മനുഷ്യാവകാശങ്ങൾക്ക് മേൽ ഇടിമിന്നൽ ഏൽക്കുമ്പോൾ!

 കേരളത്തിൽ പിണറായി  വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനു ശേഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ മാവോയിസ്റ്റാണ് വേൽമുരുകൻ.ഈ ഏറ്റുമുട്ടലുകളിൽ പലതും വ്യാജമാണെന്നുള്ള ആക്ഷേപം ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ പോലും ഉന്നയിക്കുന്ന സാഹചര്യങ്ങൾ,പല ഏറ്റുമുട്ടലുകളുടെയും പോലീസ് റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വിരുദ്ധമാകുന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് വീണ്ടുമൊരു ഏറ്റുമുട്ടൽ കൊല കൂടെ കേരളം കാണുന്നത്.

maoist wayanad velmurukan

മനുഷ്യരെ വെടിവെച്ചു കൊല്ലുന്നതിനു മുൻപ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തിരിച്ചറിയേണ്ട വലിയൊരു വസ്തുത ഉണ്ട്.നിങ്ങളുടെ ഭൂതകാലവും ഇങ്ങനെ തന്നെ ആയിരുന്നു.സി.പി.ഐ (എം) നു ഇല്ലാതെ പോയ ആ ബോധ്യം സി.പി.ഐ ക്ക് ഉണ്ട്.കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കുലപതി ഇ എം എസ് നമ്പൂതിരിപ്പാടും, പി കൃഷ്ണപിള്ളയും, എകെജിയും ഉൾപ്പടെ നിരോധിത സംഘടനയുടെ നേതാക്കളായി വിചാരണ കാത്തും, ശിക്ഷ അനുഭവിക്കുന്നതിനും കണ്ണൂരിലും, കോഴിക്കോടും, വെല്ലൂരും ജയിലുകളിൽ കിടന്നിരുന്ന ചരിത്രം കേരളം അത്രവേഗം മറക്കരുത്…

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രങ്ങളിലേക്ക്

നിരോധിത കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനും,ലഘുലേഘകൾ വിതരണം ചെയ്തതിനും പൊലീസുകാരെ ഉൾപ്പടെ ആക്രമിച്ചു കൊലപ്പെടുത്തിയതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനും ആണ് കമ്മ്യൂണിസ്റ് നേതാക്കൾ ജയിലിൽ കിടന്നിട്ടുള്ളത്.കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയും ചോരയിൽ മുങ്ങിയ അത്തരം പോരാട്ടങ്ങളിലൂടെ ആയിരുന്നു.അന്ന് വിചാരണയ്ക്കായി കോടതിയുടെ മുൻപിൽ ഹാജരാക്കപ്പെട്ട ഇ.എംഎസ്സിനെ വിചാരണ നടത്താതെ,വെടിവെച്ചു കൊല്ലാൻ ബ്രിട്ടീഷ് കോടതി ഉത്തരവ് ഇട്ടിരുന്നു എങ്കിൽ ആദ്യത്തെ കമ്മ്യൂണിസ്റ് മുഖ്യമന്ത്രി മറ്റാരെങ്കിലും ആയേനെ.ഒരു പക്ഷെ കേരളത്തിലെ ഇടതു പക്ഷ ചരിത്രവും മറ്റൊന്നായേനേ..

1925 ൽ ഇന്ത്യയിൽ രൂപീകൃതമായതിനു ശേഷം നിരവധി വർഷക്കാലം ഇന്ത്യയിൽ പൊതുവിലും 1937 ന് ശേഷം കേരളത്തിലും കമ്മ്യുണിസ്റ്റ് പാർട്ടിയെ നിരോധിക്കുകയുണ്ടായി. എന്നിട്ടും പ്രവർത്തനം തുടർന്ന കമ്മ്യുണിസ്റ്റുകളെ വിചാരണയില്ലാതെ വെടിവെച്ചു കൊല്ലാതിരിക്കാൻ വെള്ളാക്കാരൻ കാണിച്ച സാമാന്യ നീതിപോലും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ ഭരണകൂടങ്ങൾ ജനങ്ങളോട് കാണിക്കുന്നില്ല എന്നത് ഏകാധിപത്യമാണെന്ന് പറയാതെ വയ്യ..


