തോട്ടം തൊഴിലാളിയുടെ രക്​തമാണ്​ നിങ്ങളുടെ ചായയുടെ നിറം;ഗോമതി

ഭൂസമര സമിതി സംഘടിപ്പിച്ച
മൂന്നാർ: ടാറ്റയുടെ നിയമ വിരുദ്ധ സാമ്രാജ്യവും; തൊഴിലാളികളുടെ കൂട്ടക്കുരുതിയും'' എന്ന  വെബിനാറിൽ പങ്കെടുത്തു കൊണ്ട്
 G ഗോമതി ചെയ്ത   പ്രഭാഷണം:

[മൊഴിമാറ്റം നടത്തി തയാറാക്കിയത് ബിനു.ഡി.രാജ് ]

 നിങ്ങളറിയുമോ, എന്തുകൊണ്ട്​ അവരെ ഒരേകുഴിയിൽ അടക്കിയെന്ന്​?
പെട്ടിമുടി ദുരന്തത്തിൽ മരിച്ച 18 പേരെ ഒരേകുഴിയിലാണ്​ അടക്കം ചെയ്​തത്​. അത്​ എല്ലാവരും കണ്ടു. എന്തുകൊണ്ട്​ അവരെ ഒരേകുഴിയിൽ അടക്കിയെന്ന്​ നിങ്ങൾ ആർക്കുമറിയില്ല. 

ഞങ്ങളെ അടക്കം ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. ഈ മണ്ണിൽ ജനിച്ചവരാണ്​ ഞങ്ങൾ. ഞങ്ങൾക്ക്​ പട്ടയത്തിന്​ അർഹതയില്ലേ.  ഇത്​ ഞങ്ങളുടെ മണ്ണാണ്​. ഞങ്ങൾ പിറന്നു വീണ വളർന്ന മണ്ണാണിത്​. പക്ഷേ ഇത്​ ഞങ്ങൾക്ക്​ സ്വന്തമല്ല​. എല്ലാവരും പറയുന്നത്​ ഇത്​ ടാറ്റ കമ്പനിയുടെ ഭൂമി, കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമി, പ്രൈവറ്റ്​ ഭൂമി എന്നെല്ലാമാണ്​. ഇത്​ കമ്പനിയുടെ ഭൂമിയാണെന്നതിന്​ ഒരു രേഖയും അവരുടെ കയ്യിലില്ല. ഇത്​ ഞങ്ങൾ ജനിച്ച്​ വളർന്ന പണിയെടുത്ത്​ ജീവിക്കുന്ന ഭൂമിയാണ്​. ഇത്​ ഞങ്ങളുടെ ഭൂമിയാണ്​. തോട്ടം മേഖലയിൽ ഭൂസമരമാണ്​ ആവശ്യം. 
ഈ ഭൂമിയുമായി സർക്കാറിന്​ ഒരു ബന്ധവുമില്ലേ. ചെറുവള്ളിയിൽ വിമാനത്താവളം പണിയുന്നതിന്​ സർക്കാർ നേതൃത്വം നൽകുന്നു. അവിടുത്തെ ഭൂമിയിൽ അപ്പോൾ സർക്കാറിന്​ അവകാശമുണ്ടോ. ഇവിടെ ഇല്ലാത്തതെന്ത്​. കമ്പനി വീട്​ വിട്ടാൽ ഞങ്ങൾ​ സ്വന്തമായി വീടില്ലാത്തവരാകും. തെരുവിലേക്ക്​ പോകണം. അതിനാൽ ഞങ്ങൾ കമ്പനിയുടെ അടിമകളെ പോലെ ഇവിടെ കഴിയേണ്ടിവരുന്നു. 
58 വയസ്​ തികയുമ്പോൾ  വീട്​ പൂട്ടി താക്കോൽ കമ്പനിയുടെ പക്കൽ ഏൽപ്പിച്ചാലെ ഞങ്ങൾക്ക്​ പെൻഷൻ ആയതി​െൻറ ആനുകൂല്ല്യങ്ങൾ ലഭിക്കൂ. ഞങ്ങൾ പിന്നെ എങ്ങോട്ടു പോകും. ഞങ്ങൾക്ക്​ സ്വന്തമായി ഭൂമിയില്ല. വീടില്ല. ഈ ദുരിതങ്ങളെല്ലാം എത്ര നാളായി പറയുന്നു. തോട്ടം തൊഴിലാളിയുടെ പ്രശ്​നം കേൾക്കണമെങ്കിൽ ഇതുപോലെ ദുരന്തങ്ങൾ ഉണ്ടാകണമെന്ന സ്ഥിതിയാണ്​. 

