![]() |
picture ofVariyam kunnath kunjammad haji -art |
വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി.ബ്രിട്ടീഷ് കാർക്കെതിരെയുള്ള ചെറുത്തു നിൽപ്പിൽ മലബാറിനെ നയിച്ച നേതാവ്. വെറും 45 വയസ്സിനുള്ളിൽ 5200 ചതുരശ്ര കിലോമീറ്റർ പ്രദേശം ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു മറ്റൊരു രാജ്യം ആക്കിമാറ്റി ഭരിച്ച ഭരണാധികാരി. 75000 ഓളം അംഗങ്ങൾ ഉണ്ടായിരുന്ന സൈന്യവും നീതിന്യായ വ്യവസ്ഥയും പോലീസും, വിനിമയ സംവിധാനവും (currency ) ഉണ്ടായിരുന്ന രാജ്യത്തിന്റെ ശിൽപി.
1877 ൽ മലബാർ ബ്രിട്ടീഷ് ഇന്ത്യയിൽ ജനനം. ബാപ്പ മൊയ്തീൻ കുട്ടി ഹാജി വ്യാപാരിയും വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്നു. 1894 ലെ മണ്ണാർക്കാട് കലാപത്തിന്റെ പേരിൽ പിതാവിനെ ആൻഡമാനിലെ ജയിലിലടക്കുകയും പിന്നീട് മക്കയിലേക്ക് നാട് കടത്തുകയുമുണ്ടായി.
ഈ നാടുകടത്തലും സ്വത്ത് പിടിച്ചെടുക്കലും രക്തത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധതയും 1905 ൽ തിരികെ നാട്ടിൽ എത്തിച്ചേർന്ന വാരിയൻകുന്നത്തിന്റെ മനസ്സിൽ ബ്രിട്ടീഷു കാരോട് കോപവും ശത്രുതയും ഉണ്ടാക്കി.
മലബാർ മാത്രമായിരുന്നു മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി ഈ പ്രദേശത്ത് ബ്രിട്ടീഷ് അധികാരത്തിൽ ഉണ്ടായിരുന്നത് .തിരുവിതാംകൂറും കൊച്ചിയും കപ്പം കൊടുക്കുന്നുണ്ടായിരുന്നു എങ്കിലും ഭരണം അവിടുത്തെ നാട്ടുരാജ്യങ്ങൾക്കായിരുന്നു 1896 ലെ മഞ്ചേരി കലാപം പോലെ ധാരാളം ചെറു കലാപങ്ങൾ 1836 കൾ മുതൽ മലബാറിൽ നടന്നിരുന്നു. അവയെല്ലാം തന്നെ ഭൂവുടമകൾക്ക് എതിരെയുള്ള കുടിയാന്മാരുടെ നിലനിൽപ്പിന്റെ ഭാഗമായിട്ടുള്ളവയായിരുന്നു.
മാപ്പിള കലാരൂപങ്ങളെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം ആയോധന കലയിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടിയിരുന്നു. മികച്ചൊരു ഗായകൻ കൂടെയായിരുന്നു എന്നും പറയപ്പെടുന്നു. ചുരുക്കത്തിൽ അദ്ദേഹം ജനങ്ങൾക്കിടയിൽ സർവ സമ്മതനായിരുന്നു.
1920 ൽ നടക്കുന്ന കോൺഗ്രസ് സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അവിടെ വെച്ചാണ് ഖിലാഫത് പ്രസ്ഥാനത്തെ കുറിച്ച് കേൾക്കുന്നത്. പരമ്പരാഗതമായി തുർക്കി സുൽത്താന്മാർ ആയിരുന്നു ഖലീഫ പദവിയിൽ ഉണ്ടായിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ തുർക്കി സഖ്യകഷികൾക്കെതിരെ നിൽക്കുകയും തോൽക്കുകയും ചെയ്തു. അതിനൊപ്പം നഷ്ടമായ ഖലീഫ പദവി പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് ഖിലാഫത് പ്രസ്ഥാനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനെ പിന്തുണച്ചു. മാത്രമല്ല 1919-24 കാലഘട്ടം ഇന്ത്യയിൽ ഗാന്ധി പ്രഖ്യാപിച്ച നിസ്സകരണ പ്രസ്ഥാനത്തിന്റെ സമയം കൂടെയായിരുന്നു.
