പുതിയ കാർഷിക നയം എതിർക്കേണ്ടതുണ്ടോ..?

new agriculture policy

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷികനയത്തിനെതിരെ ഇന്ത്യയിൽ സമരം ശക്തമാവുകയാണ്. കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഇടത് സംഘടനകളും, മറ്റ് കാർഷിക സംഘടനകളും ശിരോമണി അകാളിദൽ പോലുള്ള ഭരണപക്ഷ പാർട്ടികൾ പോലും കാർഷിക രംഗത്തെ മാറ്റങ്ങൾക്കെതിരെ സജീവമായി സമരത്തിലുണ്ട്. എന്നാൽ എന്തിനാണ് കർഷകർ സമരം ചെയ്യുന്നത്..? 
എന്താണ് പുതിയ കാർഷിക നയം..? 
ഇത് കർഷകർക്ക് ഗുണകരമാകുമോ ഇല്ലയോ..? 
എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ഇവിടെ.. 

എന്താണ് കർഷകരുടെ സമരത്തിലേക്ക് നയിച്ച പുതിയ കാർഷിക നയം.? 

 ജൂൺ 5 ന് സർക്കാർ പ്രഖ്യാപിച്ച 3 ഓർഡിനൻസുകൾ ആണ് കാർഷിക പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 
  • 1.ഫാർമേഴ്‌സ് പ്രൊഡ്യൂസ്  ട്രേഡ് ആൻഡ് കോമേഴ്‌സ് ഓർഡിനൻസ് 2020.
  • 2.ഫാർമേഴ്‌സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസ് ഓർഡിനൻസ്.
  • 3.എസ്സെൻഷ്യൽ കമ്മോടിറ്റീസ് ഓർഡിനൻസ് 

എന്തിനാണ് കർഷകർ സമരത്തിലേക്ക്..? 

നിലവിൽ  ലൈസെൻസ് ഉള്ള വ്യാപാരികൾക്ക് മാത്രമാണ് കർഷകരിൽ നിന്നും വിളകൾ ശേഖരിക്കാനുള്ള അവകാശം, ഫാർമേഴ്‌സ് പ്രൊഡ്യൂസ്  ട്രേഡ് ആൻഡ് കോമേഴ്‌സ് ഓർഡിനൻസ് 2020 പ്രകാരം പാൻ കാർഡ് ഉള്ള ഏതൊരാൾക്കും വിളകൾ കർഷകരിൽ നിന്നും വാങ്ങാം.
ഇതേ നിയമപ്രകാരം സ്ഥാപിതമായിട്ടുള്ള അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കെറ്റ് കമ്മിറ്റി (APMC)നിയമപരമായ നിലനിൽപ്പ് നഷ്ടപ്പെടും.കർഷകർക്കും കച്ചവടക്കാർക്കും ഇടയിലെ സർക്കാരിന്റെ ഔദ്യോഗിക സംവിധാനമായ APMC കൾ കർഷക ചൂഷണങ്ങൾ തടയുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.കാർഷിക ചന്തകളടക്കമുള്ള പുതിയ വിപണികൾ കണ്ടെത്തുന്നതും  കച്ചവടക്കാർക്കുള്ള ലൈസെൻസ് നൽകുന്നതും സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള APMC കളാണ്. 

