ഇന്ത്യൻ വിപണിയിലെ ചൈന ബഹിഷ്കരണം സാധ്യമാകുമോ..? Is it possible to boycott China..?

  അതിർത്തിയിലെ പ്രശ്നങ്ങൾക്ക് ശേഷം ഇന്ത്യ -ചൈന ബന്ധം മുമ്പുള്ളതിനേക്കാൾ മോശം ആയിരിക്കുകയാണ് .ഏഷ്യൻ ഭൂഖണ്ഡത്തിലെ ആണവായുധ ശേഷിയുള്ള രണ്ടു രാജ്യങ്ങൾ പരസ്പരം യുദ്ധത്തിന് കോപ്പ് കൂട്ടുമ്പോൾ  അതിന്റെ പോർമുഖം അതിരുകളിൽ മാത്രം ഒതുങ്ങാതെ സാമൂഹികവും സാങ്കേതികവും സാമ്പത്തികവുമായ തലങ്ങളിലേക്ക് കൂടെ പ്രവേശിക്കുന്നു .അതിന്റെ പ്രതിഫലനമാണ് ഇന്ത്യയുടെ തെരുവുകളിൽ നടന്ന നാടകീയമായ സംഭവങ്ങൾ 

boycott china

 അഹമ്മദാബാദിലും അരുണാചൽ പ്രദേശിന്റെ നഗരങ്ങളിലും ജനങ്ങൾ തെരുവുകളിൽ ഇറങ്ങി .ടി വി പോലുള്ള ഉപകരണങ്ങൾ എറിഞ്ഞുടച്ചു . ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ ഫോട്ടോ ചൈനീസ് പ്രസിഡന്റിന്റേതാണെന്നു തെറ്റിദ്ധരിച്ചു കത്തിച്ചു .

രാം ദാസ് ആത് വെ  എന്ന കേന്ദ്ര മന്ത്രി ചൈനീസ് ഭക്ഷണങ്ങൾ വിൽക്കുന്ന ഭക്ഷണ ശാലകൾ പൂട്ടിക്കണംഎന്ന് പ്രസ്താവിച്ചു .ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ ഓപ്പോ യുടെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിക്കാൻ ജെസിബി ക്ക് മുകളിൽ കേറുന്നതും രാജ്യ  തലസ്ഥാനമായ ഡൽഹിയിൽ ജനങ്ങൾ ചൈനീസ് വസ്തുക്കൾ നിരത്തിൽ കൂട്ടിയിട്ട് കത്തിച്ചതും മാധ്യമങ്ങളിൽ വാർത്തയായി .

   ചൈനീസ് വസ്തുക്കളുടെ ബഹിഷ്കരണത്തെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും പൊതു മേഖല കമ്പനികളോടും സംസ്ഥാനങ്ങളോടും പുതിയ കരാറുകളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടു നില്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് .മഹാരാഷ്ട്ര സർക്കാർ ചൈനീസ് കമ്പനികളുമായി ബന്ധപ്പെട്ട കരാറുകളിൽ നിന്നും പിൻവലിഞ്ഞിട്ടുണ്ട് . ബെയ്ജിങ് റയിൽവെ കമ്പനിക്ക് നൽകിയ സിഗ്നലിങ് സംവിധാനത്തിന്റെ കരാർ ഇന്ത്യൻ റെയിൽവേയും റദ്ധാക്കി കഴിഞ്ഞു ,അതുപോലെ തന്നെ ഇന്ത്യയിലെ പ്രമുഖ ഇ -കോമേഴ്‌സ് സൈറ്റുകളോട് സാധനങ്ങളുടെ നിർമാണ രാജ്യത്തിൻറെ ലിസ്റ്റുകൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് . 

എന്നാൽ ചൈന ബഹിഷ്കരണം എത്രത്തോളം നടപ്പിലാകും ..?
ബോയ്‌കോട്ട് ചൈന മുദ്രവാക്യം എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ ഇന്ത്യക്ക് കഴിയുമോ..

  • ശക്തനായ വ്യാപാര പങ്കാളി 
   ആഗോള ശക്തി എന്ന നിലയിൽ ചൈനയുടെ വളർച്ച കയറ്റുമതിയിലാണ് . ഇന്ത്യയുടെ ആകെ ഇറക്കുമതിയിലെ 14 %  ചൈനയിൽ നിന്നാണ് .അത് തന്നെ 65 ബില്യൺ ഡോളർ വരും .അതിലെ ഭൂരിഭാഗവും മാനുഫാക്ചർഡ് ഗുഡ്സ് (manufactured goods) ആണ് .മാനുഫാക്ചർഡ് ഗുഡ്സ് പ്രധാനമായും മൂന്നു കാറ്റഗറി ആണ് ഉള്ളത്.
  •  TO STOCK
  • MAKE TO ASSEMBLE
  • MAKE TO ORDER  
  അവയിൽ 33 % ഇലക്ട്രോണിക്സ് ,32 %എൻജിനീയറിങ് ,20 % കെമിക്കൽസ് ആയി ബന്ധപ്പെട്ട സാധനങ്ങളും  വസ്തുക്കളും ആണ് .ഇവയിൽ ഭൂരിഭാഗം വസ്തുക്കളും മറ്റു വിപണികളിൽ നിന്നും കണ്ടെത്താം എങ്കിലും,വർധിക്കുന്ന ചിലവും സമയ ബന്ധിതമായുള്ള  അവയുടെ ലഭ്യതയും കമ്പനികളെ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടും .
മറ്റൊരർത്ഥത്തിൽ ചരക്ക് നീക്കം തടസ്സപ്പെടുന്നത് ഇന്ത്യയിലെ തന്നെ ആഭ്യന്തര കമ്പനികളെ നേരിട്ട് ബാധിക്കും എന്ന് സാരം .


