മാണിക്യനല്ല ഒടിയൻ..!'കരിമ്പന കാടുകളിലൂടെ ചൂളമടിച്ചു പറന്നുയരുന്ന പാലക്കാടൻ കാറ്റ് നിശയുടെ ഓരോ യാമങ്ങളെയും തഴുകി ഉണർത്തിയിരിക്കവേ...നിഴൽ പോലെ ഇരുണ്ട രാത്രിയിൽ കനൽക്കട്ടപോലെ ജ്വലിക്കുന്ന കണ്ണുകളുരുട്ടി ചൂളമടിച്ചുകൊണ്ട് വരുമവൻ..ഒടിയൻ..'

ആരാണ് യഥാർത്ഥത്തിൽ ഒടിയൻ..? 
എന്താണവന്റെ കഥ..? 

ഒടിയന്റെ കഥ തുടങ്ങുന്നതിവിടെയാണ്.. 

തറവാടുകൾ, പാമ്പിൻ കാവുകൾ, ഭഗവതി കാവുകൾ, വെളിച്ചപ്പാട്, വേല, പൂരം, നെൽ പാടങ്ങൾ, വയലുകൾ, കരിമ്പനക്കാടുകൾ മുളങ്കാടുകൾ,പുഴകൾ,പർവതങ്ങൾ തുടങ്ങി കേരളത്തിന്റെ തനതായ ഭംഗിയെ ഒപ്പി വച്ചിരിക്കുന്ന നാടാണ് പാലക്കാട്‌...
ഇവിടെ പച്ചയായ മനുഷ്യരും അതേപോലെ പച്ചയായ കുറേ വിശ്വാസങ്ങളും എല്ലാം നമ്മെ നോക്കി പുഞ്ചിരിക്കുന്നു..

1950-60 കാലഘട്ടങ്ങളിൽ പൂഴിക്കാറ്റിൽ പറന്നുയരും മൺതരി വരെ പേടിച്ചു നിലംപതിക്കുന്ന കഥയാണ് ഒടിയന്റേത്...
അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദങ്ങൾക്കും ഒന്നും ഒട്ടും കുറവില്ലായിരുന്ന അക്കാലത്ത് ഒടിയൻസേവ നാട്ടിൽ തലയുയർത്തി നിന്നിരുന്നു... 
ചാതുർവർണ്ണ്യ വ്യവസ്ഥയും, ജന്മികുടിയാൻ സമ്പ്രദായവും കൊടികെട്ടി വാണിരുന്ന സമയം...അന്നത്തെ, നായർ, ഈഴവ സമുദായത്തിലെ ജന്മിമാർ പുലയൻ, പാണൻ, പറയൻ തുടങ്ങിയ സമുദായത്തിലെ "ഒടിവിദ്യ " അറിയുന്ന കുടിയാന്മാരെ തങ്ങളുടെ തോപ്പുകളും കൃഷിയും എല്ലാം സംരക്ഷിക്കാനും, കക്കാൻ വരുന്ന കള്ളന്മാരെ വകവരുത്താനുമായിട്ട് ഒടിയൻ വേഷത്തിൽ കാവൽ നിൽക്കാൻ ആജ്ഞാപിക്കുകയും അതിനായുള്ള നാണയങ്ങളോ മറ്റോ കൊടുക്കുകയും ചെയ്യുമത്രെ.. ഇത് കൂടാതെ തന്റെ ശത്രുക്കളെ വക വരുത്താനും ഒടിവിദ്യ ഉപയോഗിക്കുന്നവർ ഉണ്ട്.. 

ഒടിയനാവുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നുള്ളതാണ് വാസ്തവം.. 

ഒടിയനാവാൻ തീരുമാനിച്ചിരിക്കുന്ന ആൾ ഒരുപാട് നാളത്തെ വ്രതം അനുഷ്ഠിക്കുകയും അതിനായികൊണ്ടുള്ള നിരവധി ചിട്ടകളും ചടങ്ങുകളും കൈക്കൊള്ളുകയും വേണമത്രേ.. 
ഒരു പ്രത്യേകതരം കുഴമ്പ് ഉണ്ടാക്കി അത് ചെവിയിൽ വെക്കുമ്പോഴാണ് ഒടിയനാവുന്നത് എന്നാണ് പറയുന്നത്.. 
ഈ കുഴമ്പ് എന്നത് സാധാരണ എണ്ണയോ അല്ലെങ്കിൽ ഔഷധ സസ്യങ്ങളോ മറ്റോ വച്ചു ഉണ്ടാക്കുന്ന ഒന്നല്ല.. 

