ഹറാമല്ല ഹലാൽ ലൗസ്റ്റോറി Halal love story review

 ഒരു സാമുദായിക പ്രസ്ഥാന ചുറ്റുപാടിൽ, അതിന്റെ ചട്ടക്കൂടുകളിൽ ഒതുങ്ങി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവർ ഒന്ന് ചേർന്നു ഒരു സിനിമ എടുക്കുവാൻ ഒരുങ്ങുന്നു.ഒരു സിനിമ തങ്ങളെക്കൊണ്ട് താങ്ങില്ല, എന്നതിനാൽ അക്കാലത്തു ഇന്നത്തെ വെബ് സീരീസുകളെക്കാൾ പ്രചാരവും ജനപ്രീതിയും ഉണ്ടായിരുന്ന ടെലി ഫിലിം /ഹോം സിനിമ എന്ന പദ്ധതിയിലേക്ക് നീങ്ങുന്നു.അങ്ങനെ അവർ ഒരു ഹോം സിനിമ ഒരുക്കുന്നതും, അതിനിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും, രസവും രസക്കേടുകളും ചില തിരിച്ചറിവുകളുമാണ് "ഹലാൽ ലവ് സ്റ്റോറി".

തന്റെ ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയ പറഞ്ഞു നിർത്തുന്നിടത്തുനിന്നും ഒന്ന് മാറ്റി ചവിട്ടി അതേ വിഷയത്തെ മറ്റൊരു കണ്ണിലൂടെ കാണിക്കുകയാണ് സക്കറിയ ഇവിടെ.മുഹ്സിൻ പേരാരി KL 10 ൽ രേഖപ്പെടുത്തിയതിന്റെയും തുടർച്ച.മറ്റ് രണ്ടിടത്തും ഫുട്ബോൾ ആയിരുന്നു മാധ്യമമെങ്കിൽ ഇവിടെ അത് സിനിമ തന്നെയാണ്.


വളരെ ഒതുങ്ങിയ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും സിനിമയിലെ നാട്ടുകാർക്ക് സ്വന്തമായ,വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ട്.പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ അധിനിവേശമായാലും,കൊക്കോ കോളയുടെ പ്രകൃതി ചൂഷണം ആയാലും അവർക്ക് പ്രതികരണമുണ്ട്, പ്രതിക്ഷേധിക്കാനുമുണ്ട്.അത് മലബാറിന്റെ നാട്ടിൻ പുറങ്ങളുടെ പ്രത്യേകത ആണ്. മധ്യ മലബാറിന്റെ കാഴ്ചകൾ തന്മയത്വത്തോടെ ഈ സിനിമയും കൈകാര്യം ചെയ്യുന്നു.


ആണിനെ കാണിക്കുമ്പോൾ സ്റ്റണ്ടും പെണ്ണിനെ കാണിക്കുമ്പോൾ പാട്ടും അല്ലാത്ത ഒരു നല്ല സിനിമ തരൂ..എന്ന ഡയലോഗിൽ തുടങ്ങി വെക്കുന്നുണ്ട് ആ നാട്ടുകാരുടെ രാഷ്ട്രീയം.അത് തന്നെയാണ് ഈ സിനിമയും.

ഹലാലിലെ ഓരോ ഡയലോഗും അത് പറയാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾക്ക് അടിവര ഇടുന്നതാണ്.കൗതുകത്തോടെ നാം കഥാപാത്രങ്ങളെ വീക്ഷിക്കുന്നതിന്റെ പ്രത്യേകതയും അത് തന്നെയാണ്.

