വാ മൂടികെട്ടിയാൽ ശബ്ദം ഇല്ലാതെയാകുമോ..?

 ഓൺലൈൻ മാധ്യമങ്ങൾക്കും ഒ.ടി.ടി പ്ലാറ്റുഫോമുകൾക്കും,ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്കും നിയന്ത്രണങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.കേന്ദ്രസർക്കാരിന്റെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്റെ കീഴിലേക്ക്,സൈബർ ഇടങ്ങളിലെ മാധ്യമങ്ങളെ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്രസർക്കാർ തുടക്കമിട്ടിരിക്കുന്നത്.

online content regulation

ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ അവരുടെ പ്രധാന അജണ്ടകളിൽ ഒന്നായി നടപ്പിലാക്കാൻ ശ്രമിച്ചിരുന്നത് ഓൺലൈൻ മാധ്യമങ്ങൾക്ക് മുകളിലെ മേധാവിത്വം ആയിരുന്നു.പരമ്പരാഗത മാധ്യമങ്ങളെ പലപ്പോഴും വരുതിയിൽ നിർത്തുവാൻ സർക്കാരിന് കഴിയുന്നുണ്ട് എങ്കിലും,വ്യക്തിയോ -ഒരു കൂട്ടം വ്യക്തികളോ നയിക്കുന്ന,താരതമ്യേന ചെറുതായ,എന്നാൽ സമൂഹത്തിലെ വാർത്തയുടെ കൈമാറ്റത്തിൽ സവിശേഷ സ്ഥാനമുള്ള ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിയമപരമായി സർക്കാരിന് തടസ്സങ്ങൾ ഉണ്ടായിരുന്നു.

വാർത്താവിനിമയ വകുപ്പിന്റെ കീഴിലേക്ക് ഓൺലൈൻ സൃഷ്ടികളെ മാറ്റുവാനുള്ള നീക്കത്തിന് പിന്നിലെ പരാതി പോലും പിറവിയെടുക്കുന്നത്,ഹിന്ദു സംസ്കാരത്തെ അധിക്ഷേപിച്ചുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യപ്പെടുന്നു എന്നതിൽ നിന്നുമാണ്.

ഈ വര്ഷം ഡൽഹിയിൽ നടന്ന കലാപം റിപ്പോർട് ചെയ്തത് സംബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസിനും,മീഡിയ വണ്ണിനും നേരിട്ട വിലക്ക് നമ്മൾ കണ്ടതാണ്.എന്നാൽ എന്താണ് റിപ്പോർട്ടിങ്ങിൽ അവർ ചെയ്ത കുറ്റം എന്നോ,അവർക്കുള്ള ശിക്ഷ എന്തായിരുന്നു എന്നോ,എന്തുകൊണ്ടാണ് വിലക്കിയത് എന്നോ,വിലക്ക് എന്തിനു പിൻവലിച്ചു എന്നോ ,കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആവർത്തിക്കപ്പെടാതിരിക്കുവാൻ എന്താണ് ചെയ്തത് എന്നോ ഉള്ള ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് സർക്കാർ സംവിധാനങ്ങളിൽ നിന്നും ഉണ്ടായത്.

സർക്കാരിനെയും സർക്കാരിനെ നിയന്ത്രിക്കുന്നവരുടെയും നിയന്ത്രണത്തിലാണ് രാജ്യത്തെ ക്രീയേറ്റീവ് സൃഷ്ടികൾ ഉണ്ടാവേണ്ടത്,പ്രവർത്തിക്കേണ്ടത് എന്ന് ജനാധിപത്യത്തിൽ എങ്ങനെ പറയാനാകും.ഒരു സമൂഹത്തെ എത്ര കാലം ഗവണ്മെന്റ് രക്ഷാകർതൃ  സ്ഥാനത്തു നിന്ന് ഇത് കാണൂ,ഇത് കാണണ്ട..എന്ന് ചൂണ്ടികാണിക്കും.? 

മാധ്യമപ്രവർത്തകൻ ജോസഫ് സി മാത്യു പറയുന്നത് പോലെ സമൂഹം "മൈനർ" ആയി ഇരിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്.വളർന്നു തങ്ങൾക്ക് വേണ്ടത് തങ്ങൾ സ്വീകരിക്കുന്ന,വേണ്ടാത്തതിനെ മാറ്റി നിർത്തുന്ന "മേജർ" സമൂഹമായി പരിണമിക്കുവാൻ അനുവദിക്കുന്നില്ല.