ഞങ്ങൾ തമിഴരാണോ മലയാളികളോണോ എന്ന്​ ഞങ്ങൾക്ക്​ അറിയില്ല. രണ്ടും ചേർന്നതാണ്​ ഞങ്ങളുടെ ഭാഷ. ഞാൻ പിറന്നത്​ കേരളത്തിലാണ്​. എന്നെപോലെ കേരളത്തിൽ പിറന്ന്​ വളർന്നവരാണ്​ ഇപ്പോൾ ഇവിടെയുള്ളവരെല്ലാം. തമിഴ്​നാട്ടിൽ നിന്ന്​ വന്നവരുടെ അഞ്ചാം തലമുറയാണ്​ ഇപ്പോൾ ഇവിടെയുള്ളത്​. ഞങ്ങൾ എങ്ങിനെ തമിഴ്​നാട്ടുകാരാകും...?
ഇപ്പോൾ ടി.വിയിൽ ചർച്ചകൾ നടക്കുന്നു. പെട്ടിമുടിയിലുള്ളവരെല്ലാം തമിഴ്​നാട്ടുകാരാണെന്ന്​ പറഞ്ഞ്​. ഞങ്ങളുടെ അപ്പനമ്മമാർ, മുത്തശ്ശി, മുത്തച്​ഛന്മാർ എല്ലാവരും ഇവിടെ ജനിച്ചവരാണ്​. 



2017ൽ ഞങ്ങൾ ഒരുസമരം നടത്തി ഞങ്ങൾക്ക്​ ഒരു ഏക്കർ ഭൂമി വേണം. സ്വന്തമായി വീടുവേണം എന്നീ ആവശ്യങ്ങളുന്നയിച്ച്​. ഞങ്ങളുടെ ആ സമരത്തെ ആരും പിന്തുണച്ചില്ല. 20 ദിവസം ഞങ്ങൾ നടുറോഡിലിരുന്നു. ഈ മണ്ണിൽ പിറന്ന ഞങ്ങൾക്ക്​ ഭൂമിക്കും വീടിനും അവകാശമില്ലേ. ആദിവാസികൾക്ക്​ ഭൂമി വേണമെന്നു പറയാൻ ഇവിടെ ആളുണ്ട്​. ഞങ്ങൾക്ക്​ വേണ്ടി പറയാൻ ഇവിടെ ആരുമില്ല.

