സ്ലീവാച്ചനൊരു കത്ത് | A letter to Sleeva by Rincy

kettiyolaanu ente malakha

കുടുംബബന്ധങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമായൊരു വിഷയം കൈകാര്യം ചെയ്ത ചിത്രമാണ് ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ കൃഷിയും റബ്ബർ ടാപ്പിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്നൊരു ചെറുപ്പക്കാരനാണ് കടപ്ലാമറ്റം വീട്ടിൽ സ്ലീവാച്ചൻ അഥവാ കുട്ടായി. 

അമ്മയും വിവാഹിതരായ നാലു പെങ്ങൾമാരും അവരുടെ കുടുംബവും നാടും വീടുമൊക്കെയാണ് സ്ലീവാച്ചന്റെ ലോകം. അധ്വാനിയായ ഒരു നല്ല ചെറുപ്പക്കാരൻ. സ്ലീവാച്ചനെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കണമെന്നതാണ് പെങ്ങൾമാരുടെയും അമ്മയുടെയും വേണ്ടപ്പെട്ടവരുടെയെല്ലാം ആഗ്രഹം.
ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന്റെ പുറത്ത് സ്ലീവാച്ചൻ ഒരു പെണ്ണു കെട്ടുന്നു. നഗരത്തിൽ ജനിച്ചുവളർന്ന റിൻസിയാണ് സ്ലീവച്ചന്റെ ജീവിതസഖിയായി എത്തുന്നത്. ഭർത്താവിനോടും ചെന്നു കയറുന്ന വീടിനോടും വീട്ടുകാരോടുമെല്ലാം സ്നേഹവും മമതയുമുള്ള ഒരു പെൺകുട്ടി. 

എന്നാൽ സ്ലീവാച്ചന്റേതായ ചില കാരണങ്ങളാൽ ഇരുവരുടെയും ദാമ്പത്യജീവിതം അങ്ങ് ട്രാക്കിൽ കയറാതെ വിഷമസന്ധിയിലേക്ക് പ്രവേശിക്കുകയാണ്. കല്യാണത്തോടെ സ്ലീവാച്ചന്റെ ജീവിതത്തിലേക്ക് കയറിവരുന്ന സംഘർഷങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. 

എന്നാൽ കേട്ടുപഴകിയ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കി, സമൂഹം ഇനിയുമധികം ചർച്ച ചെയ്യാത്ത ചില പ്രശ്നങ്ങളിലേക്കാണ് ഈ സിനിമ വിരൽ ചൂണ്ടിയത്. ദാമ്പത്യത്തെ കുറിച്ചും ലൈംഗികജീവിതത്തെ കുറിച്ചുമൊക്കെയുള്ള അറിവില്ലായ്മ/ അജ്ഞത തുടങ്ങിയ പ്രശ്നങ്ങളെ സാധാരണഗതിയിൽ നിസാരവത്കരിക്കുന്ന ഒരു സമൂഹത്തിൽ നിന്നു കൊണ്ട് അതിനെ അഡ്രസ് ചെയ്യേണ്ടതുണ്ട് എന്ന സന്ദേശമാണ് സിനിമ നൽകുന്നത്. 

ഇനിയീ കഥ റിൻസിയുടെ ഭാഗത്ത് നിന്നൊന്ന് നോക്കാം. തന്റെ ദുരനുഭവം, അന്നേരം നാമ്പിട്ട തോന്നലുകൾ എന്നിവയെ കുറിച്ച് റിൻസി സ്ലീവാച്ചന് ഒരു കത്തെഴുതിയാൽ എങ്ങനെയുണ്ടാവും? യുവ എഴുത്തുകാരിയായ അഷിത എഴുതിയിരിക്കുന്നത് അങ്ങനെയൊരു സ്പിൻ ഓഫ് ആണ്. കേവലം ഒരു വിക്ടിം കാർഡ് എന്നതല്ല ഈ കത്ത്, മറിച്ച് ആ കഥാപാത്രം നേരിട്ട മാനസികവസ്ഥയുടെ ഒരു തുറന്നുപറച്ചിലാണ്. എഴുത്തിന്റെ പൂർണരൂപത്തിലേക്ക്...

