മെസ്സി.ഫുട്ബാൾ ഒരിക്കലും കാണാത്തവർ പോലും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള പേര്.അർജന്റീന എന്ന സ്വന്തം രാജ്യത്തിനു നല്കിയതിനേക്കാൾ നേട്ടങ്ങൾ ബാർസിലോണ എന്ന ക്ലബിനായി നേടിയെടുത്ത താരം.മെസ്സിയെ മെസ്സിയാക്കി മാറ്റിയ പഴയ ബാർസിലോണ അല്ല ഇപ്പോഴത്തെ കോർപറേറ്റ് ബാഴ്‌സ എന്ന തിരിച്ചറിവിൽ നിന്ന് കൂടെയാണ് ബാഴ്സ വിടാനുള്ള മെസ്സിയുടെ തീരുമാനം..
മെസ്സി ടീം വിടുന്നു എന്നു കേട്ടതും ഫുട്ബാൾ ക്ലബ്ബുകളിൽ പലരും മെസ്സിയെ ടീമിലെത്തിക്കാൻ വമ്പൻ തുകയുമായി രംഗത്തുവന്നിരിക്കുകയാണ്. മെസ്സിയെ ടീമിലെത്തിക്കുകയാണെങ്കിൽ ഏതൊരു ടീമിനും അതൊരു മികച്ച നേട്ടം തന്നെ ആയിരിക്കും. പക്ഷെ മെസ്സി ബാർസ വിടുകയാണെങ്കിൽ അത് ആരാധകരുടെ മനസ്സിന് തന്നെ താങ്ങാനാവാത്തതാവും.
കാറ്റലോണിയൻ ദേശീയതയുടെ കൈയൊപ്പാണ് ബാർസിലോണ.സ്‌പെയിനിന്റെ അടിമത്തത്തിൽ നിന്നും സ്വാതന്ത്ര്യത്തിനായി പൊരുതുന്നവർ.ഫുട്ബോളിലൂടെ തങ്ങളുടെ സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിക്കുന്നവർ.അവർക്ക് കാറ്റലോണിയ കഴിഞ്ഞാൽ മറ്റൊന്ന് ബാഴ്‌സ ആണ്.അവരുടെ മെസ്സി ആണ്.
മെസ്സിയുടെ ബാഴ്സയിൽ നിന്നുള്ള യാത്ര അത്ര എളുപ്പം അല്ലെങ്കിലും ആ വാർത്ത പുറത്തു വന്നതോട് കൂടെ ആരാധകരുടെയും സഹ താരങ്ങളുടെയും കനത്ത പ്രതിക്ഷേധമാണ് അരങ്ങേറുന്നത്.
ഇന്ത്യൻ ക്രിക്കറ്റ്റ് ടീമിന് ധോണിയും രോഹിതും ആരായിരിക്കുന്നുവോ അതാണ് ബാഴ്സ ആരാധകർക്ക് അവരുടെ മെസ്സി.എപ്പോൾ വേണമെങ്കിലും കളിയുടെ ഗതി മാറ്റുന്നവൻ.
ബാഴ്സയിലെ മെസ്സി ഇതുവരെ..
1984 ജൂൺ 24ന് ജനിച്ച ലയണൽ മെസ്സി തന്റെ ഫുട്ബോൾ ജീവിതം തുടങ്ങുന്നത് 1995 ൽ newell´s old boys ൽ ആണ്. എന്നാൽ അന്ന് ആ കുട്ടിക്ക് മറ്റുള്ള കുട്ടികളെ വച്ചു ഉയരം കുറവായിരുന്നു. ഹോർമോൺ കുറവുള്ളതായിരുന്നു ഡോക്ടർമാർ കണ്ടെത്തിയത്. മെസ്സിയുടെ മാതാപിതാക്കൾ മെസ്സി വളരുവാനായി വളർച്ച ഹോർമോൺ കുത്തിവക്കാൻ തീരുമാനിച്ചു. എന്നാൽ അവരുടെ അപ്പോഴത്തെ ജീവിതത്തിൽ സാമ്പത്തികപരമായി അത് അസാധ്യമായിരുന്നു.