രാവിലെ നിങ്ങൾ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്​തമാണ്​. തോട്ടം തൊഴിലാളിയുടെ രക്​തമാണ്​ നിങ്ങളുടെ ചായയുടെ നിറം. ഞങ്ങളുടെ ഈ കഷ്​ടപ്പാട്​ നിങ്ങളാരും അറിയുന്നില്ല. ​ഇവിടെ മനുഷ്യൻ മരിച്ചു വീഴുന്നത്​ കാണുന്നില്ലേ. പെട്ടിമുടിയിൽ നല്ല റോഡില്ല, ഭയങ്കര കുന്നുകൾ, ഭയങ്കര മഴ, നിറയെ അട്ടകൾ, ഭയങ്കര തണുപ്പ്​. ഒരുമണിക്കൂർ പോലും ഇവിടെ നിൽക്കാൻ ആളുകൾക്ക്​​ പറ്റില്ല. 
നിങ്ങളോർക്കണം, ഞങ്ങൾ രാവിലെ എട്ടുമണി മുതൽ തോട്ടത്തിൽ നിൽക്കണം. കൊടും തണുപ്പിൽ മഴയെല്ലാം നനഞ്ഞ്​, കാലിൽ കടിക്കുന്ന അട്ടകൾക്ക്​ രക്​തം കൊടുത്താണ്​ ഞങ്ങൾ പണി​ ചെയ്യുന്നതെന്ന്​. പെട്ടിമുടിയുടെ അപകടവും തോട്ടം തൊഴിലാളികളുടെ ദുരിതവും നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നവർ മാത്രമാണ്​. ഞങ്ങൾ ഇതെല്ലാം അനുഭവിക്കുയാണ്​. 
ഞങ്ങൾക്ക്​ നല്ല സ്​കൂളില്ല, നല്ല ആശുപത്രിയില്ല, ഞങ്ങളുടെ മക്കൾക്ക്​ ​നല്ല ​
ജോലിയില്ല . 
കുടുംബത്തിലെ എല്ലാവരും ഒറ്റമുറി വീട്ടിൽ കഴിയുന്നു. ഒരു ബഡ്​ റൂമും അടുക്കളുയുമുള്ള വീട്ടിൽ മക്കളും മുത്തച്​ഛൻമാരും മുത്തശ്ശികളുമെല്ലാമായി രണ്ടും മൂന്നും കുടുംബങ്ങൾ കഴിയുന്നു. നൂറ്​ വർഷം പഴക്കമുള്ള വീട്ടിൽ​ ഞങ്ങൾ ഇത്രപേരും എങ്ങിനെ കഴിയുന്നുവെന്ന്​ കമ്പനിക്കുപോലും അറിയില്ല​.കൊറോണ വന്നതോടെ അകലം പാലിക്കണം എന്നു പറയുന്നു. എട്ടും പത്തും പേർ കഴിയുന്ന ഒറ്റമുറി വീട്ടിൽ ഞങ്ങൾ എങ്ങനെ അകലം പാലിക്കും...?
 ഞങ്ങൾക്ക്​ ഇതെല്ലാം പറഞ്ഞ്​ പറഞ്ഞ്​ വയ്യാതായി. എല്ലാം സർക്കാരിന്റെ  ബധിര കർണങ്ങളിലാണ്​ പതിക്കുന്നത്​. എന്റെ വീട്​ നിങ്ങൾ കാണണം. ​പ്ലാസ്​റ്റിക്​ ഷീറ്റ്​ വലിച്ചുകെട്ടിയാണ്​ ഇതിനകത്തിരിക്കുന്നത്​. കാറ്റടിച്ചാൽ കണ്ണിൽ മണ്ണു വീഴും. എത്ര പേർക്കറിയാം ഇതൊക്കെ. 

