സ്വന്തം ടീമിൽ ആരൊക്കെ ഉണ്ടാകണമെന്ന് ക്യാപ്റ്റന് തീരുമാനിക്കാം..!

 സ്വന്തം ടീമിൽ ആരൊക്കെ ഉണ്ടാകണമെന്ന് ക്യാപ്റ്റന് തീരുമാനിക്കാം.കാരണം തോറ്റാൽ പഴി മുഴുവൻ കേൾക്കേണ്ടി വരുന്നത് ക്യാപ്റ്റനാണ്.അതുകൊണ്ടുതന്നെ നിലവിലെ ജനാധിപത്യ പ്രക്രിയയിൽ മന്ത്രിമാരുടെ നിർണയം മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടത് തന്നെയാണ്.

അതേ അവകാശം മുഖ്യമന്ത്രിക്ക് ഉള്ളപ്പോൾ തന്നെ,മികച്ച പ്രകടനം മന്ത്രിസ്ഥാനത്തും തിരഞ്ഞെടുപ്പിലും കാഴ്ചവെച്ച,തങ്ങൾ അതിലേറെ വിശ്വാസം അർപ്പിച്ച ഒരാൾ മന്ത്രി സ്ഥാനത്തേക്ക് വരണമെന്നുള്ള ആഗ്രഹം ജനങ്ങൾക്കും ഉണ്ടാകാം.


ഇടതുപക്ഷത്തിന്റെ ക്യാപ്റ്റൻ പിണറായി വിജയൻ ആയിരുന്നെങ്കിലും,മികച്ച പ്രകടനവും ജനങ്ങളിലേക്ക്  അതേ മികവോടെ തന്റെ വകുപ്പിന്റെ പ്രവർത്തനം കമ്മ്യൂണിക്കേറ്റ്  ചെയ്യാനുള്ള മികവും ടീച്ചറിന് ഉണ്ടായിരുന്നു.

പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ്,പാലത്തായി,വാളയാർ പെൺകുട്ടികളുടെ കേസുകളിൽ കാണിച്ച അലംഭാവം,പെരുകിയ ഗുണ്ടാ ആക്രമണങ്ങൾ,ലോക്ഡൗൺ കാലത്തെയും സമരങ്ങളിലെയും പോലീസ് അതിക്രമങ്ങൾ എന്നിവയുടെ പേരിൽ പഴികൾ കേട്ടപ്പോഴും ശൈലജ ടീച്ചർ മുന്നിൽ നിന്ന് നയിച്ചു.(വിരാട് കൊഹ്‌ലി ക്യാപ്റ്റൻ ആയി ഇരിക്കുമ്പോഴും ജയങ്ങളിലേക്ക് രോഹിത് ശർമ്മ ഇന്ത്യൻ ടീമിനെ നയിക്കുന്നത് പോലെ).

ശിവശങ്കരൻ സൃഷ്‌ടിച്ച കുഴപ്പങ്ങൾ എല്ലാം ജനങ്ങൾ വേണ്ടരീതിയിൽ ശ്രദ്ധിക്കാതെ പോയതും ആരോഗ്യവകുപ്പിന്റെ പ്രവർത്തന മികവ് കൊണ്ട് കൂടെയാണ്.

വൈദ്യുതി വകുപ്പിനെ മികവിലേക്ക് നയിച്ച മണിയാശാന്റെ മുഖം മികച്ച മന്ത്രിഎന്ന പേരിൽ  ജനങ്ങൾക്ക് മുന്നിൽ സുപരിചിതമല്ലാതായി പോയത് ഇതേ കമ്മ്യൂണിക്കേഷൻ പ്രശ്നങ്ങൾ കൊണ്ട് കൂടെയാണ്.

സ്വജീവനെ കുറിച്ചുള്ള ജനങ്ങളുടെ ആകുലതയിൽ അവർക്ക് മുന്നിൽ ടീച്ചറെ,ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെ അവതരിപ്പിച്ചത് ഇടതുപക്ഷ പി ആർ ടീം ആണെന്നുള്ള പ്രതിപക്ഷ വാക്കുകൾക്ക് ജനം ചെവി കൊടുക്കാതിരുന്നത് നിപ്പയുടെയും കോവിടിന്റെ ആരംഭകാലത്തും ടീച്ചർ കാണിച്ച ധീരത അവർ കണ്ടത് കൊണ്ടുകൂടിയാണ്.

ഇത്തവണത്തെ കേരളീയരുടെ വോട്ട് പിണറായിക്ക് മാത്രമായിരുന്നില്ല ശൈലജ ടീച്ചർക്ക് കൂടിയായിരുന്നു എന്ന് ഓര്മിപ്പിക്കാൻ മാത്രമാണ് ഇത്രയും പറഞ്ഞത്.

സുശീല ഗോപാലനെയോ ഗൗരിയമ്മയേയോ ഒതുക്കിയ പോലുള്ള രാഷ്ട്രീയ നീക്കം ആണെന്നുള്ള പ്രതിപക്ഷ വാക്കുകൾക്കൊന്നും വലിയ വില കൊടുക്കേണ്ടതില്ല,അവർ ഇപ്പോഴും കിട്ടിയ ഓഹരിയും വീതം വെക്കുവാനുള്ള തമ്മിലടിയാണ്.

മൂന്നു വനിതാ മന്ത്രിമാരെ മന്ത്രി സഭയിലേക്ക് എത്തിക്കുക എന്നതും വലിയ കാര്യം തന്നെയാണ്.നമ്മൾ വിചാരിക്കുന്ന ആൾ വരുന്നത് മാത്രമല്ല ഫെമിനിസം എന്ന് ഓർക്കുക.

17 പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ,സവിശേഷകരമായ ആരോഗ്യ-സാമ്പത്തിക സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കേരളത്തിന് എത്രത്തോളം ഗുണകരം ആകും എന്നതിൽ ആശങ്ക ഉണ്ട്.ഭരണം മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാകുമോ എന്ന ആക്ഷേപങ്ങൾ ശരിയല്ല എന്ന് തെളിയിക്കേണ്ടത് ഇനി #LDF ന്റെ നിലനിൽപ്പിന്റെ അനിവാര്യതയായി മാറുകയാണ്.

ജനങ്ങൾ അധികം കാലം ഒന്നും ഓർക്കില്ല,ഒരു കിറ്റോ പെൻഷനോ കൊണ്ട് അവർ മറക്കേണ്ടതൊക്കെ  മറന്നുകൊള്ളും എന്ന് അടുത്ത മുഖ്യമന്ത്രി പദം നോക്കിയിരിക്കുന്ന പലർക്കുമറിയാം..അതിപ്പോൾ ഇടതാണെങ്കിലും വലതാണെങ്കിലും ...

Previous Post Next Post