അഥിതി തൊഴിലാളികളും തൊഴിൽ നിയമങ്ങളിലെ ഇളവും | Migrant workers and relaxation of labor laws

   

ലോക് ഡൗൺ  മൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ള വ്യവസായ മന്ദത ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു, തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുകയാണെങ്കിൽ തീർച്ചയായും അത്‌ തൊഴിൽ ദാതാക്കൾക്ക്  കൂടുതൽ ഇളവുകൾ നൽകുന്നതായിരിക്കും എന്നതിൽ സംശയമില്ല. 

സ്വാതന്ത്രാനന്തര ഇന്ത്യയിൽ ധാരാളം നിയമങ്ങൾ തൊഴിലാളികൾക്കായി നിർമിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അവയെല്ലാം ഗുണകരമായി മാറിയത് സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മാത്രമാണ് എന്നതിലേക്കാണ് സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
 • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14-16, 19(1)(C), 23-24, 38, 41-43(A) തൊഴിൽ നിയമങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
 • ആർട്ടിക്കിൾ 14 തുല്യത ഉറപ്പ് തരുമ്പോൾ ആർട്ടിക്കിൾ 15 വിവേചനത്തിൽ നിന്നും പൗരൻമാർക്ക് സംരക്ഷണം നൽകുന്നു. 
 •  തൊഴിൽ  അവസരങ്ങളിലെ തുല്യത ആർട്ടിക്കിൾ 16 വാഗ്ദാനം ചെയ്യുന്നു. 
 • ആർട്ടിക്കിൾ 19(1)(C) സംഘം ചേരുന്നതിനും അസോസിയേഷനുകൾ, യൂണിയനുകൾ രൂപീകരിച്ചു പ്രവർത്തിക്കാനും സ്വാതന്ത്ര്യം നൽകുന്നു. 
 • നിർബന്ധിത വേല ആർട്ടിക്കിൾ 23 നിരോധിക്കുന്നു. 
 • ആർട്ടിക്കിൾ 24 ബാലവേലയുടെ നിരോധനം  ഉറപ്പ് വരുത്തുന്നു. 
        ഒപ്പം തന്നെ തൊഴിലാളി -തൊഴിൽ ദാതാവ് ബന്ധം വിശദമായി പരാമർശിച്ചു  1947 ലെ industrial dispute act, ഒപ്പം തന്നെ 45 ഓളം മറ്റ് ദേശീയ നിയമങ്ങൾ, 200 ഇൽ അധികം നിയമങ്ങൾ സംസ്ഥാനങ്ങളും, തൊഴിലാളി ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലോക്ക് ഡൗൺ ഇന്ത്യയിലെ തൊഴിലാളികളുടെ യഥാർത്ഥ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതായി മാറി. ഇന്ത്യയിൽ ഏറ്റവും അധികം ചൂഷണത്തിന് വിധേയരായിരുന്നവർ അന്തർ സംസ്ഥാന തൊഴിലാളികളാണ്. നോർത്ത് ഇന്ത്യൻ  സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് 'ദാദാൻതൊഴിലാളി  'എന്ന പേരിൽ സർദാർ /ഖത്തെദ്ധർ എന്ന ഏജന്റുമാർ മുഖേന കുടിയേറ്റം നടക്കുന്നുണ്ട്. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ വിവിധ അസംഘടിത മേഖലകളിൽ പ്രധാനമായും വലിയ നിർമാണ പദ്ധതികളുടെ ഭാഗമാകുന്നു. എല്ലാവിധ തൊഴിലാളി നിയമങ്ങളും മാനുഷിക പരിഗണനകളും , ശുദ്ധമായ ഭക്ഷണം, താമസസ്ഥലം, ജോലിയിലെയും ജോലി സ്ഥലത്തെയും സുരക്ഷിതത്വം, തുല്യമായ വേതനം, പൊതു ഇടങ്ങളിലെ തുല്ല്യത തുടങ്ങി ഒരു 'ആനുകൂല്യങ്ങളും' അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. 

