ഇങ്ങനെയായാൽ ശരിയാകുമോ .?


നാധിപത്യത്തിന്റെ ഭൂരിഭാഗം സൗന്ദര്യവും ആസ്വദിക്കാനും അനുഭവിക്കാനും അവസരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കൃത്യമായി തിരഞ്ഞെടുപ്പുകളും പ്രതിക്ഷേധങ്ങളും അരങ്ങേറുന്ന നിയമ സംവിധാനങ്ങൾ വ്യാപകമായ പരാതികൾ ഇല്ലാതെ നടത്തപ്പെടുന്ന, രാഷ്ട്രീയ അവബോധമുള്ള ഒരു നാട്.ഇന്ത്യൻ ഭരണഘടന ഇന്ത്യക്കാർക്ക് മഹത്തായ ഫ്രീഡം ഓഫ് സ്പീച് ആൻഡ്  എക്സ്പ്രക്ഷൻ (article 19)എന്ന അവകാശം നൽകുന്നുമുണ്ട്.ആ അവകാശത്തിൽ നിന്നുകൊണ്ട്, ഇന്ത്യയിൽ ഏതൊരാൾക്കും എഴുതാനും പ്രതിഷേധം അറിയിക്കാനുമുള്ള എല്ലാ അവകാശവും ഉണ്ട്, സത്യമാണ് പറയുന്നത് എങ്കിൽ മാത്രം.ജനങ്ങൾ സത്യം അറിയാൻ ശ്രമിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ മാധ്യമസ്വാതന്ത്ര്യം എന്നത് ഭരണാഘടനപരമായി ഭരണകൂടം നിർവഹിക്കേണ്ട, ജനാധിപത്യപരമായ  ഉത്തരവാദിത്തം കൂടെയാണ്.
കേരളത്തിൽ എൽ ഡി എഫ്  നേതൃത്വം നൽകുന്ന പിണറായി വിജയൻ സർക്കാരും പാർട്ടിയും പ്രഖ്യാപിതമല്ലാത്തതും പ്രഖ്യാപിക്കപ്പെട്ടതുമായ മാധ്യമ വിലക്ക് നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

വ്യക്തമായ ആരോപണങ്ങളുമായി മാധ്യമങ്ങൾ സർക്കാരിനെ സമീപിച്ചത് സർക്കാർ നാലാമത്തെ വർഷത്തിലേക്ക് കടക്കുമ്പോഴാണ്. എന്നാൽ എല്ലാ ആരോപണങ്ങളും പരമ പുച്ഛത്തോടെ തള്ളിക്കളയുക എന്ന സ്വഭാവിക ശൈലി മാത്രമാണ് മുഖ്യനും കൂട്ടരും സ്വീകരിച്ചത്. തന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കരിനെതിരെ ഉയർന്ന ആരോപണങ്ങളോട്  പലപ്പോഴും മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകൾ അദ്ദേഹത്തെ സംരക്ഷിക്കുന്നത് അദ്ദേഹത്തെ സംരക്ഷിക്കുന്നത് എന്നതിനേക്കാൾ മാധ്യമങ്ങളോടുള്ള പരമ പുച്ഛവും നിറഞ്ഞതായിരുന്നു.. ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐ യുടെ എതിർപ്പ് ഉണ്ടായിരുന്നിട്ട് പോലും വീണ്ടും അധികാരത്തിൽ തുടരാൻ ശിവശങ്കരിന് കളം ഒരുക്കിയത് മുഖ്യമന്ത്രി ആയിരുന്നു. 

പിന്നീട് പ്രതിപക്ഷം കൊണ്ടുവന്ന തുടർച്ചയായ അഴിമതി ആരോപണങ്ങൾ, ഒടുവിൽ മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട ചോദ്യംചെയ്യലുകൾ.. ഒടുവിൽ കുറ്റമെല്ലാം മാധ്യമങ്ങൾക്ക് എന്ന് ചാരുകയാണ് ഇടതുപക്ഷ സർക്കാർ. 
ഉന്നത വിദ്യാഭ്യാസ മന്ത്രി ആയ കെ ടി ജലീലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട് എങ്കിൽ അത് കേരളത്തിലെ ജനം അറിയേണ്ടേ..? 
സർക്കാർ ഇപ്പോഴും ആരോപണങ്ങളെ ചെന്നിത്തലയുടെയോ കെ സുരേന്ദ്രന്റെയോ രാഷ്ട്രീയ ആരോപണങ്ങളെ നേരിടുന്നത് പോലെ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയമായിട്ടുള്ള ആരോപണങ്ങൾക്ക് രാഷ്ട്രീയ ചായവോട് കൂടെ തന്നെ മറുപടിയും നൽകുന്നു. 
കെ. ടി ജലീൽ ഒളിച്ചുപോയി മൊഴി കൊടുത്തു വന്നു ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടത് കേരള മാധ്യമങ്ങളെ അദ്ദേഹം പറ്റിച്ചു, അവർക്കിട്ട് കനത്ത അടി കൊടുത്തു എന്നാണ്.. ഇതിലും കഷ്ട്ടമായിട്ട് എന്തുണ്ട് സഖാവേ.. 