മാലാഖക്ക് പറയാനുള്ളത്. 
_________________________
  പെയ്തുതോർന്ന മഴയുടെ അവശേഷിപ്പുകൾ ചുറ്റും കാണുന്നുണ്ട്. കുറച്ചു ദിവസങ്ങളായി പറമ്പിലിറങ്ങിയിട്ട്. ആകെ വൃത്തിഹീന മായിരിക്കുന്നു. ഇന്നേക്ക് നാല്പത് ദിവസമായി റിൻസി മരിച്ചിട്ട്. ആളും ബഹളവും ഒതുങ്ങിയിരിക്കുന്നു. അകത്തേക്ക് കയറുമ്പോഴേ കേട്ടു, തന്നെ പറ്റിയുള്ള ചർച്ചകൾ. 

  'എന്നാലും സ്ലീവാചന്റെ ഒരു അവസ്ഥ നോക്കണേ, ഇത്ര ചെറുപ്പത്തിലേ പെണ്ണ് പോയല്ലോ'
'അവനാ കൊച്ചിനേം കൊണ്ട് എന്നാ ചെയ്യാനാ... ഒരു പെൺകൊച്ചല്ലയോ വളർന്നു വരുന്നത്... ഒന്നൂടെ കെട്ടുന്നതാണ് നല്ലത്'
 ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരുന്നു. അല്ലെങ്കിലും തന്റെ വിഷമങ്ങൾ കാണാൻ, ഒപ്പം നിൽക്കാൻ എന്നും ഒരുപാട് പേരുണ്ടായിരുന്നല്ലോ, അയാളോർത്തു. എല്ലാത്തിനും മൗനം മാത്രം ഉത്തരമായി നൽകി അയാൾ അകത്തേയ്ക്കു നടന്നു. അകത്തെ മുറിയിൽ ഏതൊക്കെയോ ചേച്ചിമാരിരുന്ന് ഏതാണ്ടൊ സിനിമാ കഥ പറയുന്നുണ്ട്. '... കെട്ടിയോനൊന്ന് തല്ലിയെന്നു വച്ചു അവൾ ബന്ധം പിരിയാന്നു വച്ചാൽ, അത് ശരിയാണോ?.അതും ഗർഭിണി ആയിരിക്കുമ്പോൾ.. ആ ചെറുക്കന്റെ സങ്കടം കാണണം... ദൈവം പൊറുക്കുകേല !'

'നമ്മടെ സ്ലീവാചന്റെ കാര്യം തന്നെ നോക്കണേ. അന്ന് അങ്ങനൊക്കെ നടന്നേലും, റിൻസി കൊച്ച് ഇട്ടേച്ചും പോയില്ലല്ലോ. അതാണ് പെണ്ണ്, അതാണ് സ്‌നേഹം !'
   മരണ വീട്ടിലെ ചർച്ചകൾ സഹതാപം കടന്ന്, കല്യാണത്തിലെത്തി, സിനിമയിലേക്ക് എത്ര വേഗമാണ് മാറിയത്, അയാളോർത്തു. 
    തന്റെ മുറിയിലേക്ക് കടന്നു, മോളുറങ്ങികിടക്കുന്നു. അല്ലേലും അഞ്ച് വയസ്സുള്ള കൊച്ചിന് മരണത്തെ കുറിച്ച് എന്തറിയാൻ. ഓരോന്നോർത്തുകൊണ്ട് അയാൾ അലമാര തുറന്നു. അപ്പോഴാണ് അതു കണ്ടത്, റിൻസിയുടെ ഡയറി. 
     അസുഖം വന്നേൽ പിന്നെയാണ് അവൾ ഡയറി എഴുതുന്നത് കണ്ടത്, അതും ഒരിക്കൽ മാത്രം. ചോദിച്ചപ്പോൾ അവൾ കളിയായി പറഞ്ഞു, ഞാൻ ഇല്ലാണ്ടാവുമ്പോഴേ ഇച്ചായനിത് നോക്കാവൂ. കട്ടിലിലേക്കിരുന്ന് അയാൾ വായിക്കാൻ തുടങ്ങി..