മുകളിലുള്ള ലുക്ക് ഔട്ട് നോട്ടീസിൽ വ്യക്തമായി പറയുന്നത് ,എം എസ്സിനെ നിരോധിത സംഘടനയിൽ പ്രവർത്തിച്ചതിന് രാജ്യദ്രോഹ കുറ്റങ്ങൾ ചാർത്തി രാജ്യ രക്ഷാ നിയമങ്ങൾ പ്രകാരം പിടികൂടണം എന്നാണ്.1940 സെപ്തംബറിൽ ബ്രിട്ടീഷ് സർക്കാരിനെതിരായി മർദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തിൽ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടിൽ ഇ എം എസ്സിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബർ 29 ന് ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ്ട് ഒന്നരവർഷക്കാലം അവിടെ താമസിച്ചു. അക്കാലത്ത് പൊക്കന്റെ മാസവരുമാനം വെറും ഏഴുരൂപ മാത്രമായിരുന്നു. എന്നാൽ അന്ന് ഇ.എം.എസ്സിനെ പിടിച്ചുകൊടുത്താൽ പാരിതോഷികമായി 1000 രൂപയാണ് അധികാരികൾ ഔദ്യോദികമായി വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ടും നിരോധിത സംഘടനയിലെ പിടികിട്ടാപുള്ളിയെ കണ്ണിലെ കൃഷ്ണമണി പോലെ കമ്മ്യുണിസ്റ്റ് കുലപതിയെ കാത്ത പൊക്കനോടും കുടുംബത്തോടുമൊക്കെയുടെ ചരിത്രപരമായ നീതികേടാണ് ഇന്നത്തെ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്റെ വിചാരണയില്ലാത്ത വെടിയുണ്ട രാഷ്ട്രീയം.

മാവോയുടെ മാവോയിസവും ഇന്ത്യൻ മാവോയിസവും 

“വിപ്ലവം ഒരു അത്താഴവിരുന്നല്ല, അത് ഒരു ഉപന്യാസമെഴുത്തോ ചിത്രരചനയോ അല്ല. പട്ടുതൂവാലയിൽ ചിത്രതുന്നലുകൾ നടത്തുന്നതുപോലെയല്ല വിപ്ലവം.മഹാമനസ്കമായ ഒരു പ്രവൃത്തിയല്ല അത്, മര്യാദയോ, ദയയോ പ്രതീക്ഷിക്കാവുന്ന ഒന്നുമല്ല വിപ്ലവം. വിപ്ലവം എന്നത് ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തെ അക്രമത്തിന്റെ മാർഗ്ഗത്തിലൂടെ കീഴ്പെടുത്തുന്ന ഒരു പ്രക്രിയയാണ്.”- മാവോ സേതുങ് 

ഇങ്ങനെ പ്രഖ്യാപിച്ച മാവോയുടെ രാഷ്ട്രീയത്തിന് ഇന്ത്യൻ ജനാതിപത്യ ക്രമത്തിൽ പങ്കൊന്നുമില്ല.1949–53 കാലഘട്ടിൽ 7,00,000 ആളുകളെ വധശിക്ഷക്കു വിധേയരാക്കിയിട്ടുണ്ട് എന്ന് മാവോ തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിലും ഓരോ ഭൂപ്രഭുവിനെയെങ്കിലും ഉന്മൂലനം ചെയ്യണം എന്ന ഒരു നയം തന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ ഇത്, ഒന്ന് എന്നതിലുപരി ഒരുപാട് എന്നതിലേക്ക് കടന്നിരുന്നു. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് രണ്ടു കോടിക്കും, അഞ്ച് കോടിക്കും ഇടയിലുള്ള ആളുകളെ വധശിക്ഷക്കു വിധേയരാക്കി എന്നാണ്. മാവോ, വ്യക്തിപരമായി തന്നെ ഇത്തരം വധശിക്ഷക്കു മുന്നിട്ടിറങ്ങിയിരുന്നു. ഓരോ ഗ്രാമത്തിലും, വധശിക്ഷക്കു വിധേയരാക്കേണ്ടവരുടെ എണ്ണം വരെ മാവോ നിശ്ചയിച്ചിരുന്നു. അധികാരം നിലനിറുത്തുന്നതിനു ഇത്തരം ഉന്മൂലനങ്ങൾ ആവശ്യമായിരുന്നു എന്ന് മാവോ, ഈ കൂട്ടക്കുരുതിയെ ന്യായീകരിച്ചു പറയുന്നു.

