മാവൂർ തണ്ണീർത്തടം.ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്.400 ഏക്കറിൽ അധികം വരുന്ന ഒരു ഭൂമിയാണിത്.മലബാറിന്റെ പ്രധാന നദിയായ ചാലിയാർ കോഴിക്കോട് മാവൂരിലേക്ക് എത്തുമ്പോൾ പതിയെ വളഞ്ഞു നടുവിൽ തുരുത് പോലൊരു ഭൂമി രൂപപ്പെടുന്നതാണ് മാവൂർ തണ്ണീർത്തട പ്രദേശം.
|
പച്ചനിറത്തിലുള്ള പുൽമേടുകൾ ആണ് പ്രധാന ആകർഷണം.സ്വദേശികളും വിദേശികളുമായ അനേകയിനം പക്ഷികൾ ഈ പച്ചപ്പരപ്പിൽ കൂട്ടുകൂടാൻ എത്തുന്നു.ഓരോ വർഷവും അവയുടെ ഇനവും എണ്ണവും വർധിക്കുന്നു.ജനുവരി,ഫിബ്രവരി മാസങ്ങളിലാണ് ഈ പ്രദേശത്തേക്ക് പക്ഷികൾ കൂടുതലും എത്തുന്നത്.
|
57 ൽ പരം വ്യത്യസ്ത ഇനം പക്ഷികളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്.ബേപ്പൂർ ബീച്ച്,തുഷാരഗിരി വെള്ളച്ചാട്ടം,കക്കയം ഡാം,തുടങ്ങിയ ടൂറിസ്റ്റു കേന്ദ്രങ്ങൾ ഇവിടെ നിന്നും വളരെ പെട്ടെന്ന് എത്തിച്ചേരാനാവുന്ന ദൂരത്തിലാണ്.കോഴിക്കോട് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഈ തണ്ണീർത്തടം സ്ഥിതിചെയ്യുന്നത്.കോഴിക്കോട് വിമാനത്താവളവും വളരെ അടുത്താണ്.
മാവൂർ ഗ്വോളിയോർ റയോൺസ് ഫാക്ടറിയിലേക്ക് ഇവിടെ നിന്നും കുറഞ്ഞ ദൂരം മാത്രമേ ഉള്ളൂ..
മലബാറിന്റെ വികസനത്തിൽ ശക്തമായ അടിത്തറയാകും എന്ന് കരുത്തപ്പെട്ട മാവൂർ ഗ്വോളിയോർ റയോൺസ് തൊഴിലാളി സമരങ്ങളുടെയും മലിനീകരണത്തിന്റെയും പേരിൽ അടച്ചുപൂട്ടപ്പെടുകയാണ് ഉണ്ടായത്.
|
ടിപ്പു സുൽത്താന്റെ പടയോട്ടത്തിനും മുൻപ് മുതൽക്കേ അരീക്കോടുമായി ബന്ധപ്പെട്ടും മുക്കം ആയി ബന്ധപ്പെട്ടും കല്ലായി തുറമുഖമായി ബന്ധപ്പെട്ടും ശക്തമായ വ്യാപാര ബന്ധങ്ങൾ നിലനിന്നിരുന്നപ്പോൾ ഈ പ്രദേശം വെള്ളത്തിലൂടെ വരുന്ന വ്യാപാരികളുടെ ഇടത്താവളമായിരുന്നു.
മാവൂർ തണ്ണീര്തടത്തിന്റെ ആകാശ ദൃശ്യങ്ങൾ ആലപ്പുഴയെ ഓർമിപ്പിക്കും.സഹദ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ആകാശദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.അതാണ് ആദ്യം നൽകിയിട്ടുള്ള ചിത്രം.
ഡിസംബർ മാസത്തോടു കൂടെ ഇങ്ങോട്ടുള്ള പക്ഷികളുടെ വരവ് കൂടും.വെയിലിനു ശക്തി കൂടുന്ന മാർച്ച് മാസത്തോടു കൂടെ അവയിൽ പലതും പിൻവലിയും.മഴക്കാലത്ത് തണ്ണീര്തടത്തിന്റെ ഭൂരിഭാഗം മേഖലയിലും ചാലിയാറിലെ വെള്ളം കയറും .വേനൽക്കാലങ്ങളിൽ പ്രദേശവാസികൾ വളക്കൂറുള്ള ഈ മണ്ണിൽ പച്ചക്കറി കൃഷികളും ചെയ്യാറുണ്ട്.പക്ഷി നീരീക്ഷണത്തിനു കേരളത്തിലെ തന്നെ പ്രധാന സ്ഥലങ്ങളിൽ ഒന്നായി ഈ തണ്ണീർത്തടം മാറിക്കഴിഞ്ഞു.