ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണം പുരോഗമിക്കുന്നതിനിടയിൽ വികാസ് ദുബൈ എന്ന കൊടും കുറ്റവാളി കൂടെ കൊല്ലപ്പെട്ടതോടെ എല്ലാവരുടെയും ഓർമയിലേക്ക് 2017 ലെ ടി വി ഷോയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ്. "ആരെങ്കിലും കുറ്റകൃത്യം ചെയ്താൽ അവരെ വകവരുത്തിയിരിക്കും"
എന്നാൽ ഒരു ഡി വൈ എസ് പി അടക്കം എട്ടു പോലീസുകാർ കൊല്ലപ്പെട്ട സംഭവം ഉത്തർപ്രദേശ് പോലീസിന്റെ അഭിമാനത്തിന് കനത്ത ക്ഷതം ഏൽപ്പിച്ചതോടെ വികാസ് ദുബേ യുടെ ചരിത്രവും ഇത് തന്നെ ആയിരിക്കുമെന്ന് പ്രശാന്ത് ഭൂഷൺ അടക്കമുള്ള പലരും ട്വീറ്റ് ചെയ്തിരുന്നു.
കുറ്റകൃത്യവും രാഷ്ട്രീയവും ഇടകലർന്നതാണ് ഉത്തരപ്രദേശിന്റെ സ്വഭാവം.ഓരോ പ്രദേശം കേന്ദ്രീകരിച്ചും നേതാക്കളും അവരുടെ ആജ്ഞാനുവർത്തികളായ ഗുണ്ടാ നേതാക്കളും.കൊലപാതകം അടക്കമുള്ള കേസുകളിൽ പോലും അവർ പ്രതികൾ ആണെങ്കിൽ പോലും ഉയർന്ന രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ പോലീസിന് എഫ് ഐ ആർ പോലും സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
ക്രിമിനലുകൾ രാഷ്ട്രീയ നേതാക്കളായി മാറുന്ന കാഴ്ച.ഇപ്പോൾ കൊല്ലപ്പെട്ട വികാസ് ദുബേ 60 ഇലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.അവയിൽ ഭൂരിഭാഗവും നേരിട്ടുള്ള കൊലപാതക കേസുകളുമാണ്.പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നു മന്ത്രിയെ വെടിവെച്ചു കൊന്ന കേസിലെ ഒന്നാംപ്രതി ആയിട്ടുപോലും ബഹുജൻ സമാജ് പാർട്ടിയുമായുള്ള ബന്ധമാണ് ദുബൈയെ സംരക്ഷിച്ചിരുന്നത്.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ നേരിടാൻ പോലീസിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുറ്റവാളികളോട് കീഴടങ്ങുകയോ സംസ്ഥാനം വിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഉടൻ തന്നെ ‘ഓപ്പറേഷൻ ക്ലീൻ’ ആരംഭിച്ചു.എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളായ പോലീസ് ഉദ്യോഗസ്ഥർ തോക്കെടുത്തു രംഗത്ത് ഇറങ്ങുക കൂടെ ചെയ്തതോടെ നിരവധി കുറ്റവാളികൾ വെടിയേറ്റുവീണു.
449 ഏറ്റുമുട്ടലുകൾ നടന്ന മീററ്റ് സോണിൽ ആണ് ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടന്നത്. ആഗ്ര സോണിന് 210 എണ്ണം. പട്ടികയിൽ മൂന്നാമത് 196 ഏറ്റുമുട്ടലുകളുള്ള ബറേലി സോണാണ്, നാലാമത് 91 ഷൂട്ടൗട്ടുകളുമായി കാൺപൂർ സോൺ.
മുഖ്യമന്ത്രിയുടെ മണ്ഡലം ഗോരഖ്പൂരിലാണ് ഏറ്റവും കൂടുതൽ പോലീസ് ഏറ്റുമുട്ടലുകൾ നടന്നത്.
