പ്രതീക്ഷകളുടെ പാവ കഥൈകൾ..!Paava Kadhaikal Review

Paava Kadhaikal Review, Netflix Original Movie, Kalidas Jayaram,Sai Pallavi, Prakash Raj, Vetrimaaran, Sudha Kongara, Vignesh Sivan, Goutham Menon

 പാവ കഥൈകൾ അഥവാ പാപ കഥകൾ (Sin Stories); നാല് വ്യത്യസ്ത ചെറു സിനിമകൾ ചേർത്ത് പുറത്തിറങ്ങിയ netflix original തമിഴ് അന്തൊളജി സിനിമ. പേര് സൂചിപ്പിക്കും പോലെത്തന്നെ ഇതിൽ പാപങ്ങളുടെ രക്തം പുരണ്ട കഥകളാണ് പറഞ്ഞിരിക്കുന്നത്.

ജാതി, മതം, അഭിമാനം, ദുരഭിമാനം, ഭയം, സ്നേഹം, പ്രണയം എന്നിവയുടെ ചോര ഇറ്റുവീഴുന്ന കഥകൾ. സുധ കൊങ്കര, വിഘ്നേഷ് ശിവൻ,ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ എന്നിവരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു . തിരക്കഥ മുതൽ സംഗീതവും എഡിറ്റിങ്ങും വരെ സസൂക്ഷ്മം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ആസ്വാദകരെ അമ്പരപ്പിക്കുന്നു .ജാതിയും മതവും നിറവും ലിംഗവും അടിസ്ഥാനമാക്കിയ ,ദുരഭിമാന ചിന്തകൾ മനുഷ്യനെ എത്രമാത്രം ഭീകരരാക്കിയിരിക്കുന്നു എന്ന ചൂണ്ടികാണിക്കൽ സിനിമയിലുടനീളം നിശബ്ദ ഭയമായി പരിണമിക്കുന്നു..

തങ്കം 

സംവിധാനം: സുധ കൊങ്കര

സൂരറൈ പോട്രുവിൻ്റെ വിജയത്തിന് ശേഷം സുധ കൊങ്കര അവതരിപ്പിച്ച തങ്കം എന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾക്കും മുകളിൽ നിൽക്കുന്ന അനുഭവമാണ് സമ്മാനിച്ചത്. കാളിദാസ് ജയറാമിൻ്റെ അമ്പരിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഇതിൻ്റെ പ്രധാന ആകർഷണം. മുറുക്കി ചുവപ്പിച്ച ചുണ്ടിൽ ഒളിപ്പിച്ച ആ ചിരി മുതൽ തങ്കമേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് കരയുന്നത് വരെ മികവുറ്റതാക്കാൻ അയാൾക്ക് കഴിഞ്ഞു . 

ഇന്ന് വരെ നേരിട്ട എല്ലാ വിമർശനങ്ങൾക്ക് ഉള്ള മറുപടിയായി കാളിദാസിന്റെ ഈ പ്രകടനത്തെ കാണുവാൻ കഴിയും . ശരവണൻ(ശാന്തനു), സത്താർ (കാളിദാസ്) ഇവരുടെ സൗഹൃദവും പ്രണയവും പ്രമേയമാക്കിയ ചിത്രം, LGBTQ മനുഷ്യരോട് സമൂഹം വച്ച് പുലർത്തുന്ന സമീപനം എത്രമാത്രം അപകടകരവും അപലപനീയമാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 

തങ്കമേ….. തങ്കമേ…” എന്ന ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഗാനം സിനിമ കഴിഞ്ഞാലും മനസ്സിൽ അലയടിക്കും. സത്താർ എന്നും മനസ്സിൽ മായാതെ കിടക്കും. സിനിമയുടെ ഒഴുക്കിനെ സൗന്ദര്യാത്മകമാക്കുന്നതിൽ സംഗീതം ഒരു പ്രധാന പങ്ക് വഹിച്ചിരിക്കുന്നു. ജോമോൻ ടി.ജോണിൻ്റെ മികച്ച ഛായാഗ്രഹണം കാഴ്ചയ്ക്ക് മിഴിവേകുന്നു.

ലൗ പണ്ണാ ഉട്ട്രണം (Love Panna Uttranam) 

സംവിധാനം: വിഘ്നേഷ് ശിവൻ

ജാതി മേൽക്കോയ്മയിൽ അഭിമാനം കൊണ്ട് നടക്കുന്ന രാഷ്ട്രീയ നേതാവിൻ്റെ ഇരട്ട പെൺമക്കളുടെ പ്രണയം പ്രമേയമാക്കിയ ചിത്രം ബ്ലാക്ക് ഹ്യുമർ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വൈകാരിക- ഹാസ്യ രംഗങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ അഞ്ജലി, കൽക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ അൽഭുതപ്പെടുത്തിയത് നരിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജാഫർ സാദിഖ് ആണ്. അദ്ദേഹത്തിൻ്റെ പ്രകടനം അത്രമേൽ മനോഹരവും വ്യത്യസ്തവുമായ ഒന്നായിരുന്നു. 

