കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് വേദിയൊരുക്കാൻ യുണൈറ്റഡ് അറബ് എമിരേറ്റ്സ് തയ്യാറായിക്കഴിഞ്ഞു. കോവിഡ് ഭീതിയിൽ ആശങ്കയിലായിരുന്ന ക്രിക്കറ്റ് പ്രേമികൾക്കുള്ള സന്തോഷവാർത്തയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പതിമൂന്നാമത്തെ ഐ.പി.എൽ സീസണിന് അരങ്ങൊരുക്കുകയാണ്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ ആയിരിക്കും 2020ലേ ട്വന്റിട്വന്റി മാമാങ്കം. യു.എ. ഇയിലെ ദുബായ്, ഷാർജ, അബുദാബി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടത്തുവാനായി BCCI യും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തീരുമാനിച്ചിരിക്കുന്നത്. 53 നീണ്ടുനിൽകുന്നതാണ് ടൂർണമെന്റ്. പത്ത് മത്സരങ്ങൾ ഇന്ത്യൻ സമയം വൈകുന്നേരം 3:30 നും ബാക്കിയുള്ളവ 7:30നുമായിരിക്കും.
തികച്ചും സുരക്ഷിതമായ രീതിയിലാവും ഇത്തവണത്തെ ഐ.പി.എൽ. കോവിഡ്ന് ശേഷം ആദ്യമായി നടന്ന ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ നാം കണ്ട ബയോബബ്ബിൾ സിസ്റ്റമാണ് അതിലൊന്ന്. ലളിതമായി പറഞ്ഞാൽ പുറംലോകത്തുനിന്നും അടച്ചിട്ടിരിക്കുന്ന ഒരു അന്തരീക്ഷം. കളിക്കാർ, സപ്പോർട്ടിങ് സ്റ്റാഫ്, മാച്ച് ഓഫീഷ്യലുകൾ എന്നിവർക്ക്മാത്രമായി ഈ നിർദ്ധിഷ്ട സ്ഥലത്തേക്കുള്ള പ്രവേശനം പരിമിതപെടുത്തും. അങ്ങനെ പുറംലോകവുമായി അവരുടെ ശാരീരിക ഇടപെടലും, അണുബാധയ്ക്കുള്ള സാധ്യതയും ഒരുപരിധിവരെ വെട്ടികുറക്കപ്പെടുന്നു.
ബബിളിൽ പ്രേവേശിക്കുന്നതിനുമുൻപായി കളിക്കാരെയും, കോച്ചുകളെയും, സപ്പോർട്ടിങ് സ്റ്റാഫിനെയും കോവിഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ ക്വാറന്റൈൻ സൗകര്യവുമൊരുക്കുന്നു. കൂടാതെ വേദിയിലേക്കും അതാതു ഹോട്ടലുകളിലേക്കും മാത്രമായി പ്രവേശനം നിജപ്പെടുത്തുന്നതിലൂടെ, ആരാധകരുമായി അല്ലെങ്കിൽ ബബിളിന് പുറത്തുള്ളവരുമായി കോൺടാക്ട് ഉണ്ടാവുന്നതേയില്ല. വിമനങ്ങളിലും ടീം ബസുകളിലും ബബിളിലുള്ളവർ ഒറ്റപ്പെട്ട യൂണിറ്റായിതന്നെ യാത്ര ചെയ്യുന്നു. മാധ്യമപ്രവർത്തകർക്കും ടിവി പ്രക്ഷേപണ ഗ്രൂപ്പുകൾക്കും മറ്റു സ്റ്റാഫുകൾക്കും പ്രത്യേക ബബിളുകളും തയ്യാറാക്കിയിട്ടുണ്ട്. ഇവ ലംഘിക്കുന്നവരെ വിലക്കുന്നതാണ്.
ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷങ്ങൾ കാരണം ചൈനീസ് മൊബൈൽ കമ്പനി ആയ വിവോയെ ഒഴിവാക്കി പുതിയ സ്പോൺസറിനെ BCCI ക്ഷണിക്കുകയുണ്ടായി. അങ്ങനെ ഓഗസ്റ്റ് 19 ന് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാന്റസി ഗേമിംഗ് പ്ലാറ്റ്ഫോം ആയ DREAM11 ഈ വർഷത്തെ ഐപിഎല്ലിന്റെ സ്പോൺസറായി ഔദ്യോഗിക സ്ഥിതീകരണം വന്നു. 222 കോടിരൂപയുടേതാണ് നാലര മാസത്തെ കരാർ. നൂതന വിദ്യാഭ്യാസ കമ്പനികളായ ബൈജൂസിന്റെ 201 കോടിരൂപയുടെയും അൺഅക്കാഡമിയുടെ 170 കോടിയുടെയും ബിഡുകളെ പിന്തള്ളിയാണ് DREAM11 ടൈറ്റിൽ സ്പോൺസർ സ്ഥാനം ഉറപ്പിച്ചത്.
എന്നാൽ ഇടയിൽ വന്ന ചില വാർത്തകൾ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. പരിശീലനത്തിന് മുന്നോടിയായി നടന്ന ടെസ്റ്റുകളിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിലെ ഒരു നെറ്റ് ബൗളർക്കും 12 സപ്പോർട്ടിങ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. പിന്നീട് ഒരു താരത്തിനുകൂടെ പോസിറ്റീവ് ആയി. ഇതിനു മുന്ന് രാജസ്ഥാൻ റോയൽസിന്റെ ഫീൽഡിങ് കോച്ച് ദിശാന്ത് യാഗ്നിക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ സുഖം പ്രാപിച്ചുവരുന്നു.
ഇനി യാതൊരു തടസവും വരരുതെന്നാണ് സകല ക്രിക്കറ്റ് പ്രേമികളും ആഗ്രഹിക്കുന്നത്. എന്തെന്നാൽ ഇന്ത്യയുടെ മഹാശാലിയായ മഹേന്ദ്രസിംഗ് ധോണിയും, വെടിക്കെട്ടുകൾക്ക് പേരുകേട്ട സുരേഷ് റെയ്‌നയും വിരമിച്ചതിനു ശേഷമുള്ള ഐ.പി.എൽ എന്നതുതന്നെയാണ്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ചെന്നൈ ആരാധകരുടെ ചിന്ന തല ഐ.പി.എൽ ക്യാമ്പിൽ നിന്നും മടങ്ങിയത് ആരാധകർക്ക് നിരാശയാണ് നൽകിയത്. എങ്കിലും അദ്ദേഹം തിരിച്ചുവരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ക്യാപ്റ്റൻ കൂളിന്റെ ഹെലികോപ്റ്റർ ഷോട്ടുകൾ ഗാലറിയിലേക്ക് പറന്നിറങ്ങുന്നതും, ഇമ വെട്ടുന്ന നേരംകൊണ്ട് വിക്കറ്റിനു പിന്നിൽ കാണിക്കുന്ന ജാലവിദ്യകളും കാണാൻ അത്രയേറെ ആരാധകർ കാത്തിരിക്കുന്നു.
കോവിഡ് തുടങ്ങിയശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ഈ ഐ.പി.എൽ. 19ന് ശനിയാഴ്ച വൈകുന്നേരം അബുദാബിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും കൊമ്പുകോർക്കുന്നതോടെ കുട്ടിക്രിക്കറ്റിലെ മാമാങ്കം ആരംഭിക്കുകയായി. 'യേ സാല കപ്പ്' ആരുടെയാകുമെന്ന് കാത്തിരുന്നുകാണാം.
Credits ; Aneesh
Copyright © Team Keesa. All Rights Reserved