എക്രനോപ്ലാൻ; എന്ന അത്ഭുത സൃഷ്ടിക്ക് എന്ത് സംഭവിച്ചു ?ekranoplan

ekranoplan എക്രനോപ്ലാൻ
ekranoplan

ശീതയുദ്ധകാലത്ത് നടന്ന ആയുധമത്സരത്തിൽ മേൽകൈ കിട്ടാനായി അമേരിക്കയും സോവിയറ്റ് യൂണിയനും പല അടവുകളും പയറ്റിയിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവം സൂക്ഷിച്ചതിനാൽ അവയിൽ പലതും പുറംലോകം അറിയുന്നത് അനേകം വർഷങ്ങൾക്കുശേഷം മാത്രമാണ്. അത്തരത്തിൽ പെട്ട ഒരായുധമായിരുന്നു എക്രനോപ്ലാൻ ekranoplanഎന്ന ഗ്രൗണ്ട് ഇഫക്ട് വെഹിക്കിൾ. 
അതീവ വേഗതയിൽ സഞ്ചരിക്കുന്ന യുദ്ധവിമനങ്ങളെയും താരതമ്യേന കുറവ് വേഗതയുള്ള യുദ്ധകപ്പലിനെയും കോർത്തിണക്കിയ ഒരു യുദ്ധന്ത്രം നിർമിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. 
റോസിസ്റ്റാവ് അലക്‌സിയേവ് എന്ന റഷ്യൻ ശാസ്ത്രജ്ഞനാണ് ഗ്രൗണ്ട് ഇഫക്ട് പ്രതിഭാസത്തെ ഈ പടുകൂറ്റൻ യന്ത്രത്തിൽ പ്രാവർത്തികമാക്കിയത്.

എന്താണ് ഗ്രൗണ്ട് ഇഫക്റ്റ്?
ഉപരിതലത്തിനടുത്തുകൂടി പറക്കുമ്പോൾ പക്ഷികൾക്കും വിമാനങ്ങൾക്കും നേരിടേണ്ടിവരുന്ന ഒരു പ്രതിഭാസമാണ് ഗ്രൗണ്ട് ഇഫക്റ്റ് . താഴ്ന്ന്പറക്കുമ്പോൾ വിമാനചിറകുകളിൽ തട്ടി താഴോട്ടുപോകുന്ന വായു ഭൗമോപരിതലത്തിൽ തട്ടി പ്രതിഫലിച്ചശേഷം വീണ്ടും ചിറകുകളിൽ തട്ടി വിമാനത്തിന്റെ ''ലിഫ്റ്റ്'' വർധിപ്പിക്കുന്നു. ഗ്രൗണ്ട് എഫ്ഫക്റ്റ് വിമാനത്തെ വായുവിൽ തന്നെ നിർത്താൻ ശ്രമിക്കുന്നു. വിമാനങ്ങൾ പറന്നിറങ്ങുമ്പോൾ ഇത് പലപ്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ട്. ഈ തത്വം ഉപയോഗപ്പെടുത്തിയാണ് കടൽപക്ഷികൾ ജലോപരിതലത്തിനടുത്തുകൂടെ പറന്ന് ഇരതേടുന്നത്.

സോവിയറ്റ് യൂണിയനിലെ ഒരു കപ്പൽ ഡിസൈൻ എൻജിനീയർ ആയിരുന്നു റോസ്റ്റിസ്ലാവ് അലക്സിയേവ്. ഗ്രൗണ്ട് ഇഫക്ടിനെ പ്രയോജനപ്പെടുത്തി ഒരു കപ്പൽ വിമാന ഹൈബ്രിഡ് എന്ന തന്റെ ആശയത്തിന് അദ്ദേഹം എക്രനോപ്ലാൻ എന്ന പേര് നൽകി.
 ജലോപരിതലത്തിനടുത്തുകൂടെ വിമാന വേഗതക്കടുത്തു സഞ്ചരിക്കുന്ന ഒരു യുദ്ധവാഹനത്തിനു ശത്രുയുദ്ധക്കപ്പലുകളെ നിഷ്പ്രഭമാക്കാൻ കഴിയും എന്ന് സോവിയറ്റ് ഭരണാധികാരിയായിരുന്ന നികിത ക്രൂഷ്ചേവിനെ ധരിപ്പിക്കാൻ അലക്സിയേവിന് സാധിച്ചു.
 ക്രൂഷ്ചേവിന്റെ പിന്തുണയോടെ അദ്ദേഹത്തിന്റെ സെൻട്രൽ ഹൈഡ്രോഫോയിൽ ഡിസൈൻ ബ്യൂറോ അറുപതുകളുടെ ആദ്യം കൊറബ്ൾ മക്കറ്റ്(Korabl-Maket ) എന്ന് പേരിട്ട ഭീമാകാരമായ ഏക്രനോപ്ലാനിന്റെ നിർമാണം തുടങ്ങി. ഏകദേശം 550 ടൺ ഭാരമുള്ള ഭീമനായിരുന്നു KM എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ലുൺ ക്ലാസ് എക്രനോപ്ലാൻ 

Lun-class ekranoplan

. അക്കാലത്തെ ഏറ്റവും വലിയ വിമാനങ്ങളിൽ ഒന്നായ B-52 ബോംബറിന്റെ മൂന്നിരട്ടിക്കടുത്തു ഭാരമായിരുന്നു അലക്സിയേവിന്റെ ഏക്രനോപ്ലാനിന്. 

