കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പുതിയ ബഫർസോണും അപ്രഖ്യാപിത കുടിയിറക്കലും!

ഗാഡ്ഗിലും കസ്തുരിരംഗംനും റിപ്പോർട്ടുകൾ,  തീർത്ത ആശങ്കകളുടെ കോടമഞ്ഞു കേരളത്തിന്റെ മലയോര കർഷക ജനതയിൽ നിന്നും വിട്ടുമാറിയിട്ടില്ല. ഇപ്പോൾ കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർ സോൺ എന്ന പേരിൽ പരിസ്ഥിതി ലോലപ്രദേശങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയിരിക്കുന്നു.
new bufferzone
കസ്തുരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതി ലോലപ്രദേശങ്ങളെ അടയാളപ്പെടുത്തിയതിൽ അപാകതകൾ ഉണ്ടെന്നുള്ള കേരള സർക്കാർ വാദം അംഗീകരിച്ച കേന്ദ്രം, കേരള സർക്കാരിനോട് പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പുതിയ മാപ്പ് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെൻറ് സെന്റർ (KSRSE) തയ്യാറാക്കിയ പുതുക്കിയ മാപ്പ് പ്രകാരമാണ് മലബാർ, ആറളം, ഇടുക്കി എന്നീ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പുതുക്കിയ ബഫർ സോൺ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

വിവിധ ജില്ലകളിലായി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പഞ്ചായത്തുകൾ. (3 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ ആണ് നിലവിൽ വന്നിരിക്കുന്നത് ഇനി 20 വന്യജീവി സങ്കേതങ്ങളുടെ ലിസ്റ്റ് വരുവാനുണ്ട്. പഞ്ചായത്തുകളുടെ എണ്ണവും  സ്ഥല വിസ്തീർണവും വർധിക്കാം)



ഇനി കാര്യങ്ങളിലേക്ക്... 

     കോഴിക്കോട് വയനാട് ജില്ലകളിലായി സ്ഥിതിചെയ്യുന്ന മലബാർ വന്യജീവി സാങ്കേതത്തിന്റെ ചുറ്റുമുള്ള 13 വില്ലേജുകൾ. 13, 239 ഏക്കർ ഭൂമിയാണ് പരിസ്ഥിതി ലോലപ്രദേശമായി മലബാറിൽ മാറുന്നത്. 
  • .13 വില്ലേജുകളിലായി 5500 ജനങ്ങൾ മാത്രമേ പരിസ്ഥിതി ലോല പ്രദേശത്തു താമസിക്കുന്നുള്ളൂ  എന്ന് റിപ്പോർട്ട്‌ പറയുന്നു. കേരള സർക്കാർ ഡിപ്പാർട്മെന്റ് ഓഫ് പഞ്ചായത്ത്‌ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ചാൽ പോലും 40, 000-50, 000 ഇടയിൽ ആൾക്കാർ ഇവിടെ താമസമുണ്ട്.(dop.isgkerala.gov.in)
  • .വനാതിർത്തിയിൽ നിന്നും 1 കിലോമീറ്റർ ദൂരമാണ് ജനവാസകേന്ദ്രങ്ങളിൽ പോലും ബഫർസോൺ ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.എന്തുകൊണ്ടാണ് ഊരാളുങ്കൽ സൊസൈറ്റിയുടെ അടക്കം നിരവധി വൻ ക്വറികൾ ഉള്ള ചെമ്പനോട കുണ്ടുതോട് മേഖലയിൽ ഈ ഒരു കിലോമീറ്റർ 100 മീറ്റർ മാത്രമായി ചുരുങ്ങിയത്..? 