new agriculture policy

കർഷകർ, കച്ചവടക്കാർ, തർക്കപരിഹാരം, മാർക്കെറ്റ് ഫീ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലും സമൂലമായ മാറ്റം കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നു. 
ഒരു രാജ്യം ഒരൊറ്റ വിപണി എന്ന ആശയത്തിലൂന്നിയാണ് കേന്ദ്രസർക്കാർ സഭകളിൽ ഓർഡിനൻസുകൾ അവതരിപ്പിച്ചത്. 
വിത്തിടുമ്പോൾ തന്നെ കർഷകർക്ക് കച്ചവടം ഉറപ്പിക്കാനുള്ള അവസരം ഇതുമൂലം ലഭിക്കുകയാണ്. 
ഇന്ത്യൻ കർഷകർ പതിറ്റാണ്ടുകളായി നേരിടുന്ന ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷകർക്ക് കൂടുതൽ സ്വാതന്ത്ര്യം എന്നു സൂചിപ്പിക്കുന്ന നിയമ പരിഷ്‌കാരങ്ങൾ.അതിനായി കർഷകർക്കും കച്ചവടക്കാർക്കും വില്പനയിൽ നികുതി വേണ്ട എന്ന പ്രധാന തീരുമാനം വൻകിട കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകാനാണെന്നു കാർഷിക സംഘടനകൾ ചൂണ്ടികാണിക്കുന്നു.
പുതിയ കാർഷിക നയത്തെ എതിർക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിലവിലെ കാർഷിക നയത്തിൽ കർഷകരെല്ലാവരും സംതൃപ്തരാണോ..? 
85% വരുന്ന ഇന്ത്യയിലെ ചെറുകിട കാർഷികമേഖലയിലെ ഉത്പന്നങ്ങളുടെ വില നിയന്ത്രണം കോർപ്പറേറ്റുകളുടെ കയ്യിലേക്ക് എത്തിച്ചേരും, കാർഷിക വിപണിയിലെ വിശ്വാസ്യത നഷ്ടപ്പെടും,കാർഷിക തൊഴിലാളികൾക്ക് കൂട്ടത്തോടെ ജോലി നഷ്ടപ്പെടും,ഉത്പന്നങ്ങളുടെ മേലുള്ള താങ്ങുവില  നഷ്ടപ്പെടും  എന്നിവയായൊക്കെയാണ് കർഷകരുടെ പ്രധാന ആശങ്ക.

കോണ്‍ഗ്രസിന് പുറമെ പ്രതിഷേധ സമരത്തിന് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി.പി.ഐ.എം തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) തുടങ്ങിയവരും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇങ്ങനെയെല്ലാം എതിർക്കപ്പെടേണ്ടതാണോ ഈ നിയമ പരിഷ്‌കാരങ്ങൾ..? ഇവ കർഷകരെ ദോഷകരമായി ബാധിക്കുമോ..? 

പുതിയ കാർഷിക നയത്തെ എതിർക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. നിലവിലെ കാർഷിക നയത്തിൽ കർഷകരെല്ലാവരും സംതൃപ്തരാണോ..? പുതിയ കാർഷിക നയം വന്നാൽ ഉത്പന്നങ്ങളുടെ വില കുത്തക കമ്പനികൾ നിയന്ത്രിക്കുന്ന അവസ്ഥ വരും അങ്ങനെ കർഷകരെയും ഉപഭോക്താക്കളെയും കുത്തകകൾ നിയന്ത്രിക്കും -ഇത് കേട്ടാൽ തോന്നും ഇപ്പോൾ കാർഷിക ഉത്പന്നങ്ങളുടെ വിപണിയും മൂല്യവും വിലയും നിർണയിക്കുന്നത് സർക്കാരും കർഷകരും ആണെന്ന്, അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ ഉൾപ്പെട്ട മറ്റൊരു സമിതി  ആണെന്ന്. !

ഇനി കൃഷിയിലേക്ക് കോർപ്പറേറ്റുകളുടെ കടന്നുവരവിനെ കുറിച്ച്.. 

