ഇന്ത്യ -ചൈന അതിർത്തി തർക്കത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും, പരിഹാര നടപടികളും


ലോകത്തിലെ ഏറ്റവും നീളമേറിയ ഭൂ അതിർത്തിയുള്ള രണ്ട് രാജ്യങ്ങൾ.
അവയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള അതിർത്തി പ്രശ്നങ്ങൾ.
 എന്നാൽ കേവലം അതിർത്തി പ്രശ്നങ്ങൾ മാത്രമാണോ ഇന്ത്യ -ചൈന തമ്മിലടികളെ സജീവമായി നിലനിർത്തുന്നത്?? 

ചരിത്രം 

 •  1865 ൽ  ബ്രിട്ടീഷുകാർ  വരച്ചു വെച്ച രേഖയാണ്, ജോൺസൺ ലൈൻ. ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുന്ന ഇന്ത്യ -ചൈന അതിർത്തി  അതാണ്. 
 • 1949 ൽ കമ്മ്യൂണിസ്റ് പാർട്ടി ചൈനയുടെ അധികാരത്തിൽ എത്തുന്നു. 
 • 1950 ൽ അപ്രതീക്ഷിതമായ നീക്കം വഴി ടിബറ്റ് ചൈന പിടിച്ചെടുക്കുന്നു. 
 • 1954 ൽ ജവഹർലാൽ നെഹ്‌റു സർക്കാർ ചൈനയുമായി തന്ത്രപരമായ സൗഹൃദം സ്ഥാപിച്ചു. ചൈനീസ് അധിനിവേശ ടിബറ്റുമായി പഞ്ചശീല എഗ്രിമെന്റ് ഒപ്പുവെച്ചു. എന്നാൽ പിന്നീട് ചൈന ഇതിൽ നിന്നും പിന്നോക്കം പോയി. 
 • 1962 ൽ ഇന്ത്യാ -ചൈന യുദ്ധം, പിന്നീട് ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (line of actual control )ചൈന അധിനിവേശ കശ്‍മീർ കൂടെ ഉൾപ്പെടുത്തി നിലവിൽ വരുന്നു.
india china
indo-china war

 • 1963ൽ  സാക്സഗം  താഴ്‌വര പാകിസ്ഥാൻ ചൈനയ്ക്ക് കൈമാറി ഭായ് -ഭായ് ആകുന്നു. 
 • 2003 ൽ വാജ്‌പേയ് വ്യുഹാനിൽ വെച്ച് ചൈനീസ്  പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നു. വ്യാപാര കരാറുകളിൽ ഒപ്പിടുന്നു. 
 • 2008 മുതൽ തുടർച്ചയായ പട്രോളിങ് ലംഘനം ചൈന നടത്തുന്നു. പ്രധാനമായും 8 മലകൾ (സൈനിക ഭാഷയിൽ പറഞ്ഞാൽ 8 വിരലുകൾ) ഉള്ളതിൽ 8 എണ്ണത്തിന്റെ കാര്യത്തിലും ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നു. എന്നാൽ രണ്ടെണ്ണത്തിൽ മാത്രമേ ഇന്ത്യയ്ക്ക് അവകാശം ഉള്ളൂ എന്നാണ് ചൈനയുടെ വാദം.  ഇന്ത്യൻ സൈന്യം നടത്തുന്ന പട്രോളിംഗ് അവർ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ 1975 മുതൽ ചൈനീസ് അതിർത്തിയിൽ വെടിവെപ്പ് ഉണ്ടായിട്ടില്ല. 
 • 2018ൽ  മോദി -ഷി ജിൻ പിങ് കൂടിക്കാഴ്ച മാമലിപുരത്തു വെച്ച് നടന്നു. 
 • 2019 ൽ ചൈന കശ്‍മീർ പ്രശ്നത്തിൽ പാകിസ്താന് പിന്തുണ നൽകുന്നു. 
    സമീപകാലത്തായി ഇരു രാജ്യങ്ങളും അതിർത്തിയിൽ വൻ തോതിൽ സൈനിക വിന്യാസം  നടത്തുന്നു. 8 ഫിംഗേഴ്‌സ് മലകളിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈന്യത്തെ മെയ്‌ 5 ഇന് ലഡാക്കിലെ പാങ്കോഗ് -ത്സോ തടാകത്തിനു സമീപം ചൈന തടഞ്ഞു. ചെറിയ തോതിലുള്ള ഏറ്റുമുട്ടൽ ഉണ്ടായി.

