|
Kariyathumpara |
സഞ്ചാരികളുടെ മനം നിറക്കാൻ ആവോളം ഉള്ള ഒരു ജില്ലയാണ് കോഴിക്കോട്.മനസ്സ് നിറയെ അനുഭവങ്ങളും കണ്ണ് നിറയെ കാഴ്ചകളും വയറു നിറയെ രുചിയേറിയ ഭക്ഷണവും അതാണ് കോഴിക്കോട് .കടലും താഴ്വരകളും നദികളും തോടുകളും മലനിരകളും ഉള്ള ഈ ജില്ലയിൽ തന്നെയാണ് കരിയാത്തുംപാറ എന്ന ഈ സ്ഥലവും.
പശ്ചിമഘട്ടത്തിൽ വയനാടിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന തണുപ്പുള്ള ഒരു ഗ്രാമം.വർഷത്തിൽ ഭൂരിഭാഗം സമയവും ശാന്തമായ കാലാവസ്ഥയാണ് ഇവിടെ ഉള്ളത്.
കോഴിക്കോട് നഗരത്തിൽ നിന്നും 45 കിലോമീറ്റർ ദൂരമാണ് ഇങ്ങോട്ടേക്ക് ഉള്ളത്.കക്കയം ഡാമിന് വളരെ അടുത്താണ് കരിയാത്തുംപാറയും.
ഫോട്ടോഗ്രാഫർമാരുടെ പ്രിയ ഇടമാണ് കക്കയവും കരിയാത്തുംപാറയും ഇപ്പോൾ .സുന്ദരമായ പുല്തകിടിയിലിരുന്നു പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇങ്ങോട്ടേക്ക് പോരൂ.സുന്ദരമായ ചെറു വെള്ളച്ചാട്ടങ്ങളോട് കൂടിയ അരുവികൾ ,ശുദ്ധമായ ജലം,ചെറു പക്ഷികൾ,വിശാലമായ കക്കയം ഡാം,അതിൽ നിന്നും വെള്ളം കുടിക്കാൻ വരുന്ന ജീവികൾ,പൂമ്പാറ്റകൾ,പൂക്കൾ, നിങ്ങൾ നിങ്ങളല്ലാതെയായി മാറും തീർച്ച.
കരിയാത്തുംപാറ കോഴിക്കോട് ജില്ലയിലെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒന്ന് കൂടെയാണ്.കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ നാട്ടിൽ ധാരാളം പ്രകൃതിദത്ത ജലാശയങ്ങൾ ഉണ്ട്.അപകട സാധ്യത പൊതുവെ കുറവാണ്.കരിയാത്തുംപാറയെ പ്രശസ്തമാക്കി മാറ്റിയത് വെള്ളത്തിനുള്ളിലും പുറത്തും കടപുഴകി വീണതും, അങ്ങനെ വീണിട്ടും വളരുന്നത്തുടങ്ങി ധാരാളം മരങ്ങളുടെ ചിത്രങ്ങളാണ്.
വളരെ പെട്ടെന്ന് സഞ്ചാരികളുടെ കണ്ണ് ഈ മലമുകളിലെ ഗ്രാമത്തിലേക്ക് എത്തുവാൻ കാരണമായതും ആ മരചിത്രങ്ങൾ തന്നെയാണെന്ന് നാട്ടുകാർ പറയുന്നു .ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും ഇങ്ങോട്ട് വളരെ പെട്ടെന്ന് എത്തിച്ചേരാം.ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുകയാണ് എങ്കിൽ തീർച്ചയായും കക്കയം തിരഞ്ഞെടുക്കാം .കാരണം കീശയിലെ കാശിനു വേണ്ടതെല്ലാം കക്കയത്തു ഉണ്ട്.