ചാനലകളിലും പത്രങ്ങളിലും വരുമ്പോൾ ഇതെല്ലാം എല്ലാവരും കാണും പക്ഷേ ഒരു ഫലവും ഉണ്ടാകാറില്ല. ഞങ്ങൾ 2015ൽ നടത്തിയ സമരത്തിലൂടെയാണ്​ ഇതൊക്കെ കുറച്ചെങ്കിലും പുറം ലോകം അറിഞ്ഞത്​. തോട്ടം തൊഴിലാളികൾ അടിമകളായാണ്​ ജീവിക്കുന്നത്​. ഇവിടെ സന്തോഷത്തോടെ ജോലി ചെയ്യുന്ന ആരുമില്ല. കൊളുന്ത്​ എടുത്താലെ ഞങ്ങൾക്ക്​ ആഹാരത്തിനുള്ള വകലഭിക്കൂ. 350 രൂപയെന്ന തുച്​ഛമായ കൂലിയിൽ നിന്ന്​ മിച്ചം പിടിച്ചാണ്​​ മക്കളെ ഞങ്ങൾ പഠിപ്പിക്കുന്നത്​. സമരകാലത്ത്​ എല്ലാ മാധ്യമങ്ങളും ഞങ്ങളുടെ വീടുകളിൽ കയറിയിറങ്ങിയിരുന്നു. ഞങ്ങളുടെ ദുരിതങ്ങൾ അവർ മനസിലാക്കിയിരുന്നു. എന്നാൽ നല്ല വാർത്തകൊടുക്കാൻ അവർ​ ഭയപ്പെടുന്നു .സർക്കാരിനെ അവർക്ക്​ ഭയമാണ്​. 
എനിക്ക്​ രാഷ്​ട്രീയം അറിയില്ല. അഞ്ചുവർഷം മുമ്പ്​ നടന്ന സമരസമത്തിനപ്പുറം രാഷ്​ട്രീയം ഞങ്ങൾക്കറിയില്ല. രാഷ്​ട്രീയക്കാര്​ ആരാണെന്ന്​ ഞങ്ങൾ എല്ലാവർക്കും അറിയാം. ഞങ്ങളുടെ ഒരുമയെ തകർത്തതും രാഷ്​ട്രീയക്കാരാണ്​. അവർക്ക്​ ഇനി ഞങ്ങൾക്കിടയിൽ ഇടമില്ല. തോട്ടം തൊഴിലാളി യൂണിയനുകൾ തോട്ടം തൊഴിലാളികൾക്ക്​വേണ്ടി എന്തു ചെയ്യുന്നു. തൊഴിലാളികൾക്ക്​ സ്വന്തം ഭൂമി ലഭ്യമാക്കാൻ അവർ എന്തു ചെയ്​തു. ഞങ്ങൾ ഇവിടെ അടിമകളായി കഴിയുന്നു. 
വിമാന ദുരന്തത്തിലേതുപോലെ പെട്ടിമുടിയിൽ മരിച്ചതും മനുഷ്യരാണ്​. എല്ലാവരുടെയും ജീവന്റെ വില ഒന്നു തന്നെയല്ലേ . ഞങ്ങളുടെ ജീവനുപോലും രണ്ടാംതരം വിലയാണ്​ സർക്കാർ കൽപിക്കുന്നത്​. ഞങ്ങൾ സമരം നടത്തിയപ്പോൾ തോട്ടം  തൊഴിലാളിക്ക്​ സർക്കാർ എന്തെല്ലാം വാഗ്​ദാനം നൽകിയിരുന്നു എന്ന്​ ഓർക്കണം. മാസാമാസം 25 കിലോ അരി സൗജന്യമായി നൽകുമെന്ന്​ പറഞ്ഞു. എല്ലാം വാഗ്​ദാനത്തിലൊതുങ്ങി.
ഇനി ഒരു പെട്ടിമുടി ഉണ്ടാകാതിരിക്കണമെങ്കിൽ കേരള സമൂഹം ഉണരണം. ഞങ്ങൾക്ക്​ വേണ്ടി നിങ്ങളും രംഗത്തുവരണം. ഇവിടെ മുദ്രാവാക്യം വിളിക്കാൻ  ആർക്കും ധൈര്യമില്ല. കൂലി വേണം, ബോണസ്​ വേണം ഇതു കാലങ്ങളായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. 
ഞങ്ങൾക്കും ജീവിക്കണം. സ്വന്തമായി ഒരു തുണ്ട്​ മണ്ണ്​ ഞങ്ങൾക്കും വേണം. തേയില തോട്ടം, ഈ വീട്​, കുടുംബം അതിനപ്പുറം ഞങ്ങൾക്ക്​ ഒരു ലോകമില്ല. ഒന്നും അറിയുകയുമില്ല. ഞങ്ങൾക്ക്​ വേണ്ടി പറയാൻ ആരുമില്ല. വില്ലേജിലായാലും താലൂക്കാഫീസിലായാലും പൊലീസിലായാലും എല്ലായിടത്തും അപേക്ഷകളെല്ലാം മലയാളത്തിലാണ്​. ഞങ്ങളിൽ മലയാളം പഠിച്ചവർ എത്ര പേരുണ്ട്​. ഞങ്ങളെ മലയാളം പഠിപ്പിക്കില്ല. മലയാളം പഠിപ്പിച്ചാൽ ഞങ്ങൾ മലയാളികളായി മാറും. എവിടെ ചെന്നാലും ഞങ്ങളെ തമിഴരെന്ന്​ പറഞ്ഞ്​ മാറ്റി നിർത്തും. 
ഇതെല്ലാം മാറണം. എവിടെല്ലാം തോട്ടം തൊഴിലാളി ഉണ്ടോ അവിടെല്ലാം മാറണം. ഞങ്ങൾക്ക്​ ഈ ദുരിത ജീവിതത്തിൽ നിന്ന്​ കരകയറണം. (പൊട്ടി കരയുന്നു) നിങ്ങൾക്ക്​ നിയമങ്ങളറിയാമല്ലോ. എന്തെങ്കിലും ഞങ്ങൾക്ക്​ വേണ്ടി ചെയ്യണം. ഇനി ഒരു പെട്ടിമുടി ഉണ്ടാകരുത്​. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന 83 പേർ മണ്ണടിഞ്ഞത്​ എങ്ങിനെ ഞങ്ങൾ മറക്കും. ഒരിക്കലും മറക്കാനാവില്ല.  ഞങ്ങൾ​ എന്നും ക്യാമ്പിലും ലയങ്ങളിലും താമസിച്ച്​ ജീവിതം കഴിക്കണോ . എത്രയോ പേരാണിങ്ങനെ ജീവിക്കുന്നത്​. വോട്ടിന്​ മാത്രമാണ്​ ഞങ്ങൾ വേണ്ടത്​. മറ്റൊന്നിനും  ഞങ്ങൾ വേണ്ട. ഇതെല്ലാം മാറണം. ഞങ്ങളെ പേരമക്കളെങ്കിലും നന്നായി വളരണം. അവരെങ്കിലും അടിമകളല്ലെന്ന ബോധത്തോടെ വളരണം. 
ഇതോടെ തോട്ടം തൊഴിലാളികളുടെ പ്രശ്​നങ്ങൾ ഇല്ലാതാകണം. അതിന്​ കേരള സമൂഹം പിന്തുണ നൽകണം. ഞങ്ങൾ വെറും മണ്ണിൽ കിടന്നുറങ്ങുന്നവരാണ്​. 

