കണക്കതികാരം - കേരളത്തിന്റെ ഗണിത പാരമ്പര്യം Kanakkathikaram - The Mathematical history of Kerala




"ഗണിതശാസ്ത്രം", ഒരുപാട് ശാസ്ത്ര ശാഖകളിൽ അതിപ്രധാന ഘടകമായി മാറിയ ഒരു ശാസ്ത്രം.
എന്നാൽ ഈ ചരിത്രമെല്ലാം ഉദയം ചെയ്തിരുന്നത് യൂറോപ്പ്യൻ സംസ്കാരങ്ങളിൽ നിന്നായിരുന്നു.ലോക സംസ്കാരങ്ങൾക്കൊപ്പം വളർന്ന ഗണിതശാസ്ത്രം ഭാരതത്തിലും തനതായ ശൈലിയിൽ വികസിച്ചുകൊണ്ടേ ഇരുന്നു.

ഭാരതത്തിന്റെ ഗണിതപാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രം കേരളമായിരുന്നു..
പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടുപിടിക്കപ്പെട്ട അനന്തശ്രേണിയുടെയും (Infinite series ), കലനശാസ്ത്രത്തിന്റെയും (calculus )ആശയങ്ങൾ രൂപം കൊണ്ടത് നിളയുടെ അരികിൽ കിടക്കുന്ന ഒരു പ്രദേശത്തായിരുന്നു..ഇതൊന്നും അധികം ആരും അറിയാത്ത കാര്യങ്ങൾ..
എന്നാൽ കേരളത്തിന്റെ തനതായ ഗണിത പാരമ്പര്യത്തെ ഇപ്പോൾ ലോകം അറിയാൻ പോകുന്നു.. 

സ്വിറ്റ്സർലൻഡ് ലെ ഇ ടി എച്ച് സൂറിച്ച് സർവകലാശാലയിലെ ഹിസ്റ്ററി ആൻഡ് ഫിലോസഫി ഓഫ് മാത്തമറ്റിക്കൽ സയൻസ് ചെയർ മലയാള ഗണിത ഗ്രന്ഥമായ കണക്കതികാരത്തിന്റെ സംശോധിത പാഠം പ്രസിദ്ധീകരിക്കാൻ പോവുന്നു..

ഇ ടി എച്ച് സൂറിച്ച് സർവകലാശാലയിലെ അധ്യാപകനായ പ്രൊഫ. ഡോ.റോയ് വാഗ്നറുടെ നേതൃത്വത്തിലുള്ള ചെയർ ആണ് കണക്കതികാരം പുനഃപ്രസിദ്ധീകരിക്കാൻ പോവുന്നത്.

കേരളത്തിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറികളിൽ സൂക്ഷിച്ചിരുന്ന മലയാളവും ചെറിയതോതിൽ ദ്രാവിഡ ഭാഷയും കൂടിക്കലർന്ന പാട്ട് രൂപത്തിലുള്ള കണക്കതികാരത്തിന്റെ പകർപ്പുകൾ ശേഖരിച്ചു അത് യഥാവിധി എഡിറ്റിംഗ് നടത്തി ഇംഗ്ലീഷ് ഭാഷയിൽ പുനഃപ്രസിദ്ധീകരിക്കരിക്കാൻ അതേ ചെയർ ലെ ഗവേഷകനായ അരുൺ അശോകനും കാലിക്കറ്റ്‌ സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിനിയായ പി. എം. വൃന്ദയും ആണ് പ്രൊഫ.വാഗ്നർക്കൊപ്പം പ്രവർത്തിക്കുന്നത്.




കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള ഭാഷാവിഭാഗം മുൻ അധ്യാപകനും ഭാഷ ശാസ്ത്രജ്ഞനുമായ  ഡോ. ടി. ബി. വേണുഗോപാല പണിക്കർ മാഷിന്റെ കൂടെ പ്രൊഫ.വാഗ്‌നർ 2012 ൽ ഹീബ്രു സർവകലാശാലയിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു,, അങ്ങനെയാണ് അവർ ഭാഷാ, ഗണിതം തുടങ്ങിയ വിഷയങ്ങളുടെ ചർച്ചയിൽ ഏർപ്പെടുകയും പ്രൊഫ.വാഗ്‌നർ മലയാളഗണിതപാരമ്പര്യത്തിലേക്ക് ചുവട് വയ്ക്കുകയും  ചെയുന്നത്..
ഡോ. വേണുഗോപാല പണിക്കർ മാഷിൽ നിന്നും പ്രൊഫ. വാഗ്‌നർ മലയാള ഭാഷ പഠിച്ചെടുക്കുകയും ചെയ്തു.

കാലിക്കറ്റ്‌ സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിനിയും പ്രഫസ്സർ വാഗ്നറിന്റെ സംഘാഗവുമായ പി.എം വൃന്ദയുമായി 
മാനസ ശ്രീധർ നടത്തിയ അഭിമുഖം.

