വോയറിസം:മറിയം റഷീദ മുതൽ സ്വപ്ന വരെ !

voyeurism mariam rasheeda swapna nambi narayanan saritha k ajitha spicy hot stories manjapathram solar cd dileep shamnakasim suryanelli media activism
'മ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും  എന്ന തലക്കെട്ടാണ് കുറ്റാരോപിതയായ സ്ത്രീയുടെ അമ്മയെ കുറിച്ചുള്ള വാർത്തയ്ക്ക് കേരളത്തിലെ പ്രമുഖ മാധ്യമം നൽകിയ തലക്കെട്ട്.നമ്മുടെ മാധ്യമ സംസ്കാരത്തിന്റെ അപചയത്തിന്റെ അടിവേരുകൾ തെളിഞ്ഞു കാണിക്കുന്നതായിരുന്നു സമീപകാല മാധ്യമ കോലാഹലങ്ങൾ എല്ലാം.

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കുറ്റം എത്രത്തോളം ഗുരുതരമാണ് എന്നതായിരുന്നില്ല മലയാള മാധ്യമങ്ങളുടെ വാർത്ത.അതിലുപരി അതിലൊരു സ്ത്രീ ഉൾപ്പെട്ടിരുന്നു എന്ന പ്രേക്ഷക സമൂഹത്തിന്റെ കൗതുകകരമായ ആവേശത്തിന് വേണ്ടതെല്ലാം നൽകുക എന്നുള്ളത് മാത്രമായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ അവർ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളിൽ നിന്നും ഗ്ലാമറസ് എന്ന് മലയാളിക്ക് തോന്നുന്ന,അവന്റെ ലൈംഗിക ചിന്തകളെ ഉത്തേജിപ്പിക്കുന്ന ചിത്രങ്ങളും വിഡിയോകളും പങ്കു വെച്ചതിൽ തീരുന്നില്ല മാധ്യമങ്ങളുടെ ധർമ്മം.

തങ്ങൾ മെനഞ്ഞ കഥകൾക്കും തങ്ങൾ നൽകിയ ചിത്രങ്ങൾക്കും പൂർണത ലഭിക്കണമെങ്കിൽ സ്വപ്ന സുരേഷിന്റെ മുഖം മലയാളികൾ കണ്ടേ തീരൂ..അതും തങ്ങളുടെ ചാനലിലൂടെ..

സ്വപ്നയുടെ മുഖം ഒരു നിമിഷം ക്യാമറയിൽ തെളിയുന്ന നിമിഷത്തിനു വേണ്ടിയാണു അപകടകരമായ അകമ്പടി യാത്രകൾ പോലും.മുഖ്യമന്ത്രിയുടെ ഓഫിസ് ആണ് ചാനൽ ചർച്ചകളുടെ വിഷയമെങ്കിൽ അന്തി ചർച്ചകൾ  അന്ത്യമില്ലാതെ വലിച്ചു നീട്ടുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല.മലയാളിക്ക് വേണ്ടത് ഇതൊക്കെ തന്നെയാണ്.

പ്രതീക്ഷിച്ച മുഖം കാണാത്തതിൽ നിന്നും രൂപപ്പെട്ട പല ട്രോളുകളും കമെന്റുകളും മലയാളിയുടെ ലൈംഗിക അരാജകത്വത്തിന്റെ വെളിപ്പെടുത്തലായി മാറിയെന്നു വേണം കരുതാൻ. എത്രയോ ആൾക്കാർ കാണുന്ന ന്യൂസ്‌ ചാനൽ ലിങ്കുകൾക്ക് അടിയിൽ പോലും പച്ചയായ അശ്ലീലം പറയാനും വേണം അല്പം തൊലിക്കട്ടി. 

