Rayiranellur |
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ.. പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണനാഥൻ.....
അതെ നമ്മുടെ നാറാണത്തു ഭ്രാന്തൻ..ഒരു മലയുടെ മുകളിലേക്ക് ചുമ്മാതങ്ങു കല്ലുരുട്ടി കേറ്റുക എന്നിട്ട് കഷ്ട്ടപെട്ട് ഉരുട്ടി കയറ്റിയ കല്ലിനെ മുകളിൽ നിന്ന് താഴേക്ക് ഉരുട്ടി വിട്ട് കൈകൊട്ടി ചിരിക്കുക.. പിന്നേം ഇത് തന്നെ ആ വർത്തിക്കുക..അതായിരുന്നല്ലോ മൂപ്പരുടെ പ്രധാന ഹോബിയും.
|
എന്നാൽ അദ്ദേഹം കല്ലുരുട്ടിക്കേറ്റുകയും അതേപടി താഴേക്ക് ഉരുട്ടിവിടുകയും ചെയ്ത് രസിച്ചോണ്ടിരുന്ന മലയാണ് രായിരനല്ലൂർ (RAAYIRANELLUR) മല.
പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന ഒരു മലയാണിത്.
|
പറയി പെറ്റ പന്തിരുകുലത്തിലെ സന്തതിയായ നാറാണത്ത് ഭ്രാന്തൻ ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി പട്ടാമ്പി രായിരനല്ലൂരുള്ള തിരുവേഗപ്പുറ ഇല്ലത്തു വന്നു അവിടെ അടുത്തുള്ള രായിരനല്ലൂർ മല തന്റെ നേരമ്പോക്കിനായി ഉപയോഗിക്കുകയും ചെയ്തു..
|
ഇഷ്ടവിനോദത്തിനിടയ്ക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷയാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും അവിടുത്തെ കല്ലുകളിൽ ദേവിയുടെ കാലടിപ്പാടുകൾ പതിഞ്ഞു എന്നും ഒരു കഥയുണ്ട്. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം.
ആ കാലടിപ്പാടുകൾ പതിഞ്ഞ ഇടത്ത് ഇന്നൊരു ക്ഷേത്രമാണുള്ളത്. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ദേവിയുടെ കാലടിപ്പാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലത്തെ തീർത്ഥമായി കണക്കാക്കുന്നു.
മലയാളമാസം തുലാം ഒന്നിനാണ് ദേവി പ്രത്യക്ഷപ്പെട്ടത് എന്ന ഐതിഹ്യത്താൽ ആ ദിവസം പല സ്ഥലത്ത് നിന്നുമുള്ള ഭക്തജനങ്ങൾ ഇവിടെ എത്തി 500 മീറ്ററോളം ഉള്ള ഈ മല കയറി ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുകയും അവിടെ നിർമ്മിച്ചിരിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ വലിയ ശില്പത്തെ കൂടി സന്ദർശ്ശിച്ചു മടങ്ങുന്നു..വളരെ പ്രകൃതി രമണീയമായ സ്ഥലമാണിത് എന്നതും ശ്രദ്ധേയമാണ്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...