പാറമേക്കാവ് ഭഗവതി ക്ഷേത്രം - യാത്ര |Paramekkavu Bagavathi Temple Travel Thrissur

paramekkavu temple paramekkavu vidya mandir paramekkavu temple timings പാറമേക്കാവ് ഭഗവതി ക്ഷേത്രം Paramekkavu Bagavathi paramekkavu padmanabhan


പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രവും പാറമേക്കാവ് ഭഗവതി ക്ഷേത്രവും തമ്മിലുള്ള സൗഹൃദപരമായ മത്സരമാണ്..

അതുകൊണ്ട് തന്നെ തൃശ്ശൂർ പൂരത്തിന്റെ പ്രധാന പങ്കാളിയാണ് 1000 ആണ്ടിനും മുകളിൽ പഴക്കമുള്ള നമ്മുടെ പാറമേക്കാവ് ഭഗവതി ക്ഷേത്രം...
തേക്കിൻകാട് മൈതാനത്തിലെ റൗണ്ടായ സ്വരാജ് റൗണ്ടിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..

paramekkavu temple

തൃശ്ശൂർ നഗരത്തിന്റെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൂർക്കഞ്ചേരി എന്ന ദേശത്ത് പാരമ്പര്യമായി ആയോധനകല നടത്തി വരുന്ന കുറുപ്പാളത്ത്‌ കാരണവർ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിയുടെ പരമഭക്തനായിരുന്നു...

വാർദ്ധക്യാവസ്ഥയിലും ദേവിയെ ഒരു നോക്ക് കാണാൻ വേണ്ടി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കു ചെല്ലുകയും ഇനി ഒരു വരവ് ഉണ്ടാകുമോ എന്നറിയില്ല എന്ന സങ്കടത്തോടെ തിരിച്ചു തറവാട്ടിലേക്ക് നടക്കുകയും ചെയ്ത കാരണവർ ക്ഷീണം കാരണം വടക്കുംനാഥ ക്ഷേത്ര സമീപത്തുള്ള ഇലഞ്ഞിത്തറയിൽ കിടന്നുറങ്ങി..

 ഉറക്കമുണർന്ന് തറവാട്ടിലേക്ക് നടക്കാൻ പുറപ്പെട്ടു താഴെ വച്ചിരുന്ന തന്റെ ഓലക്കുട എടുക്കാൻ ശ്രമിച്ചപ്പോൾ അത് അവിടെ ഉറഞ്ഞുപോയിരിക്കുന്നതായി കണ്ടു..എന്ത് ചെയ്തിട്ടും അനക്കാൻ കഴിയാതെ വന്നപ്പോൾ പ്രശ്നം വച്ചു നോക്കുകയും പ്രശ്നത്തിൽ അവിടെ ദേവീസാന്നിധ്യം കാണുകയും ചെയ്തു.. അതിനെ തുടർന്ന് കാരണവർ തന്റെ തറവാട്ടിലെ കളരിയിൽ ദേവിയെ പ്രതിഷ്ഠിച്ചു യഥാവിധി പൂജകൾ ചെയ്തോളാം എന്ന് പ്രാർത്ഥിക്കുകയും അതുപോലെ തന്റെ കളരിയിൽ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു..

paramekkavu temple

കളരിയിലെ പാറോം മരത്തിന്റെ ചുവട്ടിലായിരുന്നു ദേവിയെ പ്രതിഷ്ഠിച്ചത് അത്കൊണ്ട് തന്നെ ദേവിയെ പാറോംകാവ് ഭഗവതി എന്ന് വിളിച്ചു പോന്നു.. 

പിന്നീട് ദേവിയെ വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള പാറയുടെ മുകളിലായി പ്രതിഷ്ഠിച്ചു അങ്ങനെയാണ് പാറമേക്കാവ് ഭഗവതി എന്ന പേര് വന്നത്.. ഇതാണ് കാവിന്റെ ഐതിഹ്യം.. 

അതേത്തുടർന്ന് ഇന്നും,,മകരമാസത്തിലെ പാനപ്പറ,,തൃശൂർ പൂരത്തൊടനുബന്ധിച്ചുള്ള പൂരപ്പറ,, ഇതെല്ലാം തുടങ്ങുന്നത് കൂർക്കഞ്ചേരി കുറുപ്പാൾ തറവാട്ടിൽ നിന്നുമാണ്...
ഐതിഹ്യപ്രകാരം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ് ഇവിടുത്തേയും..

paramekkavu temple

തൃശ്ശൂർ പൂരത്തിനനെ പറ്റി പറയുമ്പോൾ ഒഴിവാക്കാനാവാത്ത ഒന്നാണ് ഇലഞ്ഞിത്തറ മേളം.. 