സിനിമയിൽ ഒരു രംഗമുണ്ട്. സംവിധായകനെ തീരുമാനിക്കുന്ന രംഗം, മുസ്ലിം നാമധാരിയായ പേര് സംവിധായകനായി നിർദ്ദേശിക്കപ്പെടുമ്പോൾ ആ കമ്മിറ്റിയിലെ ഒരാൾ ചോദിക്കുന്നത് അതിൽ ഒരു "പൊതു " ഇല്ലല്ലോ എന്നാണ്.അയാൾ ഒരു മുസ്ലിം നാമധാരി മാത്രമാണെന്നും യാതൊരു വിധ മത അനുഷ്ഠാനങ്ങളും പാലിക്കാത്ത ആളാണെന്നും അപ്പോൾ അതൊരു "പൊതു" ആയില്ലേ എന്നുമാണ് അവിടെ മറുപടി.അപരവത്കരിക്കപ്പെടുന്ന ഇന്ത്യൻ മുസ്ലിമിനെ ശക്തമായി തന്നെ അടിവരയിട്ട് കാണിക്കുന്നു.

"നിങ്ങൾ ഒരു തെറ്റീഫായിട്ട് ഇനി എന്നോട് മിണ്ടിയാൽ മതി"എന്ന് പറയുന്നിടത്തുനിന്നും ഡയലോഗ്കളുടെയും കഥാപാത്രങ്ങളുടെയും ശക്തി പതുക്കെ ഉയർന്നു വരുന്നു.തെറ്റുകൾ അംഗീകരിച്ചു തിരുത്തുന്ന ഒരു പുരുഷനെ മതി എനിക്ക് , എന്നതിലൂടെ നായിക കഥാപാത്രത്തിന്റെ ഉറച്ച നിലപാടുകളാണ് പ്രഖ്യാപിക്കപ്പെടുന്നത്.


ഹലാൽ ലവ് സ്റ്റോറിയെ സിനിമ എന്ന നിലയിൽ നോക്കികാണുമ്പോൾ ഏറ്റവും ആദ്യം കണ്ണുടക്കുന്നത് മനോഹരമായ, ഹൃദ്യമായ ഗാനങ്ങളിലും, പശ്ചാത്തല സംഗീതത്തിലുമാണ്.ഷഹബാസ് അമൻ, ബിജിബാൽ, നേഹ എസ് എന്നിവർ അണിയിച്ചൊരുക്കിയ സംഗീതം, പ്രേക്ഷകനെ ആദ്യാവസാനം സിനിമയിലേക്ക് അടുപ്പിച്ചു നിർത്തുന്നു.കളറിങ്,വസ്ത്ര സംവിധാനം എന്നതിലും, അജയ് മേനോന്റെ ക്യാമറയും സിനിമയുടെ ഒതുക്കത്തിന്റെയും സംവിധാന-നിർമാണ മികവിന്റെയും സാക്ഷ്യങ്ങളാണ്.

ഇന്ദ്രജിത്തും, ഷറഫുദ്ധീനും, ജോജുവും ഗംഭീരമായപ്പോൾ,പ്രകടനം കൊണ്ട് ഞെട്ടിച്ചത് ഗ്രേസ് ആന്റണിയും, മുഖ്യമല്ലാത്ത മറ്റ് വേഷങ്ങൾ അവതരിപ്പിച്ചവരുമാണ്. പാർവതിയും, സൗബിനും അതിഥി താരങ്ങൾ ആയിട്ടാണ് രംഗ പ്രവേശനം ചെയ്യുന്നതെങ്കിലും, സിനിമ യുടെ ഊർജ്ജത്തിന്റെ പ്രവാഹം ആ കഥാപാത്രങ്ങളിൽ നിന്നുമാണ്.


ഹലാൽ ലവ് സ്റ്റോറി നല്ലൊരു സിനിമയാണ്.സ്നേഹവും, നിഷ്കളങ്കതയും, നന്മയുമാണ് ഈ സിനിമ.അതിനെല്ലാം ഉപരി, അപരവത്കരിക്കപ്പെടുന്ന നാട്ടിൻപുറങ്ങളുടെ തെളിമായാർന്ന കാഴ്ചയും, കാഴ്ചപ്പാടും, ശക്തമായ രാഷ്ട്രീയവും, പ്രതിേഷേധവുമാണ് ഹലാൽ ലവ് സ്റ്റോറി.

Previous Post Next Post