"ആദ്യം മുതലേ അങ്ങനായിരുന്നല്ലോ, നിങ്ങളുടെ ദുഖങ്ങളിൽ താങ്ങായി കൂടെയെല്ലാവരും ഉണ്ടായിരുന്നു. എന്റെ ദുഖങ്ങളും, വേദനകളും എന്നും എന്റേത് മാത്രമായിരുന്നല്ലോ, അതാരും മനസ്സിലാക്കിയില്ല. ഉണ്ടായിരുന്നെങ്കിൽ, നമ്മൾ ഇത്രയും നാൾ ഒരുമിച്ച് ജീവിക്കില്ലായിരുന്നു, എല്ലാം നിങ്ങളെന്നെ ആക്രമിച്ച ആ രാത്രിയോടെ തീർന്നേനെ. 
    ഈ വിവാഹം പോലും ആർക്കോ വേണ്ടിയായിരുന്നില്ലേ. എന്റെ ഭാഗത്തും തെറ്റുണ്ട്. പെണ്ണുകാണാൻ വന്നിട്ട്,  അതിനെ പറ്റി പറയാതെ അമ്മച്ചിക്ക് വാതത്തിന് മരുന്ന് പറഞ്ഞു തന്നുപോയ നിങ്ങളെ ഞാൻ മനസ്സിലാക്കണമായിരുന്നു. അത് നിങ്ങളുടെ നന്മയല്ല, മറിച്ച് കല്യാണത്തിനോടും പെണ്ണിനോടുമുള്ള ആശങ്കയാണെന്ന്. വാക്കുറപ്പിച്ചിട്ടും ഫോൺ വിളികളും സംസാരവും എന്റേതുമാത്രമായിരുന്നു, വിവാഹശേഷം പോലും.

പറമ്പും, കൃഷിത്തിരക്കുകളുമായി എന്നോട് സംസാരിക്കാതിരുന്ന പോലെ, നമ്മുടെ മോളോട് സംസാരിക്കാതിരിക്കരുത്. എന്നെപോലെയാവണമെന്നില്ല, ചിലപ്പോൾ അവൾ നിങ്ങളിൽ നിന്നകന്നു പോവും. അതു നിങ്ങൾക്ക് സഹിക്കാനാവില്ല. അന്ന് മോൾക്കൊരു മുറിവുപറ്റി കരഞ്ഞപ്പോഴുള്ള നിങ്ങളുടെ വേദനയും സങ്കടവും കണ്ട് എനിക്ക്   ചിരി വന്നു. എന്താണെന്നല്ലേ, അതിലും വലിയ മുറിവുകളും വേദനയും നിങ്ങളെന്നെ ആക്രമിച്ച രാത്രി എനിക്കുണ്ടായിരുന്നു. അതു മനസ്സിലാക്കാൻ നിങ്ങളെക്കൊണ്ടായില്ല. 
   ആരുടെയോ വാക്കും കേട്ട് കള്ളിന്റെ പുറത്ത്, നിങ്ങളെന്നെ ബലാത്കാരം ചെയ്തപ്പോൾ, ബോധം മറയുന്ന അവസാന നിമിഷം ഞാൻ കണ്ടിരുന്നു, എന്തോ നേടിയെടുത്ത സന്തോഷത്തിൽ നിൽക്കുന്ന നിങ്ങളെ. 

   ആശുപത്രിയിൽ നിന്ന് തിരിച്ചു നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോളും, നിങ്ങളെന്നെ ഉപദ്രവിച്ച അതേ മുറിയിൽ കൊണ്ടാക്കിയപ്പോളും എന്റെ വേദന ആരും കണ്ടില്ല. അവിടെ നിന്ന ഓരോ നിമിഷവും ഭ്രാന്തെടുക്കുകയായിരുന്നു. എനിക്ക് ചുറ്റും കൂടിയവരിൽ അന്നു ഞാൻ കണ്ടത് നിങ്ങളോടുള്ള അനുകമ്പയായിരുന്നു. വൈവാഹിക ജീവിതത്തെ പറ്റിപോലും ഒന്നുമറിയാത്ത, നല്ലവനായ സ്ലീവാച്ചനെ വാഴ്ത്താനായിരുന്നു പലർക്കും താല്പര്യം. നിങ്ങളുടെ അമ്മച്ചി പറഞ്ഞിരുന്നു 'പെണ്ണെന്നാൽ നിങ്ങൾക്ക് ഒന്നുകിൽ അമ്മ അല്ലെങ്കിൽ പെങ്ങളാണെന്ന്'. അമ്മയായാലും പെങ്ങളായാലും ഇങ്ങനെ അക്രമിക്കാമോ എന്നു ഞാൻ തിരിച്ചു ചോദിക്കാതെ, മൗനത്തെ കൂട്ടുപിടിച്ചു. 