  • എന്താണ് കണക്കതികാരം എന്ന ഗ്രന്ഥം ?

മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ള പുരാതനമായ ഒരു ഗണിത ഗ്രന്ഥമാണ് കണക്കതികാരം. കേരളത്തിലെ വിവിധ മാനുസ്ക്രിപ്റ്റ് ലൈബ്രറികളിൽ താളിയോലഗ്രന്ഥമായി നിലകൊള്ളുന്ന ഈ ഗണിത സമാഹാരത്തെ..മലയാളത്തിന്റെ ഗണിത പാരമ്പര്യത്തെ,, ലോകമെമ്പാടുമുള്ള ഗണിത പ്രേമികളുടെ കയ്യിൽ സംശോധിത പാഠമായി എത്തിക്കുക എന്ന ദൗത്യമാണ് സൂറിച്ച് സർവകലാശാലയിലെ പ്രൊഫ.റോയ് വാഗ്നറും കൂട്ടരും ചെയ്യുന്നത്..


ഈ ഗ്രന്ഥത്തിന്റെ രചയിതാവ് ആരെന്ന് കണ്ടെത്താനായിട്ടില്ല..തമിഴിലും കണക്കതികാരം എന്ന പേരിൽ ഒരു ഗണിത ഗ്രന്ഥമുണ്ട്....
മലയാളത്തിൽ രചിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ കണക്കതികാരത്തിനു ദ്രാവിഡ ഭാഷാ സ്വാധീനവും ഉണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്.

  • കണക്കതികാരവും കാലഘട്ടവും.

ഗ്രന്ഥത്തിന്റെ കാലഘട്ടം ഏതെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ പഠനങ്ങളിലൂടെ അത് സാധ്യമാകും എന്ന് പ്രതീക്ഷിക്കാം..
എന്നാൽ, താളിയോലകളിലെ മലയാള ലിപിയുടെ അടിസ്ഥാനത്തിൽ മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കാലഘട്ടത്തിനും മുന്നേ രചിക്കപ്പെട്ട ഗ്രന്ഥമാണ് കണക്കതികാരം എന്ന് ഊഹിക്കാം.. എങ്കിലും, കാലഘട്ടം വ്യക്തമായി പറയണമെങ്കിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

  • കണക്കതികാരം എന്ന ഗ്രന്ഥം തിരഞ്ഞെടുക്കാനുള്ള കാരണം.?

വിവിധ രാജ്യങ്ങളിലെ പ്രാദേശിക ഭാഷയിൽ രചിക്കപ്പെട്ടിരിക്കുന്ന ഗണിത ഗ്രന്ഥങ്ങളെ ശേഖരിച്ച് പഠനം നടത്തുക എന്നുള്ളതാണ് ഇ ടി എച്ച് സൂറിച്ച് സർവകലാശാലയിലെ ഹിസ്റ്ററി ആൻഡ് ഫിലോസഫി ഓഫ് മാത്തമറ്റിക്കൽ സയൻസ് ചെയറിന്റെ പ്രധാന
 ഉദ്ദേശം . ഭാരതത്തിൽ വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷകളും എല്ലാം ഉണ്ടെങ്കിലും, തനതായ സംസ്ക്കാരത്തെ എഴുതുകളിലൂടെയും കലകളിലൂടെയും ലോകമനസുകളെ കവർന്നെടുത്ത മലയാളം തമിഴ് എന്നീ ഭാഷകളെയാണ് സർവകലാശാല തിരഞ്ഞെടുത്തിരിക്കുന്നത്...അങ്ങനെയാണ് വളരെക്കാലമായി മാനുസ്ക്രിപ്റ്റ് ലൈബ്രറികളിൽ ഉറങ്ങിക്കിടന്ന കണക്കതികാരം എന്ന ഗ്രന്ഥത്തിന് പുനർജ്ജന്മം ലഭിക്കുന്നതും. 

  • ഒരു മാനുസ്ക്രിപ്റ്റ് ഗ്രന്ഥത്തെ പുസ്തകമാക്കുന്നതിന്റെ പൊരുൾ എന്ത്‌?

മാനുസ്ക്രിപ്റ്റുകളെ വായിച്ചെടുക്കുക എന്നുള്ളത് അത്ര ലളിതമായ കാര്യമല്ല.. അതിനാൽ തന്നെ താളിയോലകളെ പുസ്തകമാക്കി ആയിരങ്ങളുടെ കയ്യിൽ എത്തിക്കുക എന്നത് അനിവാര്യമാണ്.. 