ലോക്ക് ഡൗൺ കാലത്ത് എല്ലാവരിലും സങ്കടം നിറച്ച കാഴ്ച്ചയാണ് പലായനത്തിനിടയിൽ വിവിധ മേഖലകളിൽ മരിച്ചുവീണ അഥിതി തൊഴിലാളികൾ ,കിലോമീറ്ററുകൾ കാൽ നടയായ് താണ്ടി  മഹാരാഷ്ട്രയിൽ റെയിൽവേ പാളത്തിൽ ഉറങ്ങി കിടന്നവർക്ക് മേൽ ട്രെയിൻ പാഞ്ഞു കയറി കൊല്ലപ്പെട്ടവർ , നടന്ന് മടുത്തു നിർജ്‌ജ്ലീകരണം പിടിപെട്ടു വഴിയരികിൽ വീണു മരിച്ചവർ, 500-600 കിലോമീറ്ററുകൾ താണ്ടി സ്വന്തം വീടെത്തുന്നതിനു തൊട്ടുമുൻപ് കുഴഞ്ഞു വീണുപോയ സ്ത്രീകളും കുഞ്ഞുങ്ങളും.. പട്ടിക ഞാൻ ഇതെഴുതുമ്പോളും നീളുകയാണ്.പ്രധാന മന്ത്രിയുടെ ഓഫീസിന്റെ രാത്രിയിലെ ഇടപെടലുകൾ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു എങ്കിലും അടിയന്തിര ലോക്ക് ഡൗൺ പ്രഖ്യാപനം കടന്ന കൈ ആയി പോയി.


 കോവിഡിന് ശേഷം ഇന്ത്യൻ സാമ്പത്തിക രംഗം ഉണരുന്നത് വ്യവസായ മേഖലയിലെ ഉദാരവത്കരണ, സ്വകാര്യ -കോർപ്പറേറ്റ് വത്കരണ നയങ്ങൾ കൊണ്ടായിരിക്കണം. അവിടെ ഒരിക്കലും തൊഴിലാളിയുടെ താത്പര്യങ്ങൾക്ക് പരിഗണന ലഭിക്കൽ ഉണ്ടാവുകയില്ല, മാത്രവുമല്ല തൊഴിലിടങ്ങൾ, തൊഴിൽ സമയം കൂടുതൽ ദുഷ്കരമാകാനും സാധ്യത ഉണ്ട്. തൊഴിലില്ലാ നിരക്ക് മെയ്‌ 3 ഇന് അവസാനിക്കുന്ന വാരാന്ത്യത്തിൽ 27.1 എന്ന അപകടകരമായ അവസ്ഥയിലാണ് താനും, ലോക്ക് ഡൗൺ ആദ്യ മാസം തന്നെ 9 കോടിയോളം അസംഘടിത തൊഴിലാളികൾക്ക് ജോലി നഷ്ട്ടപ്പെട്ടു. അതുകൊണ്ട് തന്നെ ജോലിയുടെ ആവശ്യകത എല്ലാ സംസ്ഥാനങ്ങളിലും വർധിക്കും. അത്‌ മറ്റു അവകാശങ്ങൾക്ക് പോരാടാനാവാത്ത, ചൂഷണങ്ങൾക് വിധേയരാക്കപ്പെടുന്ന തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കും എന്ന യാഥാർത്യത്തിൽ നിന്നുകൊണ്ടാവണം തൊഴിൽ നിയമങ്ങളിൽ പരിഷ്കരണം വരുത്തേണ്ടത്. 
ഒരു വർഗം എന്ന നിലയിൽ തൊഴിലാളികൾ എന്നും അവരുടെ വേതനത്തെ നോക്കുന്നു. 'തൊഴിലാളി' എന്ന അവസ്ഥയിൽ നിന്നും പുറത്തു കടക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം പോലും അവരുടെ ഇടയിൽ നിന്നുയരുന്നില്ല. അതിന് ആരും മെനക്കെടുന്നില്ല എന്നതാണ് യാഥാർഥ്യം. 
'എല്ലാവർക്കും തൊഴിൽ, തൊഴിലില്ലായ്മ പരിഹരിച്ചിട്ടാകാം മറ്റു കാര്യങ്ങൾ 'തുടങ്ങിയ മുദ്രവാക്യങ്ങൾ നമുക്ക് പ്രിയപ്പെട്ടതാകുന്നത് അങ്ങനെയാണ്. class in it self എന്ന അവസ്ഥയിൽ നിന്നും class for itself എന്ന അവസ്ഥയിലേക്കുയർന്നാലും തൊഴിലാളികൾക്ക് അധ്വാനത്തിലെ സ്വകാര്യവത്‌ക്കരണവും കോർപ്പറേറ്റ് വത്ക്കരണവും നേരിടാൻ കഴിയുമോ എന്നതും സംശയമാണ്. 

ഇതൊരു അവസരമാണ് രാജ്യത്തിനും സംസ്ഥാനങ്ങൾക്കും. 

