ആനക്കാംപൊയിൽ കള്ളാടി മേപ്പാടി ടണൽ

Anakkampoyil Kalladi Meppadi Tunnel Project

പതിറ്റാണ്ടുകളായുള്ള മലബാറിന്റെ ഒരാവശ്യമാണ് വയനാട്ടിലേക്കുള്ള ഒരു ബദൽ പാത എന്നത്. നിലവിൽ വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നത് താമരശ്ശേരി ചുരമാണ്. അതിന്റെ കഷ്ടതകളും ക്ലേശങ്ങളുമെല്ലാം സകല യാത്രക്കാർക്കുമറിയാം. പിന്നേയുള്ളത് പക്രംതളം എന്ന ചുരമാണ്. ആദ്യത്തേത് കോഴിക്കോട് നഗരത്തിൽ നിന്ന് കുന്നമംഗലം, കൊടുവള്ളി, താമരശ്ശേരി കഴിഞ്ഞ് വയനാട്ടെ ലക്കിടിയിൽ എത്തുമ്പോൾ രണ്ടാമത്തെ പാത നഗരത്തിൽ നിന്ന് അറുപത് കിലോമീറ്ററോളം അകലെ തൊട്ടിൽപാലം വഴിയാണ്. മഴക്കാലമായാൽ ഈ വഴികളിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം അനേകം ദിവസങ്ങൾ ഇവ അടച്ചിടേണ്ടതായും വന്നിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ഗതാഗതകുരുക്കാണ് മറ്റൊരു പ്രശ്നം.

താമരശ്ശേരി ചുരത്തിന് പകരമെത്തിയ ഒരു സ്വപ്നപദ്ധതിക്കാണ്‌ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. 
  • കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ നിന്നും വയനാട്ടെ മേപ്പാടിയിൽ എത്തുന്ന പുതിയൊരു ഇടനാഴി. 
  • പാതയുടെ മൊത്തം നീളം 16 കിലോമീറ്ററാണ്. ഇതിലെ 7.8 കിലോമീറ്റർ നീളം തുരങ്കമാണ്. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടലുകൾ.
  • പാത വരുന്നതോടെ കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള ദൂരം 85കിലോമീറ്ററിൽ നിന്നും 54കിലോമീറ്റർ ആയി കുറയും.

പ്രാവർത്തികമായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ടണൽ ആവും ആനക്കാംപൊയിൽ - മേപ്പാടി പാതയിലേത്. നിലവിൽ ഒരേയൊരു റോഡ് ടണൽ ആണ് കേരളത്തിലുള്ളത്. പാലക്കാട് തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാനിലെ ഡബിൾ ബാരൽ ടണലിന് 962 മീറ്റർ ആണ് നീളം. പക്ഷെ ഇതിന്റെ നിർമാണപ്രവൃത്തി ഇനിയുമുള്ളതിനാൽ പ്രവർത്തനസജ്ജമായിട്ടില്ല. റൂബി സോഫ്റ്റ്ടെക് എന്ന തിരുവനന്തപുരം ആസ്ഥാനമായ കമ്പനി 2015ലാണ് സംസ്ഥാനത്തെ ബദൽപാതകളുടെ സാധ്യതകൾ പരിശോധിക്കുന്ന റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിനാണ് നിർദിഷ്ടപാതയുടെ ആശയം ഉടലെടുത്തത്. തുരങ്കനിർമാണത്തിലൂടെ വനഭൂമിയിലൂടെ പാത കടന്നുപോകുന്നതിന്റെ പ്രതിസന്ധികൾ മറികടക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. 
 
ഇപ്പോൾ കൊങ്കൺ റെയിൽ കോർപ്പറേഷനാണ് പദ്ധതിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നത്. കഠിനമായ ഭൂപ്രകൃതിയും വനഭൂമി വിട്ടുകിട്ടുന്നതിലെ പ്രയാസങ്ങളുമാണ് താമരശ്ശേരി ഒഴിവാക്കി വയനാട്ടിലേക്കൊരു വഴി എന്നതിന് തടസമായി നിന്നത്. ഇപ്പോൾ നിർദിഷ്ടപാതയുടെ തുടക്കവും അവസാനവും പൂർണമായും സ്വകാര്യഭൂമിയിലാണ്. 
ആനക്കാംപൊയിലിനു സമീപമുള്ള കുണ്ടന്‍തോടില്‍നിന്ന് ആരംഭിക്കുന്ന റോഡ് മറിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിലൂടെ കടന്നുപോകും. ഇവിടെനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ സ്വര്‍ഗംകുന്നില്‍നിന്നാണ് തുരങ്കത്തിന്റെ തുടക്കം. അത് കള്ളാടി എന്ന പ്രദേശത്ത് അവസാനിക്കുന്നു. ശേഷം മേപ്പാടി വഴി വയനാട്ടിലേക്ക്. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രയിൽ അനേകം ദൂരവും സമയവും പ്രസ്തുത പാതയിലൂടെ ലാഭിക്കാം. ചുരത്തിന്റെ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ ചരക്കുഗതാഗത്തിലും ഗണ്യമായ മാറ്റങ്ങളുണ്ടാവും.

Anakkampoyil Kalladi Meppadi Tunnel Project

പരിസ്ഥിതിയെയും ജൈവസമ്പത്തിനേയും ബാധിക്കാത്ത രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് അധികൃതരുടെ പക്ഷം. അതേസമയം, തുരങ്കപ്പാത കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള അഭിപ്രായവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. മലയിടിച്ചിൽ ഉണ്ടായേക്കാവുന്ന, മനുഷ്യന്റെ യാതൊരുവിധ ഇടപെടലുകളും പാടില്ലെന്ന് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്ന പ്രദേശമാണിതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Copyright © Team Keesa. All Rights Reserved 2020
Previous Post Next Post