Edited
tech_internet
സെർച്ച് എൻജിൻ ഒപ്റ്റമൈസേഷൻ (SEO)
സാധാരണയായി ഇൻറർനെറ്റിൽ ഒരു വിവരം തിരയുമ്പോൾ വെബ് പേജുകളുടെ രൂപവും സ്ഥാനവും മെച്ചപ്പെടുത്തുന്നതിനുള്ള സങ്കേതമാണ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ. സെർച്ചിങ് രീതി ആളുകൾക്ക് ഓൺലൈൻ ഉള്ളടക്കം കണ്ടെത്തുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വെബ്‌സൈറ്റ് ട്രാഫിക്കിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സെർച്ച് എൻജിൻ ഒപ്റ്റമൈസേഷൻ അനിവാര്യമാണ്.
സെർച്ച് എഞ്ചിൻ റിസൽട്ട് പേജിൽ (SERP) നമുക്ക് രണ്ടു തരത്തിലുള്ള വിവരങ്ങൾ കാണാം. പണമടച്ച ലിസ്റ്റിങുകളും അല്ലാത്തതും. ഇതിൽ സാധാരണ ഒരാൾ ഒരു വിവരം തിരയുമ്പോൾ പണമടയ്ക്കാത്ത ലിസ്റ്റിങുകളാണ് ഉപഭോക്താവിന്റെ അന്വേഷണത്തിന് ഏറ്റവും പ്രസക്തമായത്. പരസ്യങ്ങൾ (PPC അഥവാ പേ-പെർ-ക്ലിക്ക് പരസ്യങ്ങൾ) പല SERP-കളിലും പ്രധാന ഭാഗമാണ്. പണം നൽകിക്കൊണ്ട് ഒരിക്കലും ഓർഗാനിക് സെർച്ചിൽ മുന്നിലെത്താൻ കഴിയില്ല.
ഉദാഹരണത്തിന് ആപ്പിൾ ഫോണിനെ കുറിച്ച് ഒരാൾ തിരയുകയാണെങ്കിൽ സെർച്ച് എഞ്ചിൻ റിസൽട്ട് പേജിൽ (SERP) വരുന്ന ആദ്യത്തെ രണ്ടോ മൂന്നോ ലിങ്കുകൾ ആപ്പിളിന്റെ തന്നെ ഔദ്യോദിക ലിങ്കുകൾ ആയിരിക്കാം. അത് കമ്പനി പണമടച്ചതും ആയിരിക്കാം. പിന്നീടുള്ള ലിങ്കുകളൊക്കെ ഓർഗാനിക്ക് സെർച്ചിങിൽ വരുന്നതാണ്. അതിൽ മുന്നിലുള്ളതായിരിക്കും അൽഗോരിതം അടിസ്ഥാനമാക്കി മികച്ചു നിൽക്കുന്നത്.
ഗൂഗിൾ, ബിങ് പോലുള്ള സെർച്ച് എഞ്ചിനുകൾ ഇന്റർനെറ്റിലുള്ള എല്ലാ ഉള്ളടക്കത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതിന് ബോട്ടുകൾ അല്ലെങ്കിൽ സ്പൈഡറുകൾ എന്നു വിളിക്കുന്ന ക്രൗളറുകൾ ആണ് ഉപയോഗിക്കുന്നത്. ക്രൗളർ അറിയപ്പെടുന്ന ഒരു വെബ് പേജിൽ നിന്ന് ആരംഭിക്കുകയും ആ സൈറ്റിൽ നിന്ന് മറ്റു പേജുകളിലേക്കുള്ള ലിങ്കുകൾ പിന്തുടരുകയും ചെയ്യുന്നു.
ഒരു ഉപഭോക്താവ് സെർച്ച് ബോക്സിൽ ഒരു ചോദ്യം ടൈപ്പ് ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ, ആ സെർച്ചിനുള്ള ഏറ്റവും കൃത്യവും ഉപയോഗപ്രദവുമായ ലിസ്റ്റ് ഉണ്ടാക്കാൻ സെർച്ച് എഞ്ചിൻ സങ്കീർണ്ണമായ അൽഗോരിതമാണ് ഉപയോഗിക്കുന്നത്. ഈ ഓർഗാനിക് സെർച്ചിൽ ടെക്‌സ്‌റ്റ്, വാർത്താ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, പ്രാദേശിക ബിസിനസ്സ് ലിസ്റ്റിങുകൾ എന്നിങ്ങനെ എല്ലാ തരം ഉള്ളടക്കങ്ങളും നിറഞ്ഞ വെബ് പേജുകളും ഉൾപ്പെടുത്തുകയും ചെയ്യുന്നു.
#searchengineoptimization #seo #crawlers #algorithm #organicsearch #webpage #സെർച്ച്എൻജിൻഒപ്റ്റമൈസേഷൻ #ക്രൗളേഴ്സ്
#അൽഗോരിതം #ഓർഗാനിക്സേർച്ച് #വെബ്പേജ്