നെറ്റ്ഫ്ലിക്സ്,ആമസോൺ പ്രൈം മുതലായ ഒ.ടി.ടി പ്ലാറ്റുഫോമുകൾക്കും,ഫ്ലിപ്കാർട്,ആമസോൺ മുതലായ ഷോപ്പിംഗ് വെബ്സൈറ്റുകൾക്കും,ചെറുതും വലുതുമായ അനേകം വാർത്ത പോർട്ടലുകളെയും സർക്കാരിന്റെ തീരുമാനങ്ങൾ ബാധിക്കും.ഇവയുടെ രജിസ്ട്രേഷൻ നടപടികൾ ഉണ്ടാകും,സെൻസറിങ് പോലുള്ള മാനദണ്ഡങ്ങൾ രൂപീകരിക്കപ്പെടും.മാധ്യമങ്ങൾക്ക് മുകളിൽ സർക്കാരിന്റെ നിയന്ത്രണം ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ ഉണ്ട്.

രജിസ്ട്രേഷൻ ഓഫ് ന്യൂസ്‌പേപ്പർ,വെർണാക്കുലർ പ്രസ് ആക്ട്,മുതലായവ ആ നിയമങ്ങളിൽ ഉൾപ്പെടും.എന്നാൽ ഇവയെല്ലാം ബ്രിട്ടീഷുകാർ അവർക്കെതിരെയുള്ള എഴുത്തുകളുടെ നിയന്ത്രണത്തിനായിട്ടാണ് നടപ്പിൽ വരുത്തിയത്.സ്വദേശാഭിമാനിക്കും മനോരമയ്ക്കും അക്കാലത്തെ വിലക്കുകളുടെ ചരിത്രവുമുണ്ട്.ബ്രിട്ടീഷ് കോളനികളിൽ എല്ലാം ഇത്തരം നിയമങ്ങൾ അവരുടെ സ്വതന്ത്ര്യത്തിനു ശേഷം എടുത്തുമാറ്റിയിരുന്നു.

അമേരിക്കയിൽ പത്ര-മാധ്യമങ്ങളുടെ നടത്തിപ്പിന് പ്രത്യേകിച്ച് നടപടി ക്രമങ്ങളോ,രജിസ്ട്രേഷൻ കാര്യങ്ങളോ ഇല്ല.അവിടെ മാധ്യമസ്വാതന്ത്ര്യം,അഭിപ്രായ സ്വതന്ത്ര്യം എന്ന ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.എന്നാൽ ഇന്ത്യ ഇപ്പോഴും കൊളോണിയൽ പശ്ചാത്തലത്തിലുള്ള നിയമങ്ങളിൽ ആണ് (അന്ധമായി)വിശ്വസിക്കുന്നത്.ഇതേ നിയമങ്ങളുടെ നീട്ടിയെടുക്കലാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്യുന്നത്.

അശ്ലീലത പ്രസിദ്ധീകരിക്കുന്നവ,വ്യാജവാർത്തകളോ മതസ്പർദ്ധയോ വളർത്തുന്നവ,കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവ,വ്യക്തിപരമായി ആക്ഷേപിക്കുന്നവ,സ്ത്രീ വിരുദ്ധത,രാജ്യദ്രോഹം മുതലായവ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകൾക്കും നടത്തിപ്പുകാർക്കുമുള്ള നിയമനടപടികളെ  കുറിച്ച് CrPC യിൽ പറയുന്നുണ്ട്

ജനാധിപത്യ വിരുദ്ധമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരുന്ന നിയന്ത്രണങ്ങളിലേക്കാണ് സൈബർ ഇടങ്ങളെയും സർക്കാർ നയിക്കുന്നത്.ഓൺലൈൻ ,ഒരു ടെക്‌നിക്കൽ പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ സർക്കാർ നടത്തുന്ന നിയന്ത്രണങ്ങൾ പലപ്പോഴും നടപ്പാക്കുവാൻ ആയിരുന്നില്ല.കോടതിക്ക് മുന്നിൽ പോലും പലപ്പോഴും സർക്കാരിന് ഈ വിഷയത്തിൽ പഴി കേൾക്കേണ്ടിയും വന്നിട്ടുണ്ട്.നെറ്റ്ഫ്ലിക്സിലെയും ആമസോൺ പ്രൈമിലെയും ചില സിനിമകളും ഡോക്യൂമെന്ററികളും ഷോർട് ഫിലിമുകളും സീരീസുകളും സർക്കാരിനും സർക്കാരിനെ നയിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും എതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവയായിരുന്നു.