1958–61 കാലയളവിൽ ഏതാണ്ട് 15 ദശലക്ഷം ആളുകൾ കണക്കുകളിൽ പറയുന്നതിലും അധികം ചൈനയിൽ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്ന് ചൈനയിൽ ജനസംഖ്യാ കണക്കെടുപ്പു നടത്തിയ അമേരിക്കൻ ജനസംഖ്യാശാസ്ത്രജ്ഞനായിരുന്ന ഡോഃജൂനിത്ത് ബാനിസ്റ്റർ തന്റെ റിപ്പോർട്ടിൽ പറയുന്നു. ആകെ 30 ദശലക്ഷം ആളുകൾ ആ കാലഘട്ടത്തിൽ മരണപ്പെട്ടിട്ടുണ്ടാവാം എന്ന് ബാനിസ്റ്റർ, ചൈനയുടെ ജനസംഖ്യാ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. ഔദ്യോഗിക കണക്കുകൾ ഇത് 20 ദശലക്ഷം എന്ന് ചൈനയുടെ ഔദ്യോഗി വാർത്താ ഏജൻസി സമർത്ഥിക്കുന്നു. ഫ്രാങ്ക് ഡിക്കോട്ടറുടെ കണക്കുകൾ പ്രകാരം, ഏതാണ്ട് 45 ദശലക്ഷം അകാലമൃത്യു ചൈനയിൽ അക്കാലത്തു സംഭവിച്ചിട്ടുണ്ട് എന്നാണ് മറ്റു ചില വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം, ഈ സംഖ്യ ഏതാണ്ട് 20 ദശലക്ഷത്തിനും 46 ദശലക്ഷത്തിനും ഇടക്ക് വരും എന്നാണ്.

ഈ വസ്തുതകൾ മുകളിൽ സൂചിപ്പിച്ചത് ഞാൻ വാദിക്കുന്നത് മാവോയിസത്തിന്റെ ആശയങ്ങൾക്ക് വേണ്ടി അല്ല എന്ന് ഉറപ്പിച്ചു പറയുവാനാണ്.പകരം വെള്ളക്കാരന്റെ കോടതികൾ പോലും അംഗീകരിച്ച അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും ഭരണകൂട ഭീകരതയ്ക്കും എതിരായിട്ടാണ്.

ഇന്ത്യയിലെ മാവോയിസം

കേരളത്തിൽ മാവോയിസ്റ് പ്രസ്ഥാനങ്ങൾ നേരിട്ടുള്ള ആക്രമണം നടത്തിയിട്ടില്ല,ഉത്തരേന്ത്യയിൽ അത്തരം ശ്രമങ്ങൾ ഉണ്ട് താനും.കാട്ടിലൂടെ തോക്കുമേന്തി നടക്കുന്നു എന്നതിൽ കവിഞ്ഞു,അവർ എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തിൽ സൃഷ്ടിച്ചിട്ടുള്ളത്..വെടിയേറ്റ് മരിക്കുന്നവരിലും,മാവോയിസ്റ് ആശയങ്ങൾ പടർന്നു പിടിക്കുന്നതും ആദിവാസി സമൂഹങ്ങൾക്ക് ഇടയിലാണെന്നുള്ളത് സർക്കാരിന് ഇനിയും മനസ്സിലാകുന്നില്ലേ..

ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്തവർ,സ്വന്തമായി ഭൂമി ഇല്ലാത്തവർ,പൊതു സമൂഹത്തിൽ നിന്നും ദൂരെയാക്കപ്പെട്ടവർ,അവർ മനുഷ്യരല്ല..മൃഗങ്ങളുമല്ല,അവരെ ചേർത്ത് പിടിക്കുകയാണ് മാവോയിസ്റ് പ്രസ്ഥാനങ്ങൾ ചെയ്യുന്നതും..

അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗം എന്നത് വെടിവെച്ചു കൊല്ലുക എന്നതല്ല. മറിച്ച്‌ ഭരണപരമായ നയങ്ങളിലൂടെയും, അശരണർക്കും, സാധാരണക്കാർക്കും, ആദിവാസികൾക്കും ആവശ്യമായ സാമൂഹിക പരിഗണന നൽകി ബുർഷ്വാസികളിൽ നിന്നും രാജ്യത്തെ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞതുപോലെ സോഷ്യലിസത്തിന്റെ സമത്വത്തിലേക്ക് നയിക്കുക എന്നതാണ്. കാടുകളിൽ നിന്നും മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാതെ പുറത്തിറക്കി അവരെ വിപ്ലവ ആശയങ്ങളിൽ നിന്നും പിന്തിരിപ്പിക്കുക എന്നതായിരിക്കണം സർക്കാരിന്റെയും ഭരണകൂടത്തിന്റെയും നയം.

ആക്രമണത്തിലൂടെ ലക്ഷ്യങ്ങൾ നേടുക എന്നതൊഴിച്ചാൽ ഇന്ത്യയിലെ മാവോയിസ്റ് പ്രസ്ഥാനങ്ങൾക്ക് മാവോയുടെ ചൈനീസ് മാവോയിസ്റ് സംഘടനകളുമായി ആശയപരമായി ഐക്യങ്ങൾ ഒന്നുമില്ല.ചൈനീസ് മാവോയിസം ഇന്നവിടെ കമ്മ്യൂണിസ്റ് പാർട്ടിയാണ്.ഇവിടെ നിരോധിത സംഘടനയും.

ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയിരുന്നിട്ടുകൂടി ഭരണവർഗം ബൂർഷ്വകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും ഓശാന പാടുന്നത് കാണുമ്പോഴും, അധഃകൃത വർഗ്ഗങ്ങളെ ദരിദ്രവാസികളായി മാത്രം കാണുകയും, ആദിവാസികളെ മനുഷ്യരായി പോലും കാണാതിരിക്കുകയും ചെയ്യുന്ന ഭരണകൂട നയങ്ങളാണ് ഇന്ത്യയിൽ മാവോയിസ്റ്റുകളെന്ന പേരിൽ നടൻ തോക്കും ഏന്തി കാട്ടിലൂടെ നടക്കുന്നവർ സൃഷ്ടിക്കുന്നത് എന്നതിൽ സംശയമില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ ഭരണകൂട പ്രതിഷേധങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ നിന്നും നിലനില്പിന്റേതായ  മാനസിക അവസ്ഥയിലേക്കുള്ള കൂടുമാറ്റമാണ് ഇന്ത്യൻ മാവോയിസ്റ്റുകളുടേത്. തിരുത്തപ്പെടാൻ മറ്റു മാർഗ്ഗങ്ങളില്ല എന്ന തിരിച്ചറിവിൽ ഒരു അറ്റകൈ പ്രയോഗം എന്നുവേണമെങ്കിൽ വിളിക്കാം.

ഉത്തരേന്ത്യൻ മാവോയിസവും കേരളത്തിലെ മാവോയിസവും 

 ഉത്തരേന്ത്യൻ മാവോയിസവും കേരളത്തിലെ മാവോയിസവും ഒരിക്കലും കൂട്ടിച്ചേർത്തു വായിക്കരുത്.കേരളത്തിലെ മാവോയിസം ശക്തി പ്രാപിക്കുന്നത് പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള സമീപനങ്ങളിൽ നിന്നാണ്.പ്രകൃതി ചൂഷണത്തോടുള്ള എതിർപ്പിൽ നിന്നാണ്.ഉത്തരേന്ത്യൻ മാവോയിസം എന്നാൽ കൂടുതൽ ആക്രമണകരമാണ്.അവിടങ്ങളിൽ നടക്കുന്ന ആക്രമങ്ങൾക്ക് തുല്യരീതിയിൽ അവിടുത്തെ ഭരണകൂടങ്ങളും ഉത്തരവാദകളാണ്. മാവോയിസ്റ്റുകളെ ന്യായീകരിക്കുകയല്ല മറിച്ച് ഭരണകൂട വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയാണ് ഈ തുറന്നു പറച്ചിലിന്റെ ലക്‌ഷ്യം. ആദിവാസികളെ മനുഷ്യരായിപോലും കാണാത്ത സ്ഥലങ്ങൾ ഇന്നും മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളുള്ള സംസ്ഥാനങ്ങളിലുണ്ട് എന്നതും യാഥാർഥ്യമാണ്.

