ind_auto
റെൻറ് എ കാർ
ഒരു യാത്രയ്ക്ക്, അല്ലെങ്കിൽ കുറച്ചുനാളത്തേക്ക് ഉപയോഗിക്കാൻ നിങ്ങൾക്ക് ഒരു വാഹനം വേണമെങ്കിൽ അതിനായി ഒരു വാഹനം വാങ്ങുന്നത് മുതലാവില്ലെന്ന് അറിയാമല്ലോ. അപ്പോൾ എന്തുചെയ്യാം. നിരവധി സാധ്യതകൾ നമുക്ക് മുന്നിൽ ഉണ്ടാകും. ഉദാഹരണത്തിന് വേണമെങ്കിൽ വാഹനം വാടകയ്ക്ക് വിളിക്കാം. അല്ലെങ്കിൽ പരിചയക്കാരുടേയോ ബന്ധുക്കളുടേയോ വാഹനം താൽക്കാലികമായി നമുക്ക് എടുക്കാം. എന്നാൽ വാഹനം വാടകയ്ക്ക് വിളിക്കുമ്പോൾ നമുക്ക് വാടക ഓരോ ട്രിപ്പിനും നൽകേണ്ടി വരും. അത് ചിലപ്പോൾ സാമ്പത്തികമായി നഷടമാകാം. മാത്രവുമല്ല, നമ്മുടെ സൌകര്യത്തിന് അനുസരിച്ച് അത് ലഭ്യമാകണമെന്നോ ഇല്ല. പിന്നെ പരിചയക്കാരുടെ വാഹനം. അത് പലപ്പോഴും അവർക്ക് അത്യാവശ്യമുള്ള സമയമാണെങ്കിൽ നമുക്ക് വാഹനം ലഭിക്കാതെയും വരും. അപ്പോൾ എന്താണ് പോംവഴി. റെൻറ് എ കാർ എന്നതാണ് ഇപ്പോൾ അതിനുള്ള മറുപടി.
റെൻറ് എ കാർ എന്നാൽ വാടകയ്ക്ക് വാഹനം എടുക്കുക എന്നത് തന്നെയാണ്. എന്നാലത് ടാക്സി സർവ്വീസ് അല്ല. ഓട്ടത്തിനല്ല ഈ കാറിന് പൈസ നൽകേണ്ടത്. മറിച്ച് ദിവസ വാടകയ്ക്കോ മാസവാടകയ്ക്കോ വാർഷിക വാടകയ്ക്കോ കാറുകൾ നമുക്ക് വാടകയ്ക്ക് എടുക്കാം. ഗൾഫിൽ നിന്നും മറ്റും അവധിക്ക് നാട്ടിലെത്തുന്നവർ ഏറെയും ഇപ്പോൾ ആശ്രയിക്കുന്നത് റെൻറ് എ കാർ സംവിധാനത്തെയാണ്. ഓരോ കാറിനും ഓരോ താരിഫായിരിക്കും. ലക്ഷ്വറി കാറുമുതൽ ചെറുകാറുകൾ വരെ ഇത്തരത്തിൽ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഇപ്പോഴുണ്ട്. പക്ഷെ വാഹനം നമ്മൾ തന്നെ ഓടിക്കണമെന്നുമാത്രം. നിങ്ങൾക്ക് ഡ്രൈവിങ് അറിയില്ല എങ്കിൽ അറിയുന്ന ഒരാളെ നിങ്ങൾക്ക് ഡ്രൈവറായി നിയോഗിക്കാം.
ഇനി നിങ്ങൾക്ക് കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വരെ ഒന്നുപോകണം എന്നുവെക്കുക. നിങ്ങളുടെ യാത്ര അവിടെ അവസാനിക്കുകയും തിരികെ നിങ്ങൾ വരുന്നില്ലെന്നുമാണെങ്കിലും ഇപ്പോൾ നിങ്ങൾക്ക് റെൻറ് എ കാർ സംവിധാനത്തെ ആശ്രയിക്കാവുന്നതാണ്. ഒരിടത്ത് നിന്ന് കാർ എടുത്ത് മറ്റൊരിടത്തെ അവരുടെ ഷോറൂമുകളിൽ കാർ കൈമാറാനുള്ള സംവിധാനം ഇപ്പോൾ പല റെൻറ് എ കാർ സ്ഥാപനങ്ങളും നൽകുന്നുണ്ട്.
