ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡീഗഡിൽ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ശിലോദ്യാനവും. കേരളത്തിലെ മലമ്പുഴയിലും ബംഗാളിലെ ഡാർജിലിങിലും റോക്ക് ഗാർഡനുകൾ ഉണ്ടെങ്കിലും ഇവയിൽ ഏറ്റവും പ്രസിദ്ധമായത് ശിവലിക് കുന്നിൻചേരുവിലെ ഈ നിർമിതി തന്നെ.
|
എന്തുകൊണ്ടും മനോഹരം തന്നെയാണ് ചണ്ഡീഗഡ് നഗരം, ഏഷ്യയിലെ ഏറ്റവും വലിയ റോസ് പൂന്തോട്ടം, ബൊഗൈൻവില്ലത്തോട്ടം, വള്ളികളും കുറ്റിച്ചെടികളും മൃഗങ്ങളുടെയും മറ്റും രൂപത്തിൽ വെട്ടിനിർത്തിയ ടോപ്പിയറി പാർക്ക്, ടെറസ് പൂന്തോട്ടം, മുല്ലയും നിശാഗന്ധിയും മണമുള്ള മറ്റനേകം പൂക്കളും വിരിയുന്ന സുഗന്ധത്തോട്ടം എന്നിങ്ങനെ പൂക്കളുടെ നഗരം. ആ നഗരത്തിന് ലോകവിനോദസഞ്ചാരഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്ത റോക്ക്ഗാർഡൻ വേരുപിടിച്ചതിനുപിന്നിൽ കല്ലും മണ്ണും വളപ്പൊട്ടുകളും മാത്രമല്ല, നെയ്ക്ക് ചാന്ദ്സെയ്‌നി എന്ന പ്രതിഭയുടെ ഉള്ളിലേ വളക്കൂറുമുണ്ട്.
|
1950 കാലഘട്ടത്തിൽ മരാമത്ത് വിഭാഗത്തിലെ എൻജിനീയർ ആയിരുന്നു നെയ്ക്ക്ചാന്ദ്. ഉള്ളിൽ ഒരു ശിൽപ്പി ഒളിഞ്ഞുകിടപ്പുണെന്നറിയാതെ ഒരുദിവസം ഇതുവഴി വന്ന അദ്ദേഹം യാദൃശ്ചികമായി ചില കല്ലുകൾ പെറുക്കിയെടുത്തു. പല ആകൃതിയിൽ ഉള്ള, പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യന്റെയുമൊക്കെ രൂപം വായിച്ചെടുക്കാവുന്ന കല്ലുകൾ. അവയൊക്കെ തന്റെ സൈക്കിളിൽ പെറുക്കിയെടുത്തു. ആരും കാണാതിരിക്കാൻ രാത്രികാലത്ത് ഇവിടെയെത്തി ഓരോ കല്ലും അടുക്കിവച്ചുതുടങ്ങിയ നേക് ചന്ദിനെ ഒരു ദിവസം ഇതുവഴി പരിശോധനയ്ക്കെത്തിയ ഓഫിസർ പിടികൂടി. പക്ഷെ ഭവനാശാലികളായ അധികൃതർ അദ്ദേഹത്തെ ശമ്പളത്തോടെ അവിടെ നിയമിച്ചു. 1976 ആയപ്പോഴേക്കും വനഭൂമിക്ക് കോട്ടം തട്ടാതെ തന്നെ നേക്ചന്ദ് റോക്ക് ഗാർഡൻ യാഥാർഥ്യമാക്കി. അന്നാരംഭിച്ച മനുഷ്യപ്രവാഹം ഇന്നും നിലച്ചിട്ടില്ല. ഇനി നിലയ്ക്കുകയുമില്ല. കാരണം ഒരിക്കൽ കണ്ടാൽ പിന്നെയും കാണണമെന്നു തോന്നിപ്പിക്കുന്ന വശ്യത ഈ നിർജീവരൂപങ്ങൾക്കുണ്ട്.
