ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവസതി |ലക്ഷ്മി വിലാസ് പാലസ്, വഡോദര | Lakshmi Vilas Palace vadodara travel

Lakshmi Vilas Palace vadodara
ഗുജറാത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് വഡോദര. അവിടെ എഴുന്നൂറ് ഏക്കറോളം വിസ്തൃതിയുള്ള ഒരു എസ്റ്റേറ്റിലാണ് ആരെയും അതിശയിപ്പിക്കുന്ന മികവിൽ ലക്ഷ്മി വിലാസ് പാലസ് എന്ന ഈ സൗധം സ്ഥിതി ചെയ്യുന്നത്. ലോകത്തെ എത്രയോ മികച്ച കോട്ടകളോ, കൊട്ടാരങ്ങളോ കണ്ടുവന്ന് നിന്നാലും, ഈ ഭവനം നമ്മെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. 

ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ സ്വകാര്യവസതി ഒരുപക്ഷേ ഈ ലക്ഷ്മി വിലാസ് പാലസ് ആകും. നഗരഹൃദയത്തിൽ തന്നെയാണെങ്കിലും, ഇന്നും രാജ്യത്തിന്റെ വിനോദസഞ്ചാരഭൂപടത്തിൽ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല ഈ സ്ഥലം.

വഡോദരയിലെ, അഥവാ പഴയ ബറോഡയിലെ പ്രമുഖ മറാത്താ കുടുംബങ്ങൾ ആണ് ഗെയ്ക്‌വാദുകൾ. ഗുജറാത്തിൽ അങ്ങോളമിങ്ങോളം അനേകം നിർമിതികൾ ഇവരുടേതായുണ്ട്. രാജകുടുംബം അല്ലെങ്കിൽപോലും ഇവർ താമസിച്ചിരുന്ന മന്ദിരങ്ങൾ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്. 

1880കളിൽ, സായാജിറാവു ഗെയ്ക്‌വാദ് ആണ് അന്നത്തെ ഏകദേശം 2 ലക്ഷത്തോളം പൗണ്ട് മുടക്കി ഈ കെട്ടിടം നിർമിക്കുന്നത്. 

ഇന്ത്യൻ-വിക്ടോറിയൻ ശൈലി സമന്വയിപ്പിച്ച് മേജർ ചാൾസ് മാന്റും, റോബർട് കിസ്‌കോളും ആണ് പാലസിന്റെ രൂപകൽപ്പന നിർവഹിച്ചത്. ലണ്ടനിലെ ബക്കിങ്‌ഹാം കൊട്ടാരത്തിന്റെ നാലിരട്ടിയാണ് ലക്ഷ്മിവിലാസ് പാലസിന്റെ വലിപ്പം. 

ഇന്ത്യൻ രാജകുമാരൻമാർക്കും അതേസമയം ഇംഗ്ലീഷ് ജന്റിൽമാൻമാർക്കും ഒരേസമയം ഇഷ്ടപ്പെടുന്ന രീതിയിലുളള രൂപകൽപ്പനയും സൗകര്യങ്ങളുമാണ് പാലസിൽ. അക്കാലത്തെ ഏറ്റവും ആധുനികമായ ഒരു നിർമിതി.  എലിവേറ്റർ സൗകര്യം, ടെലിഫോൺ എക്സ്ചേഞ്ച്, വൈദ്യുതി എന്നിങ്ങനെയുള്ള ആഢംബരങ്ങളെല്ലാം അവിടുണ്ടായിരുന്നു. 

രാജസ്ഥാനിൽ നിന്നും ഇറ്റലിയിൽനിന്നുമെത്തിച്ച മുന്തിയ ഇനം മാർബിളുകൾ, പൂനയിൽ നിന്ന് ട്രാപ്പ്സ്റ്റോൺ, ആഗ്രയിലെ ചുവന്ന വെട്ടുകല്ലുകൾ മുതലായവ കൊണ്ടാണ് നിർമാണം. ഉള്ളിൽ 170ൽ അധികം മുറികളുണ്ട്. പല ചുവരുകളും വെള്ളി പൂശിയതാണ്. 
കോണിപ്പടികൾ എല്ലാം മാർബിളുകളാൽ അലംകൃതം. ഇവയെല്ലാം ജയ്പൂർ, രജ്പുത്, യൂറോപ്യൻ ശൈലികളിലാണ് പണിയപെട്ടിരിക്കുന്നത്. തൂണുകളിലെല്ലാം അതിമനോഹരമായ കൊത്തുപണികൾ. പലതിനും സൂര്യന്റെയും പശുക്കളുടെയും രൂപമാണ്. 

