കോവിഡിന്റെ പിടിയിലകപ്പെട്ട ഇന്ത്യൻ സാമ്പത്തികരംഗം പിടിച്ചുനിൽപ്പിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെയാണ് എല്ലാവരും കേന്ദ്രസർക്കാരിന്റെ രണ്ടാം സാമ്പത്തിക പാക്കേജിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോവിഡ് ബഡ്ജറ്റ് എന്നൊരു ആശയം മുന്നോട്ട് വന്നുവെങ്കിലും വൈറസ് സൃഷ്ടിച്ചിട്ടുള്ള ഈ സവിശേഷ സാഹചര്യം എത്രത്തോളും നീണ്ടുനിൽക്കും എന്നതിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ നിരസിക്കപ്പെടുവാനാണ് സാധ്യത.ഒരുപക്ഷെ മുൻകാലങ്ങളിൽ ചെയ്തതുപോലെ ഇടക്കാല സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത് പോലുള്ള നടപടികളിലേക്ക് സർക്കാർ കടന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഒരുപക്ഷെ ഇന്ത്യൻ സാമ്പത്തികമേഖലയ്ക്ക് കരുത്തായി മാറുന്നതും അത്തരം ഇടക്കാല പാക്കേജുകൾ ആയിരിക്കും.
മറ്റ് ലോകരാജ്യങ്ങൾ അവരുടെ ജി. ഡി. പിയുടെ 10-20 % വരെ കോവിഡ് മൂലമുള്ള പ്രത്യേക പാക്കേജുകൾക്കായി നീക്കിവെക്കുമ്പോൾ വെറും 0.8 % മാത്രം ഉൾക്കൊള്ളിച്ച ആദ്യ സാമ്പത്തിക പാക്കേജ് സൃഷ്‌ടിച്ച നിരാശ ചെറുതല്ല. കേരളം എന്ന ചെറിയ സംസ്‌ഥാനം പോലും 20, 000 കോടി രൂപയുടെ ഇടക്കാല പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേന്ദ്രസർക്കാർ പ്രഖ്യാപനം 1.7 ലക്ഷം കോടി രൂപയിലൊതുങ്ങി. തുടർ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നുള്ള ധനമന്ത്രി നിർമല സീതാരാമൻ നൽകിയ വാക്കിലാണ് ജനങ്ങളുടെ പ്രതീക്ഷ.
യഥാർത്ഥത്തിൽ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കപ്പെട്ടാൽ അത് ഇന്ത്യൻ ജി. ഡി. പിയുടെ 5%എങ്കിലും വേണം എന്നാണ് വിലയിരുത്തൽ. അതുതന്നെ 10 ലക്ഷം കോടിരൂപയാണ്. ഈ പണം കണ്ടെത്തുക എന്നത് കേന്ദ്രസർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്.
എന്തെല്ലാമാണ് ഈ പണം കണ്ടെത്തുവാൻ സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്നതിലേക്കാണ് ഇനി...
1.അനാവശ്യ ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്.
മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കൽ, ആഡംബരകാറുകൾ വാങ്ങൽ, ഗസ്റ്റ് ഹൗസ് നവീകരണങ്ങൾ, അനാവശ്യ വിദേശയാത്രകൾ എന്നിവ ഒഴിവാക്കി ആ പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി വെക്കുക
.
2.ബഡ്ജറ്റിലെ പണം വകയിരുത്തിയിട്ടുള്ള ഇനങ്ങളുടെ മുൻഗണനാ ക്രമം നിശ്ചയിക്കുക.
എല്ലാ ബഡ്ജറ്റിലും സ്ഥിരമായി വകയിരുത്തുന്ന ഒന്നാണ് CAPITAL EXPENCE അഥവാ മൂലധന ചെലവ്.രാജ്യത്തിന്റെ ദീർഘകാല മൂലധന സമാഹരണ നടപടികൾ ഇനി നടക്കാൻ സാധ്യത കുറവാണ് എന്നതുകൊണ്ട് തന്നെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുക രണ്ടാം ഇടക്കാല പാക്കേജിലേക്ക് മാറ്റിവെക്കാം.
മാത്രവുമല്ല പാർലമെന്റ് മന്ദിര നിർമാണത്തിനായി വകയിരുത്തിയ 20, 000 കോടി രൂപയും, പ്രതിരോധ പ്രവർത്തനങ്ങളുടെ നവീകരണത്തിനായി നീക്കിവെച്ചിട്ടുള്ള 28, 000 കോടി രൂപയും സർക്കാരിന് ആവശ്യമെങ്കിൽ വകമാറ്റാനാവുന്ന തുകയാണ്.
3.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞത് (ബാരലിന് 70 ഡോളർ എന്നതിൽ നിന്നും 20 ഡോളറിനും താഴേക്ക് വീണു )ഇന്ത്യയുടെ പെട്രോളിയം ഇറക്കുമതി തുക കുറയ്ക്കും. മാത്രവുമല്ല പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള ഉയർന്ന നികുതി ഇപ്പോഴും തുടരുന്നതിനാൽ അങ്ങനെയും ഇന്ത്യക്ക് നേട്ടമാണ് ഉണ്ടാവുക.
4.റിസേർവ് ബാങ്ക് സഹായമാണ് അടുത്തത്. നോട്ട് അടിച്ചിറക്കി വിപണിയിൽ പണലഭ്യത ഉറപ്പു വരുത്തുക എന്ന നീക്കം. എന്നാൽ ഇങ്ങനൊരു നടപടി വന്നാൽ രൂപയുടെ മൂല്യം ഇടിയും എന്നും, പണപ്പെരുപ്പം വർധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
5.ഗവണ്മെന്റിനു ചെയ്യാനാകാവുന്ന അടുത്ത കാര്യം ധനക്കമ്മി ഉയർത്തുക എന്നുള്ളതാണ്. അത് വിപണിയിൽ ആവശ്യകത സൃഷ്ടിക്കും. അതിന്റെ ഫലമായി തൊഴിൽ സാധ്യതകൾ വർധിക്കും. അത് രൂപയുടെ വിനിമയ നിരക്ക് ഉയർത്തും.
മെയ് 3 ഇന് ശേഷം ലോക്കഡോൺ നീട്ടുന്ന കാര്യത്തിൽ മയപ്പെടുന്ന തീരുമാനമെടുത്തു മറ്റു ഇളവുകൾക്ക് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനവകാശം നൽകിയ കേന്ദ്രസർക്കാർ നടപടി കൗശലക്കാരനായ കുറുക്കന്റേതാണെന്നു പറയാതെ വയ്യ. ഇനിയും രാജ്യം മുഴുവൻ അടച്ചിടുന്ന അവസ്ഥ തുടർന്നാൽ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിക്കേണ്ടി വരും. എന്നാൽ അതിന് പകരം ഒരു ചെറിയ കാലയളവിലെ സാമ്പത്തിക പ്രവർത്തനങ്ങളെ വിലയിരുത്തി ഇടക്കാല ബഡ്‌ജെറ്റുകൾ എന്ന ആശയത്തിനാണ് കേന്ദ്രത്തിൽ പ്രാമുഖ്യം. 6.6 വളർച്ച നിരക്ക് പ്രതീക്ഷിച്ച സ്ഥാനത്തു നിന്നും 2.2 എന്നതിലെങ്കിലും ഇന്ത്യൻ സാമ്പത്തികരംഗത്തിന്റെ വളർച്ച നിരക്ക് പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.