മെസ്സിയും കൂട്ടരും പതിവായി കളിക്കുന്ന ഗ്രൗണ്ടിന് സമീപത്തു കൂടെ പോയ ബാർസിലോണ യൂത്ത് ടീം കോച്ച് ബോളുമായി പറന്നു കളിക്കുന്ന മെലിഞ്ഞു കുറുകിയ പയ്യനെ അത്ഭുതത്തോടെ കണ്ടു.ബാഴ്‌സയിലേക്ക് വിളി എത്തി.ഒപ്പം ആരോഗ്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന വാഗ്ദാനവും. അങ്ങനെ അന്ന് തന്നെ മെസ്സിയും കുടുംബവും സ്പെയിനിൽ ഉള്ള ബാഴ്‌സിലോണയിലേക്ക് പോവാൻ തീരുമാനിച്ചു. ഇതാണ് മെസ്സിയുടെ ജീവിതത്തിൽ വഴിതിരിവായത്.
pic;medium.com |
14ആം വയസ്സിൽ ബാഴ്‌സിലോന അക്കാദമിയിൽ ജോയിൻ ചെയ്ത മെസ്സി ബാഴ്‌സിലോന ബി ടീമിനായും പിന്നീട് ബാഴ്‌സിലോന എ ടീമിനായും കളിച്ചു തന്റെ കഴിവ് തെളിയിച്ചു. 2004 ഒക്ടോബർ 16 നാണ് മെസ്സി ആദ്യമായി ഒരു ഒഫീഷ്യൽ ബാഴ്സക്ക് വേണ്ടി കളിക്കാനിറങ്ങുന്നത്, അത് എസ്പെന്യോൾ ന് എതിരെ ഒളിമ്പിക് സ്റ്റേഡിയത്തിൽ. പിന്നീട് അങ്ങോട്ട് മെസ്സി ടീമിൽ സ്ഥിരം സാന്നിധ്യം ആവാൻ തുടങ്ങി. 2008-09 സീസണിൽ റൊണാൾഡിഞ്ഞോയുടെ സാന്നിധ്യമില്ലാതെ മെസ്സി സ്ഥിരം സാന്നിധ്യമായി. ആ സീസണിൽ ടീം ചാമ്പ്യൻസ് ലീഗും,ല ലിഗയും,ക്ലബ് വേൾഡ് കപ്പും നേടി.. തന്റെ ആദ്യ ക്ലബ് വേൾഡ്ക്കപ്പിൽ തന്നെ ഗോൾ നേടാനും മെസ്സിക്കായി.
2011ചാമ്പ്യൻസ് ലീഗിൽ അത്യുഗ്രമായ കളിയിലൂടെ ക്ലബിന് കിരീടം സ്വന്തമാക്കാനും മുഖ്യ പങ്കുവഹിച്ചു, ഒരു അത്യുഗ്രൻ ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചത് മെസ്സി ആണ്. അന്നത്തെ കോച്ചായിരുന്ന പെപ് ഗ്വാർഡിയോളക്ക് കീഴിൽ വമ്പൻ നേട്ടം കൈവരിക്കാനും ബാർസക്കായി. 2011-12 സീസണിൽ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് വേൾഡ് കപ്പ്, കോപ്പ ഡൽ റേ കപ്പുകളും നേടാൻ ബാഴ്‌സിലോണക്കായി.
2018 ൽ ആൻഡ്രസ് ഇനിയെസ്റ്റ ക്ലബ് വിട്ടതോടെ മെസ്സി ബാർസ ക്യാപ്റ്റൻ എന്ന റോളിലേക്കും വന്നു. ബാഴ്സയിൽ കളി തുടങ്ങിയതുമുതൽ ഇന്ന് വരെ 34 ട്രോഫികൾ നേടാൻ മെസ്സിക്കും ടീമിനുമായി.
