മഴമേഘങ്ങളുടെ വീട്, കവ പാലക്കാട് യാത്ര | kava Palakkad

സോഷ്യൽ മീഡിയയിലേ ട്രാവൽ ഗ്രൂപ്പുകളിലൂടെ പ്രസിദ്ധമായൊരു പ്രദേശം. അതാണ് മലമ്പുഴക്ക് സമീപമുള്ള കവ. ഒരുപക്ഷേ മലമ്പുഴയേക്കാൾ സുന്ദരി. അതിനാൽ തന്നെയാണ് 'കേരളത്തിന്റെ ലഡാക്ക്' എന്ന് ഈ കൊച്ചുദ്വീപിനെ പലരും വിശേഷിപ്പിക്കുന്നത്. പാലക്കാട് നഗരത്തിൽ നിന്നും 13 കിലോമീറ്റർ മാറി ഒലവക്കോട് - മലമ്പുഴ റോഡിലെ അവസാനമാണ് കവ. 

kava palakkad
kava

അണക്കെട്ടിന്റെ തടാകത്തെ ചുറ്റികിടക്കുന്ന 25 കിലോമീറ്ററിലേറെ വരുന്ന റോഡിലൂടെ പോയാൽ മനോഹരമായ മലകളുടെ താഴ്വാരഗ്രാമം. സന്ദർശിക്കുന്ന ആർക്കും ഇവിടം പെട്ടെന്ന് വിട്ടുപോകാൻ തോന്നില്ല. അത്രെയേറെ ഇവിടം നമ്മെ അതിശയിപ്പിക്കും. മഴക്കാലത്തിന്റെ തുടക്കത്തിൽ ആദ്യമേഘം ഉരുണ്ടുതുടങ്ങുന്നതോടെയാണ് ഇവിടെ ശരിക്കുമുള്ള സീസണിന്റെ ആരംഭം.

kava palakkad
kava

മൺസൂൺ യാത്രകളിലെ ഒഴിവാക്കാനാവാത്ത ഒരിടം. മഴമേഘങ്ങളുടെ ഗർഭഗൃഹമാണ് കവ, ഷേക്സ്പിയറിന്റെ ടെംബസ്റ്റ് നാടകത്തിലെ കടൽക്ഷോഭത്തെ ഓർമിപ്പിക്കുന്നപോലെ അസാധാരണമായ രംഗാവിഷ്കാരമാണ് കവയിലെ മേഘങ്ങൾക്ക്, സെക്കന്റുകൾ കൊണ്ട് അവ ഉരുണ്ടുകൂടുകയും ചിതറിത്തെരിക്കുകയും ചെയ്യുന്നു. മലയിടുക്കിലൂടെ നീരാവിയുടെ ചെറിയ ഒരു അരുവി വന്ന് തടാകത്തിന്റെ മുകളില്‍ മേഘമാലകളായി മാറുന്നതും അവ കൂടുതൽ ഇരുളുന്നതും കണ്മുന്നിൽ നോക്കിക്കാണാം.

kava palakkad
kava

ഇനിയും പൂർത്തിയാവാത്ത റിങ്റോഡിലൂടെ ഉള്ളിലേക്ക് പോയാൽ എലിവാൽ, ആനക്കൽ, വലിയകാട് എന്നീ പ്രദേശങ്ങളാണ്. വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞതും എന്നാൽ അതിലേറെ പച്ചപുതച്ചതുമാണീ സ്ഥലം. തൊട്ടുമുന്നിലെ കൂറ്റൻ പർവതശിഖരത്തിലെ ഓരോ ഭാഗത്തിനും ഓരോതരം പച്ച നിറമാണ്. ആ കാട്ടിൽ നിന്നും വരുന്ന അരുവികൾ മലമ്പുഴ ജലാശയത്തിൽ ചേരുന്നു. ഇടക്കിടെ ഇടതൂർന്ന കാടുകളും വള്ളിപ്പടർപ്പുകളും. മുന്നോട്ട് പോകുംതോറും കണ്ണിനു കുളിര്‍മ നല്‍കുന്ന മനോഹരമായ കാഴ്ച്ചകള്‍ നിറഞ്ഞുതുടങ്ങും.

kava palakkad
kava

  മലമ്പുഴയിലെ ജലാശയത്തിന്റെ തുടക്കം കവയില്‍നിന്നുമാണ്. ജലാശയത്തിന് തൊട്ടടുത്ത് നമുക്ക് ചെല്ലാം, തണുത്ത തെളിനീരിൽ ഇറങ്ങാം. മനോഹരമായ പച്ചപ്പാണവിടെ. നാലുഭാഗവും മഞ്ഞ്പുതച്ച മലനിരകളാല്‍ ചുറ്റപെട്ട ജലാശയം, അതിലെ സൂര്യാസ്തമയം അതിലേറെ മനോഹരം.  കന്മദത്തിലെ "മഞ്ഞക്കിളിയുടെ മൂളിപ്പാട്ടും"  'മൂവന്തിതാഴ്വരയും" എല്ലാം രൂപംകൊണ്ടത് ഇവിടെയാണ്.അനേകം മലയാളം, തമിഴ് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ. കാരണം കണ്ണിന് ഉൾക്കൊള്ളാൻ ആവാത്തവിധം വിശാലമാണ് കവയിലെ പ്രകൃതിയുടെ കാന്‍വാസ്.

kava palakkad
kava

കൃഷിയാണ് ഈ താഴ്‌വാര ഗ്രാമത്തിന്റെ പ്രധാന വരുമാന മാർഗ്ഗം. മലയോരത്ത് പൈനാപ്പിളും വാഴയും പച്ചക്കറികളും മാവും ഒക്കെ യഥേഷ്ടം കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കന്നുകാലി വളർത്തലും. വാളയാർ വനംവകുപ്പിന്റെ കീഴില്‍ ഉള്ള റിസർവ് ഫോറസ്റ്റാണ് മറുവശത്ത്. അതിനാൽ തന്നെ  ആന, പുലി, കടുവ, പെരുമ്പാമ്പ് മുതലായ ജീവികൾ ഇവിടെ യഥേഷ്ടം ഇറങ്ങാറുണ്ട്.
കവ ഒരു നിഗൂഢതയാണ്. ഓരോ വട്ടം  പോകുമ്പോളും പുതിയ സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കാം. മഴക്കാലമാണ് കവയുടെ ഏറ്റവും മികച്ച സീസൺ. മഴ കൊള്ളുന്നെങ്കില്‍ കവയില്‍ നിന്നുകൊള്ളണം. കാരണം അവിടെ ആകാശമാണ് പെയ്യുന്നത്! 

kava palakkad
kava

പാലക്കാട് നിന്ന് മലമ്പുഴ ഡാം വരെ ബസുകൾ ലഭ്യമാണ്, എന്നാലും ഒരേയൊരു സ്വകാര്യ ബസ് മാത്രമാണ് കവയെ പുറംലോകത്തേക്ക് ബന്ധിപ്പിക്കുന്നത്. അതിനാൽ കഴിവതും സ്വന്തം വാഹനത്തിൽ വരാൻ ശ്രമിക്കുക. തീർത്തും ഉൾപ്രദേശം ആയതുകൊണ്ട് കടകൾ നന്നേ കുറവാണ്. ഭക്ഷണം കയ്യിൽ കരുതാം. അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ് ആ നാട്ടുകാരെയും കാടിനെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ദിക്കുക :)


SyamMohan
@teamkeesa
Previous Post Next Post