 • ഇതുവരെയും എത്ര ആൾക്കാർ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറി പാർത്തിട്ടുണ്ടെന്നുള്ളതിനു വ്യക്തമായ ഒരു കണക്കും സംസ്ഥാന സർക്കാരുകളുടെ കയ്യിലില്ല. ഇപ്പോഴത്തെ തിരിച്ചു വരവ്, രക്ഷാ ദൗത്യങ്ങൾ വഴി അത്തരമൊരു രെജിസ്ട്രേഷൻ നടപടികൾക്ക് ആരംഭം കുറിക്കാം. 
 • ആരൊക്കെ പോകുന്നു, ആരാണ് ഏജന്റ്, തൊഴിൽ, തൊഴിൽ സാഹചര്യങ്ങൾ, കാലയളവ്, തൊഴിൽ ചെയ്യുന്നയിടത്തെ അഡ്രസ്, ക്രിമിനൽ പശ്ചാത്തലം മുതലായവ സർക്കാരിന് ശേഖരിക്കാനാവും. 
 • ഏജന്റുമാരുടെ അംഗീകാരം, സർക്കാരുകൾ പ്രഥമ ശ്രദ്ധ നൽകേണ്ട വസ്തുതയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ തൊഴിലാളികളെ ഉപേക്ഷിച്ചു ഏജന്റുമാർ മാറി നിന്നതിന്റെ ബാക്കിപത്രമാണ് രാജ്യം ഈ പതിറ്റാണ്ടിൽ കണ്ട പലായനങ്ങളിലേക്ക് നയിച്ചത്. 
അനധികൃത മനുഷ്യക്കടത്തു കൂടുതൽ ഗൗരവത്തോട് കൂടെ സംസ്ഥാനങ്ങൾ കാണണം. 
തൊഴിൽ നിയമങ്ങളിലെ ഉദാരവത്കരണം, തൊഴിൽ രഹിതരുടെ എണ്ണത്തിലെ വർദ്ധനവ് തുടങ്ങിയവ തൊഴിലിടങ്ങളിലെ സുരക്ഷ, ഭക്ഷണം, താമസം, തുടങ്ങി നിലവിൽ തൊഴിൽ ദാതാവ് നൽകുന്ന പല കാര്യങ്ങളെയും പിന്നോട്ടടുപ്പിക്കും എന്ന് സർക്കാർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 
സംസ്ഥാനങ്ങൾ തമ്മിൽ മിനിമം വേതനം, തൊഴിൽ സമയം,ആഗമന നിയന്ത്രണം മുതലായ കാര്യങ്ങളിൽ പരസ്പര ധാരണ ഉണ്ടാവണം. 

പരമ്പരാഗത കർഷകർക്ക് മണ്ണുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുമ്പോഴാണ് അസംഘടിത തൊഴിലാളികൾ ഉടലെടുക്കുന്നത്. രാജ്യത്തിന്റെ ജി. ഡി.പി യുടെ 57 % വരുന്നത് ഈ അസംഘടിത മേഖലയിൽ നിന്നാണെന്നോർക്കണം. 

ഔപചാരിക കമ്മ്യൂണിസ്റ്റുകൾ അസംഘടിത വർഗത്തെ  'കർഷകത്തൊഴിലാളി'എന്ന് വിളിക്കുമ്പോൾ നക്സലൈറ്റുകളും മാവോയിസ്റ്റുകളും 'ഭൂരഹിത കർഷകർ'എന്ന് വിളിക്കാൻ നിഷ്കർഷിക്കുന്നത് ശ്രദ്ധേയമാണ്. നിലവിൽ ഇതൊന്നും ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രശ്നമാകുന്നില്ല എന്നതാണ് മറ്റൊന്ന്. കാരണം അസംഘടിത മേഖലയിലെ തൊഴിലാളികൾ വോട്ടുബാങ്കായി ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു വിലപേശൽ ശക്തിയായി മാറാൻ പോകുന്നില്ല എന്നത് തന്നെ.എന്നാൽ മാറുന്ന ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള സാധ്യതയും കേന്ദ്ര സർക്കാർ തള്ളിക്കളയുന്നില്ല. അതുകൊണ്ടാകണം രണ്ടാം  കോവിഡ് സാമ്പത്തിക പാക്കേജ് ആത്മനിർഭർ ഭാരത് എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അഥിതി തൊഴിലാളികൾക്കായും പദ്ധതികൾ ഉണ്ടെന്നു നിർമല സീതാരാമന്‌ പറയേണ്ടി വന്നത്. 