അതിനുമുണ്ട് ഐതിഹ്യം.. അതെന്താണെന്നോ.. കുറുപ്പാളത്ത്‌ കാരണവർ ഇലഞ്ഞിത്തറയിൽ വിശ്രമിച്ചതിനെ തുടർന്നല്ലേ ദേവീചൈതന്യം ബോധ്യപ്പെട്ടത്.. അതിന്റെ ഓർമക്കായിട്ടാണ് തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വിശ്വപ്രസിദ്ധമായ നമ്മുടെ ഇലഞ്ഞിത്തറ മേളം നടത്തി വരുന്നത്..

കേരളത്തിലെ ദാരുബിംബങ്ങളോട് കൂടിയ ക്ഷേത്രങ്ങൾ വളരെവിരളമാണ്...അതിൽ ഒന്നാണ് പാറമേക്കാവ്.. വരിക്കപ്ലാവിൽ തീർത്ത 7 അടിയോളം പൊക്കമുള്ള വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ..


വലതുകാൽ മടക്കിവച്ച് ഇടതുകാൽ തൂക്കിയിട്ട് പീഠത്തിൽ ഇരിക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠ പടിഞ്ഞാറോട്ടാണ് ദർശനം..
വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച അഷ്ടബുജങ്ങളോട്കൂടിയാണ് ദുർഗ്ഗാദേവിയുടെ രൂപത്തിൽ ഇവിടെ ഭഗവതി ഇരിക്കുന്നത്.. 

എല്ലാസമയത്തും ബിംബം കാണാനാകില്ല.. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു.. അല്ലാത്തപ്പോഴൊക്കെ കാണുക ഒരു സ്വർണഗോളകയാണ്.. 

ഇവിടെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി ഉയരത്തിൽ 'മേക്കാവ്' എന്ന പ്രത്യേക ക്ഷേത്രവും ഉണ്ട്. മേക്കാവിലെ പ്രതിഷ്ഠയും ഭദ്രകാളി തന്നെയാണ്..
ദ്രാവിഡ രീതിയിലുള്ള ആരാധനാലയങ്ങളെയാണ് കാവ് എന്ന് വിളിച്ചിരുന്നത്..ബുദ്ധ ജൈന മതങ്ങളുടെ പുറകിൽ കാവുകൾ കൂടുതൽ പ്രശസ്തമായി..അങ്ങനെ പാറകളിലും ഗുഹകളിലുമായിട്ടായിരുന്നു കാവുകളുടെ സ്ഥാനം.. 

ഇത്തരമൊരു കാവായിരിക്കാം ഇന്നത്തെ പാറമേക്കാവ് എന്നും അഭിപ്രായമുണ്ട്..
ആര്യന്മാരുടെ വരവിനെ തുടർന്ന് ദ്രാവിഡരുടെ കാവിലെ കൊറ്റവൈ ദേവതക്ക് പകരം ഭദ്രകാളിയായി മാറി എന്നും പറയുന്നു...
കാലപ്പഴക്കം കൊണ്ട് ബിംബം ജീർണ്ണിക്കാൻ തുടങ്ങിയപ്പോൾ അഷ്ടമംഗല്യപ്രശ്‍നം വെക്കുകയും ബിംബം പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു..
 

ബിംബം വലുതായതിനാൽ ശ്രീകോവിലിൽ കടത്താൻ പറ്റാതെ ആയി അതിനെത്തുടർന്ന് ശ്രീകോവിൽ പൊളിച്ചു പുതുതാക്കി പണിതു..
ദാരു ബിംബം ആയതുകൊണ്ട് അഭിഷേകം ചെയ്യാറില്ല.

നിത്യ പൂജകളും പുഷ്പാഞ്ജലിയും എല്ലാം അടുത്ത് കിഴക്കോട്ട് ദർശനമായ അർച്ചനാബിംബത്തിലാണ് ചെയ്യുന്നത്.. ആണ്ടിലൊരിക്കൽ കർക്കിടകത്തിൽ നിറപുത്തരി ദിവസം നടത്തുന്ന ചാന്താട്ടം മാത്രമേ പ്രധാന പ്രതിഷ്ഠയിൽ നടത്താറുള്ളൂ..

paramekkavu temple

മിഥുനത്തിലെ അത്തം തിരുനാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്..
ഇതിനൊക്കെ അപ്പുറം ക്ഷേത്രത്തിന്റെ ഘടനയും നിർമ്മിതിയും ഒരു വലിയ ദൃശ്യവിസ്മയം തന്നെയാണ്..

ഇനിയും ഒട്ടേറെ അത്ഭുത കഥകളും ദൃശ്യവിരുന്നും ഒരുക്കി കേരളത്തിലെ ഏറ്റവും വലിയ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നായ പാറമേക്കാവ് ഭഗവതി ക്ഷേത്രം തന്റെ എല്ലാ പേരും പെരുമായി തൃശിവപേരൂരിന്റെ അഹങ്കാരമായി നിലകൊള്ളുന്നു.


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.