india china

  അന്തർ ദേശീയ അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന്റെ വ്യത്യസ്ത വിലയിരുത്തലുകളിൽ നിന്നാണ് ഇന്ത്യാ ചൈന അതിർത്തി തർക്കത്തിന്റെ വേരുകളിരിക്കുന്നത്. ഇന്ത്യൻ ഗവണ്മെന്റ് കണക്കുകൾ പ്രകാരം 2016-18 കാലഘട്ടത്തിൽ 1025 തവണ  ചൈന ഇന്ത്യയുടെ പരമാധീകാര പ്രദേശത്തു അതിക്രമിച്ച്‌ കടന്നു. നകുല പ്രദേശത്തും, ഡോക് ലാമിലും സേന അംഗങ്ങൾ തമ്മിൽ അടിയും കല്ലേറും നടത്തി ഏറ്റുമുട്ടിയപ്പോഴും ഗുരുതരമായ സൈനിക വിന്യാസം അതിർത്തിയിൽ സൃഷ്ടിക്കപ്പെട്ടു. 

അരുണാചലിൽ അടക്കം ശക്തമായ അതിർത്തി തർക്കം നിലനിൽക്കുമ്പോൾ രാജീവ് ഗാന്ധി ചൈന സന്ദർശിച്ചിട്ടും,പിന്നീട് നടന്ന ഉന്നത തല ചർച്ചകളിലൊന്നിലും അതിർത്തി പ്രശ്നം ഉയർന്നു വന്നില്ല. 

പകരം ഇരു രാജ്യങ്ങളും തന്ത്ര പ്രധാനമായ ആഭ്യന്തര സാമ്പത്തിക വികസനം എന്ന ഘടകത്തിൽ ശ്രദ്ധ നൽകി. നാടകീയമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലേക്ക്  ചൈനയും ഇന്ത്യയും നീങ്ങി. 
ഇരു രാജ്യങ്ങളും പിന്നീട് മത്സരിച്ചു വളരുവാൻ ശ്രമിച്ചു. വേൾഡ് ബാങ്ക് കണക്കുകൾ പ്രകാരം 1988 ലെ ചൈനയുടെ ആഭ്യന്തര മൊത്ത ഉത്പാദനം 312 ബില്യൺ ഡോളർ ആയിരുന്നു. ഇന്ത്യയുടേത് 297 ബില്യൺ.പ്രതിരോധത്തിന് ചൈന 11.4 ബില്യൺ മാറ്റിവെച്ചപ്പോൾ ഇന്ത്യ 10.6 ബില്യൺ മാറ്റിവെച്ചു. 
2018 ൽ ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഇന്ത്യയുടെ GDP(2.7 trillion dollar )യുടെ 5 ഇരട്ടിയിലും അധികമായ 13.6 ട്രില്യൺ ഡോളർ  ആയിരുന്നു. 

2019ൽ ഇന്ത്യ പ്രതിരോധ ചിലവുകളിലേക്ക് 71.1 ബില്യൺ  ഡോളർ കരുതിയപ്പോൾ നാലിരട്ടി തുകയായ 261.1ബില്യൺ ആണ് ചൈന നീക്കിവെച്ചത്. 

എന്നാൽ ഇന്ത്യ വലിയ സാമ്പത്തിക -ആഗോള ശക്തിയായി മാറിയെങ്കിലും ചൈന അധികാരം ഉപയോഗിച്ചു ഇന്ത്യയെ മറികടന്നുകൊണ്ടിരുന്നു. 

2008 ലെ സാമ്പത്തിക മാന്ദ്യം ബെയ്ജിങ് -ഡൽഹി ബന്ധത്തിൽ പരസ്യമായ മങ്ങലുകൾക്ക് തുടക്കമിട്ടു. 
ഏഷ്യ പസഫിക് മേഖലയിൽ ഒന്നാമനാകാനുള്ള ചൈനയുടെ ശ്രമങ്ങൾ ഇന്ത്യയിൽ തട്ടി വീണുടഞ്ഞു. 

മാത്രവുമല്ല ആഗോള രാഷ്ട്രീയത്തിലെ പ്രധാന കണ്ണിയായി ഡൽഹി മാറുന്നതും പലപ്പോഴും ബെയ്‌ജിങ്‌ നേക്കാൾ സ്വീകാര്യത ലഭിക്കുന്നതും, ഇതിനോട് അമേരിക്ക എതിർ നിലപാട് സ്വീകരിക്കാത്തതും ചൈനയുടെ ഉറക്കം കെടുത്തി  കാരണമായി.
 