ഇസ്ലാമിക മതവിശ്വാസികൾ ഏറെയുള്ള മലബാറിൽ കോൺഗ്രസ് വളർന്നതിനോടൊപ്പം ഖിലാഫത് പ്രസ്ഥാനവും വളർന്നു.
![]() |
Ali Musliyar |
1921 ആഗസ്ത് 20 ന് താനൂരിൽ ഖിലാഫത് നേതാവായ വടക്കേവീട്ടിൽ മുഹമ്മദ് എന്നൊരാളെ നിലമ്പുർ കോവിലകത്തുനിന്നും തോക്ക് മോഷ്ടിച്ചു എന്നും പറഞ്ഞു അറസ്റ്റ് ചെയ്തു.ഇതിനോടൊപ്പം തന്നെ ആയുധ വേട്ടയുടെ പേരിൽ പോലീസ് തിരുരങ്ങാടി പള്ളി പൊളിച്ചെന്നും മമ്പറം മഖാം തകർത്തെന്നും അഭ്യൂഹങ്ങൾ പടർന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഖിലാഫത് നേതാവും വാരിയം കുന്നതിന്റെ സുഹൃത്തുമായ അലി മുസ്‍ലിയാരിന്റെ നേതൃത്വത്തിൽ ജനങ്ങൾ അന്ന് കളക്ടറേറ്റ്, പോലീസ് സ്റ്റേഷൻ, മജിസ്‌ട്രേറ്റ് കോടതി, പോസ്റ്റോഫീസ് മുതലായവ സ്ഥിതി ചെയ്യുന്ന തിരൂരങ്ങാടി കച്ചേരിയിലേക്ക് കാൽനടയായി എത്തി.
അപ്രതീക്ഷിതമായി ആൾക്കൂട്ടം കണ്ട കളക്ടർ പ്രകോപനം ഇല്ലാതെ തന്നെ വെടി വെക്കാൻ ഉത്തരവിട്ടു. ജനങ്ങൾ അക്രമാസക്തരാവുകയും പൊലീസുകാരെ കൊന്ന് സ്റ്റേഷൻ പിടിച്ചെടുക്കുകയും ചെയ്തു. കലക്ടറും മറ്റുള്ളവരും കോഴിക്കോട്ടേക്ക് പലായനം ചെയ്തു.
കലാപത്തിന് ആഹ്വാനം ചെയ്തത് ആലി മുസ്‌ലിയാർ ആണെങ്കിലും രണ്ട് ദിവസം കൊണ്ട് വാരിയം കുന്നത് അതിന്റെ നേതൃത്വം ഏറ്റെടുത്തു. ഓഗസ്റ്റ് 22 ന് നടന്ന യോഗത്തിൽ കമാൻഡർമാരെ നിയമിച്ചു.
- സൈനികരുടെ നിയമനം
- പരിശീലനം
- ആയുധ സമാഹരണം, എന്നിവയായിരുന്നു അവരുടെ പ്രധാന ജോലി.
സൈനിക നിയമം പ്രഖ്യാപിച്ച ബ്രിട്ടീഷുകാർക്കെതിരെ തിരികെ സൈനിക നിയമം വാരിയംകുന്നത് പ്രഖ്യാപിച്ചു. താമസിയാതെ മഞ്ചേരി, പാണ്ടിക്കാട്, മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം ബ്രിട്ടീഷുകാർ പിന്തിരിഞ്ഞോടി.