ഞങ്ങൾക്ക്​ അഞ്ചു ലക്ഷം, വിമാനാപകടത്തിൽ മരിച്ചവർക്ക്​ 10 ലക്ഷം. പണക്കാരന്റെയും തോട്ടം തൊഴിലാളികളുടെയും ജീവന്​ രണ്ടുതരം വിലവക്കുന്നു കേരള സർക്കാർ. മൂന്നാർ എത്ര അഴകുള്ള നാടാണ്​. കശ്​മീരിനെക്കാളും അഴക്​ മൂന്നാറിനുണ്ടെന്നാണ്​ പറയുന്നത്​. ഇവിടെ ജീവിക്കുന്ന ഞങ്ങളുടെ മനസും വേദനയും ആരും കാണുന്നില്ല. ഇതെല്ലാം മാറണം. അതിന്​ ഞങ്ങൾക്ക്​ ഒരേക്കർ ഭൂമി വേണം. 

layam munnar


2015ൽ സമരം നടത്തിയപ്പോൾ 69 രൂപ കൂലി കൂട്ടി. അത്​ ഞങ്ങളുടെ സമരത്തെ അടിച്ചമർത്താനായിരുന്നു. ഞങ്ങളെ അതും പറഞ്ഞ്​ റോഡിലെ സമരത്തിൽ നിന്ന്​ വീടുകളിലേക്ക്​ മടക്കി അയച്ചു. മാറി മാറി ഭരിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും തോട്ടം തൊഴിലാളിയുടെ പ്രശ്​നങ്ങൾക്ക്​ നേർക്ക്​ കണ്ണടക്കും. ഇവിടെ വന്ന്​ പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്​ തോട്ടം തൊഴിലാളിക്ക്​ 500 രൂപ ശമ്പളം ലഭ്യമാക്കുമെന്ന്​. പിന്നീട്​ അദ്ദേഹം ഞങ്ങളെ മറന്നു. ഞങ്ങൾ അത്​ മറന്നിട്ടില്ല സർ. ഞങ്ങൾക്കിത്​ ജീവിതമാണ്​ സർ. ഞങ്ങളുടെ മക്കൾക്കും മികച്ച സ്​കൂളുകളിൽ പഠിക്കണം. പ്ലസ്​ടു കഴിഞ്ഞ്​ ഞങ്ങളുടെ മക്കൾക്ക്​ കോളേജിൽ പ്രവേശനം ലഭിക്കണമെങ്കിൽ എം.എൽ.എയുടെ ശിപാർശ വേണം. ഞങ്ങളുടെ മക്കൾ ഉന്നത വിദ്യാഭ്യാസം അർഹിക്കുന്നില്ലേ.
   