ഇനിയേസ്റ്റക്കും പിന്നീട് പോയ സാവിക്കും പകരക്കാരൻ ഇല്ലാതെ മെസ്സി പിന്നീട് കഷ്ട്ടപ്പെട്ടു.മിഡ്‌ഫീൽഡിൽ നിന്നും സ്വയം ബോൾ എടുത്തു ഗോൾ അടിച്ചു ടീമിനെ രക്ഷിക്കേണ്ട അവസ്ഥ.പിന്നീട് കൂടുതൽ താളം കണ്ടെത്തിയ മെസ്സി -സുവാരസ് -നെയ്മർ സഖ്യം ലോകത്തിലെ തന്നെ മികച്ച മുന്നേറ്റ നിര എന്ന് വിലയിരുത്തൽ വന്നപ്പോഴേക്കും നെയ്മറിനെ ബാഴ്‌സ വിട്ടുകളഞ്ഞു.പിന്നീട് അർതുറോ വിദാലും ഗ്രീസ്മാനും അടക്കമുള്ള സൂപ്പർ താരങ്ങൾ എത്തിയപ്പോഴും മിഡ്ഫീൽഡിൽ റാകിറ്റിച് മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം നടത്തിയത്.എങ്കിലും സുവാരസുമായി ചേർന്ന് മനോഹര നിമിഷങ്ങൾ കാണികൾക്കായി സമ്മാനിച്ചു.നികുതി വെട്ടിപ്പ് കേസിൽ ക്ലബ് സഹായം ലഭിക്കാതെ വന്ന മെസ്സി കഴിഞ്ഞ സീസണിന് ഒടുവിൽ സ്‌പെയിൻ മടുത്തു എന്ന് തന്നെ തുറന്നു പറഞ്ഞിരുന്നു.ഈ വര്ഷം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് ഏട്ടാ വൻ തോൽവിയും,സ്ഥിരത ഇല്ലാത്ത കോച്ചുമാരും ടീം വിടാൻ താരത്തെ പ്രേരിപ്പിച്ചിരിക്കണം.
ഇപ്പോൾ മെസ്സി എന്ന ഇതിഹാസതാരം ക്ലബ് വിടുകയാണെങ്കിൽ വലിയൊരു ആഘാതമാണ് ബാഴ്‌സിലോന ആരാധകർക്കും ക്ലബ്ബിനും ഉണ്ടാവുക. മെസ്സി ക്ലബ് വിടാനുള്ള അഭിപ്രായം ബ്യൂറോഫാക്സ് വഴി അറിയിച്ചതായാണ് പറയുന്നത്. എന്നാൽ മാനേജ്മെന്റ് ഇത് വ്യക്തമാക്കിയിട്ടില്ല. കോവിഡ് ന്റെ പശ്ചാത്തലത്തിൽ വേതനം വെട്ടിക്കുറച്ചതിൽ ശരിയല്ലെന്നാണ് മെസ്സി ചൂണ്ടികാട്ടിയത്, ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ തോൽവിയും ലാലിഗയിലെ കിരീടം നേടാനാവാത്തതും മാനേജ്മെന്റിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു, 2007-08 സീസൺ ന് ശേഷം ഇതാദ്യമായി ആണ് ഒരു ട്രോഫി പോലുമില്ലാതെ ടീം സീസൺ അവസാനിപ്പിക്കുന്നത്.
മെസ്സി ടീമിൽ തുടരണമെന്നും ബാഴ്‌സിലോണ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തൊമ്യു രാജി വാക്കണമെന്നാണ് നൗ ക്യാമ്പിന് പുറത്തു ആരാധകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
മെസ്സി ടീം വിടാനുള്ള അഭിപ്രായം അറിയിച്ചപ്പോൾ തന്നെ വൻ ക്ലബ്ബുകൾ മുന്നിൽ വന്നിരിക്കുകയാണ്. എന്നാൽ മെസ്സി ആവശ്യപ്പെട്ടിരിക്കുന്നത് ഒരു ഫ്രീ ട്രാൻസ്ഫർ ആണ്. മെസ്സിയെ ടീമിലെത്തിക്കാൻ പെപ് ഗ്വാർഡിയോളാ പരിശീലകനായ മഞ്ചേസ്റ്റർ സിറ്റി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. മെസ്സി അഥവാ പോവുകയാണെങ്കിൽ മഞ്ചേസ്റ്റർ സിറ്റിയിലേക്ക് തന്നെ ആയിരിക്കുമെന്ന് സാധ്യതയുണ്ട്. എന്തെന്നാൽ 2008 മുതൽ 2012 വരെ ബാഴ്‌സിലോന കോച്ച് ഗ്വാർഡിയോളയുമായി മെസ്സിയുടെ ബന്ധം അത് കാണിക്കുന്നു. പിന്നെ തന്റെ അടുത്ത സുഹൃത്തും അർജന്റീന മുൻ നിറക്കാരനായ സെർജിയോ ആഗ്വേറോയും സിറ്റിയിലുണ്ട്.
