9 രാത്രികൾ :നവരാത്രി കാലവും ഐതിഹ്യവും!


ഇനി അങ്ങോട്ട് നവരാത്രി കാലമാണ്..
ദേവീ ആരാധനയുടെയും, സംഗീതം നൃത്തം തുടങ്ങിയ കലകളുടെയും, വിദ്യാരംഭത്തിന്റെയും നാളുകൾ..

എന്താണ് നവരാത്രി?

'നവ' എന്നാൽ 9, 'രാത്രി ' എന്നാൽ ലൌകിക ഭാഷയിലെ രാത്രി തന്നെ..
പേര് പോലെ തന്നെ 9 രാത്രികൾ ആഘോഷിക്കപ്പെടുന്ന ഈ നവരാത്രി മഹോത്സവം ഇന്ത്യയിലൊട്ടാകെ ആഘോഷിക്കപ്പെടുന്നു..എന്നാൽ, ഓരോ സ്ഥലത്തും ആഘോഷിക്കുന്നത് വ്യത്യസ്തതരത്തിലാണ് എന്ന് മാത്രം..
നവരാത്രി ആരംഭിച്ചതിന് ശേഷം ആദ്യത്തെ മൂന്ന് ദിവസം പാർവതി ദേവിയെയും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയെയും അവസാനത്തെ 3 ദിവസം സരസ്വതിയെയും പൂജിക്കുന്നു.
കൂടാതെ.. ദേവിയുടെ 9 രൂപങ്ങളെ 9 ദിവസങ്ങളിലായി പൂജിക്കുകയും ചെയ്യുന്നു.. ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗാദേവിയായും, മഹാനവമി നാളിൽ ലക്ഷ്മിദേവിയായും, വിജയദശമി നാളിൽ സരസ്വതി ദേവിയായും  ആരാധിച്ചുപോരുന്നു..


നവരാത്രി മഹോത്സവത്തിന് പറയാൻ ഒരുപാട് കഥകളും ഐതിഹ്യങ്ങളുമുണ്ട്.. 

യഥാർത്ഥത്തിൽ ഒരു വർഷത്തിൽ 4 നവരാത്രികൾ ഉണ്ട്.

  • 1. ശരത് നവരാത്രി.
  • 2. വസന്ത നവരാത്രി.
  • 3. ആഷാഢ നവരാത്രി.
  • 4. പൗഷ നവരാത്രി.

ഇവയിൽ ഏറ്റവും പ്രധാനമായി ഭാരതമൊട്ടാകെ ആഘോഷിക്കുന്നത് ശരത്കാലമായ ഈ കാലത്ത് ആഘോഷിക്കുന്ന ശരത് നവരാത്രിയാണ്..
മഹാനവരാത്രി എന്നും പറയാറുണ്ട്.
വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമെല്ലാം ആഘോഷങ്ങൾക്കും ഐതിഹ്യങ്ങൾക്കും വ്യത്യാസമുണ്ട്..


കേരളത്തിൽ സരസ്വതീ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്.. വിദ്യാരംഭമാണ് പ്രധാനം.. വിദ്യാരംഭം നാളുകളിൽ കുഞ്ഞു കിടാങ്ങൾ ആദ്യമായി ഹരി ശ്രീ ഗണപതയെ നമഃ എന്ന് അരിയിൽ എഴുതി വിദ്യയുടെ ആരംഭം കുറിക്കുന്നു.. കലാ വാസനയുള്ളവർ കലകൾ അഭ്യസിക്കാനായി തുടങ്ങുന്നു..