graph showing trade between india to china

ഇന്ത്യയുടെ കയറ്റുമതിയുടെ 5.1 % ആണ് ചൈനയിലേക്ക് എങ്കിൽ ചൈനയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 3% മാത്രമാണ്.
graph showing trade between chaina to india
 ഇന്ത്യ ആകെ ഇറക്കുമതിയുടെ 13.7 %  ചൈനയിൽ നിന്നുംചെയ്യുമ്പോൾ ചൈന ആകട്ടെ മൊത്തം ഇറക്കുമതിയുടെ 0.9 % മാത്രമാണ് ഇന്ത്യയിൽ നിന്നും ചെയ്യുന്നത്. വികാരപരമായിട്ട് ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തി തീരുമാനങ്ങൾ എടുത്താൽ ഭാരതത്തിനു തന്നെയാകും ക്ഷീണം. 

സ്മാർട്ഫോൺ ഇക്കോ സിസ്റ്റം 
  ഇന്ത്യയിൽ സ്മാർട്ഫോൺ ഇക്കോ സിസ്റ്റം രൂപപ്പെടുത്തിയെടുത്തത് തന്നെ ചൈനീസ് മൊബൈൽ നിർമാണ കമ്പനികളാണ്.കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ മികച്ച പെർഫോമൻസ് ചൈനീസ് കമ്പനികൾ വാഗ്ദാനം ചെയ്തതോടെ ഇന്ത്യയുടെ സ്മാർട്ഫോൺ വിപണി കൂടുതൽ ചൈനീസ് മോഡലുകളിലേക്ക് തിരിഞ്ഞു .2019 ൽ മാത്രം 50 ലക്ഷം സ്മാർട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത് എന്നോർക്കണം .
ഗവണ്മെന്റ് ഓഫ് ഇന്ത്യ 2018 നു ശേഷം ഏർപ്പെടുത്തിയിട്ടുള്ള ആന്റി ഡംപിങ് ഡ്യൂട്ടി പോലുള്ള നികുതിയോ മറ്റു താരിഫുകളോ ഏർപ്പെടുത്തിയാൽ പോലും അതിന്റെ ഭാരവും  ഇന്ത്യയിലെ ഉപഭോക്താവിലേക്ക് തന്നെയാണ് എത്തിച്ചേരുക .

വാഹന വിപണി 
   അടുത്തത് ഇന്ത്യയിലെ വാഹനവിപണിയാണ്.ടയർ,മറ്റു ഘടകങ്ങൾ എന്നിവയ്ക്കായി ഇന്ത്യൻ വാഹന വ്യവസായം ആശ്രയിക്കുന്നത് ചൈനയെ ആണ്.ഇന്ത്യയിലെ വാഹനങ്ങളുടെ സ്പെയർ പാർട്സ് മേഖല ചൈനീസ് കമ്പനികൾക്ക് കീഴിലാണെന്നു തന്നെ പറയാം. കമ്പനികൾക്ക് അസംസ്‌കൃത വസ്തുക്കൾ മത്സര നിരക്കിൽ വാങ്ങുന്നതിനുള്ള ബദൽ സ്രോതസ്സ് കണ്ടെത്തുക എന്നുള്ളത് വലിയ വെല്ലുവിളി തന്നെയാണ്. 
ഫാർമസ്യൂട്ടിക്കൽ, മരുന്ന്
   ഫാർമസ്യൂട്ടിക്കൽ, മരുന്ന് നിർമാണത്തിൽ ലോകത്തിലെ മുൻനിരക്കാരാണ് ഇന്ത്യ. "ഈ മേഖലയിലെ ഇന്ത്യയുടെ 12% കയറ്റുമതി ചൈനയുടെ ഇറക്കുമതി മുന്നിൽ കണ്ടുകൊണ്ടാണ്. ഇത് ഏകദേശം ചൈനയുടെ ഡിമാന്ഡിന്റെ 70% ഓളം വരും."- സുദർശൻ ജെയിൻ (Pharmaceutical alliance president India)

ഐ ടി 
 ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഐ ടി മേഖലയിലാണ്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ അലിബാബയും ടെൻസെന്റും അടക്കമുള്ള ചൈനീസ് കമ്പനികൾ ഇന്ത്യയിലെ യൂണികോണുകളിൽ (start-up with valuation of over 1 billion dollar ) കോടികളുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 


  കോവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളിൽ പെട്ട ഇന്ത്യൻ കമ്പനികളെ ചൈന  ശത്രുതാ മനോഭാവത്തോടെ ഏറ്റെടുക്കുന്നത് കണ്ട്  ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പോളിസികളിൽ ഇന്ത്യ മാറ്റം വരുത്തി കഴിഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക സാങ്കേതിക മേഖലകളിലെ സർവാധിപത്യം നേടിയെടുക്കാനുള്ള ചൈനീസ് ശ്രമങ്ങൾക്കാണ് സർക്കാർ തടയിട്ടത്. ഇന്ത്യയുടെ നടപടികൾ W T O ന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ് എന്ന് ചൈന ആക്ഷേപം ഉയർത്തി കഴിഞ്ഞു. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിലെ ഇൻവെസ്റ്റ്മെന്റ് ന്റെ മാത്രം കാര്യം എടുത്താൽ തന്നെ  ചൈനയെ ബഹിഷ്കരിക്കുക എളുപ്പമല്ല എന്ന യാഥാർഥ്യം മനസ്സിലാകും. 
>
പിന്നെ എന്താണ് ചെയ്യാനാവുക... ?

  •   ചൈനയുമായുള്ള വ്യാപാരബന്ധം ഒറ്റയടിക്ക് വഷളാക്കാനാവില്ല. പക്ഷേ ഇന്ത്യക്ക് ആഗോള വ്യാപാരത്തിൽ ചൈനയ്ക്ക് ഒപ്പം വളരുവാനാകും. കോവിഡ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ പോലും ഇന്ത്യൻ സാമ്പത്തികവ്യവസ്ഥ വളർച്ചയുള്ളതാണെന്നു (1.9% ) IMF ചൂണ്ടികാണിക്കുന്നു. 
  • ഇപ്പോൾ ഉയർന്നുവരുന്ന ആഹ്വാനങ്ങൾ മനസിലാക്കി MAKE IN INDIA  പോലുള്ള പദ്ധതികൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. 
  • ഇറക്കുമതിയിലുള്ള ആശ്രയത്വം കുറക്കാനുള്ള നടപടികൾ എടുക്കാൻ കഴിയണം. ഇപ്പോൾ 50 ബില്യൺ ഡോളറാണ് ചൈനയുമായുള്ള വ്യാപാരക്കമ്മി. അത് കുറച്ചുകൊണ്ട് വരുവാൻ ശ്രമിക്കേണ്ടതുണ്ട്. 
റേറ്റിങ് ഏജൻസിയായ അക്യുറ്റി യുടെ പുതിയ കണ്ടെത്തലുകൾ പ്രകാരം ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ 25% വരെ മാറ്റി സ്ഥാപിക്കാൻ ഇന്ത്യക്ക് കഴിയും. ഇത് വ്യാപാരക്കമ്മിയിൽ നിന്നും 8 ബില്യൺ ഡോളറിന്റെ കുറവാണ് വരുത്തുക. 2020 ഫെബ്രുവരിയിൽ അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യ ചൈനയിൽ നിന്നും 43 മില്യൺ ഡോളറിന്റെ കരകൗശല വസ്തുക്കളാണ് ഇറക്കുമതി ചെയ്തെതെന്നു മനസ്സിലാക്കുമ്പോഴാണ് ഇറക്കുമതിയുടെ വ്യാപ്തിയും പരിഹാരമാർഗങ്ങളും ഈ രാജ്യത്തു തന്നെയുണ്ടെന്ന് മനസ്സിലാവുക. 

  •  ചൈനക്കെതിരെ ഹ്രസ്വകാല സാമ്പത്തിക നടപടികളെക്കാൾ നല്ലത് ആത്മ നിർഭർ ഭാരത് ന്റെ ഭാഗമായി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കരണ നടപടികളേക്കാൾ കൂടുതൽ നടപടികളുമായി   മുന്നോട്ട് പോവുക എന്നതാണ്. 
  • അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിൽ നേട്ടം ഇന്ത്യക്ക് ആയിരിക്കും എന്ന് കരുതിയവർക്ക് തെറ്റി. അവസരം മുതലെടുത്ത ബംഗ്ലദേശും വിയറ്റ്നാമുമാണ് നേട്ടമുണ്ടാക്കിയത്. അതുകൊണ്ട് തന്നെ കൃത്യ സമയത്തുള്ള നയതന്ത്ര ഇടപെടലുകളുടെ കാര്യത്തിലും ഇന്ത്യ മുന്നാക്കം പോകേണ്ടതുണ്ട്. 

അങ്ങനെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ബോയ്‌കോട്ട് ചൈന മുദ്രവാക്യം ധൈര്യപൂർവം ഏറ്റെടുക്കാനുള്ള സാമ്പത്തിക അവസ്ഥയിലേക്ക് ഇന്ത്യയും വളരണം. സാമ്പത്തികപരമായിട്ടുള്ള ആധിപത്യത്തേക്കാൾ സാമ്പത്തിക കരുത്തുള്ള രാജ്യമായി മാറുക എന്നുള്ള വെല്ലുവിളി സർക്കാർ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. 


special credits to BBC,economic times
Previous Post Next Post