2008-ലെ മുബൈ തീവ്രവാദി ആക്രമണത്തിനു ശേഷം രൂപം കൊണ്ട തണ്ടർബോൾട്ട് സേനയ്ക്ക് കേരളത്തിൽ നിയന്ത്രണങ്ങൾ ഒന്നുമില്ലേ..ഇത്രയേറെ ഏറ്റുമുട്ടലുകൾ നടന്നിട്ടും സേനയിൽ നിന്നും ഒരാൾക്ക് പോലും പോറൽ പോലുമില്ല.എന്നാൽ 8 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്.അസുഖബാധിതരായ മനുഷ്യരെ വരെ കൊന്നൊടുക്കി എന്ത് നേട്ടമാണ് കേരളത്തിലെ സർക്കാർ ചെയ്തത്.ഭരണ വീഴച്ചകൾ രണ്ടുമൂന്നു ദിവസത്തേക്ക് മാധ്യമങ്ങളിൽ നിന്നും ഒളിപ്പിക്കാൻ കഴിഞ്ഞെന്നു മാത്രം.

യു എ പി എ അടക്കമുള്ള ചാർജുകൾ ചുമത്താവുന്ന ഒന്നാണ് നിലവിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളെങ്കിലും വിചാരണയില്ലാതെ ഒരു മാവോയിസ്റ്റിനെ കൊലപ്പെടുത്തുന്ന തണ്ടർബോൾട് രീതിക്ക് ഇന്ത്യൻ നിയമത്തിനു മുന്നിൽ സാധുതകൾ ഒന്നുമില്ല.

മാവോയിസ്റ്റ് എന്ന ആരോപണം നീതിന്യായ കോടതിയ്ക്കുമുന്നിൽ തെളിയിയ്ക്കപ്പെട്ടാൽ പോലും തെളിവുകളും ചെയ്ത കുറ്റകൃത്യവും അനുസരിച്ചുള്ള ശിക്ഷകൾക്കു മാത്രമേ നിയമത്തിന്റെ പോലും പിൻബലമുള്ളൂ.മുഴുവൻ വ്യക്തികളുടെ മേലും സംശയ ദൃഷ്ടി പതിപ്പിച്ചും മനുഷ്യാവകാശങ്ങൾ സംസാരിയ്ക്കുന്നവരെ മാവോയിസ്റ്റാക്കിയും ഉരുക്കുമുഷ്ടി ഉപയോഗിച്ചും മാത്രമേ ഭരണം നടത്താനാകൂ എന്ന ശാഠ്യം തങ്ങളെ പരിഭ്രാന്തരാക്കുന്നു എന്ന് 2011-ൽ ജസ്റ്റിസുമാരായ ബി.സുദർശൻ റെഡ്ഢിയും, എസ്ഉം.എസ് നജ്ജാറും  അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഛത്തീസ്ഗഡ് സർക്കാരിനെ വിമർശിച്ചു പറഞ്ഞത് ഈ അവസരത്തിൽ കേരള സർക്കാരിനും പാOമാകണം.

“The problem lay in the amoral political economy that the state endorses and the resultant revolutionary politics that it necessarily spawns”- എന്ന് അഭിപ്രായപ്പെട്ട കോടതി മാവോയിസത്തെ അതു കൊണ്ടു തന്നെ കേവലമായ law and order പ്രശ്നമായി മാത്രം കാണരുതെന്നും പ്രസ്തുത കേസിൽ അഭിപ്രായപ്പെട്ടിരുന്നു.ഭരണകൂടത്തിന്റെ സൈനിക ശേഷി ഉപയോഗിച്ച് മാവോയിസം പോലുള്ള എതിർപ്പുകളെ അടിച്ചമർത്തുന്നതിനു പകരം,സാമൂഹിക-സാമ്പത്തിക-ദരിദ്ര നിർമാർജന പദ്ധതികളുടെ ക്രിയാത്മകമായ വിനിയോഗത്തിലൂടെ ഇന്ത്യൻ മാവോയിസം ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളെ പരിഹരിക്കുകയാണ് കേരളത്തിലെങ്കിലും സർക്കാർ ചെയ്യേണ്ടത്.അല്ലെങ്കിൽ പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തിന്റെ വീഴച തന്നെയാകും ഓരോ മാവോയിസ്റ് ഏറ്റുമുട്ടലുകളും ഉരുണ്ടുകളികളും..

ചില വാക്യങ്ങൾക്ക് കടപ്പാട് Adv. Sreejith Perumana

Previous Post Next Post