കൃഷി ആരാണ് ആദർശമായി കൊണ്ട് നടക്കുന്നത്? ഒരു പരിധിവരെ കൃഷി ഉപജീവനത്തിനുള്ളതാണ്. ഒരു വിശുദ്ധമായ ആശയം എന്ന നിലയിൽ നിന്നും നമ്മുടെ കാർഷികാരീതികൾ മാറേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അത് ചെയ്യാതിരിക്കുന്ന കാലത്തോളം കൃഷി ലാഭകരമായ ഒന്നാവുകയില്ല, കാർഷിക കടങ്ങളും ആത്മഹത്യകളും നീക്കിവെപ്പുകൾ ഇല്ലാത്ത സമ്പാധാനവും മാത്രമായി കൃഷിക്കാരൻ ഒതുങ്ങും. 
ആശയപരമായിട്ടുള്ള ചെറുത്തുനിൽപ്പാണ് ഇടത് സംഘടനകൾക്ക് ഈ സമരങ്ങളിൽ ഉള്ളത് എങ്കിൽ കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന്റെയും നിലനില്പിന്റെയും സമരമാണിത്. 
  • നമ്മുടെ കൃഷി വകുപ്പുകളിൽ നിന്നും കർഷകർക്ക് എത്രത്തോളം സഹായം ലഭിക്കുന്നുണ്ട്.? 
  • ഗുണമേന്മയുള്ള വിത്തുകൾ ആണോ അതോ പരീക്ഷനടിസ്ഥാനത്തിലുള്ള വിത്തുകളാണോ കർഷകർക്ക് നൽകുന്നത്.? 
  • യന്ത്രവത്കരണം, സാങ്കേതിക വിദ്യകളുടെ ഉപയോഗം കൃഷിയിൽ എത്രമാത്രം സാധ്യമായിട്ടുണ്ട്..? 
  • വളം, കീടനാശിനി, വിള ഇൻഷുറൻസ് പോലുള്ള സൗകര്യങ്ങൾ എല്ലാ കർഷകർക്കും ലഭ്യമാകുന്നുണ്ടോ..? 
  • എന്തുകൊണ്ടാണ് കാർഷിക കടങ്ങളും, ആത്മഹത്യകളും ഇന്ത്യയിൽ പെരുകുന്നത്..? 
 ഇങ്ങനെയുള്ള വ്യകതമായ ചോദ്യങ്ങൾക്ക് നിലവിലെ കാർഷിക നയത്തിൽ ഉത്തരമില്ല. എന്നാൽ പുതിയ കാർഷിക നയത്തിൽ ഉത്തരമുണ്ട് താനും. 
കൃഷിവകുപ്പ് നൽകുന്ന വിത്തും വളവും പലപ്പോഴും ഗുണമേന്മ ഇല്ലാത്തതാണ്.കാരണം കർഷകന്റെ നഷ്ടം കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെ ബാധിക്കുന്നില്ല. എന്നാൽ കുത്തക കമ്പനികൾ നൽകുന്ന വിത്തും വളവും സാങ്കേതിക സഹായങ്ങളും ഏറ്റവും മികച്ചത് തന്നെ ആയിരിക്കും, കാരണം കൃഷിയിലെ മികച്ചവിളവ് നിങ്ങളുടെ ആവശ്യം പോലെ തന്നെ അവരുടേത് കൂടെയാണ്. 
ആഗോളവത്കരണ നയങ്ങളെയും ഇന്ത്യയിൽ വ്യാപകമായി എതിർത്തിരുന്നു. എന്നാൽ ഇന്ത്യ എന്ന രാജ്യത്തിന്റെ വിപണികളിൽ സ്ഥിരത ഉറപ്പാക്കി വികസനത്തിന്റെയും നിക്ഷേപങ്ങളുടെയും തൊഴിൽ സാധ്യതകളുടെയും വർധനയുണ്ടാവുകയാണ് സംഭവിച്ചത്. 

പുതിയ കാർഷിക നയത്തിലെ ഇളവുകൾ പ്രകാരം കൃഷി ഇറക്കുന്നതിനു മുൻപ് തന്നെ കച്ചവടക്കാരുമായി സംസാരിച്ചു കർഷകർക്ക് വില നിശ്ചയിക്കാം. വില മുൻകൂട്ടി അറിയുന്നതിനാൽ വിളവ് ഇറക്കണോ വേണ്ടയോ എന്ന് കർഷകർക്ക് തീരുമാനിക്കാം, കൂടുതൽ വില നൽകുന്ന കമ്പനിയുമായി വിലപേശൽ നടത്താം.അതുകൊണ്ട് തന്നെ കിലോ 10 രൂപ പ്രതീക്ഷിച്ചു നട്ട തക്കാളി 2 രൂപയ്ക്ക് വിറ്റിട്ട് ആത്മഹത്യാ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നില്ല. ഇനി 20 രൂപ ആയി വിപണി വില ഉയർന്നാൽ കമ്പനിക്ക് നൽകാതെ വിള മറിച്ചുവിറ്റാൽ നിയമ നടപടികൾ ഉണ്ടാകും. കാരണം 10 രൂപ എന്ന നിരക്കിൽ കമ്പനിക്ക് വിള നൽകാം എന്ന കരാർ അടിസ്ഥാനത്തിലാണ് വിത്തും വളവും മറ്റ് സഹായങ്ങളും കൈപ്പറ്റിയത്. 
അതേ സമയം മാർക്കെറ്റ് വില 2 രൂപയായി കുറഞ്ഞാലും കർഷകന്റെ വിള 10 രൂപ നിരക്കിൽ കമ്പനി വാങ്ങിയേ പറ്റൂ.  