എന്റർടൈൻമെന്റ് എന്ന ലേബലിൽ വരുന്ന ഇവയുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കുവാൻ സർക്കാരിന് കഴിയുന്നുണ്ടായിരുന്നില്ല.സിനിമയ്ക്ക് സർട്ടിഫിക്കേഷനും പത്രമാധ്യമങ്ങൾക്ക് രജിസ്‌ട്രേഷനും ഉള്ളതുപോലെ വെബ് പോർട്ടലുകളുടെ നിയന്ത്രണം വിട്ട പോക്കിന് കടിഞ്ഞാൺ ഇടുക എന്നതാണ് സർക്കാർ കാരണങ്ങൾ എങ്കിലും ജനാധിപത്യപരമായ സ്വാതന്ത്ര്യത്തിന്റെ വിലക്കുകൾ ആണ് സൃഷ്ടിക്കപ്പെടുന്നത്.ഒരു വര്ഷം മുൻപ് സോഷ്യൽ മീഡിയയിൽ സർക്കാർ ഇടപെടുന്നത് സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനം,സുപ്രീംകോടതിയിൽ ആർട്ടിക്കിൾ 32 ഹര്ജികൾ എത്തിയതോടെ പിൻവലിക്കുകയായിരുന്നു.


അശ്ലീലത പ്രസിദ്ധീകരിക്കുന്നവ,വ്യാജവാർത്തകളോ മതസ്പർദ്ധയോ വളർത്തുന്നവ,കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവ,വ്യക്തിപരമായി ആക്ഷേപിക്കുന്നവ,സ്ത്രീ വിരുദ്ധത,രാജ്യദ്രോഹം മുതലായവ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റുകൾക്കും നടത്തിപ്പുകാർക്കുമുള്ള നിയമനടപടികളെ  കുറിച്ച് CrPC യിൽ പറയുന്നുണ്ട്.സൈബർ ഇടങ്ങളിലെ നിയമ പരിരക്ഷയ്ക്കായി സൈബർ നിയമങ്ങളും ഇന്ത്യയിൽ ഉണ്ട്.കാലോചിതമായ മാറ്റം സൈബർ നിയമങ്ങളിൽ വരുത്തേണ്ടതിനു പകരം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തിൻറെ സർക്കാർ,ഭരണഘടന നൽകുന്ന ജനാവകാശങ്ങളെ എതിർക്കുന്നതിൽ,ബ്രിടീഷുകാർ നേരിട്ട പേടിയുടെ വേരുകൾ ഉണ്ട്.

ലോകരാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ റാങ്കിങ് എത്രയോ താഴേക്ക് പോയിരിക്കുന്നു.അതിൽ കോൺഗ്രസ് സർക്കാരിനും കാതലായ പങ്കുണ്ട്.എന്നാൽ അപകടകരമായ സർക്കാർ ഇടപെടലുകൾ ഉണ്ടായത് അവസാന 8 വർഷങ്ങളിൽ ആണെന്ന് നമുക്ക് മനസ്സിലാകും.നമ്മൾ റഷ്യക്കും ചൈനക്കും പഠിക്കുകയാണ്.ഒരേ ഒരു വാർത്ത അത് മാത്രം രാജ്യത്തിന്റേതായി പുറത്തേക്ക് എത്തിയാൽ മതി.സർക്കാർ പറയുന്നത് ജനങ്ങളും കണ്ടാൽ മതി.!

