കന്യാകുമാരി Kanyakumari

kanyakumari


ടലിന്റെ ആലിംഗനമേറ്റ് മയങ്ങിക്കിടക്കുന്ന അതിസുന്ദരിയായ ലാവണ്യമാണ്‌ കന്യാകുമാരി.

ബംഗാൾ ഉൾക്കടൽ ,ഇന്ത്യൻ മഹാ സമുദ്രം ,അറബിക്കടൽ എന്നീ മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന ലോകത്തിലെ തന്നെ അപൂർവ ഇടങ്ങളിൽ ഒന്നാണ് ഇവിടം.

ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരി മുൻപ് കേരളത്തിന്റെ ഭാഗമായിരുന്നു.എന്നാൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടത്തിയതോടെ പ്രദേശവാസികൾ കൂടുതലും തമിഴ്ഭാഷ സംസാരിക്കുന്നവർ ആയതിനാൽ തമിഴ്‌നാടിന്റെ ഭാഗമായി മാറി.

വിവേകാനന്ദ പാറയും,തിരുവള്ളുവർ പ്രതിമയും,കന്യാകുമാരി ക്ഷേത്രവും ഒക്കെയാണ് കന്യകുമാരിയുടെ പ്രധാന ആകർഷണം.


സൂര്യോദയവും സൂര്യാസ്തമയവും ഒരേ സ്ഥലത്തു നിന്നുകൊണ്ട് തന്നെ ഏകദേശം ഒരേ ദിശയിൽ കാണാം എന്നുള്ളതും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി കന്യാകുമാരിയെ മാറ്റുന്നു.


വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപം കന്യകുമാരിയുടെ മുഖമാണ്.വിശ്വപ്രസിദ്ധനായ സ്വാമി വിവേകാനന്ദൻ ധ്യാനിക്കുവാൻ തിരഞ്ഞെടുത്ത പാറയാണ് ഇത്.കടലിലേക്ക് ഇറങ്ങി കിടക്കുന്ന ഈ പാറയിലേക്ക് കടലിലൂടെ വിവേകാനന്ദൻ നീന്തി എത്തി ധ്യാനിച്ചിരുന്നു എന്ന് കരുതപ്പെടുന്നു.സന്ദർശകർക്കും ധ്യാനിക്കുവാനുള്ള ഒരു ധ്യാനമണ്ഡപം ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്.

മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന ത്രിവേണി സംഗമം ഉള്ള ഇവിടെ വലിയ ബാർജുകളിലാണ് പാറയിലേക്ക് സഞ്ചാരികളെ എത്തിക്കുന്നത്.ചില സമയങ്ങളിൽ വാൻ തിരമാലകൾ ആഞ്ഞടിക്കും.എത്ര ധൈര്യമുള്ളവർ ആണെങ്കിൽ പോലും ഒന്ന് കിടുങ്ങും.കടൽ പതിയെ ശാന്തമാകും.


വിവേകാനന്ദപ്പാറക്ക് സമീപത്തായിട്ട് കടലിൽ തന്നെ സ്ഥിതി ചെയ്യുന്ന മറ്റൊരു പാറയിലാണ്  തമിഴ് സംസ്കാരത്തിന്റെ പിതാവായ തിരുവള്ളുവറിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്.വിവേകാന്ദപ്പാറയിലേക്ക് ബോട്ടിലേക്ക് കയറി വരുന്നവർക്ക് അതേ ബോട്ടിൽ തന്നെ ഈ പാറയും സന്ദർശിക്കാം.

നവംബർ മുതൽ മാർച്ചു വരെയാണ് സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകുന്നത്.ഈ മാസങ്ങളിൽ സൂര്യോദയവും അസ്തമയവും നല്ല രീതിയിൽ കാണാൻ സാധിക്കും.അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങൾ കന്യകുമാരിയുടെ കടൽ തീരങ്ങളിൽ തിരമാലകളുടെ ഉയർച്ച താഴ്ചകൾക്ക് കാരണമാകും എന്നതിനാൽ കടലിലെ കുളി കരുതലോടെ ആയിരിക്കണം.

കന്യകുമാരിയിലെ വാവതുറൈ മുനമ്പിൽ നിന്നും 500 മീറ്റർ അകലം മാത്രമാണ് കടലിന്റെ നടുവിലേക്ക് കിടക്കുന്ന വിവേകാനന്ദപ്പാറയിലേക്കും തിരുവള്ളുവർ പറയിലേക്കും ഉള്ളത്.വെവ്വേറെ ടിക്കെറ്റുകൾ ഒന്നും എടുക്കാതെ ഒരേ ബോട്ടിൽ സഞ്ചാരം പൂർത്തിയാക്കാം.


കേരള-തമിഴ്നാട് അതിർത്തിയിലെ മാർത്താണ്ഡം ,പർവ്വതീപുരം മേൽപ്പാലങ്ങൾ തുറന്നതോടെ തിരുവനന്തപുരത്തുനിന്നും കന്യാകുമാരി എത്തുവാൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്ന സ്ഥാനത്തു നിന്നും ഇപ്പോൾ ഒന്നര മണിക്കൂർ മാത്രമായി ചുരുങ്ങി.

മാർക്കോ പോളോയുടെയും ടോളമിയുടെയും പുസ്തകങ്ങളിൽ കന്യകുമാരിയെ കണ്ടെത്തുവാൻ കഴിയും.തമിഴ് സാഹിത്യത്തിൻറെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നായ കന്യകുമാരി സംഗം കാലഘട്ടം മുതൽ സജീവമായിരുന്നു.ശ്രീ കൃഷ്ണന്റെ സഹോദരിയായ THE VIRGIN GODDESS എന്ന കന്യകുമാരി ദേവിക്ക് വേണ്ടി സമർപ്പിതമായിട്ടുള്ള ക്ഷേത്രത്തിൽ നിന്നുമാണ് പരിസരപ്രദേശങ്ങൾക്ക് കന്യകുമാരി എന്ന പേരുവന്നത്. 


ഗാന്ധിജിയുടെ അന്ത്യ ശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ഗാന്ധി സ്‌മൃതി മണ്ഡപവും ഇവിടെ ഉണ്ട്.ഉദയ സൂര്യന്റെ ആദ്യ കിരണങ്ങൾ ഈ അന്ത്യശേഷിപ്പുകളിൽ പതിക്കുന്ന രീതിയിലാണ് രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

പിന്നെ നല്ല ഉഷാറായിട്ട് ധാരാളം വെയില് കൊള്ളാം.എങ്കിലും ത്രിവേണി സംഗമവും വിവേകാനന്ദ -തിരുവള്ളുവർ പാറകളും ,സൂര്യാസ്തമയവും സൂര്യോദയവും സഞ്ചാരികൾക്ക് നല്ല അനുഭവങ്ങൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല .ലോകത്തിലെ തന്നെ വലിയ ഉപഭൂഖണ്ഡങ്ങളിൽ ഒന്നായ ഇന്ത്യയുടെ ഒരറ്റത്താണ് നമ്മൾ നിൽക്കുന്നത് എന്ന ബോധ്യം അല്പം അഹങ്കാരവും ഉണ്ടാക്കുക തന്നെ ചെയ്യും .

Previous Post Next Post