Yellapatty |
തമിഴ് നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലാണ് പെട്ടി ചേർത്തുള്ള സ്ഥലപ്പേരുകൾ നമുക്ക് കാണാൻ ആവുക.
ഈ പ്രദേശങ്ങൾ എല്ലാം സുന്ദരമായ കാഴ്ചകളുടെയും നാടൻ മധുര പലഹാരങ്ങളുടെയും കോട മഞ്ഞിന്റെയും ഒക്കെ നാട് കൂടെയാണ്.
|
ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും വട്ടവട റൂട്ടിൽ 17 കിലോമീറ്റർ മുന്നോട്ടു പോയാൽ യെല്ലപ്പെട്ടി എന്ന ഈ കാർഷിക ഗ്രാമത്തിൽ എത്തും.കേരളത്തിൽ പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഗ്രാമങ്ങളാണ് യെൽപ്പെട്ടിയും വട്ടവടയും ഒക്കെ.
അത് കൊണ്ട് തന്നെ ധാരാളം പച്ചക്കറി തോട്ടങ്ങൾ നമുക്ക് കാണാൻ കഴിയും.ചെറിയ കുന്നുകൾ ..അവയിലൂടെ വെട്ടി ഒരുക്കിയ കൃഷി ഇടങ്ങൾ,അവയുടെ ഇടയിലൂടെ ഒഴുകുന്ന ചെറു അരുവികൾ ..
വേലി കെട്ടിത്തിരിച്ചിരിക്കുന്ന അതിരുകൾ,ചെറിയ വീടുകൾ,തമിഴ്-മലയാളം സംസാരിക്കുന്ന പ്രദേശ വാസികൾ..
|
ഗ്രാമം എന്നതിന്റെ എല്ലാ സവിശേഷതകളും യെല്ലപ്പെട്ടിയിൽ പൂര്ണമാകും.
സ്ട്രോബെറി,തക്കാളി,കാബേജ്,ക്യാരറ്റ്,പയറുകൾ തുടങ്ങി കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽ ഒന്നും കൃഷി ചെയ്യാൻ ആവാത്ത കാർഷിക വിളകളാണ് ഇവിടെ അധികവും.നാണ്യവിളകൾ അപൂർവം ആയി മാത്രമേ കൃഷി ചെയ്യുന്നുള്ളൂ.
വട്ടവടയിലേക്ക് യെല്ലപ്പെട്ടിയിൽ നിന്നും 20 കിലോമീറ്റർ ദൂരമാണ് ഉള്ളത്.മാട്ടുപ്പെട്ടി ഡാം,കുണ്ടള ഡാം തുടങ്ങിയവയും ഇവിടെ നിന്ന് വളരെ അടുത്താണ്.രസകരമായ ഒരു വസ്തുത എന്താണെന്നു വെച്ചാൽ പലരും ഈ ഗ്രാമത്തിലേക്ക് എത്തിപ്പെടുന്നത് പലപ്പോഴും വഴി തെറ്റി ഒക്കെയാണ്.
വട്ടവടയിലേക്കുള്ള യാത്ര മദ്ധ്യേ പലരും ഇതാണ് വട്ടവട എന്നും തെറ്റിദ്ധരിക്കാറുണ്ട്.ഒരു ദിവസത്തെയോ രണ്ടു ദിവസത്തെയോ യാത്രയ്ക്ക് ആണ് നിങ്ങൾ വരുന്നത് എങ്കിൽ ഇവിടെ നിന്നും പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം.
|
ഇടുക്കിയിൽ നിന്നും പ്രത്യേകിച്ച് വട്ടവടയിൽ നിന്നും കൊടൈക്കനാലിലേക്ക് 210 കിലോമീറ്റർ ദൂരം റോഡ്മാർഗം ഉണ്ട്.എന്നാൽ യെല്ലപ്പെട്ടിയിൽ നിന്നും 35 കിലോമീറ്റർ നടപ്പാത കൊടൈക്കനാലിലേക്ക് ഉണ്ട്.
എന്നാൽ വനത്തിലൂടെയാണ് യാത്ര എന്നതിനാൽ സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങേണ്ടതുണ്ട്.അതിനായി ഡിസ്ട്രിക്ട് ഫോറെസ്റ് ഓഫിസുമായി ബന്ധപ്പെടുക.നല്ല ഒത്തിരി അനുഭവങ്ങൾ നൽകുന്ന യാത്ര ആണ് യെല്ലപ്പെട്ടിയിലേക്ക് ഉള്ളത്.
ഒരിക്കലും മനസ്സ് മടുക്കാത്ത കാഴ്ചകൾ യെല്ലപ്പെട്ടി സമ്മാനിക്കും എന്നതിൽ സംശയമില്ല.