കണക്കതികാരത്തിന്റെ കാര്യം എടുത്താൽ.. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള മാനുസ്ക്രിപ്റ്റ് ലൈബ്രറികളിലെ catalogues (താളിയോല പട്ടികകൾ) നോക്കി താളിയോലകളെ ശേഖരിച്ചും, പകർത്തി എഴുതിയും Lower Criticism, Higher Criticism തുടങ്ങിയ നിരവധി പ്രക്രിയകളിലൂടെയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്..ഇന്ത്യയിൽ ഹയർ ക്രിട്ടിസിസം (higher criticism) എന്ന പ്രക്രിയ അധികം ഉപയോഗിക്കാറില്ല. എന്നാൽ പുറം രാജ്യങ്ങളിൽ പ്രധാന പ്രക്രിയയായി ഉപയോഗിക്കാറുണ്ട്. 


ഇങ്ങനെ പല പല പ്രക്രിയകളിലൂടെയൊക്കെ ചെന്നാണ് ഒരു താളിയോല പുസ്തകരൂപത്തിൽ സംശോധിത പാഠമായി പുറത്ത് വരുന്നത്. കണക്കതികാരം ഇപ്പോൾ higher criticism എന്ന പ്രക്രിയയിലാണ് എന്ന് പറയാം..

ഹയർ ക്രിട്ടിസിസം (Higher Criticism) എന്നാൽ മൂലഗ്രന്ഥത്തെ ഒന്നുകൂടി ആഴ്ന്നിറങ്ങി പഠിക്കലാണ്.. കൃതിയുടെ ഭാഷാശൈലി, രചനാരീതി, മറ്റ് ഗ്രന്ഥരചനാപരമായ ഭാവങ്ങൾ, രചയിതാവിനെ കുറിച്ചുള്ള പഠനങ്ങൾ, കൃതിയുടെ ഉത്ഭവം തുടങ്ങി നിരവധി കാര്യങ്ങളെ പഠിക്കലാണ് ഇവിടെ നടക്കുന്നത്.. ]


  • പഠനത്തിന്റെ അവസാന ഘട്ടത്തോട് അടുക്കുകയാണല്ലോ കേരളത്തിന്റെ ഗണിത ശാസ്ത്ര ചരിത്രത്തെ കുറിച്ച് കണ്ടെത്തലുകളുണ്ടോ..?
• ഭാരത ഗണിത പാരമ്പര്യം എന്നാൽ സംസ്കൃതഭാഷയെ മാത്രം കൈചൂണ്ടുന്ന നമ്മൾക്ക് പ്രാദേശിക ഭാഷകളിലും വിലമതിക്കാനാവാത്ത ഗ്രന്ഥ സമാഹാരങ്ങൾ ഉണ്ട് എന്ന തിരിച്ചറിവ് വളരെ വലുതാണ്.

• ഭാഷാപിതാവായ തുഞ്ചത് രാമാനുജൻ എഴുത്തച്ഛന് മുൻപേ മലയാളഭാഷക്ക് എഴുത്തിൻ പാരമ്പര്യം അവകാശപ്പെടാൻ ഉണ്ട് എന്ന യാഥാർഥ്യത്തെ തിരിച്ചറിയൽ. 

• ഗദ്യരൂപത്തിൽ ഉള്ള ഒന്നിനെ മനസ്സിലാക്കുന്നതിനേക്കാൾ എളുപ്പത്തിൽ പദ്യരൂപത്തിൽ ഉള്ള ഒന്നിനെ മനസിലാക്കാൻ കഴിയും എന്നതിനാൽ ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന പാട്ടിന്റെ ശൈലിയുള്ള എഴുത്ത്.
തുടങ്ങി നിരവധി കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു.. പഠനം പൂർത്തിയാകുന്നതോട് കൂടി കൂടുതൽ കാര്യങ്ങളെ അറിയാൻ സാധിക്കും..


കണക്കതികാരത്തിന് പുറമെ, കേരളത്തിന്റെ ഗണിത പാരമ്പര്യത്തിന്റെ ചിഹ്നമായ കൂടുതൽ കൃതികളെ പഠിക്കാൻ ഒരുങ്ങുകയാണ് സംഘം.
പുരാതന ദ്രാവിഡഭാഷ കലർന്ന ഗണിത വിഷയത്തിലുള്ള ഗ്രന്ഥമായതിനാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ ഭാഷാപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ  അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട് ഈ സംഘത്തിന്. 

 എല്ലാ എഡിറ്റിംഗും പൂർത്തിയായ കൃതി വിദഗ്ധരുടെ അഭിപ്രായങ്ങൾക്കായി അയച്ചിരിക്കുകയാണ്.. ഭാഷാ ശാസ്ത്രജ്ഞനായ  ഡോ.ടി.ബി.വേണുഗോപാല പണിക്കർ മാഷ് അടക്കമുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾക്കായാണ് അയച്ചിരിക്കുന്നത്....വിദഗ്ധരുടെ അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും ഉപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്തിമപാഠം പുറത്ത് വരുക. 
കാത്തിരിക്കാം കേരളഗണിതപാരമ്പര്യത്തിന്റെ ലോകപര്യടനത്തിനായി..





Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.