അതുണ്ടാക്കാനായി ഒടിവിദ്യക്കാരൻ 
ഗർഭിണിയായ ഒരു സ്ത്രീയെ നോട്ടമിടുകയും രാത്രി നേരത്ത് ഉച്ചാടനത്തിലൂടെ അവളെ പുറത്ത് കൊണ്ടുവരുകയും അവളുടെ ഗർഭപാത്രത്തിൽ ഇരിക്കുന്ന കുഞ്ഞിനെ കൊന്ന് പുറത്തെടുക്കുകയും ചെയ്യുകവഴിയാണ് ആ കുഴമ്പ് ഉണ്ടാക്കി എടുക്കുന്നത്.. വ്രതം അവസാനിച്ചതിന് ശേഷം അയാൾ ആ കുഴമ്പ് ചെവിയിൽ പുരട്ടി ഏത് രൂപം ആവണമെന്ന് കരുതിയോ ആ രൂപമായി ശത്രുക്കളെ വക വരുന്നു.. തിരിച്ചു വീട്ടിലേക്കു ചെല്ലുമ്പോൾ വീട്ടിലെ ഉറ്റവർ ചാണകവെള്ളം കലക്കി വച്ച് അവനായി കാത്തിരിക്കും.. അവൻ വന്നതും അവന്റെ മേലെ കലക്കി വച്ചിരിക്കുന്ന ചാണക വെള്ളം ഒഴിക്കുമ്പോൾ പഴയരൂപത്തിലേക്ക് അവൻ തിരിച്ചുവരും എന്നുള്ളതാണ് ഒരു വിശ്വാസം.. 

ഇങ്ങനെ ഒട്ടനവധി തരത്തിൽ ഒടിയന്റെ കഥ കേൾക്കാനാകും.. ചെവിയിൽ വെക്കുന്ന കുഴമ്പ് ഉണ്ടാക്കുന്നതിന് തന്നെ പല വിധത്തിലുള്ള കഥകളാണുള്ളത്.. പാലക്കാടൻ ഉൾപ്രദേശങ്ങളിൽ ചെന്നാൽ പ്രായംചെന്ന ഓരോരുത്തർക്കും ഒടിയനെ കുറിച്ച് ഒത്തിരി പറയാനുണ്ട്..എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥകളാണ് താനും .. 

ഒരുചിലർ പറയുന്നു,, പ്രത്യേക രീതിയിൽ നിർമ്മിക്കുന്ന ആ കുഴമ്പ് കരിമ്പന കാടുകളിലാണ് ഒളിപ്പിച്ചു വെക്കുക എന്ന്.. പനയുടെ മുകളിൽ പ്രത്യേകമായി സജ്ജീകരിച്ചു വെക്കുമത്രേ എന്നാൽ അത് വേറെ ആർക്കും കാണുവാൻ സാധിക്കില്ല..കാറ്റിന്റെ ചൂളംവിളിയിൽ അമർന്നിരിക്കുന്ന നിശയിൽ കരിമ്പനക്കാടുകളിൽ ഒരു പ്രത്യേകതരം ശബ്ദം കേൾക്കുമത്രേ.. ഒടിയൻ വേട്ടക്കിറങ്ങി എന്ന് പേടിച്ചു വിറച്ചു ഉറങ്ങാതെ കിടന്നിരുന്ന രാത്രികളെ ഓർത്ത് പറയുന്നു ഒരുകൂട്ടം മധുര 90കളിലെ മുത്തശ്ശി മുത്തശ്ശന്മാർ.. 

