പാടം പൂക്കുന്ന കാലം, ഗുണ്ടൽപ്പേട്ട് യാത്ര | Gundlupete Karnataka

ആഷാഡം തുടങ്ങിയാൽ ഗുണ്ടൽപ്പേട്ട് ശരിക്കുമൊരു പൂക്കൂടയാകും. നനുത്ത പച്ചപ്പ് വിരിച്ച ആ പീഠഭൂമിയിലെ ചെണ്ടുമല്ലിപ്പാടങ്ങൾ പൂത്തുതുടങ്ങുന്ന സമയമാണത്. കോഴിക്കോട് നിന്നും താമരശ്ശേരി ചുരം കേറി മുത്തങ്ങയും കടന്ന് മൈസൂർ-കോല്ലേഗൽ റൂട്ടിലാണ് ഉദ്യാനഭംഗിയുള്ള ഈ ഗ്രാമം. 

Gundlupete
 Gundlupet


വൃന്ദാവനിലേക്ക് നീളുന്ന എൻ.എച്ച് 766ൽ കുത്തന്നൂർ എന്ന ഭാഗം കഴിഞ്ഞാൽ പ്രവേശിക്കുന്നത് പൂപ്പാടങ്ങളിലേക്കാണ്. ദക്ഷിണ കർണാടകയിലെ ചാമരാജനഗർ ജില്ലയിലാണ് ഗുണ്ടൽപ്പേട്ട്സ്ഥിതി ചെയ്യുന്നത്. പൂക്കൂട തട്ടിതെറിച്ചപോലെ വഴിക്കിരുവശവും പൂക്കൾ നിറഞ്ഞ് നിൽക്കുന്ന വിലാസവതിയായ സുന്ദരി. 

Gundlupete
 Gundlupetചോളവും വാഴയുമാണ് ഈ സ്ഥലത്തിലെ പ്രധാനകൃഷി. ഈ പാടങ്ങളെ വേർതിരിച്ചും, നീലഗിരിക്കുന്നിന്റെ മേടുകൾക്ക് താഴെയും നിറങ്ങളാടിയ ഗ്രാമഭംഗി. 
തട്ടുതട്ടായ കളങ്ങളിൽ തുടുത്ത, കടുത്ത നിറമാർന്ന ചെണ്ടുമല്ലിപ്പൂക്കൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീളുന്നതാണ് ഇവിടത്തെ പൂക്കൃഷി. ആ കാലയളവിൽ പറിക്കുന്ന പൂക്കൾ പാടവരമ്പുകളിൽ പൂമല തീർക്കുന്നു.ചെണ്ടുമല്ലിയാണ് കൂടുതലും. ചെറിയ തോതിൽ സൂര്യകാന്തിയും ജമന്തിയുമുണ്ട്. 
ഗുണ്ടൽപ്പേട്ടിന് ചുറ്റുമുള്ള ബേരംപാടി, കക്കൽതോണ്ടി, കല്ലികൊണ്ടണ, ഗോപാലസ്വാമിബെട്ട തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും കൃഷി നടക്കുന്നത്.

 Gundlupet


ഇവിടുള്ള പൂക്കളിൽ അധികവും വിടരുന്നത് പെയിന്റ് കമ്പനികൾക്ക് ഇനാമൽ നിർമാണത്തിനായാണ്.
കൂടാതെ ഓണത്തിന് പൂക്കൾ കേരളത്തിലേക്ക് ഒഴുകുന്നതും ഇവിടന്ന് തന്നെ. അത്ര വശ്യമല്ലാത്ത ഒരു ഭൂപ്രകൃതിയാണ് ഗുണ്ടൽപ്പേട്ടിന്റേത്. അല്ലലില്ലാത്ത ഒരു ഡ്രൈവിന് പറ്റിയ ഇടം. പൂപ്പാടങ്ങൾ കാണാൻ വേണ്ടിമാത്രം ചുരം കടന്ന് മലയാളികൾ ഇങ്ങോട്ട് എത്താറുണ്ട്. 
ദേശീയപാതയിലൂടെ പോകുന്നവർ ഓരോ പാടത്തിലേക്കും ആഹ്ലാദത്തോടെ ഓടിയെത്തും. പക്ഷെ സന്ദർശകരുടെ അതിപ്രസരവും പ്രകടനങ്ങളും കാരണം പല കൃഷിസ്ഥലങ്ങളിലും ഇപ്പോൾ വേലികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നിരുന്നാലും കൺകുളിരെ കാണാനുള്ളതെല്ലാം ഗുണ്ടൽപ്പേട്ടിലുണ്ട്.

Gundlupete
 Gundlupet


മൈസൂരിൽ നിന്ന് 54 കിലോമീറ്ററും, കോഴിക്കോട്ട് നിന്ന് 153 കിലോമീറ്ററും ദൂരെയാണ് ഗുണ്ടൽപ്പേട്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് സീസൺ. ബന്ദിപ്പൂർ, മുതുമല ദേശീയോദ്യാനങ്ങളും മുത്തങ്ങ വന്യജീവി സങ്കേതവും ഇവിടെ നിന്നും വളരെ അടുത്താണ്. 

Gundlupete
 Gundlupetപടിഞ്ഞാറോട്ട് 21 കിലോമീറ്റർ പോയാൽ ഗോപാലസ്വാമിബെട്ട എന്ന മലയോര ഗ്രാമവും പ്രസിദ്ധമായ കാനനക്ഷേത്രവും. ഈ താലൂക്ക് മുഴുവൻ പൂപ്പാടങ്ങൾക്ക് പ്രസിദ്ധമാണ്. താമസസൗകര്യം ലഭ്യമാവുന്നത് ബന്ദിപ്പൂരിലും മൈസൂരിലും മാത്രമാണ്. NH766 വഴി ധാരാളം ബസുകൾ ഉണ്ടെങ്കിലും, ഇവിടം കാണാൻ സ്വന്തം വാഹനത്തിൽ വരുന്നതാവും ഏറ്റവും ഉചിതം.

SyamMohan
@teamkeesa
Previous Post Next Post