pic;thehindu

  • .കൃഷിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എന്ന പേരിൽ വലിയൊരു നിർദേശ സമാഹാരം സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 
  • നിലവിൽ നടത്തിവരുന്ന കൃഷി തുടരുന്നതിന്, പുതിയത് ആരംഭിക്കുന്നതിന്  തടസ്സങ്ങൾ ഉണ്ട്.അതിൽ തീരുമാനമെടുക്കുന്നത് വന്യജീവി സാങ്കേതവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ആയിരിക്കും. 
  • സാങ്കേതിക ഗുണമേന്മയുള്ള വിത്തുകൾ, വളങ്ങൾ നിരോധനം നേരിടും 
  • കാർഷികാവശ്യത്തിനായുള്ള കിണർ കുഴൽകിണറുകൾ എന്നിവയും നിയന്ത്രണ വിധേയമാകും 
  • വാഹന ഗതാഗതം കർശന നിയന്ത്രണങ്ങൾ വരും. പെട്രോൾ, ഡീസൽ വാഹനങ്ങൾ വിലക്കി LPG അല്ലെങ്കിൽ  CNG മാത്രം അനുവദിക്കും. ടാക്സി സർവീസുകൾക്കും നിയന്ത്രണം വരും.CNG ഉം  LPG യും വാഹനങ്ങൾ ഇപ്പോഴും സജീവമല്ലാത്ത കേരളത്തിലെ, മലയോര ഗ്രാമങ്ങളിലേക്കുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയാൽ ഉണ്ടാകുന്ന അവസ്ഥ എത്രത്തോളം ക്രൂരമായിരിക്കും. 
  • വൈദ്യുതി, ടെലികമ്യൂണിക്കേഷൻ പ്രവർത്തനങ്ങൾ തടയപ്പെടും. പുതിയ ടവറുകൾ, പുതിയ ലൈനുകൾ എന്നിവ നിയന്ത്രിക്കപ്പെടുകയോ നിരോധിക്കുകയോ ചെയ്യാം. ഇടുക്കിയിലെ പെട്ടിമുടി ദുരന്തം പോലും പുറംലോകം അറിഞ്ഞത് 12 മണിക്കൂറുകൾക്ക് ശേഷമാണ്. അത്തരം അനുഭവങ്ങൾ പാഠമായി മുന്നിൽ നിൽക്കെ മലയോര മേഖലകളിലെ വാർത്താവിനിമയ സാധ്യതകൾ തടസപ്പെടുത്തുക എന്ന തീരുമാനം എത്രയോ ബാലിശമാണ്. 
പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം പ്രസ്തുത മേഖലയിൽ പുതിയ റോഡുകൾ,  പാലങ്ങൾ, കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുവാൻ ആവില്ല. മാത്രവുമല്ല നിലവിലെ റോഡുകളുടെ റീ ടാറിങ് , പാലങ്ങളുടെ, കെട്ടിടങ്ങളുടെ  അറ്റക്കുറ്റപ്പണികൾ  പോലും മോണിറ്ററിംഗ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ആയിരിക്കും.നിർദിഷ്ട മലയോര ഹൈവേ യുടെ നിർമാണം തടയപ്പെടാനും സാധ്യതകൾ ഉണ്ട്. 

കാർഷികവിളകൾ വ്യാപകമായി പരാജയപ്പെട്ട മലയോര മേഖലകളുടെ സാമ്പത്തിക നട്ടെല്ലായ കോഴി, പന്നി, മീൻ തുടങ്ങിയ ഫാമുകൾക്ക് നിരോധനം വരും. 

നിലവിൽ ചന്ദനം, തേക്ക് മുതലായ മരങ്ങൾ മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എല്ലാ മരങ്ങളിലേക്കും ബാധിക്കും.റബ്ബർ ഷീറ്റ് നിർമ്മിക്കുമ്പോഴുണ്ടാകുന്ന മലിനജലം വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതിനാൽ റബർ കൃഷി നിരോധിക്കപ്പെടാം. 

ബഫർ സോൺ പരിധിയിലെ കൃഷി ചെയ്യപ്പെടാതെയും തരിശായും കിടക്കുന്ന പ്രദേശങ്ങൾ ഏറ്റെടുത്തു വന്നവത്കരണം നടത്തും. അതായത് കൃഷി ഭൂമി -കൃഷി നടക്കുന്നില്ലെങ്കിൽ നഷ്ടപരിഹാരം നൽകാതെ ഏറ്റെടുക്കാൻ നിയമം വനം വകുപ്പിന് അംഗീകാരം നൽകുന്നു. 

