രണ്ട് ലൈനില്‍ കാല് വെച്ചാല്‍ അടി കിട്ടാന്‍ സാധ്യതയുണ്ടെന്ന് തെളിയിച്ചത് ഷോക്കടിച്ച് വഴിയില്‍ കിടന്ന കാക്കയാണ്.സില്‍വര്‍ ലൈന്‍ വരവില്‍ സര്‍ക്കാരും ജനങ്ങളും തമ്മിലടിക്കുമ്പോള്‍ ദിവംഗതനായ കാക്കയും ചമ്മി ഇരിപ്പാണ്.ചുമ്മാ രണ്ട് ലൈനിലും കാലും വെച്ച് സമയം കളഞ്ഞു.
ബുള്ളെറ്റ് ട്രെയിനിനുള്ളിലേക്ക് വെച്ച കാല്‍ അവിടെ തന്നെ വെക്കണോ.. മറ്റേ കാല്‍ കൂടെ ഉള്ളിലേക്ക് വെക്കണോ എന്ന എന്ന ചിന്തയിലാണ് ലേഖകന്‍.പെട്ടെന്ന് എത്തിയേ പറ്റൂ.. തലസ്ഥാനത്ത് നിന്നും വൈകുന്നേരത്തെ കട്ടന്‍ കുടിച്ച്, തിരിച്ചു വന്ന്,6 മണിയുടെ അവസാന ബസും പിടിച്ചു വീട്ടില്‍ എത്തണം.
ഓട്ടോ പിടിച്ചു സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും വിയര്‍ത്തിരിക്കുന്നു. പോകുമ്പോ കാറ്റും കൊണ്ട് പോകാല്ലോ എന്ന ചിന്തയില്‍ സ്റ്റെപ്പില്‍ തന്നെ ഇരിപ്പ് ഉറപ്പിച്ചു. ഈ സീറ്റില്‍ ഹൈകമാന്‍ഡ് ഇല്ലല്ലോ.. ഇനി പേയ്മെന്റ് സീറ്റെങ്ങാനും ആണോ...
കണ്ണടച്ചു, തുറന്നു.. ആരോ പറയുന്നു.. 'കാസ്രോഡ് 'കഴിഞ്ഞ്..
ചുവപ്പ് കളറില്‍ എന്ത് കണ്ടാലും വണ്ടി നില്‍ക്കും... ചിലപ്പോ വളഞ്ഞു വേറെ വഴിക്ക് ഒക്കെ പോകും എന്നാ കേട്ടെ... ഒരു വളവ്.. പല വളവ് വീശിയെത്തിയപ്പോള്‍ വണ്ടി സഡന്‍ ബ്രേക്കിട്ട് നിന്നു.ബോഡില്‍ സ്റ്റേഷന്റെ പേര് തെളിഞ്ഞു... കണ്ണൂര്‍...
പല്ലുപറിക്കാനുള്ള മെഷീന്‍ ഒക്കെയായി വണ്ടിയില്‍ കയറാന്‍ ഒരാള്‍ വരുന്നു.
ഒറ്റനോട്ടത്തില്‍ തന്നെ എന്തൊരു തേജസ്സ്.... 'ശുംഭന്‍..'
കോഴിക്കോട് ഇറങ്ങും... അവിടെ മണ്ണിനടിയില്‍ കുറച്ചു പണിയുണ്ട്..
'വയനാട്... വയനാട്... വയനാട്... പിന്നെ കോഴിക്കോട്.. എല്ലാം ഇവിടെ ഇറങ്ങ്' എന്ന അനൗണ്‍സ്‌മെന്റ് വന്നു. ഒന്ന് പുറത്തേക്ക് നോക്കി. സ്റ്റേഷന് മുകളിലുള്ള കോഴിക്കോട് നഗരം ഈ അണ്ടര്‍വേള്‍ഡ് സെറ്റപ്പൊക്കെ അറിയുന്നുണ്ടോ ആവോ!
ചെറിയ തോതില്‍ പച്ചപ്പിനുള്ളിലേക്ക് വണ്ടി വളയാന്‍ തുടങ്ങിയപ്പോഴേക്കും കാര്യം മനസ്സിലായി..മലപ്പുറമായി.