ഗാർഡനിലെ ടിക്കറ്റ് കൗണ്ടർ ഒരു ഗുഹപോലെയാണ്. കാട്ടുകല്ലുകൾ കൊണ്ടു നിർമിച്ച ഇടുങ്ങിയ ഇടനാഴികളിലൂടെ തലകുനിച്ച് അകത്തേക്കു കയറുന്നതോടെ ഒരു സാമ്രാജ്യം മുന്നിൽ തെളിയുന്നു.
പാഴ്വസ്തുക്കളിൽ മെനഞ്ഞ രാജാവും പ്രജകളും പടയാളികളും വാളും പരിചയും യുദ്ധക്കളവും കോട്ടയും കൊത്തളവും കിടങ്ങുകളും മാത്രമല്ല കൃത്രിമമായി നിർമിച്ചെടുത്ത അരുവികളും ഗുഹകളും ഒളിത്താവളങ്ങളും പാറയിടുക്കുകളും നരിമടകളും തടയണകളും കാട്ടരുവികളുമെല്ലാം ഈ ഉദ്യാനത്തെ കാലത്തിന്റെ പ്രതീകമാക്കുന്നു. കൊട്ടാരവും രാജ്ഞിയുടെ നീരാട്ടുകുളവും മറ്റൊരു ഭാഗത്ത്.
|
മരത്തിന്റെ വേരുകളിൽ പണിഞ്ഞെടുത്ത ശിൽപ്പങ്ങൾക്കുപുറമെ പരന്നൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ. ഒരു മതിൽ നിർമിച്ചിരിക്കുന്നത് പൊട്ടിയ ഫ്യൂസ് കാരിയറുകൾ ഉപയോഗിച്ചാണെങ്കിൽ മറ്റൊന്ന് വിവിധതരം ട്യൂബ് ലൈറ്റുകൾ കൊണ്ടാവും. ഓരോ വളവു കഴിയുമ്പോഴും മറ്റൊരു കൗതുകത്തിലേക്കാണ് വാതിൽ തുറക്കുന്നത്. ഇടനാഴിയോ കിടങ്ങോ കുളമോ അരുവിയോ ജലാശയമോ നമ്മെ കാത്തിരിക്കും.
|
മറ്റൊരു മലഞ്ചരിവിൽ സൈക്കിളിന്റ ഹാൻഡിൽ ബാർ ഉപയോഗിച്ചുള്ള മനുഷ്യപോരാളികളുടെ രൂപമാണെങ്കിൽ എതിർവശത്ത് പൊട്ടിയ സൈക്കിൾ ചെയിൻ ഉപയോഗിച്ചുള്ള രൂപമായിരിക്കും. അവരുടെ പടച്ചട്ടകൾ മുഴുവൻ പൊട്ടിയ വളകളോ സോഡാക്കുപ്പികളുടെ അടപ്പോ കൊണ്ട് നിർമിച്ചവയാവും. കറങ്ങിനടന്ന് കാണുക മാത്രമല്ല. ചില അരുവികളിൽ കുളിക്കാനും തോടുകളിൽ നീന്താനും സൗകര്യമുണ്ട്. നെയ്ക്ക്ചാന്ദ് തന്നെ നിർമിച്ച പാവകളുടെ പ്രദർശന ശാലയും റോക്ക് ഗാർഡന്റെ ഉള്ളിലുണ്ട്. കുറഞ്ഞത് മൂന്നുമണിക്കൂറെങ്കിലുമില്ലാതെ ഗാർഡൻ ചുറ്റിനടന്ന് കാണുക അസാധ്യം.
സെക്ടർ ഒന്ന് ലേ ഉത്തർമാർഗിൽ ആണ് റോക്ക് ഗാർഡൻ. നഗരമധ്യത്തിൽ നിന്ന് 4 km ആണ് ദൂരം. ടാക്സിയിലോ റിക്ഷയിലോ ഇങ്ങോട്ട് എളുപ്പം എത്താം. ധാരാളം ബസുകളും ലഭ്യമാണ്.
Syam Mohan
@teamkeesa