നിങ്ങളെന്റെ ജീവിതത്തിലേക്ക് വന്ന ശേഷം ഞാൻ ഏറ്റവും കൂട്ടായത് മൗനത്തോടായിരുന്നു. എന്നെ തിരിച് എന്റെ വീട്ടിലേക്കാക്കാൻ ഓരോ തവണ പറഞ്ഞപ്പോഴും നിങ്ങളുടെ അമ്മച്ചി പറഞ്ഞത് 'ധ്യാനം കഴിയട്ടെ' എന്നായിരുന്നു. അവരാരും ധ്യാനം കൂടി ബോധോദയം പ്രതീക്ഷിച്ചത് നിങ്ങളിൽ നിന്നായിരുന്നില്ല, മറിച് എന്നിൽ നിന്നായിരുന്നു. നിങ്ങളെ പിരിഞ്ഞുപോവുക എന്ന കൊടിയ പാപത്തിൽ നിന്നും അവരെനിക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കണം!.

വീട്ടിൽ കൊണ്ടുവന്ന പുതിയ അലങ്കാര മത്സ്യങ്ങളെ, ഇണങ്ങിയതിന് ശേഷമേ ഒന്നിപ്പിക്കാവു എന്ന് പറഞ്ഞു  വേറെ വേറെയാക്കിയ നിങ്ങളുടെ അറിവ്! ആ അറിവുള്ള നിങ്ങളായിരുന്നു പരസ്പരം മനസ്സിലാക്കാതെ,  സംസാരിക്കാതെ എന്നെ കീഴ്പെടുത്തിയത് ! അന്ന് ഞാൻ നിങ്ങളെ നോക്കിയതിൽ പ്രണയമല്ലാതിരുന്നു, മറിച്ച് അത്ഭുതവും പുച്ഛവുമായിരുന്നു. ചെടികളുടെയും ജീവികളുടെയും ജീവിത പാഠം മനസ്സിലാക്കിയ നിങ്ങളെന്തേ എന്റെ മനസ്സ് കാണാതെ പോയി? 

    അന്ന് എല്ലാം അവസാനിപ്പിക്കാൻ തന്നെയായിരുന്നു ഞാൻ വീട്ടിലേക്ക് മടങ്ങിയത്. എന്ത് തീരുമാനത്തിനും കൂടെ നിൽക്കുമെന്ന് ചേട്ടായി പറഞ്ഞപ്പോഴും ആ കണ്ണുകളിൽ കണ്ടിരുന്നു നിങ്ങളെ ഉപേക്ഷിക്കുമോ എന്നുള്ള ഭയം. അതെ ഭയമായിരുന്നു ചേട്ടത്തിക്കും. അമ്മച്ചി പറഞ്ഞതും കഴുത്തിലെ മിന്ന് സംരക്ഷിക്കാനാണ്. എല്ലാം കൂടെ നിസ്സഹായാവസ്ഥയില്ലായിരുന്നു ഞാൻ. ഞാൻ തെറ്റാണെന്നു വരെ എനിക്ക് തോന്നിപ്പോയി.

അന്ന് ഞാൻ കാണുകയായിരുന്നു, എത്ര വലിയ തെറ്റാണെങ്കിലും ചുറ്റുമുള്ളവർ ശരിയെന്ന് പറയുമ്പോൾ, ആ തെറ്റ് ശരിയായി മാറുന്നത് ! അതാണ് ഞാൻ നിങ്ങളിലേക്ക് തിരിച്ചെത്തിയതും. നിങ്ങളെന്നെ പ്രണയിക്കുന്നു എന്ന് പറയുന്ന ഓരോ നിമിഷവും എനിക്കെന്നോട് തന്നെ പുച്ഛമായിരുന്നു. നിങ്ങളിലേക്ക് മടങ്ങിയപ്പോൾ, നിങ്ങൾക്കും മറ്റുള്ളവർക്കും ഞാൻ വാഴ്ത്തപ്പെട്ടവളായി, മാലാഖയായി ! പിന്നീടങ്ങോട്ട് ജീവിതമേത് അഭിനയമേതെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടില്ല. എന്നിലെ എന്നെ, എനിക്കെന്നേ നഷ്ടമായിരുന്നു. 

