കൊടുന്തിരപ്പുള്ളി മഹാനവമി മഹോത്സവം Kodunthirappulli Mahanavami

kodunthirappulli mahanavami kodunthirappulli mahanavami maholsavam bommakkolu kodunthirappulli agraharam bommai kolu കൊടുന്തിരപ്പുള്ളി
മഹാനവരാത്രി.. ഒൻപത് രാത്രികളും പത്തു പകലുകളിലുമായി ആഘോഷിക്കുന്ന ഉത്സവം. പ്രധാനമായും ദേവിയുടെ ഒൻപത് രൂപങ്ങളെ ആദരിച്ച് പൂജിക്കുന്ന ഈ ദിവസങ്ങൾ ഭാരതമൊട്ടാകെ വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളോട് കൂടി ആഘോഷിക്കുന്നു..
കേരളത്തിൽ പ്രധാനമായും മഹാനവമി വിദ്യാരംഭം തുടങ്ങിയ അവസാന ദിവസങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം..

എന്നാൽ ഓരോ വീടുകളിലും ബൊമ്മക്കൊലു വച്ച്, നവരാത്രി വ്രതം എടുത്ത്, ബൊമ്മക്കൊലു ഭക്ഷണം ഉണ്ടാക്കി നിവേദിച്ചു എല്ലാവർക്കും നൽകി നവരാത്രി കൊണ്ടാടുന്നവരും കേരളത്തിൽ ധാരാളം ഉണ്ട്..
തമിഴ് ബ്രാഹ്മണരുടെ ഇടയിൽ മഹാനവരാത്രി ദിനങ്ങൾ എന്നാൽ ആ ഒരു വർഷത്തിലെ ഏറ്റവും വലിയ ഉത്സവമാണ്..
അതിനാൽ തന്നെ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള അഗ്രഹാരങ്ങൾ രാവെന്നോ പകലെന്നോ ഇല്ലാതെ സദാ ആഘോഷാദികളാൽ ഉണർന്നിരിക്കും എന്നതാണ് വാസ്തവം..


സംഗീതനൃത്താദികളാലും വേദപാരായണങ്ങളാലും ശുദ്ധീകരിക്കപ്പെട്ട മനസ്സിൽ ആനന്ദവും ആഹ്ലാദവുംപേറി പ്രായഭേദമന്യേ ഏവരും മഹാനവരാത്രി നാളുകൾ മതിമറന്നാഘോഷിക്കുന്നു..
അഗ്രഹാരങ്ങളുടെ നാടായ പാലക്കാട് നഗരത്തിൽ നിന്നും വെറും 3 കിലോമീറ്റർ ഉള്ളിലേക്ക് ചെന്നാൽ അതിമനോഹരമായ ഒരു അഗ്രഹാരം കാണാം..