അതേ സമയം, കമ്പനിയുടെ സഹായമില്ലാതെ നിലവിലെ മാർക്കെറ്റ് വിലക്ക് സാധനം വിൽക്കാം എന്നുള്ളവർക്ക് സ്വന്തം വിത്തും വളവും ഉപയോഗിച്ച് കൃഷി ഇറക്കാവുന്നതാണ്.അവർക്ക് ഈ നിയമങ്ങൾ ബാധകമായിരിക്കുകയില്ല.

new agriculture policy
photo credit ;sputnic

ഇവിടെ സർക്കാരിന് ചെയ്യാനാകുന്നത് വിപണി കൂടുതൽ ഉദാരവത്കരിച്ചു ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുക എന്നുള്ളതാണ്.അതിനാണ് സർക്കാർ പുതിയ കാർഷിക നയത്തിലൂടെ ശ്രമിക്കുന്നതും. എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം പൂഴ്ത്തിവെപ്പ് ഇന്ത്യയിൽ നിയമവിരുദ്ധമായിരുന്നത് ഇനി അവശ്യ സമയങ്ങളിലേക്ക് മാത്രമായി ചുരുങ്ങും.പ്രകൃതി ക്ഷോഭം, യുദ്ധം മുതലായ സാഹചര്യങ്ങളിൽ മാത്രമേ പൂഴ്ത്തിവെപ്പ് ഇനി നിയമവിരുദ്ധ പ്രവർത്തനം ആകുകയുള്ളൂ. 

ഇവിടെ കർഷകരടക്കമുള്ള പൊതുജനങ്ങളുടെ പ്രധാന ആശങ്ക കരിഞ്ചന്ത ഉണ്ടാകും,  കോർപ്പറേറ്റുകൾക്ക് സ്വന്തം ഇഷ്ടത്തിന് വില നിർണായിക്കാം, സാധനങ്ങളുടെ ലഭ്യത നിയന്ത്രിക്കാം എന്നിവയാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഇതേ കാർഷികനയമാണ് ഇപ്പോഴുള്ളത്. അവിടെ അത്തരം സാഹചര്യങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഏജൻസികളും ഉദ്യോഗസ്ഥരും ഉണ്ട്. മാത്രവുമല്ല ഏതെങ്കിലും കമ്പനി അവശ്യ വസ്തുക്കളുടെ വില കൃത്രിമമായി ഉയർത്തിയാൽ പ്രസ്തുത സ്ഥാപനം സൈനിക നിയമം ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള അധികാരം പ്രസിഡന്റിനും അമേരിക്ക നൽകുന്നുണ്ട്.ഇതേ സംവിധാനങ്ങൾ ഇന്ത്യയിലും വരണം. 
ആവശ്യവസ്തുക്കളുടെ വിലയും ഗുണവും നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ ഏജൻസികൾക്ക് രൂപം നൽകണം. 

വില നിയന്ത്രണം, താങ്ങുവില മുതലായവ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളാണ് (command pricing).തൊഴിലാളി വർഗ്ഗം എന്ന സാമൂഹിക സ്ഥിതിയിൽ നിന്നും തൊഴിലാളി മാറേണ്ടതില്ലേ എന്ന ചോദ്യം കമ്മ്യൂണിസ്റ്റ്‌ സഭകളിൽ ഉന്നയിക്കപ്പെടുന്നില്ല. കാർഷിക തൊഴിലാളി എന്ന വർഗ്ഗത്തിൽ നിന്നും കൃഷി ലാഭകരമായ വ്യവസായമായി മാറേണ്ടതുണ്ട്. കൃഷിയുടെ നിലനിൽപ്പിനു ആ മാറ്റം അനിവാര്യമാണ് താനും. 

