായി തിരിച്ച് മറ്റ് ബ്ലോക്ക് ഹൗസുകളുമായി ചേര്‍ന്ന് വിപണിയില്‍ ഓളമുണ്ടാക്കാതെ കച്ചവടം നടത്തുന്നു.
ഉദാഹരണമായി, ഒരു ഹെഡ്ജ് ഫണ്ടിന് ഒരു കമ്പിനിയില്‍ 5% ഓഹരികള്‍ സ്വന്തമായുണ്ട് എന്നിരിക്കട്ടെ. അവര്‍ അത് വില്ക്കാന് ആഗ്രഹിക്കുന്നു. നേരിട്ട് ഓഹരി വിപണിയില്‍ വില്ക്കാന് ശ്രമിച്ചാല്‍ അത് വലിയ വിലത്തകര്‍ച്ചയ്ക്ക് കാരണമാകും. അപ്പോള്‍ ഹെഡ്ജ് ഫണ്ട് ബ്ലോക്ക് ട്രേഡര്‍മാരെ ആശ്രയിക്കും.
അവര്‍ ഓഹരികള്‍ വാങ്ങാന്‍ താല്പര്യമുള്ള മറ്റു സ്ഥാപനങ്ങളെ കണ്ടെത്തി ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളുടെ സഹായത്തോടെ വില സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി കച്ചവടം ഉറപ്പിക്കും. ഇത് നടക്കുന്നത് ഓഹരി വിപണിയ്ക്ക് പുറത്തായിരിക്കും. സാധാരണയായി ഒരു പബ്ലിക് ഇഷ്യൂ നടത്തണമെങ്കില്‍ മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ വേണ്ടിവരും.
ഇവിടെ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ സുതാര്യത (transparency) കുറവായതിനാല്‍ അപകടസാധ്യത (risk) കൂടുതലാണ്. ഈ ഇടപാടുകളുടെ വിവരങ്ങള്‍ അറിയാവുന്ന ബ്ലോക്ക് ട്രേഡര്‍മാര്‍ പൊതുവിപണിയിലെ വ്യാപാരത്തില്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ ആയതിനാല്‍ പലപ്പോഴും ബ്ലോക്ക് ഹൗസുകളുമായി വ്യാപാരം നടത്തുന്നത് നിക്ഷേപ സ്ഥാപനങ്ങള്‍ (institutional investors) ആയിരിക്കും.
tag; block trade/ block house/ ബ്ലോക്ക് ട്രേഡ്/ ബ്ലോക്ക് ഹൗസ്
Learn about block trades in the Indian stock market, large-volume transactions that can influence stock prices. Understand their mechanics and significance for investors in India.
ഇന്ത്യൻ ഓഹരി വിപണിയിൽ നിങ്ങൾ കാണുന്ന വലിയ, പെട്ടെന്നുള്ള ഇടപാടുകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പോസ്റ്റ് ബ്ലോക്ക് ട്രേഡുകൾ, അവയുടെ നടത്തിപ്പ് പ്രക്രിയ, വിപണിയിലുള്ള അവയുടെ സാധ്യതയുള്ള സ്വാധീനം എന്നിവ വിശദീകരിക്കുന്നു, ഇത് കേരളത്തിലെ നിക്ഷേപകർക്ക് പ്രത്യേകിച്ചും പ്രസക്തമാണ്.