തുഞ്ചൻ ഗുരുമഠം യാത്ര | Thunchan Guru Madam Chittur Travel


thunjan gurumadam

"ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൻ"..
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ കിളിപ്പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്.... 

രാമായണമാസം കൂടിയായ ഈ സമയത്ത് തുഞ്ചത്ത് എഴുത്തച്ഛന്റെ കിളിപ്പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടോ കേരളത്തിൽ.. ഉണ്ടാവും..പക്ഷെ വളരെ വിരളമായിരിക്കും.. 

ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മഭൂമി മലപ്പുറം ജില്ലയിലെ തുഞ്ചൻപറമ്പ് ആണെങ്കിലും.. അദ്ദേഹം ദേശസഞ്ചാരം എല്ലാം കഴിഞ്ഞ് ജീവിതത്തിന്റെ അവസാന ഭാഗം ചെലവഴിച്ചത് പാലക്കാട്‌ ചിറ്റൂരിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ മഠത്തിൽ ആണ്.. 


thunjan gurumadam

ചിറ്റൂർ തെക്കേ ഗ്രാമം എന്നറിയപ്പെടുന്ന അഗ്രഹാരത്തിൽ ആണ് തുഞ്ചൻ മഠം ഉള്ളത്..
എഴുത്തച്ഛന്റെ ജീവചരിത്രം അർദ്ധസത്യങ്ങളാലും പല പണ്ഡിതന്മാരുടെയും ഇച്ഛക്കനുസരിച്ചുണ്ടാക്കിയ ഐതിഹ്യങ്ങളാലും മൂടപ്പെട്ടു കിടക്കുന്നു എന്നുള്ളതാണ് സത്യം.. 

അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം വ്യക്തമല്ല എങ്കിലും 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയാണ് ഇദ്ദേഹം എന്ന് കരുതപ്പെടുന്നു..
അബ്രാഹ്മണനായിട്ടും അക്കാലത്ത് സംസ്‌കൃതം,,വേദം തുടങ്ങിയവ അഭ്യസിച്ചിരുന്നു അദ്ദേഹം.. 

എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ അനേകം ഐതിഹ്യങ്ങൾ കേൾക്കാനാകും..
എഴുത്തച്ഛൻ അനേകം ദേശാടനങ്ങൾക്കു ഒടുവിൽ പാലക്കാട്‌ ചിറ്റൂരിൽ ഒരു മഠം സ്ഥാപിച്ച് സന്യാസം സ്വീകരിച്ച് ആധ്യാത്മിക ജീവിതം നയിക്കുകയാണ് ചെയ്തത്..
കാകുൽസ്ഥലീലകൾ കിളികൊഞ്ചലായി പിറന്നു വീണതും ഈ ശോകനാശിനി തടത്തിലെ ഗുരുമഠത്തിലാണ്.. ഭാരതപ്പുഴയുടെ കൈവഴിയായ ശോകനാശിനി എന്ന ചിറ്റൂർ പുഴയുടെ തീരത്തായിട്ടാണ് മഠം ഉള്ളത്....ഈ മഠത്തിൽ വച്ചു തന്നെയാണ് അദ്ദേഹം രാമായണം കിളിപ്പാട്ട് രചിച്ചത് എന്ന് പറയപ്പെടുന്നു..

എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയെയാണ് കിളിപ്പാട്ട് പ്രസ്ഥാനം എന്ന് പറയുന്നത്..
"ശ്രീമയമായ രൂപം തേടും പൈങ്കിളിപ്പെണ്ണേ
സീമയില്ലാതസുഖം നല്കണമെനിക്കുനീ" എന്ന് തുടങ്ങുന്ന മഹാഭാരതം കിളിപ്പാട്ടും അദ്ദേഹം രചിച്ചതാണ്.. 


thunjan gurumadam

യഥാർത്ഥ രചനകളായ രാമായണം മഹാഭാരതം തുടങ്ങിയവ എഴുത്തച്ഛനിലേക്കെത്തുമ്പോൾ വരുന്ന വ്യത്യാസങ്ങൾ വളരെയേറെയാണ്.. മലയാളഭാഷയുടെ മേന്മ കൂടാതെ അതിൽ സംസ്‌കൃത ഭാഷയുടെ സ്വാധീനം തുടങ്ങി അനവധി കാര്യങ്ങൾ നമ്മെ ഉണർത്തിക്കുന്ന രീതിയിലാണ് രചന.. കൂടാതെ, മണിപ്രവാളവും വൃത്തവും എല്ലാം ചേർത്ത് പാകപ്പെടുത്തി എടുക്കുന്ന വരികൾ മനസ്സിൽ മായാതെ കിടക്കുന്ന വസന്തങ്ങളായി മാറുന്നു.. 

മലയാള ഭാഷക്ക് നല്ലൊരു വഴിത്തിരിവ് ഉണ്ടാക്കി ഭാഷാപിതാവായി മാറിയ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സമാധിയായതും ചിറ്റൂരിലെ ഗുരുമഠത്തിൽ വച്ചാണ്.. ഇന്നും അദ്ദേഹത്തിന്റെ മെതിയടി, യോഗദണ്ഡ്, കൂടാതെ അദ്ദേഹം പൂജിച്ചു പോന്നിരുന്ന ശ്രീചക്രവും ഏതാനും ചില വിഗ്രഹങ്ങളും എല്ലാം തന്നെ ഇന്നും ഗുരുമഠത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്.. 

വിജയദശമി നാളുകളിൽ ഗുരുമഠം വിദ്യാരംഭത്തിനായി വരുന്ന ചെറുകിടങ്ങളാൽ തിങ്ങി നിറഞ്ഞിരിക്കും....
ശാന്തസുന്ദരമായ ചിറ്റൂരിലെ ഗുരുമഠം സന്ദർശകരിൽ രോമാഞ്ചം ഉളവാക്കി ഭാഷാപിതാവിന്റെ ഒരു സ്മാരകം എന്ന നിലയിൽ തലയുയർത്തി നിൽക്കുന്നു.. 



പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...
Previous Post Next Post