താങ്ങുവില സർക്കാരുകൾ വലിയ വോട്ട് ബാങ്കായി പരിഗണിക്കുന്ന വിഷയം മാത്രമായി ഇന്ത്യയിൽ മാറിക്കഴിഞ്ഞു. 
കമാൻഡ് പ്രൈസിങ്  (command pricing)സംവിധാനത്തിന് ആശയപരമായിട്ടുള്ള മേന്മകൾ മാത്രമേ ഉള്ളൂ. പ്രാവർത്തിക ഗുണങ്ങൾ ഒന്നുമില്ല.എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ രാജ്യത്ത്, കേരളത്തിലെങ്കിലും കർഷകൻ സംതൃപ്തനായിരുന്നേനെ.ഈ സാഹചര്യത്തിലാണ് ഫ്രീ പ്രൈസിങ്ങിലേക്കുള്ള (free pricing) ലേക്കുള്ള കേന്ദ്ര സർക്കാർ മാറ്റം.
പലപ്പോഴും താങ്ങുവില എന്നത് വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടുള്ള നാടകമാണ്. കേരളത്തിലാണ് തിരഞ്ഞെടുപ്പ് എങ്കിൽ റബ്ബറിനും തേങ്ങയ്ക്കും താങ്ങുവില കൂട്ടും. ഉത്തരേന്ത്യൻ സംസഥാനങ്ങളിൽ ആണ് തിരഞ്ഞെടുപ്പ് എങ്കിൽ ഉള്ളി സബോള താങ്ങുവില വർധിപ്പിക്കും. 

തൊഴിലാളിയും തൊഴിലാളിക്ക് പുറത്തുള്ള മനുഷ്യനും വാസ്തവത്തിൽ രണ്ട് വ്യക്തികളേയല്ല റാഫേൽ ചിത്രം വരക്കുമ്പോൾ മാത്രമേ ചിത്രകാരനാകുന്നുള്ളൂ എന്ന മാർക്സിന്റെ നിരീക്ഷണം തൊഴിലാളിക്കും ബാധകമാണ് 
                                                                                                   - (A.K രവീന്ദ്രൻ:മാതൃഭൂമി)
പരമ്പരഗത കർഷകർക്ക് മണ്ണുമായുള്ള ജൈവ ബന്ധം വിചേദിക്കപ്പെടുമ്പോഴാണ് കർഷക തൊഴിലാളി ഉണ്ടാകുന്നത്. ഔദ്യോഗിക കമ്മ്യുണിസ്റ്റുകൾ 'കർഷക തൊഴിലാളി' എന്ന് വിളിക്കുമ്പോഴും നക്സലെറ്റുകളും മാവോയിസ്റ്റുകളും ഭൂ രഹിത കർഷകർ എന്ന് പ്രയോഗിക്കുന്നത് ശ്രദ്ധേയമാണ്. കാർഷിക വൃത്തിയിൽ കർഷകർ നിലനിൽക്കണമെങ്കിൽ കൃഷിയോടുള്ള ആശയ പരമായിട്ടുള്ള ബന്ധം മാറ്റി നിർത്തിയേ പറ്റൂ. 

ഒരു ജനാധിപത്യ രാജ്യത്ത് കാമാൻഡ് പ്രൈസിങ് നടപ്പിലാക്കുക എന്നത് ബുദ്ധിമുട്ടാണ്. താങ്ങുവിലയും സർക്കാർ സംവിധാനങ്ങളും ഉണ്ടായിട്ടും നമ്മുടെ നാട്ടിലെ ഉത്പാദകരും ഉപഭോക്താക്കളും ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുന്നില്ലേ..? 
ഫ്രീ പ്രൈസിങ്  സംവിധാനത്തിൽ വിപണി അനാരോഗ്യകരമായ മത്സരത്തിലേക്ക് പോകുന്നോ എന്നൊരു നീരീക്ഷണം മാത്രം സർക്കാർ നടത്തിയാൽ മതി.അതിനുള്ള സ്വതന്ത്ര ഏജൻസികൾക്ക് സർക്കാർ രൂപം നൽകണം. 
new agriculture policy
photo credit ;decan herrald

പുതിയ കാർഷിക നയം വരുന്നതോടെ കർഷകരുടെ എണ്ണം കുറയും എങ്കിലും ഉള്ളവർക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ രൂപപ്പെടും. 
പുതിയ കാർഷികനയത്തെ എതിർത്തു തോല്പിക്കുക എന്ന ലക്ഷ്യം മാറ്റിവെച്ചു അതുമൂലം ഉണ്ടാകുന്ന കാർഷിക മേഖലയുടെ അവസരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്നതാണ് നല്ലത്. കാരണം ആഗോളവത്കരണം വലിയ പാഠമായി നമുക്ക് മുന്നിൽ തന്നെ ഉണ്ടല്ലോ... 
Previous Post Next Post