 • 1.തൊഴിലാളി മിനിമം വേതനം 182 ഇൽ നിന്ന് 202 ആക്കി ഉയർത്തി. 
 • 2.അഥിതി തൊഴിലാളി കുടുംബങ്ങളിൽ ഒരംഗത്തിനു മാസം 5 കിലോ അരി /ഗോതമ്പ് + കടല നൽകുന്നതിനായി 35000 കോടി രൂപ മാറ്റിവെച്ചു. 
 • 3.വിവിധ പലിശകൾ, സബ്‌സിഡി കാലാവധികൾ, പുതിയ ലോണുകൾക്കായി കൂടുതൽ നീക്കിയിരുപ്പുകൾ സർക്കാർ പ്രഖ്യാപിച്ചു. 
 • 4.വഴിയോര കച്ചവടകർക്കായി ആകെ 5000 കോടിയുടെ വായ്പാ പദ്ധതി, 10, 000 രൂപ അവരുടെ വർക്കിംഗ്‌ ക്യാപിറ്റലിലേക്ക് നൽകും എന്നും സർക്കാർ പറയുന്നു. 
 • 5.പത്തിലധികം ജോലിക്കാറുള്ള സ്ഥാപനങ്ങൾക്ക് ESI പരിഗണന നൽകാനുള്ള തീരുമാനവും അഥിതി തൊഴിലാളികൾക്ക് ഗുണകരമാകും. 
 • 6.അസംഘടിത മേഖല തൊഴിലാളികൾക്ക് സാമൂഹിക ക്ഷേമ ഫണ്ട്‌ ആരംഭിക്കും. 
 • 7.മാതൃ സംസ്ഥാനങ്ങളിലേക്ക് തിരികെയെത്തുന്നവർക്കായി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽദിനങ്ങൾ 
 • 8.അഥിതി തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സംസ്ഥാനങ്ങളുമായി കൈ കോർത്തു കൂടുതൽ ഭവന പദ്ധതികൾ. 
            തുടങ്ങിയവയൊക്കെയും ഗവണ്മെന്റിന്റെ വാഗ്ദാനങ്ങളിൽ പെടും. എന്നിരുന്നാൽ പോലും സംസ്ഥാനങ്ങൾ ഇനി വ്യക്തമായ തൊഴിൽ നിയമങ്ങൾ കുടിയേറ്റ തൊഴിലാളികൾക്കായി നിർമിക്കേണ്ടിയിരിക്കുന്നു. അതിന് സംസ്ഥാനങ്ങൾക്ക് അനുവാദം നൽകികൊണ്ടുള്ള ഭരണഘടനാ ഭേദഗതി പാർലമെന്റിലും പാസാക്കപ്പെടണം. തൊഴിലാളിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാതെയുള്ളൊരു വളർച്ച വരും കാലങ്ങളിൽ സാധ്യമാണ് എങ്കിൽ പോലും സ്വതന്ത്ര റെഗുലേറ്ററി കമ്മിറ്റികൾ തൊഴിലാളി-തൊഴിൽ ദാതാവ് എന്നിവർക്കിടയിൽ രൂപീകരിക്കപ്പെടണം. തൊഴിൽ സമരങ്ങൾ പോലും സ്വതന്ത്ര ഇന്ത്യയിൽ കുറഞ്ഞു വരുന്നുവെന്നത് യാഥാർഥ്യമാണ്. 

 തൊഴിൽ നിയമങ്ങളുടെ പരിഷ്കരണം ഇന്ത്യൻ സാമ്പത്തിക രംഗത്തിനു താങ്ങായി മാറട്ടെ. അപ്പോഴും ലോക്കഡൗൺ കാലത്ത് നാം കണ്ട പലായനങ്ങൾ ഉണ്ടാവാതെ നോക്കേണ്ടതും, അസംഘടിത മേഖലയിലെ തൊഴിലാളുകളുടെ ആവശ്യങ്ങളെ പരിഗണിക്കേണ്ടതും സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഇനിയും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെട്ടാൽ ഉണ്ടാവുക ദൂരവ്യാപകമായ രാഷ്ട്രീയ തിരിച്ചടികളാണെന്നു കേന്ദ്ര സർക്കാർ മനസ്സിലാക്കി കഴിഞ്ഞു എന്ന് വേണം കരുതാൻ.
Previous Post Next Post