നിശ്ചിത വാടകയ്ക്ക് എടുക്കുന്ന കാറിൻറെ മെയിൻറനൻസ് വാടകയ്ക്ക് എടുക്കുന്ന ആൾ നിർവഹിക്കേണ്ടതില്ല. അതെല്ലാം കാർ റെൻറ് ചെയ്യുന്ന സ്ഥാപനങ്ങൾ തന്നെ ചെയ്യും. എന്നാൽ വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ അതിന് വാടകയ്ക്ക് എടുക്കുന്ന ആൾക്ക് ഉത്തരവാദിത്വമുണ്ടാകും. അതേസമയം തന്നെ ചില സ്ഥാപനങ്ങൾ ഇൻഷൂറൻസ് ഉപയോഗിച്ച് വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ ശരിയാക്കാറുമുണ്ട്.
കാറുകൾ റെൻറ് ചെയ്യാൻ നിങ്ങൾ നൽകേണ്ടത് നിങ്ങളുടെ തിരിച്ചറിയൽ രേഖകളുടെ കോപ്പികൾമാത്രമാണ്. ആധാർ, ലൈസൻസ്, വോട്ടോഴ്സ് ഐ ഡി കാർഡ് എന്നിവയുടെ കോപ്പികളാണ് ഇത്തരം സ്ഥാപനങ്ങൾ വാങ്ങാറ്. റെൻറ് എ കാർ സംവിധാനത്തിലൂടെ എടുത്ത് കാറുകൾ പക്ഷെ സംസ്ഥാനം വിട്ട് പോകാൻ അനുമതി ഉണ്ടാകാറില്ല. അതിന് ഉടമകളുടെ പ്രത്യേക അനുമതി വേണ്ടിവരും. ജി പി ആർ എസ് ട്രാക്കിങ് സിസ്റ്റം ഉപയോഗിച്ച് നിരീക്ഷണത്തിലായിരിക്കും ഇത്തരം വാഹനങ്ങൾ. മറ്റ് സംസ്ഥാനങ്ങളിലേക്ക് കാർ കൊണ്ടുപോകാൻ ശ്രമിച്ചാൽ ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യുന്ന അതിനൂതനമായ സംവിധാനങ്ങളൊക്കെ ഘടിപ്പിച്ചതാണ് മിക്ക റെൻറ് എ കാറുകളും.
റെൻറ് എ കാറുകൾ തിരിച്ചറിയാനും എളുപ്പമാണ്. ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻറെ നിറം സാധാരണ വാഹനങ്ങളിൽ നിന്നും ടാക്സി വാഹനങ്ങളിൽ നിന്നും വ്യത്യസ്ഥമാണ്. സ്വകാര്യ വാഹനത്തിന് വെളുപ്പിൽ കറുപ്പിലാണ് എഴുത്തെങ്കിൽ ടാക്സികൾക്ക് കറുപ്പിൽ വെളുപ്പ് എഴുത്താണ്. എന്നാൽ റെൻറ് എ കാറിൽ ഇത് കറുപ്പിൽ ഗോൾഡൻ കളറിലാകും നമ്പർ പ്ലേറ്റ്.
ഇനി അവധിക്ക് നാട്ടിൽ വരുമ്പോഴോ കൂട്ടുകാരുമായി ഒന്നുകറങ്ങാനോ കാറില്ലെങ്കിൽ വിഷമിക്കേണ്ട. അംഗീകൃത റെൻറ് കാർ ഉടമകളുമായി ബന്ധപ്പെട്ടാൽ മാത്രം മതി. നിങ്ങളുടെ സൌകര്യത്തിന് ഉപയോഗിക്കാൻ കാർ വീട്ടുമുറ്റത്ത് എത്തും.
#റെൻറ്എകാർ #വാടകകാർ #യാത്ര #RentACar #TaxiCar #Trip #Car