സമരത്തിന്റെ പേരിൽ ഞങ്ങളെ കള്ളകേസുകളിൽ കുടുക്കിയിരിക്കയാണ്​. എന്തെല്ലാമോ കള്ള കേസുകൾ. തോട്ടം തൊഴിലാളികൾക്ക്​ മൂന്നാറിൽ ഇടം കിട്ടുവോളം ഞങ്ങൾ ഇവിടം വിട്ടുപോകില്ല. ഞങ്ങളെ ആരെങ്കിലും സഹായികാൻ വന്നാൽ അവരെ മാവോയിസ്​റ്റുകളെന്ന്​ പറഞ്ഞ്​ അറസ്​റ്റു ചെയ്യും. 
രാഷ്​ട്രീയക്കാർ ആരും സഹായത്തിന്​ എത്തുകയുമില്ല. ഇപ്പോൾ കമ്പനിയുടെ ഉടമസ്​ഥർ ആരെന്നു പോലും അറിയാത്ത സ്​ഥിതിയാണ്​. ചോദിച്ചാൽ കമ്പനി ഷെയർ ഹോൾഡർമാർ എന്നെല്ലാം പറയും. തോട്ടം തൊഴിലാളിക്ക്​ വീടു വക്കാൻ 10 കോടി രൂപ പോലും നൽകാൻ സർക്കാർ തയാറല്ല. ഇപ്പോൾ കൊറോണ വന്നപ്പോൾ സൗജന്യ അരികിട്ടി. വണ്ടും പ്രാണികളുമെല്ലാം അതിലുണ്ട്​. എന്നിരുന്നാലും സന്തോഷത്തോടെ ഞങ്ങൾ അത്​ വാങ്ങി. മറ്റ്​ ഗതിയൊന്നുമില്ല. മുമ്പ്​ സമരം നടത്തിയപ്പോൾ മന്ത്രി എം.എം മണി ഞങ്ങളെ ആക്ഷേപിച്ചു. സമരമല്ല മറ്റേപ്പണിയാണ്​ നടന്നതെന്ന്​ പറഞ്ഞു. ഈ ആക്ഷേപങ്ങളെയെല്ലാം ഞങ്ങൾ സഹിച്ചു. ഇവിടെ രാഷ്​ട്രീയക്കാരുണ്ട്​. അവർക്ക്​ എന്തെല്ലാം സുഖ സൗകര്യങ്ങളുണ്ട്​. അവരുടെ മക്കൾ മികച്ച സ്കൂളുകളിൽ പഠിക്കുന്നു. മികച്ച വീടുകളുണ്ട്​. 

ഞങ്ങളുടെ മക്കൾ ബ്രിട്ടീഷുകാരന്റെ കാലത്ത്​ സ്​ഥാപിച്ച കമ്പനി സ്​കൂളിലാണ്​ പഠിക്കുന്നത്​. ഞാൻ പഠിച്ചത്​ അതേ സ്​കൂളിലാണ്​. എന്റെ പേരകുട്ടികളും പഠിക്കുന്നത്​ അതേ സ്​കൂളിലാണ്​. തലമുറകളായി ഞങ്ങൾ അടിമകളെ പോലെ കഴിയുന്നു എന്നതിന്​ ഉദാഹരണവുമാണിത്​.

 എന്റെവീട്ടുകാരന്​ അസുഖമാണ്​. അതിനാൽ എനിക്ക്​ കമ്പനിയിൽ പോകാൻ കഴിയുന്നില്ല. അപ്പോൾ വീടൊഴിയേണ്ടിവരും. അതിൽ നിന്ന്​ രക്ഷപെടാൻ എന്റെ  മകന്​ ജോലി നൽകണമെന്ന്​ പറഞ്ഞ്​ കമ്പനിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്​. വീടൊഴിഞ്ഞാൽ തെരുവിലേക്ക്​ ഇറങ്ങേണ്ടിവരും. ഈ ഗതിയാണ്​ തോട്ടം തൊഴിലാളികൾ എല്ലാവർക്കും. പഴയ വീടുകളിൽ ജീവൻ ഭയന്നാണ്​ എല്ലാവരും കഴിയുന്നത്​. എന്ത്​ പറയണമെന്ന്​ എനിക്ക്​ അറിയില്ല. എനിക്ക്​ സങ്കടം സഹിക്കാൻ കഴിയുന്നില്ല. നിയമങ്ങൾ അറിയുന്നവർ ഞങ്ങൾക്ക്​ വേണ്ടി എന്തെങ്കിലും ചെയ്യണം. ഞങ്ങൾക്ക്​ ഞങ്ങളുടെ ഈ ദുരിതങ്ങളേ അറിയൂ. 

പെമ്പിളൈ ഒരുമ നേതാവ്​ ജി. ഗോമതി ഭൂമസരസമിതി സംഘടിപ്പിച്ച വെബിനാറിൽ നടത്തിയ പ്രസംഗം
തയാറാക്കിയത് ബിനു ഡി രാജ് (മാധ്യമം)
Previous Post Next Post