ചിലർ പറയുന്നു ഒടിയനെ കാണുവാൻ കഴിയില്ല എന്ന്.. മറ്റുചിലർ പറയുന്നു ഒടിയനെ കാണാം.. മിക്കവാറും പോത്ത്,  നായ, നരി, കാള തുടങ്ങിയവയുടെ രൂപത്തിലായിരിക്കുമത്രേ വരവ്.. അമാനുഷിക ശക്തിയുള്ള അവർ വളരെ വേഗത്തിൽ സഞ്ചരിക്കുകയും, പടുകൂറ്റൻ മരങ്ങളിൽ വരെ കണ്ണടച്ച് തുറക്കും മുന്നേ കയറുകയും ചെയ്യുമത്രേ..കുറച്ച് ദൂരം ദൃശ്യമാവുന്ന അവരെ പിന്നെ കാണാനേ കഴിയില്ല കാഴ്ചയിൽ നിന്നും മറഞ്ഞ് പോവും എന്നും പറയുന്നു.. 
കാള, പോത്ത് , തുടങ്ങിയ മൃഗങ്ങളുടെ വേഷത്തിൽ മാറുമ്പോൾ ഒരു കാലോ, വാലോ എന്തെങ്കിലും ഒക്കെ കുറവുള്ള ഒന്നായെ മാറുകയുള്ളൂ എന്നും പറയ്യപെടുന്നു.. 

ജന്മി കുടിയാൻ വ്യവസ്ഥയിൽ കുടിയാന്മാരെ ഉപദ്രവിക്കുന്ന ജന്മിമാരെ ഒടിയന്മാർ കൊന്നൊടുക്കിയ കഥകളും കേൾക്കാനാകും.. 
യുക്തിവാദികളായ ചിലർ പറയുന്നു ഇത് ഒടിവിദ്യയോ ദുർമന്ത്രവാദമോ ഒന്നും അല്ല.. ശത്രുക്കളെ വകവരുത്താനായി മൃഗങ്ങളുടെ വേഷമിട്ടു വന്നു വകവരുത്തുന്ന പച്ചയായ മനുഷ്യർ തന്നെയാണ് എന്ന്.. 

എന്തിനാണ് ഒടിയനായി വന്നു ശത്രുക്കളെ വകവരുത്തുന്നു എന്ന് ചോദിക്കുകയാണെങ്കിൽ.. പണ്ട് ഒട്ടുമിക്ക ആളുകളും കളരി തുടങ്ങിയ വിദ്യകൾ അഭ്യസിച്ചവരായിരുന്നുവത്രെ അതിനാൽ അമാനുഷിക ശക്തിയുള്ള ഒടിയനായി ചെന്നാലേ അവരെവകവരുത്താനാകൂ എന്നുള്ളത് ഒരു കാര്യം.. മറ്റൊന്ന്,, കുടിയാന്മാരുടെ ശത്രുക്കൾ മിക്കവാറും വലിയ ജന്മികളാവും അവർക്ക് തന്റെ ശത്രുക്കളെ നേരിടാനായി കുറച്ചു ആളുകൾ (ഗുണ്ടകൾ) ഉണ്ടാവുമത്രെ അതിനാലും ഒടിയനായി വകവരുത്തുകയെ നിവർത്തിയുള്ളൂ...പിന്നെ ഇന്നാളാണ് ഇതിന് പിന്നിൽ എന്ന് അറിയിക്കാത്ത വിധം ഒരു തെളിവും ബാക്കി വെക്കാതെ നശിപ്പിച്ചുകളയുമാത്രേ ഒടിയൻ.. 

ഇന്ന് ജീവിത ശൈലിയും,സമൂഹവും എല്ലാം മാറിമറിഞ്ഞിരിക്കുന്നു..അത് ഒടിയൻ എന്ന പേടിസ്വപ്നത്തെ തുടച്ചു മാച്ച് കളഞ്ഞിരിക്കുന്നു.. 

കേരളത്തിൽ, യക്ഷി, മാടൻ, മർദ തുടങ്ങി പലതരത്തിലുള്ള ദുഷ്ടശക്തികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തനായി ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ദേഹത്തെ തന്നെ മാറ്റത്തിന് വിധേയമാക്കികൊണ്ട് കുറേ കാലം ഒരു ജനതയെ മൊത്തം ഭീതിക്കുള്ളിൽ പൂട്ടിയിട്ട ഒടിയൻ ഒരു വിസ്മയമാണ്..

Copyright © Team Keesa. All Rights Reserved
Previous Post Next Post