എന്നാൽ വടക്കേ ഇന്ത്യയിൽ ശ്രീരാമൻ രാവണനെ ജയിച്ച ദിനം എന്നതിനെ തുടർന്ന് നവരാത്രി ആഘോഷിക്കുന്നവരുണ്ട്, കൂടാതെ ദേവി ബണ്ടാസുരനെ വധിച്ചതിനെ തുടർന്നുള്ള ആഘോഷമായും കരുതുന്നവരുണ്ട്..
ദസ്സറ എന്ന പേരിലാണ് അങ്ങ് വടക്ക് ഈ 9 രാത്രികളെയും 10 പകലുകളെയും ഉൾകൊള്ളിച്ചു ആഘോഷിക്കുന്ന ഉത്സവത്തെ വിളിക്കുന്നത്..നവരാത്രി എന്നാൽ മനസ്സിൽ ആദ്യം ഓടി എത്തുക അതിമനോഹരമായി അലങ്കരിച്ച പടികളിൽ നയനഹാരികളായ വിവിധ തരത്തിലും ഭാവത്തിലുമുള്ള വിഗ്രഹങ്ങളും ബൊമ്മകളും അടങ്ങിയ ബൊമ്മഗൊലു/ബൊമ്മക്കൊലു ആണ്..
ബൊമ്മക്കൊലു തെക്കേ ഇന്ത്യയിൽ ഒട്ടുമിക്ക ഇടങ്ങളിലും വെക്കുന്ന ഒന്നാണെങ്കിലും അധികവും ബ്രാഹ്മണ സമൂഹങ്ങളിൽ കാണാൻ കഴിയുന്ന ഒന്നാണ്.. രാമർ പട്ടാഭിഷേകം, അഷ്ടലക്ഷ്മി, ദശാവതാരം, വരലക്ഷ്മി വ്രതം, മറ്റ് ആരാധനാ വിഗ്രഹങ്ങൾ,  ചെട്ടിയാർ ബൊമ്മകൾ തുടങ്ങി നിരവധി ബൊമ്മകളാൽ അലംകൃതമാണ് ബൊമ്മക്കൊലു.. 
9 ദിനരാത്രങ്ങൾ ഓരോരോ പലഹാരങ്ങൾ ഉണ്ടാക്കി നിവേദിച്ചു എല്ലാർക്കും കൊടുത്ത് സംഗീതത്താലും വേദപാരായണങ്ങളാലും മംഗളകരമായ ആ ദിനങ്ങൾ മുതിർന്നവരേക്കാൾ കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ളതാകുന്നു...
ഈ ദിനങ്ങളിൽ എടുക്കുന്ന നവരാത്രി വ്രതം വളരെയധികം പ്രാധാന്യം വഹിക്കുന്നു..
കർണാടകയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവം മഹാനവരാത്രി നാളുകളിൽ ആണ് ആഘോഷിക്കപ്പെടുന്നത്, അതുപോലെ തന്നെ അവിടെ നടക്കുന്ന വിദ്യാരംഭവും വളരെ പ്രശസ്തമാണ്..

പാലക്കാട്‌ കല്പാത്തി അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങൾ തുടങ്ങി ചുറ്റിപറ്റിനിൽക്കുന്ന നൂറോളം അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളിലും, കൂടാതെ മണപ്പുള്ളി കാവ്, പെരുങ്ങോട്ട് കാവ്, കളപ്പെട്ടി മൂകാംബിക ക്ഷേത്രം തുടങ്ങി എല്ലാ ദേവീ ക്ഷേത്രങ്ങളിലും, തൃശ്ശൂർ തിരുവുള്ളക്കാവ്, കൊടുങ്ങല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങളിലും, എറണാകുളം ചോറ്റാനിക്കര, തിരുവനന്തപുരത്തെ പൂജപ്പുര സരസ്വതി ക്ഷേത്രം, മലപ്പുറത്തെ കാടാമ്പുഴ ക്ഷേത്രം, കണ്ണൂരിലെ മൃദംഗശൈലേശ്വര ക്ഷേത്രം, ആലപ്പുഴയിലെ ചക്കുളത്ത് കാവ് ക്ഷേത്രം,
തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാ ദേവീ ക്ഷേത്രങ്ങളും ഉത്സവത്തിൽ ആറാടുന്ന ദിനങ്ങളാണീ 9 ദിനങ്ങൾ..

 
navratri

വടക്കേ ഇന്ത്യയിൽ അതും ഗുജറാത്തിൽ 'ദാണ്ടിയ' എന്ന പേരിൽ അറിയപെടുന്ന കോലുകൾ ഉപയോഗിച്ച് കളിക്കുന്ന ഒരു തരം നൃത്തത്തോട് കൂടി ദസ്സറ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.. ഗുജറാത്തിൽ മാത്രമല്ല വടക്കേ ഇന്ത്യയിലെ ഒട്ടുമിക്ക ഇടങ്ങളിലും പല തരത്തിലുള്ള സംഗീതനൃത്താദികളോട്കൂടിയുമാണ് ദസ്സറ ആഘോഷിക്കാറുള്ളത്.. കൊൽക്കത്തയിലെ ദുർഗഗാദേവിയുടെ വലിയ രൂപങ്ങൾ ഉണ്ടാക്കി ഊർവലം വരുന്നത് വളരെ പ്രശസ്തമാണ്..വേറെയും പല തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കഥകളും ഐതിഹ്യങ്ങക്കും നിറഞ്ഞ ഒന്നാണ് മഹാനവരാത്രി ഉത്സവം... 

2020 ൽ.. ഇന്ന്, അതായത് 17 ആം തിയതി നവരാത്രി മഹോത്സവത്തിന് ആരംഭമായിരിക്കുന്നു... 25 ആം തിയതി വരെ നീണ്ട് നിൽക്കുന്ന ഈ മഹോത്സവം ഇത്തവണ കോവിഡ് 19 എന്ന മഹാമാരിയാൽ നിയന്ത്രണങ്ങളോട് കൂടി മാത്രമേ നടക്കുകയുള്ളൂ എന്നതാണ് വാസ്തവം..Previous Post Next Post