പച്ചപുടവ ചുറ്റി മലയാളതനിമയും തമിഴഴകും കലർന്ന ഹൃദയഹാരിയായ ഒരു അഗ്രഹാരം..അതാണ് കൊടുന്തിരപ്പുള്ളി..
750 വർഷങ്ങൾക്ക് മുൻപ് ശ്രീരംഗത്തിൽ നിന്നും കുടിയേറിപ്പാർത്തവരാണ് ദേശവാസികൾ..പ്രശസ്തമായ ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തിനും കൊടുന്തിരപ്പുള്ളിയിലെ ഭൂദേവി ശ്രീദേവി സമേത ശ്രീ ആദികേശവപെരുമാൾ ക്ഷേത്രത്തിനും വളരെ അടുത്ത ബന്ധമുണ്ട്..
ആണ്ട് തോറും നടത്തിവരാറുള്ള കൊടുന്തിരപ്പുള്ളി മഹാനവമി മഹോത്സവം വളരെയധികം പ്രശസ്തി ആർജ്ജിച്ചതാണ്...
നിറക്കൂട്ടുകളും,അലങ്കാരങ്ങളും, ചമയങ്ങളും, തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് തുടങ്ങിയവയുടെ നാദധാരയും, മന്ത്രോച്ചാരണങ്ങളാൽ ശുദ്ധമായ ഇളം കാറ്റും, ആ കാറ്റിൽ ചെവിയാട്ടി രസിച്ച് തലയുയർത്തി നിൽക്കുന്ന കരിവീരന്മാരും നയനഹാരിയായ ഈ കാഴ്ച്ചകൾ ഉത്സവപ്രേമികളെ ഉത്സവലഹരിയിൽ ആഴ്ത്തും എന്ന കാര്യത്തിൽ തർക്കമില്ല.. മഹാനവമി ഉത്സവത്തിന് ലോകത്തിലെ പലകോണിൽ നിന്നുമെത്തുന്ന ഭക്തരുടെയും സഞ്ചാരികളുടെയും ഉള്ളിൽ ഉറങ്ങികിടക്കുന്ന ഉത്സവപ്രേമിയെ തൊട്ടുണർത്തുന്ന തരത്തിലാണ് കൊടുന്തിരപ്പുള്ളിയിലെ ആവേശവും ആനന്ദവും കോർത്തിണക്കി ആഘോഷിക്കുന്ന ഈ മഹോത്സവം..
അഗ്രഹാരത്തിൽ ഭൂദേവി ശ്രീദേവി സമേത ശ്രീ ആദികേശവപെരുമാൾ ക്ഷേത്രം, പൂർണ്ണാ പുഷ്കലാമ്പാൾ സമേത ധർമ്മശാസ്താ ക്ഷേത്രവും ഉണ്ട്..ഇവരുടെ അനുഗ്രഹത്തിലാണ് ഉത്സവം നടക്കുന്നത്..


ഹാരം പോലെ കോർത്തിണക്കിയ വീടുകളിലെ പത്ത്‌ പന്ത്രണ്ടു വീടുകളെ ഒന്നിച്ചു ചേർത്ത് ഒരു സംഘമാക്കുകയും അങ്ങനെയുള്ള ഓരോ സംഘങ്ങൾ ഓരോ ദിവസത്തിലായി ഉത്സവത്തിനെത്തുന്ന ഭക്തർക്കും
സഞ്ചാരികൾക്കും വിരുന്നു നല്കുകയും ചെയ്യുന്നു..
അങ്ങനെ ഒൻപത് ദിവസവും ഉത്സവം കാണാനെത്തുന്നവർക്ക് വിശപ്പകറ്റി പോവാം..
ആദ്യത്തെ 8 ദിനങ്ങളിലും ഓരോ തരത്തിലുള്ള ചടങ്ങുകളും അഭിഷേകാദികളും എല്ലാം നടക്കുന്നു.. അവസാനത്തെ ദുർഗ്ഗാഷ്ടമി മഹാനവമി ദിനങ്ങളാണ് പ്രാധാനം..

രുദ്രാഭിഷേകം,നവകാഭിഷേകം,മന്ത്രോച്ചാരണം,വേദപാരായണം, ആനയൂട്ട്, പഞ്ചവാദ്യം, പഞ്ചാരിമേളം, കുടമാറ്റം, മഹാ അന്നദാനം, ഗജവീരന്മാരുടെ ഊർവലം തുടങ്ങി മഹാനവമി ദിനം ഭക്തർക്കും സഞ്ചരികൾക്കും  വിലമതിക്കാനാവാത്തതും ആനന്ദവുമായ ഒരനുഭൂതി നൽകുന്നു.. 


സത്യത്തിൽ ഒരു വിസ്മയലോകം തന്നെയാണ് ഇവിടം..

ഇത്തവണ കോവിഡ് 19 എന്ന മഹാമാരി കാരണം ക്ഷേത്രങ്ങളിൽ ചടങ്ങുകളിൽ ഒതുങ്ങിപോയ ഈ മഹോത്സവം അടുത്ത വർഷം ഈ വർഷത്തെ ആവേശവും ചേർത്തു ആഘോഷിക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.