kettiyolaanu ente malakha

    ആന്റിയുടെ വീട്ടിലേക്ക് പോവും വഴി പരിചയപ്പെട്ടതാണ് കീർത്തിയെ. അവൾ എന്നോടൊരു കഥ പറഞ്ഞു, കഥയല്ല ജീവിതം തന്നെ. അവളുടെ സഹോദരൻ പ്രണയിച്ച റിയ യുടെ കഥ. പ്രണയം അവന് ഭ്രാന്തായി മാറിയപ്പോൾ, എല്ലാം അവസാനിപ്പിക്കാം എന്ന് പറഞ്ഞതിന്,  അവൻ അവൾക്കു നൽകിയ സമ്മാനം, RAPE!. ഒടുവിൽ കേസായപ്പോൾ അവന്റെ വീട്ടുകാർ സഹായഹസ്തവുമായി എത്തി. 'എല്ലാം നഷ്ടപ്പെട്ട അവളെ' അവന് വിവാഹം ചെയ്തോളുമെന്ന്. എന്തിന്റെ പേരിലായാലും അവൾക്കും  എനിക്കും സംഭവിച്ചത് ഒന്നും തന്നെയാണ്, വ്യത്യാസം എന്റെ കഴുത്തിൽ നിങ്ങൾ കുരുക്കിട്ട മിന്നുമാത്രം. 

വിവാഹമെങ്ങിനെയാണ് അക്രമത്തിനും, അനുഭവിച്ച വേദനക്കും പരിഹാരമാവുന്നത്. റിയ വിവാഹത്തിന് സമ്മതിച്ചില്ല. അവൾ പോരാടി നീതി നേടിയെടുത്തു, അവൻ ശിക്ഷിക്കപ്പെട്ടു. 
   ഇതു കേട്ടപ്പോളെനിക്ക് ആത്മ നിന്ദ തോന്നി. നിങ്ങളിലേക്ക് മടങ്ങിയതിന് കുറ്റബോധം തോന്നി. ഞാൻ തെറ്റായിരുന്നു. അല്ല, ഞാനെന്ന ശരിയെ നിങ്ങളെല്ലാവരും ചേർന്ന് തെറ്റാക്കി മാറ്റി. അപ്പോഴും നിങ്ങൾക്ക് ഞാൻ മാലാഖയായിരുന്നു. 
   'ശരിയാണ്, ഞാൻ മാലാഖയായിരുന്നു, മനുഷ്യസ്ത്രീയായിരുന്നില്ല.
ആയിരുന്നെങ്കിൽ, ഒരിക്കലും നിങ്ങളിലേക്കൊരു മടക്കം എനിക്കുണ്ടാവില്ലായിരുന്നു!'

ഒരപേക്ഷ മാത്രമേയുള്ളു, നമ്മുടെ മോളെ ഒരിക്കലും മാലാഖയായി വളർത്തരുത്...അവളെ മനുഷ്യനായി വളർത്തൂ...
                    എന്ന്, 
         മാലാഖയല്ലാത്ത നിങ്ങളുടെ കെട്യോൾ. "

    ആ ഡയറി നെഞ്ചോടു ചേർത്ത് അയാളിരുന്നു. മിഴികൾ പെയ്തുകൊണ്ടിരുന്നു. ഒടുവിൽ അവസാന വരിയിൽ അയാൾ എഴുതി ചേർത്തു, 
"മാപ്പ് "
_________________________


തൃശ്ശൂർ കുട്ടനെല്ലൂർ അച്യുതമേനോൻ ഗവണ്മെന്റ് കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പട്ടാമ്പി സ്വദേശിയായ അഷിത എം.

@teamkeesa
Previous Post Next Post