ഉന്നത തല ചർച്ചകൾ പലപ്പോഴും സമാധാനം,  വ്യാപാര കരാറുകൾ  വാണിജ്യബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കൽ , പോലുള്ള കാര്യങ്ങളിൽ മാത്രം ഒതുങ്ങാൻ പ്രധാന കാരണം ടിബറ്റ് ആണ്. 
ദലൈലാമ യുടെ അഭയാർഥിത്വം, ടിബറ്റ് പ്രവാസി സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സ്, ഇന്ത്യയിലെ ടിബറ്റൻ പ്രവാസികൾ തുടങ്ങിയ കാര്യങ്ങൾക്ക് അതിർത്തി ചർച്ചകളിൽ നിർണായക പങ്കുണ്ട്. 
ചൈന പാകിസ്ഥാൻ കൂട്ടുകെട്ടും, ഗൾഫ് രാജ്യങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽ ചെലുത്തുന്ന സ്വാധീനവും,  വൻ ശക്തികൾ ഉൾപ്പെടുന്ന G-7 ലേക്ക് ഇന്ത്യക്കുള്ള അമേരിക്കൻ ക്ഷണവും ചൈനയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്ന പുതിയ ചതുർഭുജ തന്ത്രത്തെ ചൈന സംശയത്തോടെയാണ് നോക്കികാണുന്നത്. 


DSBO Road 

india china

 ഡൻസുക്‌ ഷിയോക് ധൗളത് ബെഗ് ഓൾഡി റോഡ്. 255 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യ നിർമിക്കുന്ന  ഈ റോഡ് ഡൻസുക്‌ പ്രദേശത്തുനിന്നു ചൈനീസ് അധിനിവേശ കശ്‍മീരിലേക്ക് നീളുന്നു. ആ റോഡ് പൂർത്തിയായി കഴിഞ്ഞാൽ ഇന്ത്യക്ക് പ്രസ്തുത മേഖലയിൽ കൂടുതൽ സാനിധ്യം ഉറപ്പാകും. 

2014-18 കാലത്ത് ഇന്ത്യ ചൈനയേക്കാൾ ഉയർന്ന വളർച്ചാനിരക്ക് കാണിച്ചിരുന്നു. അമേരിക്ക, ജപ്പാൻ എന്നിവയുടെ വളർച്ചാ നിരക്കുമായ് താരതമ്യം ചെയ്യുമ്പോൾ, ചൈനയുടെ മുഖ്യ എതിരാളികളിൽ ഏറ്റവും ഉയർന്ന വളർച്ച നിരക്ക്.
  ചൈനക്ക് അനുകൂലമായ നിബന്ധനകളിൽ അതിർത്തി തർക്കം പരിഹരിക്കാൻ തയ്യാറാവാത്ത ഇന്ത്യയെ എതിരാളിയായി കാണും.  ചൈന നിലവിൽ വളർന്നു കഴിഞ്ഞു. അവരുടെ ആകെയുള്ള ലക്ഷ്യം ഇനി പാൻ ഏഷ്യൻ മേഖലയുടെ നേതൃത്വം മാത്രമാണ്. ബെയ്‌ജിങ്‌ ഒളിപിക്‌സ് പോലും ആ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്ത്യ ആകട്ടെ ചൈനയ്ക്ക് മുകളിലെത്തുക എന്നതിനേക്കാൾ ഏഷ്യയുടെ നേതൃത്വത്തിലേക്ക് ന്യൂ ഡൽഹിയെ ഉയർത്തികൊണ്ടുവന്നു. 
മാത്രവുമല്ല ഹോങ്കോങ്, ടിബറ്റ് മുതലായ ആഭ്യന്തര ദേശീയതയുടെ  പ്രശ്നങ്ങളും, ചൈനയെ അപ്രസക്തമാക്കുന്ന അന്തർദേശീയ കരാറുകളിൽ ഇന്ത്യ ഏർപ്പെടുന്നതും ചൈനയുടെ വൈരാഗ്യത്തിന് കാരണമാകുന്നുണ്ട്. 

നിലവിൽ റഷ്യയും ആയുള്ള അതിർത്തികൾ ചൈന സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 
സൈനിക ആധുനിവത്കരണം, കൃത്രിമ ദ്വീപ് നിർമാണം,മാലിദ്വീപ്, ശ്രീലങ്ക, മ്യാന്മാർ, ബലൂചിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ തന്ത്ര പ്രധാനമായ തുറമുഖങ്ങൾ വഴി ശക്തമായ സാനിധ്യം. 
ഇനി ചൈനയ്ക്ക് മുന്നിൽ ഒരു അതിർത്തി പ്രശ്നമേ ഉള്ളൂ.. അത് ഇന്ത്യൻ അതിർത്തിയാണ്.