നിലവിൽ വനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാം, വനം അല്ലാത്ത ഈ പ്രദേശങ്ങളിലും വനം വകുപ്പിന് പ്രയോഗത്തിൽ വരുത്താൻ ഈ നോട്ടിഫിക്കേഷനിൽ  അനുവാദം നൽകുന്നു. 

ഇഞ്ചി, മഞ്ഞൾ, ഏലം, ചേമ്പ്, ചേന തുടങ്ങിയ കൃഷികൾക്ക് മലയുടെ ചെരിവുകളിൽ ഉള്ള കൃഷികളാണ് എന്നതിനാൽ വിലക്ക് വരുവാൻ സൂചന ഉണ്ട്. 


  • അടിസ്ഥാന സൗകര്യവികസനം പൂർണമായും നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ഈ മേഖലയിൽ ആദിവാസി വിഭാഗങ്ങൾക്കായി ഇളവുകൾ ഒന്നും ഇല്ല.പുതിയതായി വന്നിരിക്കുന്ന എല്ലാ നിയമങ്ങളും, വന നിയമങ്ങളും ഇനി വനത്തോട് ചേർന്നു നാട്ടിൽ ജീവിക്കുന്ന അവർക്ക് ബാധകമായിരിക്കും. വിറക്, തേൻ പോലുള്ള വന വിഭവങ്ങൾ ശേഖരിക്കാൻ ആദിവാസി സമൂഹങ്ങൾക്ക് അനുവാദം നൽകുന്ന 2007 ലെ വനാവകാശ നിയമത്തിന്റെ പൂർണമായ ലംഘനം ആണ് നടക്കാൻ പോകുന്നത്. 

പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആളുകൾക്ക് താമസിക്കുന്നതിനു തടസ്സമില്ല എന്ന് എടുത്തു പറയുന്ന റിപ്പോർട്ടിൽ വീട് പണിയുന്നതിനും പുതുക്കുന്നതിനും, കിണർ കുത്തുന്നതിനും, കൃഷിക്കും, വൈദ്യുതിക്കും, ടൂറിസത്തിനും, പാലങ്ങൾക്കും, റോഡിനും, വാഹനങ്ങൾക്കും, ചെറുകിട ഫാമുകൾക്കും വ്യവസായ യൂണിറ്റുകൾക്കും കർശനമായ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തുന്നു. 

എന്നാൽ ഈ നോട്ടിഫിക്കേഷനിൽ എവിടെയും ഈ പ്രദേശത്തുള്ള
ജനങ്ങൾക്കോ, കാർഷിക വിളകൾക്കോ നേരിടാവുന്ന വന്യജീവി അക്രമണങ്ങളെ കുറിച്ചോ, നഷ്ടപരിഹാരത്തെ കുറിച്ചോ, വന്യജീവി ആക്രമണം തടയാനുള്ള ആശയങ്ങളെ പറ്റിയോ പരാമർശം ഇല്ല. 

മലബാർ വന്യജീവി സാങ്കേതത്തിന്റെ സ്ഥലവിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, കലമാൻ, കാട്ടുപോത്ത്, കുറുക്കൻ, മലയണ്ണാൻ, ആന  എന്നീ വന്യമൃഗങ്ങൾ ഈ പ്രദേശത്തു ഉണ്ട് എന്ന് ചൂണ്ടികാണിക്കുന്നു.ഇതേ റിപ്പോർട്ടിൽ തന്നെ രൂക്ഷമായ വന്യമൃഗ ശല്യം ഈ പ്രദേശങ്ങളിൽ നേരിടുന്നുണ്ട് എന്നും സർക്കാർ തന്നെ സമ്മതിക്കുന്നു. 

എന്നിട്ടും എന്തുകൊണ്ടാണ് ഈ ബഫർ സോൺ പരിധിയിലെ താമസക്കാർക്കും, കൃഷികൾക്കും സംരക്ഷണം എന്ന ആശയം പോലും കണക്കിൽ എടുക്കാത്തത്..? എത്രയോ പേർ വന്യജീവി അക്രമണങ്ങളിൽ കൊല്ലപ്പെടുകയും, ഏക്കർ കണക്കിന് കൃഷികൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ബഫർസോൺ പരിധിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത് അപകടകരമാവുന്ന തരത്തിൽ വന്യമൃഗ ശല്യം വർധിക്കുന്നതിന് കാരണം ആകില്ലേ.. 

പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ചു നിബന്ധനകൾ ലംഘിക്കുന്നവരെ ശിക്ഷിക്കും എന്ന് പറയുന്ന കേന്ദ്രസർക്കാർ കാട്ടുപന്നിയടക്കമുള്ള അപകടകാരികളായ മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നും വ്യക്തമാക്കേണ്ടതുണ്ട്. 

വരും നാളുകളിൽ ജൈവകൃഷിയും ടൂറിസവും ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗമായേക്കാം എന്ന് വിലയിരുത്തുന്ന കേന്ദ്ര വനവകുപ്പ് അതിന് വേണ്ടി ആവശ്യമായ റോഡും പാലവും കെട്ടിടങ്ങളും അടക്കമുള്ള  എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങളും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നു. 

കാർഷികഭൂമിയിലോ മറ്റ് ഭൂമികളിലോ എന്ത് പ്രവർത്തനങ്ങൾ നടത്തണമെങ്കിലും ഉടമസ്ഥൻ അല്ലെങ്കിൽ സർക്കാർ ബന്ധപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുവാദം വാങ്ങണം.നിലവിൽ ആധാരമുള്ള, കരം അടക്കുന്ന ഒരു ഭൂമിയുടെ ഉടമസ്ഥനും സംസ്ഥാന സർക്കാരും കൈകാര്യം ചെയ്തിരുന്ന കാര്യങ്ങൾക്ക് ഇടയിലേക്ക് വനം വകുപ്പ് കൂടെ വന്നു ചേരുകയാണ്. 

ബഫർ സോൺ പരിധിയിലെ സ്ഥലങ്ങളുടെ കൈമാറ്റത്തെ കുറിച്ചുള്ള സൂചനകൾ ഇല്ല.അവ്യക്തമായ തീരുമാനങ്ങൾ നികുതി സ്വീകരിക്കാത്ത സമീപകാല സംഭവങ്ങളിലേക്ക് മലയോര വില്ലേജുകളെ നയിക്കും. 

ബഫർസോൺ പരിധിയിലെ സ്ഥലങ്ങൾ ഈട് വെച്ച് എടുത്തിട്ടുള്ള ബാങ്ക് വായ്പ്പകളുടെ അവസ്ഥ എന്തായിരിക്കും.? കൂടുതൽ ബാങ്കുകളും പണം എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കാൻ ശ്രമിക്കും. അത് കലുഷിതമായ മാനസിക സാമൂഹിക സാഹചര്യങ്ങളിലേക്ക് മലയോരങ്ങളെ നയിക്കും. 
ഇത്തരം ബാങ്ക് കടങ്ങൾ എഴുതിത്തള്ളാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണം. അല്ലെങ്കിൽ മൊറട്ടോറിയം, പലിശ ഇളവ്, ഗഡുക്കളുടെ കാലാവധി വർധിപ്പിക്കുക പോലുള്ള  നടപടികൾ സ്വീകരിക്കാൻ ബാങ്കുകളെ സർക്കാർ പ്രേരിപ്പിക്കേണ്ടതുണ്ട്. 