സീസൺ അവസാനിക്കുന്നതിനു മുൻപ് ടീം വിടുകയാണെങ്കിൽ മെസ്സിയെ വാങ്ങുന്ന ടീം 6800 കോടിയോളം ബാർസലോണയിലേക്ക് നൽകണം.നിലവിൽ അതിനു തക്ക സാമ്പത്തികമുള്ളത് മാഞ്ചസ്റ്റർ സിറ്റിക്കും പി എസ്‌ജി ക്കുമാണ്.ഇതുവരെയും ട്രാൻസ്ഫർ മാർക്കെറ്റിൽ സജീവമല്ലാത്ത ഇരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ഭുതങ്ങൾ കാണിക്കാനും സാധ്യത ഉണ്ട്.
മെസ്സി ബാർസിലോണ വിടരുത് എന്ന് ആഗ്രഹിക്കുന്നതിൽ ബാർസിലോണ ആരാധകരും മെസ്സിയുടെ ആരാധകരും മാത്രമല്ല ഫുട്ബാൾ ലോകം മുഴുവനുമുണ്ട്.
എന്നാൽ ബാഴ്‌സലോണയിലെ മെസ്സിയുടെ അടുത്ത സീസൺ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് അവർ ചൂണ്ടികാണിക്കുന്നുമുണ്ട്.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായി മെസ്സി മാറിയിരുന്നു.എന്നാൽ അത് അദ്ദേഹത്തിന്റെ കഴിവ് എന്നതിന് അപ്പുറം ബാഴ്‌സലോണയുടെ മിഡ്‌ഫീൽഡ് പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മികച്ച മിഡ്‌ഫീൽഡർമാരെ ടീമിലെത്തിക്കുകയാണ് ബാഴ്സ ആദ്യം ചെയ്യേണ്ടത്.പെപ് ഗ്വാർഡിയോള ടീം വിട്ടെങ്കിലും ഇപ്പോഴും ബാഴ്സ ടിക്കി ടാക്ക അറിയാതെ ഉപയോഗിച്ച് പോകുന്നുണ്ട്.ബോക്സിനുള്ളിൽ നിന്ന് തന്നെ പാസ് ചെയ്യാൻ കളിക്കാർ ഇപ്പോഴും ശ്രമിക്കുന്നു.എന്നാൽ സാവിയെ പോലെയോ ഇനിയേസ്റ്റയെ പോലെയോ കളി മെനഞ്ഞെടുക്കാൻ ശേഷിയുള്ള മിഡ്‌ഫീൽഡർമാരെ ബാഴ്സ കണ്ടെത്തി ടീമിലെത്തിക്കുന്നില്ല.
നീണ്ട 16 വര്ഷം,മെസ്സിയെ ഇനിയും ന്യു ക്യാംപിൽ അതെ ജേഴ്സിയിൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.അത് കേവലം മെസ്സി എന്ന കളിക്കാരനോടുള്ള ആരാധനയും സ്നേഹവും മാത്രമല്ല കാറ്റലോണിയൻ ദേശീയത എന്ന ബാഴ്‌സലോണയുടെ അടിത്തറയോടുള്ള ആദരവ് കൂടെയാണ്.
MESSI CAREER IN BARCELONA
1. Appearance - 731
2. Goals - 634
3. Assists - 276
4. Champions league trophies - 4
5. La liga trophies - 10
6. Copa del rey - 6
7. Super cup de Espana - 7
8. Uefa super cup - 3
9. Fifa club world cup - 3
☝തയ്യാറാക്കിയത് ;അനീഷ് കെ