ചിലപ്പോള്‍ ചെറിയ രണ്ടുമൂന്നു വളവുകള്‍ ഈ വണ്ടിക്ക് ഇവിടെയുമുണ്ടാകും.വര്‍ഷങ്ങള്‍ക്ക് മുന്നേ സ്പീഡ് മെട്രോ വേണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഫിറോസിക്കയ്ക്ക് ഇന്നലെയാണത്രെ ആശുപത്രിയില്‍ നിന്നും ജാമ്യം കിട്ടിയത്. ഒരു ആവേശം കൂടി ട്രെയിനിനു എതിരെ വഴി തടയല്‍ സമരത്തിന് പോയതാ..കടും ചുവപ്പ് കണ്ടാലേ വണ്ടി പെട്ടെന്ന് നിര്‍ത്തൂ,എന്ന കാര്യമൊക്കെ മൂപ്പര്‍ മറന്നുപോയി....
21 മിനിറ്റ്... ദേ തൃശൂര്‍.. രണ്ട് സൈഡിലും സാധാരണക്കാരുടെ വീടുകള്‍ മാത്രം..ചിലതൊക്കെ കുലുങ്ങി ചിരിക്കുന്നുണ്ട് ..വികസനം വരുമ്പോള്‍ പിന്നെ കുലുങ്ങാതെങ്ങനാ..
സമരക്കാര്‍ വെള്ളത്തിലിട്ട മഞ്ഞകുറ്റിയെല്ലാം കൂടെ അടുത്ത മഴക്കാലത്ത് പ്രളയം സൃഷ്ടിക്കുവോ എന്നന്വേഷിക്കാന്‍ പുതിയ ഏജന്‍സിയെ ഏല്പിച്ചിട്ടുണ്ട്. അത് പഠിക്കാന്‍ വേറെ കമ്മിറ്റിയെയും... എന്തൊരു കരുതലാണ്..
ഈ ഇടയായി വല വീശുന്ന എല്ലാവര്‍ക്കും മഞ്ഞ നിറത്തില്‍ എന്തൊക്കെയോ ആണ് കിട്ടുന്നത്.ഈ പ്രശ്‌നം പരിഹരിക്കാന്‍ കുട്ടനാട് പാക്കേജ്, സില്‍വര്‍ ലൈനിന്റെ കൂടെ ചേര്‍ക്കും എന്നൊരു ആശയം ആരോ വെച്ചിട്ടുമുണ്ട്.കിട്ടുന്ന കുറ്റിയെല്ലാം ചെല്ലാനത്ത് തട്ടാം എന്നാണത്രെ ഐഡിയ..
30 ലക്ഷം വരുമാനം 5 കോടിയായി മാറിയതിന്റെ കണക്ക് പുസ്തകം നോക്കുവായിരിക്കും, സജി ചെറിയാന്‍ സാറിനെ വീടിന്റെ മുറ്റത്ത് കണ്ടില്ല . മിന്നല്‍ വേഗത്തില്‍ എത്രയോ വളവുകള്‍ വളഞ്ഞ ട്രെയിന്‍ ആണ്... ഇവിടെയും ഒന്ന് വളഞ്ഞെന്നു വെച്ച് നന്ദി ഗ്രാം ഒന്നും ആവര്‍ത്തിക്കാന്‍ പോകുന്നില്ല.
മലബാറില്‍ നിന്നും എത്രയോ തൊഴിലാളികള്‍ പണിയെടുക്കാനെത്തുന്ന കശുവണ്ടി ഫാക്ടറികള്‍. ഓരോ ഫാക്ടറി പടിയിലും സ്റ്റോപ്പ് വേണമെന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും എന്നാണ് കൊല്ലം സ്റ്റേഷനില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍ .
അതിര്‍ത്തി കുറ്റിക്ക് മഞ്ഞ നിറം കൊടുത്തതിനാലാകാം നടേശ മുതലാളി പതിവ് വര്‍ത്തമാനത്തിനൊന്നും ഇപ്പോഴില്ല.
തിരുവനന്തപുരത്ത് ഇറങ്ങി, വിയര്‍പ്പൊക്കെ ഒട്ടിയിരുന്നു.
ചായ കുടിച്ച് ചിപ്പില്ലാത്ത 200 രൂപ നോട്ടും കൊടുത്ത് ജാഡയില്‍ നില്‍ക്കുന്ന എന്നോട്..
കടക്കാരന്‍ :ഡേയ് 10 രൂപ കൂടെ താ.. ചായ വില കൂടി...
ഒരു ചായക്ക് 210 രൂപയോ..പെട്ടെന്ന് 2022 ലെ ശ്രീലങ്കയെ ഓര്‍ത്തുപോയി..
വീണ്ടും വിയര്‍ത്തു. സാരമില്ല തിരിച്ചു പോകുമ്പോ വീണ്ടും ബുള്ളെറ്റ് ട്രെയിനിന്റെ വാതില്‍ക്കല്‍ ഇരുന്നാല്‍ മതിയാകുമല്ലോ..