യുദ്ധത്തിൽ രാജ്യം തകർന്നു, നിധി ബാക്കിയായി; പെട്ടി നിറയെ സ്വർണം, വെള്ളി, ആ മോതിരവും...!
എത്ര പഠിച്ചാലും ഓരോ ദിവസവും പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട് ചരിത്രത്തിൽ. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പുരാവസ്തു ഗവേഷകരാണ് അതിനു വേണ്ട വിവരങ്ങളെല്ലാം കണ്ടെത്തുന്നത്. പലപ്പോഴും പാഠപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത ചരിത്രം വരെയുണ്ട്. അത്തരമൊന്നാണ് നിധികളുടെ കഥകൾ. പണ്ടുകാലത്തെ യുദ്ധങ്ങളെപ്പറ്റിയും ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളെപ്പറ്റിയുമെല്ലാം പാഠപുസ്തകത്തിൽ വായിക്കാം. പക്ഷേ അതിനിടയ്ക്ക് കൊള്ളയടിക്കപ്പെട്ട അമൂല്യ വസ്തുക്കളെപ്പറ്റിയോ?
ഇനി പറയുന്നത് കൊള്ളയടിക്കപ്പെട്ട നിധിയെപ്പറ്റിയല്ല. ഏകദേശം 2000 വർഷത്തോളം ആരും കാണാതെ മറഞ്ഞു കിടന്നിരുന്ന നിധിയെപ്പറ്റിയാണ്. അതും ഒരു പോരാട്ടത്തിനു ശേഷം മറഞ്ഞു പോയ നിധി. ഇംഗ്ലണ്ടിലെ എസ്സക്സിലാണു സംഭവം. അവിടെ 2017 നവംബറിൽ ഗവേഷകരുടെ തിരച്ചിലിൽ ഒരു സ്വർണമോതിരം ലഭിച്ചു. അപൂർവമായൊരു കല്ലു പതിച്ചതായിരുന്നു മോതിരം. അതിനെപ്പറ്റി വിശദമായ പഠനം നടത്തി അടുത്തിടെയാണു ഗവേഷകർ റിപ്പോർട്ട് പുറത്തു വിട്ടത്. ഒരു വയലിൽ നിന്നു ലഭിച്ച ആ മോതിരത്തിനു പറയാൻ ഒരു കാലത്തെ പോരാട്ടത്തിന്റെ കഥയുണ്ടായിരുന്നു.
എഡി 43ലാണ് റോമാക്കാർ ബ്രിട്ടനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നത്. അതിനു മുൻപ് പല വിധ ഗോത്രങ്ങളായി ചേരി തിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു അവർ. പക്ഷേ റോമാക്കാർ വന്നതോടെ ഗോത്രങ്ങളെല്ലാം ഒന്നിച്ചു. ഐസീനി ഗോത്രത്തിന്റെ രാജ്ഞിയായിരുന്ന ബൂഡിക്കയായിരുന്നു ആ സംഘത്തിനു നേതൃത്വം നൽകിയത്. റോമൻ സൈന്യത്തിനെതിരെ എഡി 61ൽ അവർ യുദ്ധം പ്രഖ്യാപിച്ചു. എന്നാൽ ഇരച്ചെത്തിയ റോമാക്കാർക്കു മുന്നില്‍ തോൽവിയായിരുന്നു ഫലം. ഇരുപക്ഷത്തും വൻ ആൾനാശമുണ്ടായി. ഗോത്രഗ്രാമങ്ങളെല്ലാം റോമൻ സൈന്യം ചുട്ടുകരിച്ചു.
യുദ്ധത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിലൊന്ന് ഇന്നത്തെ എസ്സക്സായിരുന്നു. അവിടത്തെ കോൾചെസ്റ്റർ ഹൈസ്ട്രീറ്റിലെ ഒരു കടയിൽ നിന്ന് ഗവേഷകർക്ക് 2014ൽ ഒരു പെട്ടി ലഭിച്ചു. ശരിക്കും അതിനെയൊരു നിധിയെന്നു തന്നെ വിളിക്കേണ്ടി വരും. ചരിത്രപരമായി അത്രയേറെ വിലപ്പെട്ടതായിരുന്നു ആ പെട്ടിയിലെ സ്വർണം, വെള്ളി ആഭരണങ്ങൾ. അരമീറ്ററോളം ഉയരത്തിൽ ഇന്നും കോൾചെസ്റ്ററിലെ മണ്ണിൽ പലയിടത്തും ചുവപ്പും കറുപ്പും നിറങ്ങളിൽ യുദ്ധകാല അവശിഷ്ടങ്ങളുടെ ചാരം അടിഞ്ഞു കിടക്കുന്നുണ്ട്. അന്ന് അത്രയും ഭീകര യുദ്ധം നടന്നിട്ടും ആരും ഈ പെട്ടിയിലെ ആഭരണങ്ങൾ മാത്രം കണ്ടില്ല. ഒരുപക്ഷേ അവശിഷ്ടങ്ങൾക്കിടയിൽ മറഞ്ഞു കിടന്നതുമാകാം. 2016ലും മേഖലയിൽ നിന്ന് പലതരം സ്വർണാഭരണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ കോൾചെസ്റ്ററിൽ നിന്ന് ഏകദേശം 40 മൈൽ മാറി ബ്രോക്സ്റ്റഡിൽ നിന്നാണ് കല്ലുപതിച്ച മോതിരം ലഭിച്ചത്. റൊമനോ–ബ്രിട്ടിഷ് കാലഘട്ടത്തിലെയായിരുന്നു മോതിരം. അതും ഏറെ വിലപിടിച്ചത്. അന്നത്തെ കാലത്ത് അത്തരം മോതിരങ്ങൾ ബ്രിട്ടനിൽ നിർമിച്ചിരുന്നു. റോമിൽ നിർമിച്ച് ഇറക്കുമതിയും ചെയ്തിരുന്നു. യുവതികളായിരുന്നു പ്രധാനമായും ഇതു ധരിച്ചിരുന്നത്. അക്കാലത്തെ ചെറുപ്പക്കാർക്കുമുണ്ടായിരുന്നു കല്ലു പതിച്ച മോതിരത്തോടുള്ള കൊതി. എന്തുതന്നെയാണെങ്കിലും പണക്കാർ അമൂല്യവസ്തുവായി കരുതി സൂക്ഷിച്ചു വച്ചിരുന്നതാണു മോതിരമെന്നതു വ്യക്തം. എഡി 300–399 കാലഘട്ടത്തിലെയാണു മോതിരമെന്നാണു കരുതുന്നത്. അപ്പോഴേക്കും റോമൻ അധിനിവേശം അവസാനിക്കാറായിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിലെ നിർണായക കണ്ടെത്തല്‍ എന്നാണ് ഈ നിധികളെയെല്ലാം വിശേഷിപ്പിക്കുന്നത്. എല്ലാ പരിശോധനകൾക്കുമൊടുവിൽ എസ്സക്സിലെ പെട്ടിയും മോതിരവുമെല്ലാം സർക്കാർ നിധിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/groups/224192654652143/
കടപ്പാട്: