കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്രയുടെ പുത്തൻ താർ, | Mahindra Thar 2020


ഇന്ത്യൻ വാഹനലോകം ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന വർഷമാണ് 2020. ഡൽഹിയിൽ നടന്ന ഔട്ടോ എക്സ്പോയിലൂടെ അനേകം വാഹനങ്ങൾ ഇറങ്ങാനിരുന്നതുമാണ്. എന്നാൽ ലോകമാകെ വ്യാപിച്ച കൊറോണ വൈറസ് ബാധ, ഈ വിപണിയെയും ചില്ലറയൊന്നുമല്ല ബാധിച്ചത്. എല്ലാ കമ്പനികളുടെയും മാർക്കറ്റ് പ്രതീക്ഷക്കപ്പുറം ഇടിഞ്ഞുപോയി. എന്നിരുന്നാലും പലരും തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ഇതിൽ തന്നെ വാഹനപ്രേമികളെല്ലാം ഒരുപോലെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു മഹീന്ദ്രയുടെത്. ജനപ്രിയ SUV ആയ താറിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഇന്ന്, ഓഗസ്റ്റ് 15 ന് മഹീന്ദ്ര അവതരിപ്പിക്കുകയുണ്ടായി. മികച്ച ഓഫ്റോഡ് കാര്യക്ഷമതയും ഡെയ്‌ലി കമ്മ്യുട്ടിനുള്ള യാത്രാസുഖവുമായി ഏകദേശം ഒരു പതിറ്റാണ്ടോളം ആയി ഇന്ത്യൻ റോഡുകളിലും, ഒരുപക്ഷേ റോഡില്ലാത്ത ഭാഗത്തും സ്ഥിരം കാഴ്ചയാണ് ഈ കരുത്തൻ വാഹനം. 
  • പഴയ മോഡൽ പോലെതന്നെ ക്ലാസിക് ആയ റൗണ്ട് ഹെഡ്‍ലാംപ് ഇതിലും തുടരുന്നു. 
  • വ്യത്യസ്തമായ പുതിയ ഗ്രില്ലും നൽകിയിട്ടുണ്ട്. മുൻവശത്തെ ഫെൻഡറിൽ LED ഡേയ് ടൈം റണ്ണിങ് ലാമ്പുകൾ നൽകിയത് ഭംഗി വർധിപ്പിക്കുന്നു. 
  • ഉൾവശത്ത് ഏത് യാത്രയും സുഖകരമാക്കാനായി സ്‌പോർട്ടി ലുക്കിലുള്ള മുൻനിര സീറ്റുകൾ , റീക്ലനബിൾ ആയ പിൻസീറ്റുകൾ,  റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ തയ്യാറാക്കിയിട്ടുണ്ട്. 
  • വാട്ടർ റെസിസ്റ്റന്റായ 7 ഇഞ്ച് സ്ക്രീൻ ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പിൾ കാർപ്ലേയുമായോ കണക്ട് ചെയ്യാവുന്നതാണ്. ബക്കറ്റ് സീറ്റുകൾ ഏത് പ്രതലത്തിലും നല്ല യാത്രാസുഖം നൽകുന്നു. 
  • എടുത്തുപറയേണ്ട ഫീച്ചർ എന്തെന്നാൽ കാറിന്റെ അപ്ഹോൾസ്റ്ററി മുഴുവനായും വാഷബിൾ ആണ്. 

രണ്ട് എൻജിൻ ഓപ്ഷനുകളാണ് മഹീന്ദ്ര താറിന് അവതരിപ്പിച്ചിട്ടുള്ളത്. 150bhp 2.0 ലിറ്റർ എംസ്റ്റാല്യൺ TGDi പെട്രോൾ എൻജിനും, 130bhp 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനും. 
അതുപോലെ തന്നെ സിക്സ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും, മാനുവൽ ട്രാൻസ്മിഷനിലും താർ ലഭ്യമാണ്. 

സുരക്ഷ ഫീച്ചറുകളെകുറിച്ച് പറയുകയാണെങ്കിൽ വാഹനത്തിൽ ക്രൂയിസ് കൺട്രോൾ, ABS വിത് EBD, രണ്ട് എയർബാഗുകൾ, ഹിൽ ഹോൾഡ് ആൻഡ് ഹിൽ ഡിസന്റ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷനോടുകൂടെയുള്ള ESP മുതലായവയും നൽകിയിട്ടുണ്ട്. 

ഈ സെഗ്മന്റിലെ ഏറ്റവും വലിയ ടയറുകൾ ഒരുപക്ഷേ താറിന്റെതാവും. ഇതിൽ 18ഇഞ്ചിന്റെ സിനിസ്റ്റർ സിൽവർ അലോയ് വീലുകളാണ്. 226mm ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനത്തിന്റെ വാട്ടർ വേഡിങ് കപ്പാസിറ്റി 650mm ആണ്. താർ 2020ക്ക് മൂന്ന് റൂഫ് ഓപ്ഷനുകൾ ആണ് കമ്പനി നൽകിയിട്ടുള്ളത്. 

ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നിവകൂടാതെ നൽകിയിട്ടുള്ള കൺവേർട്ടിബിൾ ടോപ് സെഗ്‌മെന്റിൽ ആദ്യമാണ്. AX, LX എന്നീ രണ്ട് വേരിയന്റുകളിലായി ആറു നിറങ്ങളിൽ താർ ലഭ്യമാണ്. റെഡ് റേജ്, മിസ്റ്റിക് കോപ്പർ, നപോളി ബ്ലാക്ക്, അക്വാമറൈൻ, ഗാലക്സി ഗ്രേ, റോക്കി ബീജ് എന്നിവയാണവ. 

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന് അവതരിച്ച പുത്തൻ പുതിയ താറിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ രണ്ടിനാണ്. വാഹനത്തിന്റെ ബുക്കിങ് അന്നുതന്നെ ആരംഭിക്കും.  ഒരുപാട് ആരാധകരുള്ള വാഹനം അതിന്റെ പോരായ്മകളെല്ലാം പരിഹരിച്ച് വീണ്ടുമിറങ്ങുമ്പോൾ വാഹനപ്രേമികളെല്ലാം തികഞ്ഞ പ്രതീക്ഷയിലാണ്.


Previous Post Next Post