ജിഗർതണ്ട.. 2014ൽ റിലീസായ കാർത്തിക് സുബ്ബരാജ് ന്റെ അടിപൊളി ആക്ഷൻ തമിഴ് പടമായാണ് നമ്മളീ പേര് കേട്ടിട്ടുള്ളത്. സിദ്ധാർഥും ബോബി സിംഹയും തകർത്തഭിനയിച്ച മധുരൈയിലെ അധോലോകത്തിന്റെ കഥ പറഞ്ഞ സിനിമ.
എന്നാൽ ഈ ജിഗർതണ്ട വേറെയാണ്. മധുരൈയിൽ നിന്ന് തന്നെയുള്ള, നാവിൽ രുചിയുടെ മാലപ്പടക്കം തീർക്കുന്ന ഒരു അഡാർ ഐറ്റം.
Jigarthanda |
ക്ഷേത്രനഗരത്തിന്റെ ഏതുകോണിലും ലഭ്യമായ ഈ പാനീയത്തിന്റെ ചരിത്രത്തെക്കുറിച്ചോ, ഉദ്ഭവത്തെപറ്റിയോ യാതൊരു രേഖകളുമില്ല. എന്നിരുന്നാലും 1600കളുടെ അവസാനത്തോടെ ദക്ഷിണേന്ത്യയിലേക്ക് നീങ്ങിയ മുഗൾ വംശജരാണ് ഇത് പ്രചാരത്തിലാക്കിയത് എന്നതാണ് ഒരൈതീഹ്യം. 1800കളിൽ വന്ന ആർക്കോട്ട് നവാബുകൾ ആണ് ജിഗർതണ്ടയ്ക്ക് പിന്നിൽ എന്നും ചിലർ വാദിക്കുന്നു.
|
ജിഗർതണ്ട എന്ന പേരിന് ഒരു തമിഴ് ടച്ച് ഇല്ലാത്തത് മേൽപ്പറഞ്ഞ കഥകൾ ശരിവയ്ക്കുന്നതാണ്. ജിഗർ (ശരീരം/ഹൃദയം), ഠണ്ട (തണുപ്പ്) എന്നീ ഹിന്ദി-ഉറുദു വാക്കുകളിൽ നിന്നാണ് ഈ പേര് ലഭ്യമായത്. ഉള്ളത്തെ തണുപ്പിക്കുന്ന പൊളി സാധനം.
ചരിത്രമെന്തോ ആവട്ടെ, മധുരൈക്കാരെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന, അല്ലേൽ ഏറ്റവും പ്രസിദ്ധമായ "ജിൽ ജിൽ ജിഗർതണ്ടയ്ക്ക്" വെറും 42 വയസാണ് പ്രായം.
ഈസ്റ്റ് മാരറ്റ് സ്ട്രീറ്റിലെ 'ഫെയ്‌മസ് ജിഗർതണ്ട' എന്ന ഷോപ്പ് ആണ് ഇതിന്റെ തലതൊട്ടപ്പന്മാർ. 1977ൽ ആരംഭിച്ച ഇവർക്ക് ഇന്ന് തമിഴ്നാട്ടിലൂടനീളം 35 ബ്രാഞ്ചുകളുണ്ട്.
പിന്നെ ഏറ്റവും പേരുകേട്ട ജിഗർതണ്ടയുള്ളത് ചെന്നൈയിലെ മുരുഗൻ ഇഡ്ഡലികടയിലാണ്.
|
രണ്ടും തമ്മിലുള്ള വ്യത്യാസം അതിലെ പ്രധാന ചേരുവയാണ്. മധുരൈയിൽ 'ബദാം പിസിര്' എന്ന് തമിഴിൽ വിളിക്കുന്ന ആൽമണ്ട് റെസിൻ ഉപയോഗിക്കുമ്പോൾ മുരുഗണ്ണന്റെ കടയിൽ ചൈനഗ്രാസ് ആണ് ഉപയോഗിക്കുക. ജെൽ പരുവത്തിലുള്ള ഇത് അഗർ അഗർ എന്നും കടൽപാസി എന്നും അറിയപ്പെടുന്നു.
ഇതല്ലാതെ നന്നാരി സിറപ്പ്, കുറുക്കിയ കട്ടിപ്പാൽ, വീട്ടിൽ തന്നെയുണ്ടാക്കിയ ഐസ്ക്രീം എന്നിവയാണ് ഇൻഗ്രീഡിയന്റ്സ്. തലേദിവസം കുതിർത്ത് വെച്ച ആൽമണ്ട് പിസിരിലേക്ക് ഈ സാധനമെല്ലാം ചേർത്താൽ സംഭവം റെഡി. ഇവ മിക്സ് ചെയ്യുന്നത് മാത്രേ നമുക്ക് കടയിൽ കാണാനാവൂ.
പക്ഷെ ചേരുവകളെല്ലാം തലേദിവസം തന്നെ തയ്യാറാക്കിവെച്ചാൽ മാത്രേ സാധനം നന്നാവൂ. ഗ്ലാസെടുത്ത് ചുണ്ടോട് ചേർത്താൽ ഒടുക്കത്തെ രുചി. അത് നാവിൽ നിന്ന് പോണേൽ ഇത്തിരി സമയമെടുക്കും.
കേരളത്തിലെ പല ഭാഗത്തും ജിഗർതണ്ട ഷോപ്പുകൾ ഇപ്പോൾ കാണാം. എന്നാലും മധുരൈയിലെ ജിഗർതണ്ടക്ക് തന്നെയാണ് ഏറ്റവും 'മധുരം'.
SyamMohan
@teamkeesa