ഡൽഹിയിൽ നിന്നും ലണ്ടനിലേക്കൊരു ബസ് യാത്ര | Delhi London Bus Service to start soon

delhi to london bus serviceലോകത്തുള്ള ഒരുവിധപ്പെട്ട എല്ലാ യാത്രസ്നേഹികളെയും കൊറോണ തളച്ചിട്ടിരിക്കുകയാണെന്ന് പറയാം. പല നാടുകൾ കറങ്ങേണ്ട പലരും വീടുകളിൽ അടച്ചിട്ട അവസ്ഥയിലാണ്. എന്നാൽ ഈയൊരവസ്ഥ അരങ്ങൊഴിഞ്ഞാൽ ഒരു കിടിലൻ ബസ് യാത്രയാണ് ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡ്വഞ്ചർസ് ഓവർലാൻഡ് എന്ന കമ്പനി ഒരുക്കാൻ പോകുന്നത്. അതും ഡൽഹിയിൽ നിന്ന് പതിനെട്ടോളം രാജ്യങ്ങൾ കടന്ന് ലണ്ടനിലേക്ക്, ഇരുപതിനായിരം കിലോമീറ്റർ ദൈർഘ്യമുള്ള ഒരു യാത്ര.

  ലോക്ക്ഡൗണ് ആരംഭിച്ച സമയത്താണ് 1960കളിൽ ലണ്ടനിൽ നിന്ന് കൊൽക്കത്തയിലേക്ക് സർവീസ് നടത്തിയിരുന്ന ആൽബർട്ട് എന്ന ബസ് വാർത്തകളിൽ നിറയുന്നത്. അതിന്റെ ചുവടുപിടിച്ചെന്നോണമുള്ള ഈ പുതിയ ഹോപ്പ് ഓൺ-ഹോപ്പ് ഓഫ് ബസ് സർവീസിന് ഉടനെതന്നെ കമ്പനി ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന. 2021 മധ്യത്തോടെ ഈ ബസ് അതിന്റെ യാത്ര ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. 

delhi to london bus service
The London - Calcutta 'Albert Bus' during 1960s 

ഇരുപത് ബിസിനസ് ക്ലാസ് സീറ്റുകളാണ് പ്രത്യേകം നിർമിക്കുന്ന ഈ ബസിലുണ്ടാവുക. ആദ്യം ബുക് ചെയുന്ന ഇരുപത് യാത്രക്കാർക്ക് പുറമെ 2 ഡ്രൈവർമാരും, ഒരു ഗൈഡും, ഒരു സഹായിയുമാണ് യാത്രയിൽ അനുഗമിക്കുക. 70 ദിവസമെടുത്തുള്ള പ്രയാണത്തിൽ നിശ്ചിത ഇടവേളകളിൽ ഗൈഡുകൾ മാറും. 2×1 സീറ്റ് കോൺഫിഗറേഷനിലുള്ള ബസിൽ മുഴുവൻ സമയവും വൈഫൈ സൗകര്യമുണ്ടാകും. കൂടാതെ മൊബൈൽ ചാർജിങ്, പ്രൈവറ്റ് ലോക്കർ, മിനി പാൻട്രി മുതലായവയും പ്രതീക്ഷിക്കാം.

താമസത്തിന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ റൂമിന് പുറമെ ഇന്ത്യൻ ഭക്ഷണവും കമ്പനി വാഗ്ദാനം ചെയ്യുന്നു. പോകുന്ന രാജ്യങ്ങളിലേക്കുള്ള സ്റ്റാൻഡേർഡ് വിസയും, സ്‌പെഷ്യൽ ടൂറിസ്റ്റ് വിസയും അടങ്ങുന്നതാണ് ടിക്കറ്റ്.

ഡൽഹിയിൽ നിന്നാരംഭിക്കുന്ന യാത്ര നേരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് ചെല്ലുക. മണിപ്പൂരിൽ നിന്നും അതിർത്തി കടന്ന് മ്യാൻമറിലേക്ക് പ്രവേശിക്കും. പഗോഡകളുടെ നാടും കടന്ന് നേരെ തായ്ലന്റിലേക്ക്, ശേഷം ലാവോസ്. അവിടെ നിന്ന് ചൈനീസ് ടെറിട്ടറിയിലേക്ക് കടക്കുന്ന യാത്രയിൽ വന്മതിലും ചെങ്ദു നഗരത്തിലെ ജയന്റ് പാണ്ടകളെയും കാണാനവസരമുണ്ട്. അവിടന്ന് കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ രാജ്യങ്ങൾ കടന്ന്, റഷ്യയുടെ യൂറോപ്യൻ ഭാഗത്തെത്തും. ശേഷം ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, ബെൽജിയം എന്നീ നാടുകളിലൂടെ ബസ് കുതിക്കും. ചരിത്രവും കല്പനികതയുമുറങ്ങുന്ന യൂറോപ്യൻ നഗരങ്ങളായ മോസ്‌കോ, വിൽനിയസ്, പ്രേഗ്, ബ്രസൽസ് മുതലായവ കണ്ടും കേട്ടും ആസ്വദിക്കാം. 

ഒടുവിൽ ഇംഗ്ലീഷ് ചാനൽ കുറുകെ കടന്ന് ബിഗ്‌ബെൻ നാദം മുഴക്കുന്ന ലണ്ടനിൽ യാത്രയ്ക്ക് തിരശീല വീഴും. 

ഡൽഹി മുതൽ ലണ്ടൻ വരെയുള്ള യാത്രയെ നാലായി ഭാഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഇവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം, അല്ലെങ്കിൽ പൂർണമായ ലെഗ് ഉപയോഗപ്പെടുത്തുകയുമാവാം. ഇവർക്കായിരിക്കും കമ്പനിയുടെ മുൻഗണന. പൂർണമായ ഈ പോയിന്റ് റ്റു പോയിന്റ് യാത്രക്ക് സകല ചിലവുകളുമുൾപ്പെടെ 15ലക്ഷം ഇന്ത്യൻ രൂപയാണ് ടിക്കറ്റിന് വില. ഇവയിൽ വിസയും, ഹോട്ടൽ താമസവും, മറ്റു സകല പാസുകളും ഉൾപ്പെടും. 

ആരംഭിച്ചുകഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ് ഇതായിരിക്കും. കേവലം യാത്ര എന്നതിലുപരി ചരിത്രാതീതമായി ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് രാജ്യങ്ങളെ റോഡ് മുഖാന്തരം ബന്ധിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ സർവീസിനുണ്ട്. ഒപ്പം ഏഷ്യൻ, യൂറോപ്യൻ നാടുകളിലൂടെ വ്യത്യസ്തമായ ഭൂപ്രകൃതിയും, സംസ്കാരവും രുചിച്ചുള്ള ഒരു അതിമനോഹര യാത്ര, അതാവും അഡ്വഞ്ചർസ് ഓവർലാൻഡിന്റെ 'ബസ് ടു ലണ്ടൻ'.Syam Mohan
@teamkeesa
Previous Post Next Post