ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഭൂമി. സമുദ്രനിരപ്പിൽ നിന്നും 3600 അടി മുകളിൽ ഇടുക്കി ഡാമിന്റെ ജലസമ്പത്ത് മൊത്തം ഒറ്റ കാഴ്ച്ചയിൽ. ഇടുക്കി യാത്ര തിരിക്കുന്ന പല സഞ്ചാരികളും ഡാം കണ്ട് മടങ്ങാറാണ് പതിവ് ഇടുക്കിയിലെ കാഴ്ചകളിൽ ഏറ്റവും സുന്ദരമായത് കാൽവരി മൗണ്ട് തന്നെയാണ്. വ്യൂ പോയിന്റിൽ ചെന്ന് നിൽക്കുമ്പോൾ ഇത് ഇടുക്കി തന്നെയാണോ അതോ ഒരു ഉറക്കമുണർന്നപ്പോൾ നിൽക്കുന്നത് മറ്റേതോ രാജ്യത്താണൊ എന്ന് പോലും തോന്നിപ്പോവും. ഒരുപകൽ മൊത്തം നോക്കിയിരുന്നാലും വിടപറഞ്ഞു പോരാൻ തോന്നാത്ത കാഴ്ച ആയിരിക്കുമത്.
Calvary mount Idukki |
തൊടുപുഴയിൽ നിന്നും ഇടുക്കി വഴി എത്തിച്ചേരാൻ സാധിക്കുന്ന ഇടമാണ് കാൽവരി മൗണ്ട്. 12 ഹെയർപിൻ വളവുകൾ താണ്ടി വേണം എത്താൻ. ബൈക്ക് റൈഡർമാർക്ക് ഇതൊരു മികച്ച അനുഭവം തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
വളവുകൾ എല്ലാം കയറിചെന്നാൽ നാടുകാണി വ്യൂപോയിന്റ് എന്ന ബോർഡ് കാണാം. രാവിലെ 9 മണി മുതൽ വൈകീട്ട് 6 വരെയാണ് ഇവിടെ സന്ദർശന സമയം. ഈ കവാടം കഴിഞ്ഞ് മുന്നോട്ട് പോകുന്നത് മുഴുവൻ കുറച്ചുകൂടി ഉൾപ്രദേശങ്ങളിലൂടെയാണ്.
|
ആദ്യ കാഴ്ച്ച മനോഹരമായ കുളമാവ് ഡാം ആണ്. സദാ പോലീസ് നിരീക്ഷണവും ഉണ്ട്. 384 മീറ്റർ ഉയരമുള്ളതാണ് കുളമാവ് ഡാം. ഇവിടെ നിന്നും നേരെ പോകുന്നത് പൈനാവ് ടൗണിലേക്കാണ്.അവിടെ നിന്നും വീണ്ടും മുന്നോട്ട് പോയാൽ കാൽവരി മൗണ്ട് എന്ന ബോർഡ് കാണാൻ സാധിക്കും.
|
ഇരുവശങ്ങളും മലകൾ അതിന്റെ താഴ്‌വരയിൽ കൊടും വനം, നടുവിലൂടെ റിസർവോയർ.. നീലയും പച്ചയും ഒരുമിച്ച് ചേർന്ന് ചിത്രം വരച്ചത് പോലെയുള്ള സ്ഥലമാണ് കാൽവരി മൗണ്ട്. ഇടുക്കി ആർച്ച് ഡാം മുതൽ അയ്യപ്പൻ കോവിൽ വരെയുള്ള ദൃശ്യങ്ങളും, കാമാക്ഷി, മരിയപുരം ഗ്രാമങ്ങളും ഇവിടെ നിന്നും നോക്കിയാൽ കാണാൻ സാധിക്കുന്നു. രാത്രി ഇവിടെ തങ്ങി സൂര്യോദയം കാണുന്നത് വലിയ അനുഭവമായിരിക്കും. രാത്രി താമസിക്കാൻ പ്രതേക കോട്ടേജ് സൗകര്യങ്ങൾ ലഭ്യമാണ്. യേശുക്രിസ്തുവിനെ ക്രൂശിക്കുന്നതിനായി യഹൂദന്മാർ കൊണ്ടുപോയ മലയാണ് കാൽവരി മല. ആ മലയുടെ സ്മരണാർത്ഥമാണ് കേരളത്തിലെ ഈ മലക്കും ഇതേ പേര് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിസ്‌തീയ തീർത്ഥാടനകേന്ദ്രം കൂടിയാണിത്. 40 നോമ്പും ദുഖവെള്ളിയോടും അനുബന്ധിച്ച് ഇവിടെ പ്രദക്ഷിണ ജാഥ നടക്കാറുണ്ട്.
|
ഈ മലയുടെ സൗന്ദര്യം മുഴുവനും ആസ്വദിക്കണമെങ്കിൽ ഏറ്റവും ഉയരെ കുരിശുമലയിൽ എത്തണം. ഇടുക്കി ആർച്ച് ഡാമിൽ നിന്ന് 10 കി.മി ദൂരം മാത്രമാണ് കാൽവരി മൗണ്ടിലേക്കുള്ളത്.
റൂട്ട് - ചെറുതോണി- കട്ടപ്പന റൂട്ടിൽ ആണ്. കാൽവരി മൗണ്ടിന്റെ കവാടം ചെറുതോണി നിന്ന് 15 km ദൂരം ഉണ്ട്.