അങ്ങനെ ബ്രിട്ടീഷുകാർ ഇല്ലാത്ത ഏറനാട്, വള്ളുവനാട് പ്രദേശത്തെ വാരിയം കുന്നത് കുഞ്ഞമ്മദ് ഹാജി ഒരു സ്വാതന്ത്ര രാജ്യമാക്കി പ്രഖ്യാപിച്ചു. സ്റ്റേറ്റ് എന്നതിന്റെ അറബി പദമായ ദൗള (doula)എന്ന് രാജ്യം പറയപ്പെട്ടിരുന്നു.
- രാജ്യം എന്ന ആശയത്തെകുറിച്ചു അദ്ദേഹം നന്നായി പ്ലാൻ ചെയ്തിരുന്നു. സൈന്യം, കോടതി, നികുതി സംവിധാനം, കറൻസി,
- പുറത്തേക്കുള്ള യാത്രകൾക്ക് പാസ്പോർട്,
- ഒന്നാം ലോക മഹായുദ്ധ പരിചയമുള്ള സൈനികരെ ഉപയോഗിച്ചുള്ള സൈനിക പരിശീലനം, മറ്റ് ഉദ്യോഗസ്ഥർ എന്നിവയൊക്കെ ഈ രാജ്യത്തുണ്ടായിരുന്നു.
- ഭൂവുടമകളിൽ നിന്നും ഭൂമി പിടിച്ചെടുത്തു കുടിയാന്മാർക്ക് ഒരു വർഷത്തെ നികുതിയിളവോടെ കൃഷിക്കായി നൽകി.
ഭൂവുടമകളിൽ ഭൂരിഭാഗവും ഹിന്ദു സമുദായത്തിലെ ഉന്നതരും, മുസ്ലിം സമുദായ ഉന്നതരുമായിരുന്നു. മറ്റ് ചിലരാകട്ടെ ബ്രിട്ടീഷ് ചായ്‌വ് ഉള്ളവരുമായിരുന്നു. അവരായിരുന്നു വാരിയംകുന്നതിന്റെ ശത്രുക്കൾ.
വാരിയം കുന്നത്തിന്റെ നേതൃത്വത്തിൽ നിർബന്ധിത മതം മാറ്റം നടക്കുന്നുണ്ടെന്നും, ഹൈന്ദവരെ ദ്രോഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു പരത്തി. എന്നാൽ അങ്ങനെയല്ല വസ്തുത എന്നും പറഞ്ഞു വാര്യംകുന്നൻ പ്രസംഗങ്ങൾ നടത്തി.ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഒരു കത്ത് ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനം അദ്ദേഹം നിരോധിക്കുകയും ഉയർന്ന ശിക്ഷ കൊടുക്കുകയും ചെയ്തു. ബ്രിട്ടീഷ് അനുഭാവം പ്രകടിപ്പിച്ചവരെ നശിപ്പിച്ചു. സ്റ്റേറ്റിനോട് അനുഭാവം പ്രകടിപ്പിച്ചവരെ മതം നോക്കാതെ സംരക്ഷിച്ചു. നമ്പൂതിരി ബാങ്ക്, നിലമ്പൂർ കോവിലകം തുടങ്ങിയവ സംരക്ഷിച്ചു പിടിച്ച അദ്ദേഹം പുല്ലൂർ ബാങ്ക് കൊള്ളയടിച്ചവരെ ശിക്ഷിക്കാനും മറന്നില്ല. ഉയർന്ന ഹിന്ദുക്കളല്ലാതെ വലിയൊരു വിഭാഗം ഹൈന്ദവർ വാരിയംകുന്നത്തിനൊപ്പം ആയിരുന്നു. അദ്ദേഹത്തിന്റെ സൈന്യത്തിൽ പോലും 500 ഇൽ ഏറെ ഹൈന്ദവ യുവാക്കൾ ഉണ്ടായിരുന്നു.