കഥാ സന്ദർഭത്തിൽ ഒരിടത്ത് ലെസ്ബിയൻ (lesbian) എന്ന പദവും ഇ.എസ്.പി.എൻ(ESPN) എന്ന ടിവി ചാനൽ പേരും തമ്മിൽ മാറിപ്പോകുന്ന രംഗം, അതിമനോഹരമായി അവതരിപ്പിക്കപ്പെട്ടു. ഒരു റാപ് സോങ്ങ് അടക്കമുള്ള അനിരുദിൻ്റെ സംഗീതം ചിത്രത്തെ കൃത്യമായ ട്രാക്കിൽ എത്തിക്കുന്നു.

വാൻമഗൾ

സംവിധാനം: ഗൗതം വാസുദേവ് മേനോൻ

രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്ന ഒരു ഇടത്തരം കുടുംബത്തിൻ്റെ കഥയാണ് വാൻമഗൾ. തങ്ങളുടെ കൊച്ചു ലോകത്ത് സന്തോഷത്തോടും ഒരുമയോടും പിണക്കങ്ങളും ഇണക്കങ്ങളും ആയി ജീവിച്ചു പോരുന്ന അവർക്ക് പെട്ടെന്ന് ഒരു ആഘാതം നേരിടേണ്ടി വരുന്നു. അവർ അതിനെ എങ്ങനെ നേരിടുന്നു, സമൂഹം എങ്ങനെ ഒരു കുടുംബത്തെ നോക്കിക്കാണുന്നു, സമൂഹം സ്ത്രീയെയും അവളുടെ ശരീരത്തെയും എങ്ങനെയൊക്കെയാണ് അവതരിപ്പിക്കുന്നത് എന്നെല്ലാം GVM മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സംവിായകൻ തന്നെ അച്ഛൻ വേഷത്തിലെത്തിയപ്പോൾ അമ്മ വേഷം കൈകാര്യം ചെയ്തിരിക്കുന്ന സിമ്രാൻ അത് അതിമികച്ചതാക്കി മാറ്റി. പൊന്നുതായി…” എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിൻ്റെ കുടുംബ സ്വഭാവം നിലനിർത്തിന്നതിൽ പങ്കു വഹിക്കുന്നു. GVM സ്വയം നടത്തിയ ഒരു പരീക്ഷണം കൂടിയായി ഈ ചിത്രത്തെ കാണാം. കാരണം, സാധാരണ GVM സിനിമകളിൽ നിന്നും തെല്ലൊന്നു വ്യതിചലിച്ച അവതരണം ആണ് വാൻമഗളുടേത്.

ഓർ ഇരവ്

സംവിധാനം: വെട്രിമാരൻ

ഒരു ഇളം കാറ്റായി തുടങ്ങി അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റ് ആയി ആഞ്ഞു വീശുന്ന ഒരു ചിത്രം. അച്ഛൻ മകൾ ബന്ധത്തിൻ്റെ നനുത്ത ഓർമകളിൽ തുടങ്ങി രാത്രിയുടെ ഇരുട്ടിൽ ഭ്രാന്തമായ ഭീകരതയിലേക്ക് ആ കാറ്റ് നമ്മളെ കൊണ്ടെത്തിക്കുന്നു. തനത് വെട്രിമാരൻ സ്റ്റൈലിൽ ആണ് ചിത്രത്തിൻ്റെ അവതരണം. ജാതി മത ചിന്തകൾ മനുഷ്യനെ ഇത്രമേൽ കീഴ്പ്പെടുത്തിയിരിക്കുന്നു എന്ന് തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തും. സായി പല്ലവിയും പ്രകാശ് രാജും തമ്മിൽ പരസ്പരം മത്സരിച്ച് അഭിനയിക്കുമ്പോൾ ചിത്രം കൂടുതൽ സങ്കീർണവും തീവ്രവും ആകുന്നു. സിനിമയുടെ താളത്തിന് ചേർന്ന് ഒഴുകുന്ന സംഗീതവും ഇരുട്ടിനെ ഒരു കഥാപാത്രം ആയി ഉൾക്കൊണ്ട് നിർവഹിച്ച ഛായാഗ്രഹണം സിനിമയ്ക്ക് മിഴിവേകുന്നു. അസുരനിൽ പറഞ്ഞ് അവസാനിപ്പിച്ചത് പോലെ ഇവിടെയും, വിദ്യാഭ്യാസത്തിലൂടെ തന്നെയാണ് വിമോചനംഎന്ന് വെട്രിമാരൻ പറഞ്ഞു വയ്ക്കുന്നു. കൂട്ടത്തിൽ ഒരല്പം തൂക്കം കൂടിയ ഐറ്റം തന്നെയാണ് 'ഓർ ഇരവ്.

ഈ വർഷം പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ വച്ച് മികച്ച ഒരു അന്തോളജി സിനിമ കൂടിയാണ് പാവ കഥൈകൾ. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിൽ ഉൾപ്പെടുന്ന ഈ ചിത്രം ഒരേ സമയം സംവിധാനം, സംഗീതം, അഭിനയ പ്രകടനങ്ങൾ , എഡിറ്റിംഗ്, പ്രമേയങ്ങളുടെ സാമൂഹിക പ്രസക്തി എന്നിവയിലും മികച്ച് നിൽക്കുന്നു.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.