വോൾഗ നദിയുടെ തീരത്തുവച്ചു അതീവ രഹസ്യമായിട്ടായിരുന്നു ഏക്രനോപ്ലാനിന്റെ നിർമാണം. ജലോപരിതലത്തില്‍ നിന്നും ഒന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ (മൂന്ന് മുതല്‍ 16 അടി വരെ) ഉയരത്തിലാണ് ഇതിന്റെ സഞ്ചാരം. 
ഇന്നത്തെ എയര്‍ബസ് A380 സൂപ്പര്‍ജംബോയേക്കാള്‍ നീളവും ഉയരവും ഭാരവും ഉണ്ടായിരുന്നിട്ടും, മണിക്കൂറില്‍ 550 കിലോമീറ്റര്‍ വേഗതയില്‍ (340 മൈല്‍) വേഗത കൈവരിക്കാന്‍ ലുൺക്ലാസിന് കഴിഞ്ഞു. മുൻവശത്തെ ചിറകുകളിൽ ഘടിപ്പിച്ച എട്ട് സൂപ്പർപവർ ടർബോഫാൻ എഞ്ചിനുകളാണ് ഇവന് ശക്തി പകർന്നത്.
 
മുകൾഭാഗത്ത് സ്ഥാപിച്ച വിക്ഷേപണട്യൂബുകളിലൂടെ മിസൈലുകൾ പായിച്ച് ആക്രമണം നടത്തുക എന്നതു തന്നെയായിരുന്നു എക്രനോപ്ലാനിന്റെ ഉദ്ദേശം. വേഗതയും സ്റ്റെൽത്ത് രൂപകല്പനയും കാരണം ഇതിന്റെ സാമീപ്യം റഡാര്‍ ഉപയോഗിച്ച് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. കാസ്പിയൻ തടാകത്തിലായിരുന്നു എക്രനോപ്ലാനിന്റെ പരീക്ഷണപ്പറക്കലുകൾ. ചാര ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ കണ്ട് വ്യക്തത ലഭിക്കാത്ത യു.എസ് വിദഗ്ധർ ഇതിനെ 'കാസ്പിയൻ സീ മോൺസ്റ്റർ' എന്ന് വിളിച്ചു. 

അറുപതുകളുടെ മധ്യത്തിൽ ക്രൂഷ്ചേവ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടു .പിൻതുടർച്ചക്കാരനായ ബ്രഷ്നേവ് ആകട്ടെ പദ്ധതിക്കുള്ള ധനസഹായം വെട്ടിക്കുറച്ചു. ആയതിനാൽ ഈ ക്ലാസിൽ ഒരേയൊരു വാഹനം മാത്രമാണ് നിർമിച്ചത്. 1966 മുതൽ ഏകദേശം പതിനഞ്ച് വർഷത്തോളം ലുൺക്ലാസ് എക്രനോപ്ലാൻ കാസ്പിയൻ കടലിൽ പറന്നുനടന്നു. ഇതിനിടയിൽ അലെക്സിയേവ് KMന്റെ പകുതി വലിപ്പമുള്ള ഏക്രനോപ്ലാനുകൾ നിർമിച്ചു സോവിയറ്റ് നാവികസേനക്ക് നൽകി.
 1980ൽ പരീക്ഷണപറക്കലിനിടയിൽ പൈലറ്റിന് സംഭവിച്ച പിഴവുകാരണം ഈ സീ മോൺസ്റ്റർ അപകടത്തിൽപ്പെട്ടു. വീണ്ടെടുക്കാനും അറ്റകുറ്റപ്പണികൾക്കുമുള്ള ഭാരിച്ച ചിലവുമൂലം പിന്നീട് ലൂണ്‍ക്ലാസ് എക്രനോപ്ലാന്‍ ഉപേക്ഷിക്കപ്പെട്ടു. 
തടാകതീരത്ത് കാസ്പിസ്‌ക് നാവികതാവളത്തിനോടു ചേര്‍ന്നു തുരുമ്പെടുക്കാനായിരുന്നു പിന്നീട് ഇതിന്റെ വിധി. അലക്‌സിയേവ് ആകട്ടെ, സോവിയറ്റ് അധികൃതർക്ക് അനഭിമതനായി ജോലിയിൽ തരംതാഴ്ത്തപ്പെട്ടു, അധികം വൈകാതെതന്നെ ലോകത്തോട് വിടപറഞ്ഞു. 

തുരുമ്പെടുത്ത് നശിച്ചുതുടങ്ങിയ ഈ വാഹനം ഇപ്പോൾ മ്യൂസിയമാക്കി മാറ്റാനുളള ശ്രമത്തിലാണ് റഷ്യൻ അധികൃതർ.വിവിധ തരം സോവിയറ്റ്, റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു സൈനിക മ്യൂസിയവും തീംപാര്‍ക്കുമായ പാട്രിയറ്റ് പാര്‍ക്കിന്റെ താരമായിരിക്കും ഇനി 'ലൂണ്‍ക്ലാസ് എക്രനോപ്ലാൻ'. 
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.