ഒടുവിൽ ഏതു വിധേനയും അധികാരം തിരിച്ചു പിടിക്കാൻ ബ്രിട്ടീഷ്കാർ തീരുമാനിച്ചു. അവർ വാരിയംകുന്നതിന്റെ സുഹൃത്തായ ഉണ്ണ്യൻ മുസ്‌ലിയാർ വഴി സമാധാന ചർച്ച എന്ന പേരിൽ വാര്യംകുന്നതിനെ കീഴടക്കുകയും പൊതു ജന മധ്യത്തിൽ വെച്ച് മർദിക്കുകയും ചെയ്ത ശേഷം മലപ്പുറം കോട്ടക്കുന്നിൽ വെച്ച് മറ്റ് 6 പേർക്കൊപ്പം വെടി വെച്ച് കൊന്നു.
ശരീരവും പിടിച്ചെടുത്ത രേഖകളും കത്തിച്ചു കളഞ്ഞു. വെടി വെക്കുന്നതിനു മുൻപ് കണ്ണ് മൂടിക്കെട്ടിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് "കണ്ണ് തുറന്ന് തരൂ.. ഞാൻ കാണട്ടെ .."എന്നും പറഞ്ഞു മൃത്യു വരിച്ച വാരിയം കുന്നതിന്റെ മൃതദേഹം ഖബർസ്ഥാനിൽ അടക്കം ചെയ്താൽ ഒരു പക്ഷേ പിന്നീടും ജനങ്ങൾക്കിടയിൽ സ്ഥാനമുണ്ടായേക്കാം എന്ന് ബ്രിട്ടിഷുകാരും ശത്രുക്കളും ഭയപ്പെട്ടു.
അതിന് ശേഷം മാസങ്ങൾക്കുള്ളിൽ ബ്രിട്ടീഷ് ഭരണം നിലവിൽ വന്നു.
ജനുവരി 23 ലെ മദ്രാസ് മെയിലിലെ വാർത്ത പ്രകാരം 2226 തദ്ദേശീയ സൈനികർ കൊല്ലപ്പെട്ടു 1615 പേർക്ക് പരിക്കേറ്റു. 5688 പേർ പിടിക്കപ്പെട്ടു. 38256 പേർ കീഴടങ്ങി.
അങ്ങനെ ബ്രിട്ടീഷ് വിരുദ്ധതയിൽ ആരംഭിച്ച്, ജന്മി വിരുദ്ധതയായി പടരുകയും ചിലയിടങ്ങളിൽ ഹിന്ദു വിരുദ്ധതയായി വഴി തെറ്റുകയും ചെയ്ത ഈ കലാപം ബ്രിട്ടിഷുകാർക്കെതിരെയുള്ള മലബാറിന്റെ പോരാട്ടത്തിന്റെ കരുത്തുറ്റ ഏടാണ്. അദ്ദേഹത്തിന്റെ അനുയായികളിൽ ചിലരും അല്ലെങ്കിൽ അനുയായികൾ എന്ന് നടിച്ചവരിൽ ചിലർ ഹൈന്ദവ വീടുകൾ കൊള്ളയടിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനം നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുഞ്ഞമ്മദ് ഹാജിയുടെ പങ്ക് അതിൽ തെളിയിക്കപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. ഡോ.M N കാരശ്ശേരി പറയുന്നു.
ചരിത്രം എന്നൊന്നില്ല. ചരിത്രത്തിന്റെ വ്യാഖ്യാനങ്ങളാണ് ഉള്ളത്. അത് കൊണ്ട് തന്നെ ഈ കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധതയാണോ,ജന്മി വിരുദ്ധതയാണോ, ഹൈന്ദവ വിരുദ്ധതയാണോ ഉയർത്തിപ്പിടിക്കുന്നത് എന്നതിനെ ആശ്രയിച്ചു ചരിത്രം മാറിക്കൊണ്ടിരിക്കും. M N കാരശ്ശേരി തുടർന്ന് പറയുന്നു.