നിങ്ങളുടെയൊക്കെ വീട്ടിൽ വീട്ടുജോലിയോ തോട്ടപ്പണിയോ എടുക്കുന്ന ആളുകൾ ഉണ്ടോ..?
അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവർ.
അവർക്ക് വയസ്സാകുമ്പോൾ അവർ എങ്ങനെ ജീവിക്കും എന്ന ആശങ്ക നിങ്ങൾക്കുണ്ടോ..?
എങ്കിൽ അവരുടെ കൈത്താങ്ങായി നിങ്ങൾക്കും മാറാം..സർക്കാരിനൊപ്പം
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പെൻഷൻ പദ്ധതിയാണ് ശ്രം യോഗി-മാൻ-ധാൻ.2019 ലാണ് സർക്കാർ ഈ പദ്ധതി ആരംഭിക്കുന്നത്.തൊഴിലാളികൾ തന്നെ പ്രീമിയം അടയ്ക്കുന്ന രീതി ആയിരുന്നു ഈ പെൻഷൻ പദ്ധതിക്ക്.എന്നാൽ കോവിഡിനെ തുടർന്ന് പലർക്കും ജോലി നഷ്ടമായി.പ്രീമിയം അടവ് മുടങ്ങി.അത്തരമൊരു സാഹചര്യത്തിലാണ്,തൊഴിലുടമയ്ക്ക് തൊഴിലാളിയെ സ്പോൺസർ ചെയ്യാനുള്ള അവസരം സർക്കാർ പ്രഖ്യാപിച്ചത്.
പ്രീമിയം അടയ്ക്കുന്ന ആളും കേന്ദ്ര സർക്കാരും 50:50 എന്ന അനുപാതത്തിലാണ് നിക്ഷേപം നടത്തുന്നത്.ഉദാഹരണത്തിന് നമ്മുടെ വീട്ടിലെ ജീവനക്കാരന് 29 വയസ്സാണെങ്കിൽ അദ്ദേഹത്തിനായി നമ്മൾ 100 രൂപ മാസം നിക്ഷേപിക്കുന്നു.കേന്ദ്രസർക്കാരും അത്ര തന്നെ നിക്ഷേപിക്കുന്നു.ജീവനക്കാരന് 60 വയസ്സ് ആകുന്നോടം വരെ ഇത് നടക്കും.60 വയസ്സായാൽ 3000 രൂപ പെൻഷനായി അയാൾക്ക് ലഭിക്കും.
പ്രീമിയം തുക വർഷത്തിൽ 660 മുതൽ 2400 വരെയേ ആകാവൂ എന്ന നിബന്ധന ഉണ്ട്.പ്രീമിയം തുകയ്ക്കും അടയ്ക്കുന്ന പ്രായത്തിനും അനുസരിച്ച് പെൻഷൻ തുകയിലും മാറ്റങ്ങൾ ഉണ്ടാകാം.
18 മുതൽ 40 വയസ്സ് വരെയാണ് പദ്ധതിയിൽ അംഗമാകാനുള്ള പ്രായപരിധി.മാസവരുമാനം 15,000 രൂപയിൽ കവിയരുത്.എൻപിഎസ് , പ്രോവിഡന്റ് ഫണ്ട്, ഇഎസ്ഐ എന്നിവയിൽ ഈ തൊഴിലാളി ഉൾപ്പെടരുത്.എൽ ഐ സിയും കോമൺ സർവീസ് സെന്ററുകളും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
വീടുകളിൽ വിവിധ ജോലികൾ ചെയ്യുന്നവർ,തുകൽ തൊഴിലാളികൾ,പഴയ വസ്തുക്കൾ ശേഖരിക്കുന്നവർ,റിക്ഷാ തൊഴിലാളികൾ,ബീഡി തൊഴിലാളികൾ,ഭൂമിയില്ലാത്ത തൊഴിലാളികൾ,കർഷകർ,കൈത്തറി തൊഴിലാളികൾ,തുടങ്ങി അസംഘടിത മേഖലയിലെ ഏതൊരു തൊഴിലാളിക്കും ഈ പദ്ധതിയിൽ അംഗമാകാം.