ആവശ്യത്തിന് അനുസരിച്ചുള്ള വിതരണം എന്ന സാധാ ബിസിനസ് തന്ത്രത്തിലേക്ക് മലയാള മാധ്യമങ്ങളുടെ മാറ്റം വളരെ പെട്ടെന്ന് തെളിഞ്ഞു വന്ന ഒന്നല്ല.മറ്റേത് വിഷയങ്ങളെക്കാളും പെൺ വിഷയം കൈകാര്യം ചെയ്താൽ ലഭിക്കുന്ന റേറ്റിങ് മാത്രമാണ് ചാനലുകൾ ലക്‌ഷ്യം വെക്കുന്നത് എങ്കിൽ, ഇരുളു പടരുന്ന സമയത്തു അല്പം എരിവും പുളിയും കേൾക്കാൻ ആഗ്രഹിക്കുന്ന ആവശ്യക്കാരന്റെ യാചന കൂടെ ഈ വാർത്തകൾക്ക് പുറകിലുണ്ടെന്നു പറയാതെ വയ്യ.

വോയറിസം എന്നൊക്കെ പറഞ്ഞു ആഗോളവത്കരിക്കുന്നില്ല.എന്നാൽ മഞ്ഞ വാർത്തകൾ എന്നുപറഞ്ഞു ചുരുക്കാനും ശ്രമിക്കുന്നില്ല.
കാരണം കേരളത്തിന്റെ സ്വതന്ത്രാനന്തര  ചരിത്രത്തോളം പഴക്കം മഞ്ഞ വാർത്തകൾക്കും ഉണ്ട്. 

മറിയം റഷീദ -ചാരക്കേസുമായി ബന്ധപ്പെട്ട് മലയാള മാധ്യമങ്ങൾ വലിച്ചു കീറിയ സ്ത്രീ.അവരുടെ വ്യക്തി ജീവിതവും കുടുംബവും ചേർത്ത് മെനയാത്ത കഥകൾ ഇല്ലായിരുന്നു എന്ന് തന്നെ പറയണം.ഇതേ പേരിനൊപ്പം തന്നെ നമ്പി നാരായൺ എന്ന പുരുഷനെ ചേർത്ത് വെച്ച് പോലും കഥകൾ സൃഷ്ടിക്കാൻ മലയാള മാധ്യമങ്ങൾ ആദ്യമായി ധൈര്യപ്പെട്ടു.

ചാരക്കേസുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളിലെ അധാർമികതയ്ക്ക് ഇപ്പോഴും ഈ മാധ്യമങ്ങൾ ഒന്നും മറുപടി നൽകിയിട്ട്  പോലുമില്ല എന്നതും നാം കൂട്ടിവായിക്കേണ്ടത് തന്നെയാണ്. 

കെ അജിത -മാവോയിസ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അജിത കാട്ടിലും പുരുഷന്മാർക്കൊപ്പം നടന്നിരുന്നത് അടി വസ്ത്രങ്ങൾ മാത്രം ധരിച്ചായിരുന്നു എന്ന് സ്ഥാപിക്കാൻ പോലീസ് നടത്തിയ വോയറിസം ആയിരുന്നു മലയാള മനോരമയിൽ പ്രസിദ്ധീകരിക്കപ്പെട്ട പാവാടയും ബ്ലൗസും മാത്രം ധരിച്ചു മാനന്തവാടി പോലീസ് സ്റ്റേഷന്റെ അഴികളിൽ പിടിച്ചു നിൽക്കുന്ന ചിത്രം.പോലീസിന്റെ ക്രൂരതകളെ കാണിക്കാൻ എടുക്കപ്പെട്ട ചിത്രം ആയിരുന്നു അത് എങ്കിലും വ്യപകമായി ഉപയോഗിക്കപ്പെട്ടതു അജിതയെ മോശം സ്ത്രീ ആയി കാണിച്ചു കൊണ്ടായിരുന്നു.

K Ajitha

സോളാർ കേസിൽ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച സരിതയുടെ പേരിൽ ഉള്ള CD തേടി ബിജു രാധാകൃഷ്ണനെയും കൊണ്ടുള്ള കോയമ്പത്തൂർ യാത്രയാണ് NIA യുടെ യാത്ര കണ്ട ഭൂരിഭാഗം മലയാളിയും മനസ്സിൽ ഓർത്തത്.