എന്നാൽ സാങ്കേതിക വിദഗ്ധർ പറയുന്നത് പോലെ ഈ നിയന്ത്രണം ഇരുതല മൂർച്ചയുള്ള വാളാണ്.ചെറുതല്ലാത്ത തോതിൽ ഒ ടി ടി പ്ലാറ്റുഫോമുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ ആക്ഷേപങ്ങൾ ഉണ്ടാകുന്നുണ്ട്.7 പ്രമുഖ പ്ലാറ്റുഫോമുകളിൽ പോണോഗ്രഫി സംപ്രേഷണം ചെയ്യപ്പെട്ടു എന്ന ടൈംസ് ഓഫ് ഇന്ത്യ വാർത്ത ശ്രദ്ധിക്കേണ്ടതാണ്.വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക ആഘാതങ്ങൾ വലുതാണെന്ന് ഇന്ത്യൻ ജനതയെ പഠിപ്പിക്കേണ്ടതുമില്ല.സിനിമ പോലുള്ള മാധ്യമങ്ങൾക്ക് ലഭിക്കുന്ന സെൻസർഷിപ്പ് ഒ ടി ടി പ്ലാറ്റുഫോമുകൾ ഉപയോഗിക്കുന്ന കണ്ടെന്റുകൾക്ക് ലഭിക്കുന്നില്ല.(സെൻസർഷിപ് സംബന്ധിച്ചുള്ള വാദമുഖങ്ങൾ നിലനിൽക്കുമ്പോൾ തന്നെ).കാഴ്ചക്കാരുടെ പ്രായം എങ്കിലും കണക്കിലെടുക്കേണ്ട നിയന്ത്രണം ഒ ടി ടി പ്ലാറ്റുഫോമുകളിൽ വേണമെന്നുള്ള അഭിപ്രായവും ഉണ്ട്.

എന്നാൽ ഷോപ്പിംഗ് സൈറ്റുകളുടെ കാര്യത്തിൽ സർക്കാർ എടുക്കുന്ന നിയന്ത്രണം അനിവാര്യമാണ്.ബിഗ് ബില്യൺ സെയിൽ,ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിംഗ് ഫെസ്റ്റിവൽ എന്ന പേരിൽ വില്പന വൻ ഓഫറുകൾ പ്രഖ്യാപിച്ചു നടത്തുമ്പോൾ മാന്യമായ മത്സരം എന്ന സാഹചര്യം കൂടെ വിപണിയിൽ സർക്കാർ ഉറപ്പ് വരുത്തേണ്ടതുണ്ട്.ഉപഭോക്താവിന് ഒരു പക്ഷെ ലാഭമായിരിക്കാം,എന്നാൽ ചിതറിക്കിടക്കുന്ന കോടിക്കണക്കിനു ചെറുകിട മാർക്കറ്റുകളും ഉത്പാദകരുമാണ് ഇന്ത്യൻ സാമ്പത്തികതയുടെ നട്ടെല്ല്.വൻ ഓഫറുകൾ നൽകി കോർപ്പറേറ്റുകളോട് പിടിച്ചു നിൽക്കുക എന്നത് അവർക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ്.

ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന ഏതൊരു കാര്യത്തിന് മുകളിലും സർക്കാരിന് വ്യക്തമായ വിവേചനാധികാരം ഉണ്ടാകും.എന്നാൽ ഉയരുന്ന ചോദ്യം ന്യൂസ് പോർട്ടലുകൾ,മറ്റ് പ്ലാറ്റുഫോമുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ സർക്കാർ അടിസ്ഥാനമാക്കുന്ന മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ? എന്താണ് അനുവദനീയം,എന്താണ് അനുവദനീയമല്ലാത്തത് എന്നത് നിർമാതാക്കളും കാഴ്ചക്കാരും അറിയുക എന്നത് പ്രധാനമാണ്.അതിനായി ഗൈഡ് ലൈനുകൾ സർക്കാർ ഉണ്ടാക്കി ,പാർലമെന്റിൽ ചർച്ച ചെയ്യപ്പെടട്ടെ,അതിനു ശേഷം നിയമമാക്കി മാറ്റുന്നതാകും കൂടുതൽ ഉചിതം.അല്ലാതെ പതിവ് ഓർഡിനൻസ് നിയമം ആയിട്ടാണ് സൈബർ ഇടങ്ങളിലെ മേൽനോട്ടം പുറത്തിറങ്ങുന്നത് എങ്കിൽ ആശയക്കുഴപ്പങ്ങൾ മാത്രമായിരിക്കും സൃഷ്ടിക്കപ്പെടുക.


Previous Post Next Post