കേരളത്തിലെ മാധ്യമപ്രവർത്തകർ അതി ഹീനമായ വ്യകതിഹത്യ നേരിട്ട സമയം കൂടിയാണിത്. കേരളത്തിൽ 5 ഡാമുകൾ തുറന്നു എന്ന് പറയേണ്ട ഇടത്ത് തകർന്നു എന്ന് പറഞ്ഞുപോയതിൽ അടുത്ത നിമിഷം തന്നെ തിരുത്തി പറഞ്ഞ മാധ്യമങ്ങളെ, മാധ്യമ പ്രവർത്തകരെ സൈബർ പോരാളികൾ കൂട്ടമായി ആക്രമിച്ചപ്പോൾ മുഖ്യമന്ത്രി അവരെ ന്യായീകരിക്കുക മാത്രമാണ് ചെയ്തത്.പലപ്പോഴും പഴയ പാർട്ടി സെക്രട്ടറി പ്രേതം വിജയൻ സഖാവിനെ പിടികൂടുന്നുണ്ട്. 

അഴിമതി ആരോപണങ്ങൾ ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന പാർട്ടി തന്നെ ആയിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടി.തോമസ് ചാണ്ടിയുടെ വിഷയത്തിലും ഇ. പി ജയരാജനെതിരെ ഉയർന്ന ആരോപണങ്ങളിലും ആ കൃത്യതയും കണിശതയും മലയാളികൾ കണ്ടു. സർക്കാരിന്റെ ആദ്യകാലങ്ങളിൽ വ്യക്തമായ ഒരു ആരോപണം  പോലും ഉന്നയിക്കാനാവാതെ പ്രതിപക്ഷം നിസ്സഹായരാകുന്നതും കേരളം കണ്ടതാണ്. എന്നാൽ അവസാനങ്ങളിലേക്ക് എത്തുമ്പോൾ അടിക്കടി ഉയരുന്ന ആരോപണങ്ങളോട് കൃത്യമായ മറുപടി നൽകാൻ സർക്കാർ പരാജയപ്പെട്ടു. 

കോവിഡിനോട് അനുബന്ധിച്ചുള്ള പത്രസമ്മേളനം നോക്കി വായിക്കൽ മാത്രമായി ചുരുങ്ങിയതും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുന്നതോടെയാണ്.സർക്കാരിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ പിണറായി പലപ്പോഴും ദേഷ്യപ്പെടുന്നതും കണ്ടു. ഉത്തരമില്ലാതാകുന്നതിന് മാധ്യമങ്ങളോട് കയർത്തിട്ട് എന്ത് കാര്യം.. 

ലോകത്ത് എവിടെയൊക്കെ കമ്മ്യുണിസ്റ്റ് ഭരണം ഉണ്ടായാലും അവിടെയൊക്കെ ആദ്യം തകർക്കപ്പെടുന്നത് മാധ്യമങ്ങളാണെന്നുള്ള റഷ്യയുടെയും, ചൈനയുടെയും, കൊറിയയുടെയും പാഠങ്ങളാണോ കേരളത്തിൽ സർക്കാർ നടപ്പിലാക്കുന്നത്..? 
പൊതുവേ മാധ്യമങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്ന സീതറാം യെച്ചൂരി പോലും മാധ്യമങ്ങളോട് കയർക്കുന്നതിലേക്ക് സംഭവങ്ങൾ പോകുന്നു. 

സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ മാർഗ്ഗങ്ങളിൽ പേരിനെങ്കിലും നിലകൊള്ളുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിൽ നരേന്ദ്രമോഡി മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതേ രീതിയിൽ തന്നെയാണ് കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നതും. തങ്ങളെ പുകഴ്ത്തുന്ന മാധ്യമങ്ങളെ  കൊണ്ടാടുന്ന സർക്കാരിന് എതിർപ്പിന്റെ സ്വരങ്ങളെ ഉൾക്കൊള്ളാനാകുന്നില്ല. ഏതൊരു കക്ഷി കേരളം ഭരിച്ചാലും പ്രതിപക്ഷ ബഹുമാനത്തോടെ, വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്ന വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നത്. ഏതൊരു വാർത്തയും കൃത്യമായ വിശകലനത്തിന് സമൂഹത്തിൽ വിധേയരാകുന്നുണ്ട് എന്ന ബോധ്യം അതിലുണ്ട്. അപൂർവം ചില വാർത്തകളുടെ റിപ്പോർട്ടിങ്ങിലെ പാകപ്പിഴകളാണ് സർക്കാർ മാധ്യമവിരുദ്ധതയുടെ കാരണമായി കാണുന്നത്. 

ആവിഷ്കര സ്വാതന്ത്ര്യം, യൂ എ പി എ വിഷയങ്ങളിൽ അടുത്തകാലത്തു പോലും ബഹുജന സമരം സഘടിപ്പിച്ച ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ അലന്റെയും താഹയുടെയും വിഷയങ്ങളിലെ തങ്ങളുടെ സർക്കാർ സ്വീകരിച്ച നിലപാടുകൾ പരിശോധിക്കേണ്ടതുണ്ട്.ഇസ്ലാമിക മാവോയിസം  എന്ന് ഉറക്കെ പറഞ്ഞത് മുൻ എം. പി കൂടെയായ യുവജന നേതാവാണ്. പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ  സംസാരിച്ചതിന്റെ പേരിൽ 161 പേർക്കെതിരെ ഇതിനോടകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാനം രാജേന്ദ്രൻ രാജി വെക്കുക എന്ന പോസ്റ്റർ ഒട്ടിച്ചവർക്ക് നേരെ പോലും നടപടിയെടുത്ത സർക്കാരാണ് കേരളത്തിലേത്.ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നുമില്ലാത്ത കോടിയേരിക്കെതിരെ പോസ്റ്റിട്ട സർക്കാർ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്ത സർക്കാരാണിത്. ഇതേ നടപടികൾ മോഡി സ്വീകരിച്ചാൽ സമരം. കേരളത്തിൽ ആഹാ നല്ലത്.. 

പി എസ് സി പരീക്ഷകളിലെ ഒന്നാം റാങ്കുകാർക്ക് പോലും ജോലി ലഭിക്കാനാവാതെ വരുന്ന സാഹചര്യം കേരളത്തിൽ ചർച്ചയാകപ്പെടുന്ന സാഹചര്യമാണ് നിലവിൽ.ബക്കറ്റിൽ ജോലി എടുത്ത് വെച്ചിട്ടുണ്ടോ എന്ന പി എസ് സി ചെയര്മാന്റെ ചോദ്യത്തിനെതിരെ ഒരു ഇടതുപക്ഷ സംഘടനകളും ശബ്ദമുയർത്തിയില്ല. 
ബാലവകാശ കമ്മീഷൻ സ്ഥാനത്തേക്ക് ചെയര്മാനെ നിയമിക്കുന്ന സാഹചര്യത്തിൽ അയാൾക്ക് യോഗ്യത ഉണ്ട് എന്നത് തന്നെയാണ് യോഗ്യത എന്ന് പറഞ്ഞത് ഇതേ മുഖ്യമന്ത്രിയാണ്. 
സോളാർ കേസ് എന്ന നനഞ്ഞ പടക്കം അടുത്ത ഇലക്ഷൻ ജയിക്കാൻ വീണ്ടും പുറത്തെടുക്കും എന്നും കരുതുന്നില്ല. 4 കൊല്ലത്തിനുള്ളിൽ തെളിയിക്കാനാവാത്തത്തെന്ത് എന്ന ചോദ്യം വന്നാൽ ദേഷ്യപ്പെടാതെ വേറെ വഴിയില്ല. 

സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചാണ് മാധ്യമങ്ങളെ ഒതുക്കാൻ സർക്കാർ ശ്രമിക്കുന്നത്.വ്യാപകമായി സർക്കാർ ഫയൽ മാധ്യമങ്ങൾക്ക് കിട്ടുന്നു. അങ്ങനെ പുറത്തുപോയാൽ ആ ഉദ്യോഗസ്ഥന്റെ ജോലി പോകും എന്ന് ഭീഷണി ഉത്തരവ് പോലും ചീഫ് സെക്രട്ടറിയുടേതായി നിലവിലുണ്ട്. 
13, 34000 രൂപയാണ് ഒരു ഗ്രാഫിക് ഡിസൈനർ, രണ്ട് സോഷ്യൽ മീഡിയ എഡിറ്റർ എന്നിവരുൾപ്പെടുന്ന ഫാക്ട് ചെക്ക് എന്ന സർക്കാർ സംവിധാനത്തിന് സർക്കാർ നൽകുന്ന ശമ്പളം മാത്രം.സർക്കാരിനെതിരെയുള്ള വാർത്തകളുടെ പ്രതിരോധമാണ് പൊതു ഖജനാവിലെ കാശ് ഉപയോഗിച്ച് സർക്കാർ നടത്താൻ ശ്രമിക്കുന്നത്.

ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം കാര്യമായ മാധ്യമ ചോദ്യങ്ങൾ അധികാരികൾ നേരിട്ടിരുന്നില്ല.എന്നാൽ സ്പ്രിംക്ലർ വിവാദം കത്തിപ്പടർന്നതോടെ,പ്രതിദിന വാർത്താസമ്മേളനം മുഖ്യമന്ത്രിക്ക് കട്ടിയായി മാറി.ശൈലജ ടീച്ചർക്ക് കിട്ടിയ സ്വീകാര്യത നേടിയെടുക്കാൻ മുഖ്യൻ പത്രസമ്മേളനം ഏറ്റെടുത്തു എന്ന് ആരോപണമുള്ളപ്പോഴും പഠിച്ചു തയ്യാറാക്കിയ ചോദ്യങ്ങൾ അല്ലാത്തവയുടെ മുന്നിൽ മുഖ്യമന്ത്രി പതറി.മിക്ക ചോദ്യങ്ങൾക്കും പരിശോധിക്കാം, എനിക്കറിവില്ല എന്ന മറുപടിയിലൊതുങ്ങി.
സർക്കാരിന്റെ മികച്ച നേട്ടങ്ങളിൽ പലതും പിണറായിയുടെ കർശന നിലപാടുകളിലും വാക്കുകളിലും പെരുമാറ്റ രീതിയിലും തട്ടി ജനങ്ങൾ അറിയാതെ പോയി.ഇടത് പക്ഷ സംഘടനകൾക്കാവട്ടെ ഒന്നും മിണ്ടാനാവാത്ത അവസ്ഥയും.ജോയ് മാത്യു വും ശ്രീനിവാസനും ഇടയ്ക്ക് നടത്തിയ സർക്കാർ വിമർശനങ്ങൾക്കപ്പുറം രാഷ്ട്രീയ സാമൂഹിക ബുദ്ധിജീവികൾ എല്ലാവരും മൗനത്തിൽ ഇരുന്നു. 

ഇടതുപക്ഷത്തിന് നിലവിൽ അധികാരമുള്ള ഏക സംസ്ഥാനം കേരളമാണ്.എന്നാൽ പോളിറ്റ് ബ്യുറോയുടെ തീരുമാനങ്ങളും കേരള ഘടകത്തിന്റെ തീരുമാനങ്ങളുടെ നടപ്പിലാക്കലും  വിലയിരുത്തുന്നവർക്ക്  പോളിറ്റ് ബ്യുറോ ബി ജെ പിക്കൊ കോൺഗ്രസിനോ വേണ്ടിയുള്ളതാണെന്നോ തോന്നും.
ഏറ്റവും ഒടുവിൽ ഈ ചിത്രം കൂടി..സാമൂഹിക പ്രവർത്തകരും, മനുഷ്യാവകാശ സംഘടനകളും വീണ്ടും മൗനത്തിലാണ്. കാരണം എതിർത്തു പറയേണ്ടത് പിണറായി സർക്കാർ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിനെയാണ്. ഒരുപക്ഷെ ഈ സർക്കാരിന്റെ ഭരണകാലത്തു ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടതും മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ഇതേ വകുപ്പിന് തന്നെയാണ്. 

വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത് 24 ന്യൂസിനാണ്.അതേ ചാനലിനോടാണ് കൈരളി കഴിഞ്ഞാൽ എൽ ഡി എഫ് സ്നേഹം കാണിക്കുന്നതും.ഏഷ്യനെറ്റിനു വിലക്ക് വന്നപ്പോൾ എഷ്യനെറ്റ് ഫാസിസത്തിനെതിരെ പൊരുതി എന്ന് പറഞ്ഞു നടന്നവർ, അവർക്കെതിരെ വാർത്തകൾ വന്നപ്പോൾ ചാനലിനെ വിലക്കി, ഒളിച്ചോടുകയാണുണ്ടായത്.തുടർച്ചയായി എൽ ഡി എഫ് ആരോപണങ്ങൾ നടത്തുന്ന മനോരമ, എഷ്യനെറ്റ് ചാനലുകൾക്ക് മുകളിലേക്ക് 24 ന്യൂസ്നെ സ്ഥാപിക്കാനുള്ള ശ്രമവും അതിലുണ്ടെന്ന് തന്നെ വിശ്വസിക്കേണ്ടി വരും.

ചുരുക്കത്തിൽ മാധ്യമ സംരക്ഷണമല്ല സ്തുതിപാടകരെ സംരക്ഷിക്കലാണ് കേരളത്തിൽ സർക്കാർ നടപ്പിലാക്കുന്നത്.പാലത്തായും വാളയാർ പെൺകുട്ടികളുടെ സംഭവങ്ങളും സർക്കാരിനുണ്ടാക്കിയ ചീത്തപ്പേരുകൾ ജനം മറക്കുമെന്ന് തോന്നുന്നില്ല.

മറ്റേതൊരു കാലഘട്ടത്തിലേതിനേക്കാൾ ഭയാനകമായ ഗുണ്ടാ വിളയാട്ടം സംസ്ഥാനത്തുണ്ട്. ഗുണ്ടാ അതിക്രമ കേസുകളുടെ എണ്ണം വർധിക്കുന്നു, എന്നാൽ കാര്യക്ഷമമായ ഒരു നടപടിയും സർക്കാർ തലത്തിൽ കാണുന്നില്ല.

സമരങ്ങളെ ക്രൂരമായി അടിച്ചൊതുക്കുന്ന പോലീസ് നടപടികൾ, കോവിഡ് സാഹചര്യത്തിൽ ആംബുലൻസിൽ ആക്രമിക്കപ്പെട്ട പെൺകുട്ടികൾ.. ആ വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ പ്രതികരണം നിർഭാഗ്യകരം എന്നായിരുന്നു... 
ആർക്കായിരുന്നു... ഭാഗ്യക്കുറവ്.. സർക്കാരിനോ.. പെൺകുട്ടിക്കോ... പ്രതിക്കോ... 
അടുത്തിടെ നടന്ന കൊലപാതകങ്ങൾ രാഷ്ട്രീയമാണെന്ന് സർക്കാർ മന്ത്രിമാർ പോലും ആരോപിച്ചപ്പോൾ, പെരിയ കൊലപാതകത്തിന്റെ സി ബി ഐ അന്വേഷണം സർക്കാർ തൊടുന്യായങ്ങൾ പറഞ്ഞു എതിർക്കുന്നു.. 


വസ്തുതകൾ വെച്ച് സർക്കാരിനോട് ചോദ്യങ്ങൾ ആരായുമ്പോൾ രാഷ്ട്രീയമായി അതിന് മറുപടി പറയുന്നു.
ലൈഫ് മിഷനിലെ പൊരുത്തക്കേടുകൾ മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടികാണിക്കുമ്പോൾ അതിനൊരു അന്വേഷണം പോലും നേരിടാൻ സർക്കാരിന് കഴിയുന്നില്ല. 

ഈ ലേഖനത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ എഴുതുന്ന ഞാൻ സംഘപരിവാറുകാരനോ കോൺഗ്രസ്‌ കാരനോ ആയി നിങ്ങൾക്ക് തോന്നിയാൽ നമ്മൾ ഒരുമിച്ച് എതിർക്കുന്ന ഹിന്ദു ദേശീയതയിൽ നിന്ന് ആരും നിങ്ങൾ അകലെയല്ല എന്ന് ഓർത്തുകൊള്ളുക. കേന്ദ്രമാണെങ്കിൽ  തീവ്രവാദിയാകും, രാജ്യദ്രോഹിയാകും.. ഇവിടെ മാവോയിസ്റ് ആകും... അങ്ങനൊരു വ്യത്യാസം മാത്രം.. 

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.