പരിസ്ഥിതി ലോലപ്രദേശങ്ങൾ വനഭൂമിയിൽ മാത്രമാക്കി റിപ്പോർട് നൽകിയ തമിഴ്നാട് സർക്കാർ നടപടികൾ കേരള സർക്കാർ പിന്തുടരേണ്ടിയിരുന്നു. വൈകിയ ഈ സമയത്തു എങ്കിലും നിയമമായി മാറുന്നതിനു മുൻപ് തന്നെ കേരള സർക്കാർ കേന്ദ്രത്തിലേക്ക് നൽകിയ റിപ്പോർട് പിൻവലിച്ചു, ജനാവാസകേന്ദ്രങ്ങളെ ഒഴിവാക്കി പരിസ്ഥിതി ദുർബലപ്രദേശം എന്ന പരിധിയിൽ നിന്നും ജനവാസ ഇടങ്ങളെയും കാർഷിക ഭൂമിയെയും ഒഴിവാക്കി പുതിയ റിപ്പോർട്ടും മാപ്പും സമർപ്പിക്കണം. 
  • ഡിസ്ട്രിക്ട് ഫോറെസ്റ്റ് ഓഫീസർ DFO(സെക്രട്ടറി)
  • വന്യജീവി സംരക്ഷണകേന്ദ്രം ഉൾപ്പെടുന്ന ജില്ലകളുടെ കളക്ടർമാർ (ചെയർമാൻ)അല്ലെങ്കിൽ പ്രതിനിധി 
  • വന്യജീവി സംരക്ഷണകേന്ദ്ര ബഫർ സോൺ ഉൾപ്പെടുന്ന നിയോജക മണ്ഡലങ്ങളിലെ എം എൽ എ മാർ 
  • കേരള പരിസ്ഥിതി വകുപ്പ് പ്രതിനിധി 
  • പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന NGO പ്രതിനിധി (കേരളസർക്കാർ നോമിനീറ്റ് ചെയ്യുന്ന ആൾ)
  • മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ അധികാരി
  • സംസ്ഥാന ജൈവ വൈവിദ്യ ബോർഡ് അംഗം 
  • കേന്ദ്ര പരിസ്ഥിതി വകുപ്പ് പ്രതിനിധി 
  എന്നിവരാണ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ.കുറഞ്ഞത് 10 പേരെങ്കിലും അംഗങ്ങൾ ആയേക്കാവുന്ന ഈ കമ്മിറ്റിയിൽ ജനങ്ങളുടെ അഭിപ്രായം പറയുന്നതിന് എം എൽ എ മാർ മാത്രമാണുള്ളത്. അത്തരമൊരു അവസരത്തിൽ കൂടുതൽ ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികളെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം കമ്മിറ്റിയിലെ ഭൂരിപക്ഷം എന്ന മനദണ്ഡത്തിൽ തട്ടി ജനാഭിപ്രായം ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.ഉദ്യോഗസ്ഥ മേധാവിത്വം സൃഷ്ടിക്കപ്പെടുന്നത് പ്രദേശത്തെ ജനങ്ങളെ കൂടുതൽ അപകടത്തിലേക്കാണ് നയിക്കുക. 

കേരളസർക്കാർ കേന്ദ്രത്തിനയച്ച റിപ്പോർട്ടിൽ(section 5a) പറയുന്നത് ബഫർ സോൺ പരിധിയിലെ ജനങ്ങളോട് ചർച്ചകൾ നടത്തി, അവർക്ക് വേണ്ട അറിയിപ്പുകൾ നൽകി, നിബന്ധനകൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ സൂചിപ്പിച്ചു തയ്യാറാക്കിയ റിപ്പോർട് ആണ് ഇത് എന്നാണ്.എന്നാൽ ബഫർ സോൺ പരിധിയിലെ പഞ്ചായത്തുകളും കർഷകരും ഇതിനെ എതിർക്കുന്നു. അങ്ങനെ മീറ്റിങ്ങുകൾ നടന്നിട്ടുണ്ട് എങ്കിൽ മിനുട്സ് പുറത്തുവിട്ട് സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതാണ്. 

പരിസ്ഥിതി സംരക്ഷിക്കാൻ എന്ന പേരിൽ ഇറക്കിയിരിക്കുന്ന ഈ നോട്ടിഫിക്കേഷനിൽ സൗകര്യപൂർവം വൻകിട  ക്വറികളെ ഒഴിവാക്കിയിരിക്കുന്നു.

കേരളത്തിൽ 5174  ക്വാറികൾ നിയമ വിരുദ്ധമായാണ്  പ്രവർത്തിക്കുന്നത്  എന്ന് കേരള ഫോറസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI ) കണ്ടെത്തിയുണ്ട് ഒപ്പം 200 കോടി പ്രതിമാസം കേരളത്തിലെ ക്വാറി മുതലാളിമാർ ഉദ്യോഗസ്ഥർക്കും മറ്റു അധികാരികൾക്കും മാസപ്പടി നൽകുന്നു എന്ന് മലയാള മനോരമ ഫ്രണ്ട് പേജിൽ 2019 സെപ്റ്റംബർ രണ്ടിന് വാർത്ത നൽകിയിരുന്നു. 156 ഏക്കർ സർക്കാർ ഭൂമി ക്വാറി മാഫിയകൾ കൈവശപ്പെടുത്തിയാണ് പല ക്വാറികളും പ്രവർത്തിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് . 
  