ഈ സംഘർഷം ഒഴിവാക്കാൻ ഇന്ത്യക്ക് മുന്നിലുള്ളത് പ്രധാനമായും മൂന്ന് വഴികളാണ് 

 • ഹിമാലയൻ അതിർത്തികളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുക. 1962 ലെ ഇന്ത്യ അല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന് ചൈനയെ ബോധ്യപ്പെടുത്തുക. ചൈനയുടെ ഇഴഞ്ഞു നീങ്ങുന്നതും സ്ഥിരതയുള്ളതുമായ മുന്നേറ്റത്തിന്റെ മുനയൊടിക്കുക. എന്നുള്ളതാണ്  ഒരു ആശയം. 
 • രണ്ടാമത്തേത് ഉച്ചകോടി ചർച്ചകൾ വിപുലീകരിക്കുക എന്നതാണ്. ചൈനയുമായി കൂടുതൽ വ്യാപാര കരാറുകളിൽ ഏർപ്പെടുക, ഷാങ് ഹായ് സഹകരണ ഓർഗനൈസേഷൻ, ദി ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക്, ഏഷ്യൻ infrastructure   ഇൻവെസ്റ്റ്മെന്റ് ബാങ്ക് തുടങ്ങിയയാ അന്താരാഷ്ട സംരംഭങ്ങളിൽ ചൈനയുടെ ഒപ്പം നിൽക്കുക. ചൈന ശക്തമായ എതിരാളി മാത്രമല്ല, വിപണി മൂല്യമുള്ള വ്യാപാര പങ്കാളികൂടെയാണ് എന്നുള്ള ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. രാഷ്ട്രീയക്കാരുടെയും, സാമ്പത്തിക -നയതന്ത്ര വിദഗ്ധരുടെയും അഭിപ്രായവും ഇത് തന്നെയാണ്. 
 • മറ്റൊരു മികച്ച സമീപനം, ഹിമാലയൻ അതിർത്തികളിൽ നിന്നും സംഘർഷത്തെ ദഷിണ ചൈന കടലിലേക്കും, ഇന്ത്യൻ മഹാ സമുദ്രത്തിലേക്കും മാറ്റുക എന്നുള്ളതാണ്. അമേരിക്ക,സിങ്കപ്പൂർ,  വിയറ്റ്നാം, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, എന്നീ രാഷ്ട്ര തലവന്മാരുമായി കൂടുതൽ ചർച്ചകൾ, കൂടിക്കാഴ്ചകൾ ഇന്ത്യ നടത്തണം. ഈ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയെ സ്വാധീനിക്കാനുള്ള കഴിവും ശക്തിയും ഇന്ത്യക്ക് ഉണ്ടെന്നു അവരെ ബോധ്യപ്പെടുത്തണം. 
india china
south china sea

ചൈനയുമായുള്ള അനൗപചാരിക ചർച്ചകൾ നിർത്തിവെച്ചു, മലാക്ക കടലിടുക്ക് കൂടുതൽ സജീവമാക്കുന്നത് പോലുള്ള നടപടികളിലേക്ക് മാറണം.ഇന്ത്യൻ മഹാസമുദ്രത്തിൽ   മറ്റു രാജ്യങ്ങൾക്ക് വിശ്വാസം ഉള്ള നിർണായക ശക്തിയായി ഇന്ത്യ മാറണം. 
ഹിമാലയൻ അതിർത്തികളിൽ ചൈന തട്ടിയാൽ സമുദ്രാതിർത്തികളിൽ തിരിച്ചടി ഉണ്ടാകുമെന്നുള്ള പുതിയ അതിർത്തി നയത്തിലേക്ക് ഇന്ത്യ മാറണം. 

  ഇപ്പോഴത്തെ പ്രശ്നങ്ങളെ WHO അന്വേഷണം, ആർട്ടിക്കിൾ 370, ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നുള്ള ചൈനയുടെ ശ്രദ്ധ തിരിക്കൽ എന്നിവയുമായി ബന്ധപ്പെടുത്തുന്നവരുണ്ട് എങ്കിലും മുൻ പ്രതിരോധ മന്ത്രി A K ആന്റണി പറഞ്ഞത് പോലെ റോഡ് നിർമാണമോ, ഗാൽവൻ  താഴ്‌വരയോ അല്ല മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ ചൈനയ്ക്ക് മുന്നിലുണ്ട്.  അതൊരിക്കലും ചൈന വെളിപ്പെടുത്തുകയുമില്ല.അത് തന്നെയാണ് ചൈനയുടെ പ്രധാന തന്ത്രവും 
Previous Post Next Post