വാക്കിനതീതമായ പ്രകൃതിഭംഗിയും, ജൈവവൈവിധ്യവും അനേകം ബൃഹത്തായ നിർമ്മിതികൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യ. ആശ്ചര്യവും കൗതുകവുമൊളിപ്പിക്കുന്ന അനേകം ഇടങ്ങൾ. അങ്ങനെ ചരിത്രമുറങ്ങുന്ന, മഹത്തായ ഒരു ഭൂതകാലത്തിന്റെ കഥ പറയുന്ന ഒരിടമാണ് മുംബൈയിലുള്ള ഛത്രപതി ശിവജി മഹാരാജ് റയിൽവേ സ്റ്റേഷൻ.
|
ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്ന്. അതിലുപരി, രാജ്യത്തിലെ എന്നല്ല, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയേറിയ സ്റ്റേഷനും മുംബൈയുടെ ഐക്കൺ ആയ CST ആണ്.
ഗോഥിക് നിർമാണശൈലിയിൽ നിർമിച്ച ഈ സമുച്ചയം യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഏഴ് ലക്ഷത്തോളം യാത്രക്കാർ ഒരുദിവസം CST യിൽ എത്തുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.
|
മധ്യറെയിൽവേ സോണിന്റെ ആസ്ഥാനം കൂടെയാണിവിടം. പുറമേ അതിമനോഹരമായ നിർമിതി, അകത്തേക്ക് പലവഴി യാത്ര ചെയ്യുന്ന ജനക്കൂട്ടം. ഫ്രഡറിക് വില്യം സ്റ്റീവൻസ് രൂപകല്പന ചെയ്ത ഈ സൗധത്തിന് 130ലേറെ കൊല്ലത്തിന്റെ കഥകൾ പറയാനുണ്ട്. 1878 മുതൽ പത്തുകൊല്ലം നീണ്ടുനിന്ന നിർമാണത്തിന് അന്ന് ചെലവായത് പതിനാറര ലക്ഷം രൂപയാണ്. താജ്മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടിട്ടുള്ളതും ഈ റെയിൽവേ സ്റ്റേഷനാണ്.
|
1887ൽ അന്നത്തെ ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടു. പിന്നീട് 1996ൽ മറാത്താ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ പേര് നൽകപ്പെട്ടു, അത് വരെയും ബോംബെ വി.ടി എന്നപേരിലാണ് ഈ കെട്ടിടം അറിയപ്പെട്ടത്. ഒടുവിൽ 2017ലാണ് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എന്ന ഇന്നത്തെ പേരിലെത്തുന്നത്. 2004ൽ യൂനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടിയ CST 2012ൽ മാത്രമാണ് കാഴ്ചക്കാർക്കായി തുറന്നുകൊടുക്കുന്നത്.
ഇന്ത്യൻ മുഗൾ രീതിയും യൂറോപ്യൻ ഗോഥിക് ശൈലിയും ചേർന്നതാണ് ഇതിന്റെ ഡിസൈൻ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ 1700കളിലാണ് ഈ ശൈലി ഉദ്ഭവിക്കുന്നത്. ഈ ശൈലിയിൽ അനേകം പ്രസിദ്ധമായ കെട്ടിടങ്ങൾ വേറെയുമുണ്ട്. മൈസൂർ കൊട്ടാരം, കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ഡൽഹി സെക്രട്ടറിയേറ്റ്, മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടൽ എന്നിവയെല്ലാം അതിൽ ചിലതാണ്.
മകുടങ്ങളും മിനാരങ്ങളും കമാനങ്ങളുമെല്ലാം മുഗൾ നിർമാണരീതിയുടെ സവിശേഷതകളാണ്. ത്രികോണാകൃതിയിലുള്ള ഗെയ്‌ബിളും, സ്തൂപികശിഖരങ്ങളും, മികച്ച കൽപണികളുമടങ്ങുന്ന ഗോഥിക് രീതി യൂറോപ്യൻ കത്തീഡ്രലുകളെ അനുസ്മരിപ്പിക്കുന്നു. കെട്ടിടത്തിന് ഏറ്റവും മുകളിൽ ഒരു കൊളോസ്സൽ പ്രതിമയുണ്ട്. വലതുകയിൽ ഉയർത്തിപ്പിടിച്ച ഒരു വിളക്കും, ഇടതുകയ്യിൽ ആരക്കാലുകളോട്കൂടിയ ഒരു ചക്രവും പിടിച്ച ഈ പ്രതിമ പുരോഗതിയെ സൂചിപ്പിക്കുന്നു.
|
സമലക്ഷണത്തോടെ 'C' ആകൃതിയിലാണ് ഈ ബിൽഡിങ് നിലകൊള്ളുന്നത്. തുടക്കത്തിൽ ആറ് പ്ലാറ്റ്ഫോമുകൾ ആയിരുന്നുവെങ്കിൽ ഇന്ന് പതിനെട്ട് എണ്ണമാണുള്ളത്. പതിനെട്ടാമത്തെ പ്ലാറ്റ്ഫോമിനു സമീപം ചെറിയ ഒരു ഹെറിറ്റേജ് ഗാലറി തയ്യാറാക്കിയിട്ടുണ്ട്. പഴക്കമേറിയ ഇലക്ട്രിക്ക് ലോക്കോയും മറ്റുപല റെയിൽവേയുമായി ബന്ധപെട്ട മറ്റനേകം അമൂല്യ വസ്തുക്കളും അവിടെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട മഹാനഗരം തന്നെയാണ് മുംബൈ. ആരെയും വശീകരിച്ച് അടുപ്പിക്കുന്ന മായാജാലം ഈ നഗരത്തിന് വശമുണ്ട്. മിന്നിമറയുന്ന അനേകം കാഴ്ചകൾക്കിടയിൽ ചരിത്രത്തിന്റെ ഏടും, ജീവിതത്തിന്റെ വേഗവും ഒരേ സമയം കാണിച്ചുതരുന്ന ഒരിടമാണ് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്. നേരെ മുംബൈയിലേക്ക് ട്രെയിൻ കേറിയാൽ മാത്രം മതി 😊
SyamMohan
@teamkeesa