എന്നാൽ പൊലീസിന് ഇപ്പോഴും ക്രിമിനൽ ബന്ധങ്ങൾ ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു വികാസ് ദുബൈയുടെ ഭാഗത്തു നിന്നുണ്ടായ ആക്രമണം.പോലീസുകാർ തിരച്ചിലിനു എത്തുന്നുണ്ട് എന്നുള്ള അറിയിപ്പ് പോലീസിൽ നിന്നുമാണ് ചോർന്നത് എന്നുള്ള ആരോപണം ഉയർന്നിരുന്നതോടെ പൊലീസിലെ ക്രിമിനൽ ബന്ധങ്ങളെയും ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് കാര്യമായി എടുത്തുകഴിഞ്ഞു.
മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു,പ്രത്യേക പരിശീലനം നൽകിയാണ് രംഗത്ത് ഇറക്കുന്നത് -കുറ്റവാളികളോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്നാണ് മുകളിൽ നിന്നുമുള്ള ഉത്തരവ്.യാതൊരു രാഷ്ട്രീയ സമർദ്ദവുമില്ലാതെ പോലീസ് പ്രവർത്തിക്കുന്നതുകൊണ്ടു ആസൂത്രിത കുറ്റകൃത്യങ്ങളിൽ കുറവുണ്ട് -ഓ പി സിങ് ഡിജിപി.
2017 ജൂൺ 17 നു ഷാംലി ജില്ലയിൽ യുവ ഐ പി എസ് ഉദ്യോഗസ്ഥൻ അജയ്‌പാൽ ശർമയുടെ നേതൃത്വത്തിൽ വിപുൽ എന്ന കുറ്റവാളിയെ കാട്ടിൽ കയറി കാലിനു വെടിവെച്ചു വീഴ്ത്തിയാണ് ഏറ്റുമുട്ടലുകൾക്ക് തുടക്കം കുറിക്കുന്നത്.അതേ വര്ഷം തന്നെ കാല ഗ്യാങിലെ ഷൂട്ടർ മുഹമ്മദ് ഫർഖാനെ ഇതേ സംഘം വെടിവെച്ചു വീഴ്ത്തി.നിരവധി ക്രിമിനൽ കേസുകൾ പേരിലുള്ള നൗഷാദ് ഡാനി,സർവർ എന്നിവരെ ഇവർ വെടിവെച്ചു കൊന്നു. അജയ്‌പാൽ ശർമയ്ക്ക് സർക്കാർ പുരസ്‍കാരം നൽകുകയും ചെയ്തു.
വളർന്നുവരുന്ന ഏറ്റുമുട്ടലുകളുടെ എണ്ണത്തിൽ കർശനമായ ജാഗ്രത പാലിച്ചില്ലെങ്കിൽ അത് 1991 ലെ പിലിഭിത് വ്യാജ ഏറ്റുമുട്ടൽ കേസ് ആവർത്തിക്കാൻ ഇടയാക്കും.തീവ്രവാദികളാണെന്നു കരുതി തീർത്ഥാടനത്തിൽ നിന്ന് മടങ്ങുകയായിരുന്ന 12 പേരെ കൊലപ്പെടുത്തിയ കേസിൽ 47 പോലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി 2016 ൽ കണ്ടെത്തി.
ജീവന് ഭീഷണിയാകും എന്ന് കണ്ടതോടെ പലരും ഒതുങ്ങി.യോഗിയുടെ വാക്കുകൾ കടമെടുത്താൽ സംസ്ഥാനം ഇപ്പോൾ സുരക്ഷിതമാണ്.എന്നാൽ പോലീസിനും സർക്കാരിനും താല്പര്യമില്ലാത്തവരെയും ക്രിമിനലുകളാക്കി മുദ്രകുത്തുന്നു എന്നുള്ള ആരോപണം ഉണ്ട്.നോയിഡയിൽ സുമിത് ഗുർജർ എന്ന ജിം ഉടമയെ വെടിവെച്ചു കൊന്നപ്പോൾ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2018 ൽ ഉത്തർപ്രദേശിൽ സാമുദായിക, ജാതി സംഘർഷങ്ങൾ 66 ശതമാനവും 60 ശതമാനവും കുറഞ്ഞു. മതപരിവർത്തന കേസുകളിൽ 45 ശതമാനം കുറവുണ്ടായതായി സംസ്ഥാന സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.