പദ്മരാജന്റെ Butterflies of The Spraying Rain.. !

ഒരിക്കൽ കൂടി മണ്ണാറത്തൊടി ജയകൃഷ്ണനൊടൊപ്പം രണ്ടരമണിക്കൂർ ചെലവഴിച്ചു.... 
വെറുതെ അലക്ഷ്യമായി ഗൂഗിൾമുത്തശ്ശിയുമായി സല്ലപിക്കുന്നതിനിടയിൽ പദ്മരാജൻ സിനിമകൾ കയറിവന്നു... 
അദ്ദേഹം 1987ൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് കണ്ട് ഒരു നിമിഷം അമ്പരന്നു...
'Butterflies of The Spraying Rain'... 
'തൂവാനത്തുമ്പികൾ' എന്നതിനെ ആംഗലീകരിച്ചതാണെന്ന് മനസ്സിലാക്കി തന്നത് അതിനോടൊപ്പം ചേർത്തുവെച്ച ചിത്രശകലങ്ങളിലെ ക്ലാരയാണ്.. 

പ്രിയപ്പെട്ട ക്ലാരാ... ഒരിക്കൽ കൂടി നന്ദി..

ഒരുപാട് നാളുകൾക്ക് ശേഷമാണ് തൂവാനത്തുമ്പികൾ വീണ്ടും കാണുന്നത്.. ഇതിനിടയിൽ പലപ്പോഴായി ഈ ചിത്രത്തെയും അതിലെ നായക കഥാപാത്രത്തെയും വിശകലന വിധേയമാക്കുന്ന കുറിപ്പുകൾ വായിച്ചിട്ടുണ്ട്..
അവസാനത്തേതായി ഇതേ ഇടത്ത് തന്നെ മറ്റൊന്നും... 
അതിന്റെയെല്ലാം സാരസംഗ്രഹം ജയകൃഷ്ണന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള രണ്ടു വിശേഷണങ്ങളാണ്.. 
ഒന്ന്,,,,മലയാളി പുരുഷന്റെ അദമ്യമായ കാമനകളുടെയും അടങ്ങാത്ത ആസക്തികളുടെയും പ്രതീകമാണ് ജയകൃഷ്ണൻ.
രണ്ട്,,,,നിഗൂഢവും മനസ്സിലാക്കാൻ വിഷമമേറിയതുമായ ഒരു ദ്വന്ദ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അയാൾ. 

കാലങ്ങളെന്റെ കാഴ്ചപ്പാടുകളെ ഉത്തേജിപ്പിച്ചതിനാലാവണം, ചിത്രത്തിന്റെ പുതുകാഴ്ചയിൽ ഇത് രണ്ടിനോടും അത്രകണ്ട് യോജിക്കാൻ തോന്നിയില്ല..
തന്റെ ജീവിതത്തിൽ ആകെ രണ്ട് സ്ത്രീകളെ മാത്രം സ്വീകരിക്കുകയും അറിയുകയും ചെയ്ത, അതുവരെയ്ക്കും തന്നെ തന്നെ കാത്തുവെച്ച ജയകൃഷ്ണൻ ഒരിക്കലും അടങ്ങാത്ത ആസക്തിയുടെ ഉടമയായിരുന്നില്ല എന്നുള്ളത് വ്യക്തം.. 
ഒരു ശരാശരി മലയാളി തന്റെ ജീവിതത്തിലുടനീളം പുലർത്തിപോരുന്ന കാപട്യമായും ഉഭയവ്യക്തിത്വമായും താരതമ്യം ചെയ്യുമ്പോൾ...മണ്ണാറത്തൊടി ജയകൃഷ്ണൻ അസാധാരണമാം വിധം സത്യസന്ധനും ഋജുത്വമാർന്നവനുമാണ്. രാധയോടൊ, ക്ലാരയോടോ ഒന്നും തന്നെ അയാൾക്ക് ഒളിക്കാൻ ഉണ്ടായിരുന്നില്ല.. 
രണ്ടു പേരും തന്നെ ഉപേക്ഷിച്ചു പോകുവാൻ സാധ്യതയുള്ളവണ്ണം അത്യന്തം അപായകരമായൊരു സത്യസന്ധതയായിരുന്നു അയാളുടേത്.. 
ജയകൃഷ്ണന്റെ യൗവനം മാത്രമാണ് ചിത്രം കുറിച്ചിടുന്നത്.. അദ്ദേഹത്തിന്റെ മുഴുവൻ ജീവിതവും ചിത്രീകരിച്ചിരുന്നുവെങ്കിൽ തിരിച്ചറിവിന്റെയും അവബോധത്തിന്റെയും കൊടുമുടികൾ തേടി പോകുന്നൊരു പുതിയ മനുഷ്യനെ നമുക്ക് കാണാമായിരുന്നു.. 