ഗെയ്ക്‌വാദുകളുടെ ആരാധനാമൂർത്തി സൂര്യനാണ്, പോരാതെ പശുക്കളിൽ നിന്നാണ് അവരുടെ കുടുംബത്തിന് ആ പേര് ലഭിച്ചതും. ഉൾവശത്തെ ഹാളുകളിൽ അനേകം ശില്പങ്ങളും കാണാം, മിക്കവയും പേരുകേട്ട ശില്പികളുടെ കരവിരുത്. ഒട്ടനേകം മയിലുകളുടെ ശില്പങ്ങളും കൊട്ടാരത്തിന് അകത്തും പുറത്തുമായുണ്ട്. ജനലുകൾ എല്ലാം കളർഗ്ലാസുകളാൽ അലങ്കരിക്കപ്പെട്ടവ. ഏറ്റവും മുകളിലായി പൂർണമായും ഗ്ലാസിൽ പണികഴിപ്പിച്ച താഴികക്കുടം.

ലണ്ടനിലെ പ്രശസ്തമായ കീവ് ബൊട്ടാണിക്കൽ ഗാർഡൻ ഡിസൈൻ ചെയ്ത വില്യം ഗോൾഡറിങ് ആണ് ലക്ഷ്മി വിലാസ് പാലസിലെയും ഉദ്യാനത്തിന്റെ സൃഷ്ടാവ്. കൊട്ടാരത്തിന് ചുറ്റും മികച്ച പുൽത്തകിടിയും ജലാശയങ്ങളും. അങ്ങിങ്ങായി കൊച്ചുശില്പങ്ങളും. എത്ര നേരം വേണേലും നമുക്കിവിടെ നോക്കി നിൽക്കാൻ തോന്നിപ്പോകും.

സ്വകാര്യവസതി ആണെങ്കിലും ഇവിടെ കാഴ്ചക്കാർക്ക് പ്രവേശനമുണ്ട്. ടിക്കറ്റിൽ ഓഡിയോ ഗൈഡും ലഭ്യമാണ്. സ്വന്തം ഫോണിൽ തന്നെ ഒട്ടനേകം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകുന്ന നമ്പേർഡ് ഓഡിയോ ഗൈഡ് സംവിധാനം ഇന്ത്യയിൽ ആദ്യം ഏർപ്പാടാക്കിയത് ഇവിടെയാണ്. 

കൊട്ടാരത്തിനുള്ളിലുള്ള മ്യുസിയത്തിൽ അനേകം അമൂല്യവസ്തുക്കൾ പ്രദർശനത്തിലുണ്ട്. രാജഭരണകാലത്തെ വാളുകളും കഠാരകളും തൊട്ട് ലോകമഹായുദ്ധങ്ങളിൽ ഉപയോഗിച്ച സബ്മെഷീൻ ഗണ്ണുകൾ വരെ അക്കൂട്ടത്തിലുണ്ട്. 

സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെയും അദ്ദേഹത്തിന്റെ എതിരാളി മുഗൾ രാജാവ് ഔറംഗസേബിന്റെയും വാളുകളും ഇവിടെ കാണാം.

പല ബോളിവുഡ് സിനിമകളിലും ഈ കൊട്ടാരം മുഖം കാണിച്ചിട്ടുണ്ട്.ലക്ഷ്മിവിലാസ് പാലസിലെ ഒട്ടുമിക്ക ഭാഗങ്ങളിലും ഫോട്ടോഗ്രാഫി അനുവദനീയമല്ല. എന്നിരുന്നാലും കണ്ണുകൾ കൊണ്ട് ആസ്വദിച്ചാലും തീരാത്ത ഒരു ഭംഗിയാണ് ഈ കൊട്ടാരത്തിന്. 

ലോകത്തെ പലഭാഗത്തുള്ള നിർമാണശൈലികളുടെ മനോഹരമായ സമ്മേളനമാണ് ഇവിടം. ഒരുപക്ഷേ ആ നാട്ടുകാർ അല്ലാതെ അധികമാരും അറിയപ്പെടാതെപോയ ഒരു ആർക്കിടെക്ചറൽ മാർവൽ.



SyamMohan
@teamkeesa
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.