ഏറ്റവും ഗുരുതരമായ കാര്യം മുക്കുന്നിമലയിലെ ഖനനം സംബന്ധിച്ച അന്വേഷണത്തിൽ 300 കോടിയുടെ അഴിമതി കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ C.I ആർ. റബിയത്തിനെ വധിക്കാൻ ശ്രമം ഉണ്ടായെന്നും കൂടി മനസ്സിലാക്കുമ്പോൾ കേരളത്തിലെ ക്വാറി മാഫിയകളുടെ സ്വാധീനം എന്തെന്ന് മനസിലാക്കാം. 
ലോകം മുഴുവൻ തങ്ങളുടെ പ്രകൃതിയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തു ഒരു സംസ്ഥാനത്തും ഇല്ലാത്ത 50 മീറ്റർ ദൂര പരിധി എന്ന  പുതിയ  നിയമമാണ് കേരള സർക്കാർ ക്വാറി മാഫിയക്ക് വേണ്ടി ഉണ്ടാക്കി നൽകിയത്.

കരട് വിഞാപനം ഇറങ്ങി 60 ദിവസങ്ങൾ മുതൽ പരാതികൾ അയക്കുവാനുള്ള സമയമുണ്ട്. എന്നാൽ നിരവധി അപാകതകളും,  പ്രദേശവാസികളോട് യാതൊരു ചർച്ചയും നടത്താതെ പുറത്തിറക്കിയിരിക്കുന്ന ഈ നോട്ടിഫിക്കേഷൻ റദ്ദ് ചെയ്യാനുള്ള നടപടികളാണ് ആദ്യം സർക്കാർ സ്വീകരിക്കേണ്ടത്. 
ശേഷം ഓരോ വാർഡുകളിലും ഗ്രാമസഭകൾ വിളിച്ചു ചേർക്കുകയോ, കോവിഡിന്റെ സാഹചര്യങ്ങളിൽ ഗ്രാമസഭകൾ ചേരാൻ ആകാത്തപക്ഷം നടപടികൾ തത്കാലികമായി നിർത്തിവെക്കുകയോ ചെയ്യണം. 

ചുരുക്കത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന പേരിൽ മലയോര ജനതയുടെ ജീവിതത്തിലേക്ക് കൂടുതൽ നിരോധനങ്ങൾ കൊണ്ടുവന്നു അവരെ കുടിയിറക്കാനുള്ള ശ്രമങ്ങളിലേക്കാണ് ഈ നോട്ടിഫിക്കേഷൻ വിരൽ ചൂണ്ടുന്നത്. കൃഷിയിടങ്ങളും, ജനവാസ സ്ഥലങ്ങളും പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നിന്നും മാറ്റി വനഭൂമിയിലേക്ക് മാത്രമായി ചുരുക്കുക എന്ന തമിഴ്നാടിന്റെ നിർദ്ദേശം തന്നെയാകണം കേരള സർക്കാരും അവലംബിക്കേണ്ടത്. 

നിലവിൽ ഈ പഠനത്തിനായി ആധാരമാക്കിയിരിക്കുന്നത് മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫ്ഫർസോണുമായി ബന്ധപ്പെട്ട് ലഭ്യമായ നോട്ടിഫിക്കേഷൻ ആണ്.കേരളത്തിലെ മറ്റു വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട ബഫർസോൺ കാര്യങ്ങളിൽ നിർദേശങ്ങളും നിബന്ധനകളും ഈ നോട്ടിഫിക്കേഷനിലേതു തന്നെ ആയിരിക്കും.അതിരുകളിൽ മാത്രമാണ് മാറ്റം വരുക.


നന്ദി ;അലക്സ് ചാണ്ടി ഒഴുകയിൽ 
         ;ഇന്ത്യൻ ഫോറെസ്റ് ഡിപ്പാർട്മെൻറ്

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.