ആത്മീയതയുടെ അടിവേരുകൾ മണ്ണാറത്തൊടി ജയകൃഷ്ണനിൽ നമുക്ക് ദർശ്ശിക്കാവുന്നതാണ്.. മറ്റൊരു തരത്തിൽ പറഞ്ഞാൽ അയാളുടെ യൗവനം സൗർബയുടേതാണ്.. സ്വതന്ത്രനും ഉത്സാഹിയും എല്ലാ അതിര്വരമ്പുകളെയും ലംഘിച്ച് ജീവിതം ആസ്വദിക്കുന്നവനും പൊട്ടിചിരിച്ചുകൊണ്ട് മരണത്തെ വരിക്കാൻ കഴിയുന്നവനുമായ ജീവിതത്തെ പ്രണയിക്കുന്ന ഗ്രീക്കുകാരനായ സോർബയുടേത്... 

സോർബയുടെ ഉത്തരഘട്ടമാണ് ബുദ്ധന്റേത്.. അത് ആത്മീയതയുടെ ചെറു മുകുളങ്ങൾ ഉള്ളിൽ പേറുന്ന ജയകൃഷ്ണനെ ജീവിതം തന്നെ പ്രബുദ്ധതയിലേക്ക് നയിക്കുമായിരുന്നു.. 
ഈ നിരീക്ഷണങ്ങളോട് ശെരി വെക്കുന്നതാണ് തൃശ്ശൂർ നഗരത്തിൽ ജീവിച്ചിരിക്കുന്ന പുതിയേടത്ത് ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ ജീവിതം.. 
അറുപതുകളിൽ വടക്കുന്നാഥന്റെ നഗരിയിൽ യൗവ്വനം ആഘോഷിച്ച് തീർത്ത ഇദ്ദേഹത്തിന്റെ ജീവിതമായിരുന്നു പദ്മരാജന്റെ തൂലികയിലൂടെ 'ഉദകപ്പോളയായത്'.. 
അത് പിന്നെ 'തൂവാനത്തുമ്പികൾ' എന്ന പേരിൽ നമ്മുടെയെല്ലാം ഹൃദയത്തിൽ ചിരപ്രതിഷ്ഠിതമായി.. 

ഗീതയും ഉപനിഷത്തും വായിക്കുന്ന അതിലെ ദർശ്ശനങ്ങൾ തന്നെ ജീവിത ദർശ്ശനങ്ങളായി പകർത്തുന്ന ഒരു ജയകൃഷ്ണനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.. 
ജീവിതത്തിലെ ഒരുപാട് അഗ്നിപരീക്ഷകളെ  നേരിട്ട ഉണ്ണിമേനോൻ ഇന്നും ഇവിടെയുണ്ട്.
ഈ നിമിഷങ്ങളിൽ ജീവിച്ച്കൊണ്ട് സ്വന്തം വടക്കുനാഥന്റെ മണ്ണിൽ... 
ഈ പൂരനഗരിയിൽ...

തയ്യാറാക്കിയത് : ഗിരീഷ് മച്ചാട് 
Previous Post Next Post