എന്താണ് നെറ്റ് വര്‍ക്ക് (നെറ്റ്) ന്യൂട്രാലിറ്റി
നിങ്ങള്‍ ഏതെങ്കിലും വിവരം ഇന്റെര്‍നെറ്റില്‍ തിരയുമ്പോള്‍ അത് കിട്ടാതിരിന്നിട്ടുണ്ടോ? നിങ്ങള്‍ ആരാണ് , തിരയുന്ന കണ്ടന്റ് എന്താണ്, ഏതു പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു, ഇവയൊന്നും പരിഗണിക്കാതെ ഇന്റര്‍നെറ്റിലെ എല്ലാ ഡാറ്റയും എല്ലാവര്‍ക്കും എന്ന ആശയമാണ് നെറ്റ് വര്‍ക്ക് (നെറ്റ്) ന്യൂട്രാലിറ്റി. ഇന്റെര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സും (ഐഎസ്പി-കളും) സര്‍ക്കാരുകളും ഇതിന്റെ ഭാഗമായി വരുന്ന ആരെയും തുല്യമായി പരിഗണിക്കണമെന്ന ആശയമാണിത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സര്‍വീസ് പ്രൊവൈഡേഴ്‌സ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന കണ്ടെന്റ് ഡെലിവറി തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യരുതെന്ന് നെറ്റ് ന്യൂട്രാലിറ്റി വ്യവസ്ഥ ചെയ്യുന്നു.
2000ത്തിന്റെ തുടക്കത്തിലാണ് 'നെറ്റ് വര്‍ക്ക് ന്യൂട്രാലിറ്റി' എന്ന പദം ഉപയോഗിക്കുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ നിയമ പ്രൊഫസറായ ടിം വു ഓണ്‍ലൈന്‍ വിവേചനത്തെക്കുറിച്ച് അവതരിപ്പിച്ച ഒരു പേപ്പറിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. എല്ലാ വെബ് ട്രാഫിക്കും തുല്യമായി പരിഗണിക്കണമെന്ന തത്വമാണ് നെറ്റ് വര്‍ക്ക് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്നതാവണം. സര്‍വീസ് പ്രൊവൈഡേഴ്‌സ് ആര്‍ക്കും മുന്‍ഗണന നല്‍കരുതെന്നും ചിലര്‍ക്ക് മാത്രമായി വേഗതയേറിയ ഡാറ്റ നല്‍കരുതെന്നും വാദിക്കുന്നു.
നെറ്റ് വര്‍ക്ക് ന്യൂട്രാലിറ്റിക്ക് എല്ലാ ഇന്റെര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സും എല്ലാ ട്രാഫിക്കിലും ഒരേ നിലവാരത്തിലുള്ള ഡാറ്റ ആക്സസും വേഗതയും നല്‍കേണ്ടതുണ്ട്. ഒരു സേവനത്തിലേക്കോ വെബ്സൈറ്റിലേക്കോ ഉള്ള ട്രാഫിക് തടയാനോ മാറ്റാനോ കഴിയില്ല. ഐഎസ്പികള്‍ സേവനങ്ങളോ വെബ്സൈറ്റുകളോ ഉപയോഗിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാക്കരുതെന്നും വ്യവസ്ഥ ചെയ്യുന്നു.
ചില ഉദാഹരണങ്ങള്‍ നോക്കാം. ഒരു ദശാബ്ദത്തിലേറെയായി നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ ലംഘിച്ചതിന് എടി ആൻറ് ടി കമ്പനി നിരീക്ഷണത്തിലാണ്. 2007-2009 കളില്‍, കോളുകള്‍ ചെയ്യുന്നതിനായി സ്‌കൈപ്പും മറ്റ് വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളും ആക്സസ് ചെയ്യാന്‍ ആപ്പിളിനെ എടി ആൻറ് ടി തടഞ്ഞതാണ് സംഭവം. 2012-ല്‍, ആപ്പിള്‍ ഉപയോക്താക്കളെ അതിന്റെ നെറ്റ്വര്‍ക്കില്‍ ഫെയ്‌സ് ടൈം(സ്റ്റാന്‍ഡേര്‍ഡ് ഫേസ്ടൈം വീഡിയോ പ്രോട്ടോക്കോള്‍ വഴിയോ ഫേസ്ടൈം ഓഡിയോ ഫീച്ചര്‍ ഉപയോഗിച്ചോ പരസ്പരം ആശയവിനിമയം നടത്താന്‍ ഐഫോണ്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിന്റെ വീഡിയോ, ഓഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോമാണ് ഫേസ്‌ടൈം) ആക്സസ് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു. വൈഫൈ വഴി ഇന്റര്‍നെറ്റിലേക്ക് കണക്റ്റ് ചെയ്താല്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
നെറ്റ് വര്‍ക്ക് ന്യൂട്രാലിറ്റി ഒരു പദത്തിനപ്പുറത്ത് ഓരോ വ്യക്തിയുടേയും അവകാശമാണ്. ഇന്റെര്‍നെറ്റില്‍ ഓരോ ഡാറ്റയും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയണം. ചിലര്‍ക്ക് മാത്രം പ്രതേക പരിഗണന നല്‍കുന്നത് ഇല്ലാതാക്കാന്‍ കഴിഞ്ഞാലെ ഈ ആശയം അര്‍ഥവത്താകുന്നുള്ളൂ.