സോളാർ കേസിൽ ഒടുവിൽ സമർപ്പിക്കപ്പെട്ട ജുഡീഷ്യൽ റിപ്പോർട് പോലും മലയാള മാധ്യമങ്ങൾ ചർച്ച ചെയ്തത് പുളകം കൊള്ളുന്ന,ഇക്കിളിപ്പെടുത്തുന്ന അതിലെ വാക്കുകൾ കടം എടുത്തു കൊണ്ടായിരുന്നു.

നടി കാറിൽ ആക്രമിക്കപ്പെട്ടത് വാർത്തയായപ്പോൾ പ്രമുഖ മാധ്യമത്തിന്റെ ഓൺലൈൻ വാർത്തയുടെ തലക്കെട്ട് കാറിനു ഉള്ളിൽ നിന്നും ബീജം കലർന്ന ഉമിനീര് കിട്ടി എന്നുള്ളതായിരുന്നു എന്നോർക്കുക 

സഹപ്രവർത്തകയായ സ്ത്രീയെ അപമാനിക്കാൻ കൊട്ടേഷൻ നൽകിയ ദിലീപ് ജയിലിൽ നിന്നിറങ്ങി ബലിയിട്ട് തിരിച്ചു ജയിലിലേക്ക് മടങ്ങുന്നത് പോലും  മലയാള ചാനലുകളിൽ ലൈവ് ആയിരുന്നു.

കേരളത്തിൽ കത്തികയറിയ ശബരിമലയിലെ സ്ത്രീ പ്രവേശനം പോലും മലയാളികൾ കണ്ടിരുന്നത് രഹ്ന ഫാത്തിമയെ കുറിച്ചുള്ള ചൂട് കഥകളുടെ ചട്ടിക്ക് മുകളിൽ കയറി ഇരുന്നായിരുന്നു.

രാഷ്ട്രീയ- സിനിമ പ്രമുഖർ ഉൾപ്പെട്ട വിതുരയും,ഐസ് ക്രീം പാർലർ കേസും,സൂര്യനെല്ലിയിലെ പെൺകുട്ടിക്കും വോയറിസത്തിന്റെ അഥവാ മഞ്ഞ പത്ര കഥകളുടെ ആക്രമണം നേരിടേണ്ടി വന്നു.അവരും അവരുടെ കുടുംബാംഗങ്ങളും എത്രയോ വട്ടം സമൂഹത്തിനു മുന്നിൽ പീഡിപ്പിക്കപ്പെട്ട് കഴിഞ്ഞു.ഇതേ വോയറിസം ഭയന്ന് എത്രയോ ഇരകൾ വേട്ടക്കാർ വെളിപ്പെടുത്താനാവാതെ ജീവിക്കുന്നു..

എല്ലാറ്റിനുമൊടുവിൽ ഷംന കാസിം ബ്ലാക്ക് മെയിൽ കേസിലും മലയാളത്തിലെ മാധ്യമങ്ങൾ അന്വേഷിച്ചത് അതിലെ ഇക്കിളി രംഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് തന്നെ ആയിരുന്നു.പ്രതികൾ എന്ന് ചൂണ്ടികാണിക്കപ്പെടുന്നവരുടെ ചിത്രങ്ങളേക്കാൾ എല്ലാവരും നൽകിയത് ഷംനയുടെ ഗ്ലാമറ്‌സ് ചിത്രങ്ങൾ ആയിരുന്നു.ഇതിലൊന്നും മതിയാകാത്ത ഒരു ചാനൽ ചെയ്തതാകട്ടെ ഷംന കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള വീഡിയോ യിൽ നിന്നും അവരുടെ ശരീര വടിവ് വ്യക്തമാവുന്ന ചിത്രം സ്ക്രീൻഷോട് എടുത്തുകൊണ്ടായിരുന്നു.

യഥാർത്ഥത്തിൽ കേരളത്തിൽ അസംതൃപ്തരായ ഒരു വിഭാഗമുണ്ട്.ആ വിഭാഗത്തിന്റെ വലുപ്പമാകട്ടെ കൂടിക്കൊണ്ടിരിക്കുന്നുമുണ്ട്.പണ്ട് നീലച്ചിത്രങ്ങളും ഇക്കിളി പുസ്തകങ്ങളും നൽകിയ വികാരത്തിന്റെ തേരോട്ടം ലഭിക്കുന്നതിനായി ചാനലുകൾക്ക് മുന്നിലേക്ക് പ്രേക്ഷകൻ എത്തുമ്പോൾ,അതായത് ഡിമാൻഡ് കൂടുമ്പോൾ സപ്ലൈ കൂട്ടാതെ ഒരു കമ്പനിക്കും പിടിച്ചു നിൽക്കാനാവില്ല എന്ന മാർക്കറ്റിങ് തന്ത്രം ചാനലുകളും പയറ്റുന്നു.

മൂലധനാധിഷ്ഠിതമായ നിലപാടുകളിൽ നിന്നുകൊണ്ട് മാധ്യമങ്ങൾ കെട്ടിപ്പടുക്കുന്ന വാർത്തകളുടെ സത്യം മലയാളികൾക്ക് ഏറെക്കുറെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.ഓരോ വാർത്തയും ആർക്കു വേണ്ടിയാണെന്ന് വിചിന്തനം ചെയ്യേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.

വ്യക്തി ജീവിതത്തിലെ നിലപാടുകൾ കൊണ്ട് അജിതയ്ക്ക് വോയറിസം സൃഷ്‌ടിച്ച ചങ്ങലകൾ തകർക്കുവാൻ കഴിഞ്ഞു.എന്നാൽ ഇപ്പോഴും ഇന്ത്യ എന്ന് കേൾക്കാൻ പോലും ഭയക്കുന്ന മറിയം റഷീദയ്ക്കും സോളാർ കേസിലെ സരിതയ്‌ക്കും അതിനു കഴിഞ്ഞില്ല.ഇരകളാക്കപ്പെട്ട (ഇരകളാക്കപ്പെടുന്ന) പെൺകുട്ടികൾക്ക് മുന്നിലും ചങ്ങലകൾ അഴിഞ്ഞു വീണില്ല.ഒരു പക്ഷെ സ്വപ്നയ്ക്കും മറിച്ചൊരു അനുഭവം ആയിരിക്കില്ല സംഭവിക്കാൻ പോകുന്നത്.ഒന്നും രണ്ടും പ്രതികളുടെ ചിത്രങ്ങൾ അല്ല ഇന്നും മാധ്യമങ്ങളിൽ തെളിയുന്നത് എന്നതിൽ തന്നെയുണ്ട് സ്ത്രീ എന്ന ലിംഗത്തിന്റെ വിപണന മൂല്യം. 

കൃത്യമായ രാഷ്ട്രീയ അജണ്ടകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൈം ടൈം ചർച്ചകൾ പോലും വാർത്തകൾക്ക് മുകളിലുള്ള അവിശ്വാസം കൂട്ടികൊണ്ട് വരുകയാണ്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ രാഷ്ട്രീയ ചായ്‌വുകൾ,താത്പര്യങ്ങൾ പ്രേക്ഷകർ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം ചായ്‌വുകളെ നിലപാട് എന്നല്ല വിളിക്കേണ്ടി വരുന്നത്.വോയറിസം അഥവാ മഞ്ഞവാർത്തകൾ എന്നാണ്.

മറ്റൊരാളുടെ വ്യക്തി ജീവിതത്തിന്റെ കിടപ്പറകളിൽ പോലും ഒളിഞ്ഞു നോക്കുന്ന മൂലധനാധിഷ്ഠിതമായ മീഡിയ ആക്ടിവിസം മലയാളിയുടെ ലൈംഗിക അരാജകത്വത്തിന് വേണ്ടത്ര വെള്ളവും വളവും ഇട്ട് കൊടുക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവിൽ നിന്നുകൊണ്ട് വേണം കാണുന്ന വാർത്തയുടെ സത്യം അന്വേഷിക്കാൻ.. 




കടപ്പാട് :ഡോ. ശ്രീകല മുല്ലശ്ശേരി 
               :truecopy think
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.